ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

10 Jun 2015

സിസിലി ടീച്ചറുടെ വേറിട്ട‌ ക്യഷിരീതികള്‍

                            
  നല്ല മണ്ണും വെള്ളവുമുള്ള ക്യഷിയിടം ഏവരും  ഇഷ്ടപ്പെടും. പൊന്നു വിളയുന്ന മണ്ണ് ഏവരുടേയും സ്വപ്നമാണ്.  മേല്‍ മണ്ണ് ലവലേശമില്ലാതെയുള്ള ക്യഷിയിടങ്ങള്‍ കര്‍ഷകര്‍ക്ക് ത‌ലവേദനയാണ്. പാറകള്‍ നിറഞ്ഞ‌ ക്യഷിയിടം കര്‍ഷകന് എന്നും വെല്ലുവിളിയാണ്. ഇങ്ങനെയുള്ള വെല്ലു വിളികളെ അതിജീവിച്ച് കൂമ്പാറ ഫാത്തിമാബീ സ്കൂളിനു സമീപമുള്ള ക്യഷിയിടത്തില്‍ സജീവമാണ് പ്രായം എഴുപതിലെത്തിയെങ്കിലും കരിങ്ങോഴക്കല്‍ വീട്ടില്‍ സിസിലി ടീച്ചര്‍.
      നാല്‍പ്പത് സെന്‍റില്‍ ആരംഭിച്ച ക്യഷി ഇന്ന് അഞ്ചേക്കറിലെത്തി നില്‍ക്കുന്നു. ഈ ക്യഷിയിടത്തില്‍ തെങ്ങ്, കമുക്, ജാതി, കൊക്കോ എന്നീ നാലു വിളകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ക്യഷിരീതിയാണ് പിന്തുടരുന്നത്. അഞ്ചേക്കര്‍ ക്യഷിയിടത്തില്‍ പകുതിക്കടുത്ത ഭാഗം പാറ നിറഞ്ഞ് കിടക്കുകയാണ്.  ഈ ക്യഷിയിടം ക്യഷിയോഗ്യമാക്കാന്‍ ടീച്ച‌ര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധേയമാണ്. വല്ല്യപ്പനില്‍ നിന്നും ക്യഷിയില്‍ ലഭിച്ച അറിവുകള്‍ ഈ ക്യഷിയിടത്തില്‍ ഉപയോഗപ്പെടുത്തുന്നു. പാറ നിറഞ്ഞ് ചെരിഞ്ഞ് കിടക്കുന്ന ഈ ക്യഷിയിടത്തില്‍ ഒലിച്ചു പോകുന്ന ജലത്തെ കെട്ടി നിര്‍ത്തുന്ന രീതി സ്വീകരിച്ചിരിക്കുന്നു. പാറയിലും അതിനു താഴ്ഭാഗത്തും കല്ലുകെട്ടി മഴവെള്ളത്തില്‍ ഒലിച്ചു വരുന്ന മണല്‍ തടഞ്ഞു നിര്‍ത്തി പിന്നീട് ഈ കെട്ട് നിറഞ്ഞു വരുന്നതിനനുസരിച്ച് അതില്‍ തെങ്ങ്, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറിക്ക്യഷി എന്നിവ ക്യഷി ചെയ്ത് പാറ മുഴുവനും ഉപയോഗപ്പെടുത്തുന്നു. ഇവിടെ ക്യഷിയിടത്തില്‍ വളര്‍ന്നു വരുന്ന കാട് അതേ പടി നിലനിര്‍ത്തുന്നുണ്ട് അതിനുള്ള കാരണവും ടീച്ചര്‍ പറയുന്നുണ്ട്.മലവെള്ളത്തിലെ മണല്‍ തടഞ്ഞു നിര്‍ത്തുന്നതിനും മേല്‍ മണ്ണ് ഒലിച്ചു പോകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ ക്യഷിയിടത്തില്‍ കാട് കിടന്നാല്‍ വെള്ളം സംര‌ക്ഷിക്കപ്പെടും.  