ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

17 Apr 2015

പഴമയുടെ പ്രസരിപ്പില്‍ ഒരു കര്‍ഷകന്‍.

                  
                                  'ക്യഷി' എന്നത് ജീവിതവും ജീവിതമാര്‍ഗ്ഗവുമാണ് ചിലര്‍ക്ക് അതിലൊരാളാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 'മഞ്ഞക്കടവ് 'എന്ന മലയോര ഗ്രാമത്തിലെ മാത്യു കോട്ടൂര്‍ എന്ന കര്‍ഷകന്‍. പഴയകാല കര്‍ഷകരെ ഓര്‍മ്മിപ്പിക്കുന്ന തലേക്കെട്ടും കൊണ്ട് ക്യഷിയിടത്തിലേക്കിറങ്ങുന്ന മാത്യുച്ചേട്ടന്‍ കര്‍ക്കശക്കാരനായ ക്യഷിക്കാരനാണ്. ക്യഷിയിടത്തില്‍ അദ്ദേഹം തുടര്‍ന്നു വരുന്നത് ഒരു പഴയകാല കര്‍ഷകന്റെ ക്യഷിരീതികളാണ്. കാര്‍ഷികശീലങ്ങള്‍ മാറാന്‍ അദ്ദേഹം ഒരുക്കമല്ലാത്ത അദ്ദേഹം തന്റെ ക്യഷിയിടത്തില്‍ വിളയിക്കുന്നത് പൊന്നാണ്.  മഞ്ഞക്കടവ് എന്ന പ്രദേശം പൂര്‍ണ്ണമായും കുടിയേറ്റ മേഖലയാണ് കുത്തനെ കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും വനമാണ്.   പൂവാറന്‍തോടിന്റെയും അകമ്പുഴയുടേയും ഇടയിലായുള്ള ഈ പ്രദേശത്തുള്ളവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇവിടെ നിന്ന് താമസം മാറ്റുകയൊ വിറ്റു പോവുകയോ ചെയ്തിട്ടുണ്ട്. അങ്ങനെ ഈ ക്യഷിയിടം വിട്ടു പോകുന്നതിന് താല്‍പര്യമില്ലാതെ ഇവിടെത്തന്നെ താമസിച്ച് ക്യഷി തുടരുന്ന അപൂര്‍വ്വം ചില കര്‍ഷകരിലൊരാളാണ് മാത്യു കോട്ടൂര്‍. മഞ്ഞക്കടവില്‍ നിന്ന് 'ഉടുമ്പുപാറ'യിലേക്ക് പോകുന്ന 'പൂതംകുഴി' റോഡിനരുകിലാണ് ഇദ്ദേഹത്തിന്റെ ക്യഷിയിടം. ജാതിയും കാപ്പിയും കൊക്കോയും ഗ്രാമ്പുവും നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ പ്രധാന വരുമാന മാര്‍ഗ്ഗമായി വാഴയും ക്യഷി ചെയ്യുന്നു. നേന്ത്രവാഴ മുഖ്യ ഇനമായി ക്യഷി ചെയ്യുന്ന അദ്ദേഹം കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും ലഭിച്ച 'ഗ്രാന്‍ഡ് നയന്‍' ഇനത്തില്‍പ്പെട്ട ടിഷ്യൂ കള്‍ച്ചര്‍ വാഴയും ചെങ്കദളിയും ഇവിടെ ക്യഷി ചെയ്യുന്നുണ്ട്.

12 Apr 2015

അടുക്കളത്തോട്ടമൊരുക്കി വിന്‍സന്റ് നടുക്കുടിയില്‍


                 അടുക്കളത്തോട്ടമെന്നത് ഇപ്പോള്‍ ഒരു ആവേശമാണ്. സോഷ്യല്‍ മീഡിയയിലൊക്കെ ഈ ആവേശത്തിന്റെ ഒരു തരംഗം തന്നെ പ്രകടമാണ്. കൂടരഞ്ഞിയില്‍ മഞ്ഞപ്പൊയിലുള്ള വിന്‍സന്റ് നടുക്കുടിയുടെ ക്യഷിയിടം  സന്ദര്‍ശിക്കുകയാണെങ്കില്‍ ഈ ആവേശം കാണാന്‍ കഴിയും. പയര്‍, പാവല്‍, പടവലം, കോവല്‍ തുടങ്ങിയ പച്ചക്കറികള്‍  ക്യഷിയിടത്തില്‍ പന്തലിച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ ഇങ്ങനെ തോന്നിപ്പോകാതെ തരമില്ല. ഇദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള ക്യഷിയിടത്തിന്റെ പല ഭാഗത്തായാണ് പച്ചക്കറികള്‍ ക്യഷി ചെയ്തിരിക്കുന്നത്. അതു കാണുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ക്യഷിയിലുള്ള ആവേശം മനസ്സിലാക്കാന്‍ ഏതൊരാള്‍ക്കും കഴിയും. ഏതായാലും അയല്‍ക്കാരും ഈ ആവേശത്തിനൊപ്പം തന്നെയുണ്ട് അവരും ഈ ക്യഷിടത്തില്‍ സഹായിക്കാനായി എത്താറുണ്ട് വിളവില്‍ അവര്‍ക്കും ഒരു പങ്ക് കൊടുക്കും. സമഗ്ര പച്ചക്കറി വികസന പദ്ധതിയിലെ സ്കാറ്റേര്‍ഡ് ക്ലസ്റ്റര്‍ വിഭാഗത്തിലുള്‍പ്പെടുത്തി ക്കൊണ്ട് കൂടരഞ്ഞി ക്യഷിഭവനും ഇവരുടെ ആവേശത്തിനൊ പ്പമുണ്ട്.

10 Apr 2015

വേനല്‍ മഴയിലും ചുഴലിക്കാറ്റിലും പൂവാറംതോട് മേഖലയില്‍ വന്‍ ക്യഷി നാശം...

                  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയോടൊപ്പമുള്ള ചുഴലിക്കാറ്റില്‍ കൂടരഞ്ഞിയിലെ മലയോര മേഖലയായ പൂവാറംതോട് പ്രദേശത്തെ നിരവധി കര്‍ഷകരുടെ ക്യഷി നശിച്ചു. പൂവാറംതോട്- കല്ലംപുല്ല്, തമ്പുരാന്‍കൊല്ലി, ഓടപ്പൊയില്‍, കൊടിക്കല്‍, മണ്ണാര്‍പ്പൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് നാശനഷ്ടം വരുത്തിയിരി ക്കുന്നത്. ജോളി തെക്കേക്കര, ജെയിംസ് സ്തുതിക്കാട്, സിബി ഏട്ടാനിയില്‍, കമല മേലെപ്പറമ്പില്‍, രാജന്‍ കുറ്റിയോഴത്തില്‍, വല്‍സല വാഹാനിയില്‍, സജി വാഹാനിയില്‍, മൈക്കിള്‍ കളപ്പുരക്കല്‍ തുടങ്ങിയ കര്‍ഷകരുടെ നൂറുകണക്കിനു വാഴയാണ് കാറ്റില്‍ നിപതിച്ചത്. കൂടാതെ തെങ്ങ്, ജാതി, കൊക്കോ, കമുക് തുടങ്ങിയ വിളകള്‍ക്കും നാശനഷ്ടമുണ്ടായി കൂടരഞ്ഞി ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ ക്യഷിയിടങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചു വരുന്നു.

7 Apr 2015

കിഴങ്ങ് വര്‍ഗ്ഗ വിളകളുടെ വിത്തുകള്‍ വിതരണം ചെയ്യുന്നു

      
        നിറവ് പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവനില്‍ ചേന ചേമ്പ് കാച്ചില്‍ വിത്തുകള്‍ക്ക് ഗുണഭോക്ത്യ വിഹിതം അടച്ചവര്‍ക്ക് വിത്തുകള്‍ 6.4.2015 മുതല്‍ വിതരണം ചെയ്യുന്നു. ഗുണഭോക്ത്യ വിഹിതം അടച്ചവര്‍ ക്യഷിഭവനിലെത്തി വിത്തുകള്‍ കൈപ്പറ്റേണ്ടതാണ്.

31 Mar 2015

പതിവു തെറ്റിക്കാതെ മാത്യു സാര്‍


                    കായികാധ്യാപനായി  റിട്ടയര്‍ ചെയ്ത മംഗലത്തില്‍ മാത്യു സാര്‍ കളം മാത്രമല്ല ക്യഷിയും  തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൂടരഞ്ഞി വീട്ടിപ്പാറയിലു ള്ള തന്റെ പുരയിടത്തില്‍ ഈ വര്‍ഷവും പച്ചക്കറിക്ക്യഷി തുടരുന്നു. പയര്‍, പാവല്‍, പടവലം, കോവല്‍, തക്കാളി, വെണ്ട, മുളക്,വഴുതിന, കാബേജ്, കോളിഫ്ലവര്‍ തുടങ്ങി വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീടിനു ചുറ്റുമായി ചെയ്തു വരുന്നു. വീട്ടിപ്പാറപ്പുഴയോടു ചേര്‍ന്നുള്ള ക്യഷിയിടമായതിനാല്‍ വെള്ളത്തിനു യാതൊരു ക്ഷാമവുമില്ല. സ്വന്തമായി ഉണ്ടാക്കിയ തുള്ളി നന രീതിയും ഈ വര്‍ഷം കാബേജ്, കോളിഫ്ലവര്‍ എന്നിവ ചട്ടികളിലാക്കി ക്യഷി ചെയ്തതും അതോടൊപ്പം തന്നെ ചാണകത്തിന്റെ സ്ലറി ഓരോ തടത്തിലുമെത്തിക്കുന്നതിന് തുള്ളിനനയുടെ രീതിയില്‍ത്തന്നെ സംവിധാനമൊരുക്കിയതും മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ആദ്ദേഹത്തിന്റെ തോട്ടത്തില്‍ വള്ളികളില്‍ തൂങ്ങി നിറഞ്ഞു നില്‍ക്കുന്ന വള്ളിപ്പയര്‍ ഏവരുടെയും മനം മയക്കുന്ന കാഴ്ചയാണ്. പ്രധാന റോഡിനോട് ചേര്‍ന്നുള്ള അടുക്കളത്തോട്ടമായതിനാല്‍ അതു വഴി കടന്നു പോകുന്ന യാത്രക്കാര്‍ വാഹനം നിര്‍ത്തി ഈ ക്യഷിയിടം നിരീക്ഷിക്കാറുണ്ട്. ക്യഷിവകുപ്പിന്റെ സമഗ്രപച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് കൂടരഞ്ഞി ക്യഷിഭവന്‍ എല്ലാ വിധ പ്രോത്സാഹനവും നല്‍കുന്നു.

28 Mar 2015

കൂടരഞ്ഞിയിലെ കുട്ടിച്ചേട്ടന്‍ മാത്യഭൂമി ന്യൂസ് ക്യഷിഭൂമിയില്‍

കൂടരഞ്ഞി കല്‍പിനിയിലെ പ്രമുഖ കര്‍ഷകനായ കുട്ടിച്ചേട്ടനെന്ന മാത്യു പ്ലാക്കാട്ടിനെക്കുറിച്ച് മാത്യഭൂമി ന്യൂസ് ക്യഷിഭൂമിയില്‍ വന്ന പരിപാടി. അദ്ദേഹത്തെക്കുറിച്ച് 'ക്യഷിഭവന്‍ കൂടരഞ്ഞിഓണ്‍ലൈനില്‍' ( ഈ ബ്ലോഗില്‍ ) വിശദമായ ലേഖനം പിന്നീടുണ്ടാവുന്നതാണ്.

26 Mar 2015

ഒരുമയുടെ ക്യഷിപാഠം


ജോസ് പുലക്കുടിയില്‍ വെണ്ടയുടെ വിളവെടുപ്പില്‍
    അയല്‍ക്കാര്‍ ഒത്തുചേര്‍ന്നപ്പോള്‍ വിളഞ്ഞത് നന്മ നിറഞ്ഞ പച്ചക്കറികളുടെ വസന്തം. കൂടരഞ്ഞി കല്‍പിനിയിലെ അയല്‍ക്കാരായ അഡ്വ: സി.ജെ. ജോണ്‍ ചെരിയംപുറവും അദ്ദേഹത്തിന്റെ സഹോദരന്‍മാരായ ജെയിന്‍, സാന്റി, വിനോദ് എന്നിവരും ജോസ് പുലക്കുടിയിലും ഒന്നു ചേര്‍ന്നൊരുക്കിയ പച്ചക്കറിത്തോട്ടം വിളവിന്റെ നേര്‍ക്കാഴ്ചയായി. കല്‍പിനിയിലെ ജോസിന്റെ അരയേക്കറോളം വരുന്ന ക്യഷിയിടത്തില്‍ ഇന്ന് ഇവര്‍ കൊയ്യുന്നത് അദ്ധ്വാനത്തിന്റെ ഫലമാണ്. കൂട്ടായ്മയില്‍ വിളഞ്ഞ ഈ പച്ചക്കറിത്തോട്ടം വിളകളുടെ വൈവിധ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. വെള്ളരി വര്‍ഗ്ഗ വിളകളായ പാവല്‍, പടവലം, വെള്ളരി, മത്തന്‍, ചുരക്ക എന്നിവ വിളഞ്ഞു നില്‍ക്കുന്ന ഈ തോട്ടത്തില്‍ പയര്‍, വഴുതന,നിത്യ വഴുതന,  ചീര, മുളക്,വെണ്ട, പീച്ചിങ്ങ എന്നിവ കരുത്തോടെ തഴച്ചു വളരുന്ന മനോഹരമായ കാഴ്ച മനസ്സിനു കുളിര്‍മയേകുന്നു. അയല്‍ക്കാരുടെ സൌഹ്യദ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളിലൊന്നായിരുന്നു പച്ചക്കറിക്ക്യഷി. വീട്ടിലെ ചെറിയ അടുക്കളത്തോട്ടത്തിന്റെ പരിചയ സമ്പത്തും ക്യഷിയുടെ പാരമ്പര്യവും കൈമുതലായുള്ള  ഇവര്‍ ആദ്യമായാണ് വിപുലമായ തോതില്‍ പച്ചക്കറിക്ക്യഷി ആരംഭിക്കുന്നത്. അതിനായി നാടന്‍ വിത്തുകളും മണ്ണുത്തി കാഷിക സര്‍വ്വകലാശാലയുടെ കോഴിക്കോടുള്ള വില്പന കൌണ്ടറില്‍ നിന്നും  ലഭിച്ച വിത്തുകളും സ്വകാര്യ നഴ്സറികളില്‍ നിന്നും  ലഭിച്ച വിത്തുകളും ശേഖരിച്ചു മുന്നൊരുക്കം നടത്തി.