പാറയുടെ പ്രത്യേകത കുറഞ്ഞ മണ്ണ്കൊണ്ട് ക്യഷി ചെയ്യാമെന്നുള്ളതാണ്, സിസിലിടീച്ചര്‍ ഓര്‍മിപ്പിച്ചു. ക്യഷിയിടത്തിന്റെ ഒരു ഭാഗത്തുള്ള കൂളത്തിലേക്ക് വെള്ളം കൊണ്ടു വരുന്നതിനു സ്വീകരിച്ച മാര്‍ഗ്ഗം വ്യത്യസ്ഥമായി തോന്നി. മലവെള്ളത്തില്‍ ഒലിച്ചു വരുന്ന മണല്‍ എടുത്ത് കൂളത്തിനു മുകളിലായുള്ള കല്ലുകെട്ടില്‍ ഇട്ട് ജലം സംഭരിച്ച് നിര്‍ത്തുന്നു അടിയില്‍ ചെറിയ കല്ലിട്ട് മുകളിലേക്ക് വരുമ്പോള്‍ വലിയ കല്ലുകള്‍ എന്ന രീതിയിലാണ് ജലസംരക്ഷണം നടത്തുന്നത്. ചെറിയ കല്ലുകള്‍ അടിയില്‍ നിരത്തിയില്ലെങ്കില്‍ ശേഖരിച്ച‌ മണല്‍ ഒലിച്ചു പോകുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.
                        മുന്‍പ് നട്ട തെങ്ങുകളുടെ തടത്തിലുള്ള കല്ലുകള്‍ ഇളക്കി മാറ്റി തെങ്ങ് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഇവിടെ സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ സംരക്ഷിച്ച തെങ്ങുകളും ഇവിടെ കാണാം. ജൈവക്യഷിയാണ് ഇപ്പോള്‍ അനുവര്‍ത്തിച്ചു വരുന്നത്. തെങ്ങിന് വര്‍ഷാവര്‍ഷത്തിലുള്ള തടമെടുക്കലില്ല. തടം തുറക്കുന്നത് വേരിനു ക്ഷീണം ചെയ്യുമെന്ന പക്ഷക്കാരിയാണ് ടീച്ചര്‍. തെങ്ങ് നട്ട് നാലു വര്‍ഷം പ്രായമാകുമ്പോള്‍ മൂന്നരക്കോല്‍ അകലത്തില്‍ മണ്ണ് വകഞ്ഞു മാറ്റും  കാലക്രമത്തില്‍ മേല്‍ മണ്ണ് ഈ തട‌ത്തില്‍ വന്നു നിറഞ്ഞ് നികത്തപ്പെടും. ഈയൊരു ഇടപെടല്‍ മാത്രമേ തെങ്ങിന്‍ തടത്തില്‍ നടത്തപ്പെടുന്നുള്ളൂ. സസ്യ സംരക്ഷണത്തിനായി ഇവിടെ തുരിശ് മണ്ണിലാണ് പ്രയോഗിക്കുന്നത്. അമ്ലത നിയന്ത്രിക്കാനായി കുമ്മായം എല്ലാവര്‍ഷവും ആവശ്യത്തിനനുസരിച്ച് തെങ്ങിന് ഇടുന്നുണ്ട് കൂടെ സുലഭമായ പശുവിന്‍ ചാണകവും.  തെങ്ങിന്റെ ഓല, ച‌കിരി തുട‌ങ്ങിയ അവശിഷ്ടങ്ങളൊക്കെ തടത്തിലിടും അതൊക്കെ തെങ്ങിനു വളമാണ്. പാറകള്‍ നിറഞ്ഞ ക്യഷിയിടമായതിനാല്‍ രാസവളങ്ങളിലടങ്ങിയ മിനറല്‍സിന്റെ സാന്നിദ്ധ്യം പ്രകടമാണ്. ആയതുകൊണ്ടുതന്നെ ഈ ക്യഷിയിടത്തില്‍ ജൈവക്യഷിരീതികളാണ് അവലം ബിക്കുന്നത്.                   
                                 ജലസേചനത്തിന് ഇവിടെ ഡ്രിപ് സംവിധാനമാത്യകയിലുള്ള ജലസേചനസംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിനായി ക്യഷിയിടത്തിലേക്ക് ജലം പമ്പ് ചെയ്യുന്നതിന് ഒരു പമ്പ് ഹൌസ് സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം വേനല്‍ക്കാലത്തുള്ള ജല ദൌര്‍ലഭ്യം മറികടക്കാന്‍ വീടിനു താഴ്ഭാഗത്ത് ഒരു കുഴല്‍കിണര്‍ സ്ഥാപിച്ച് മുകളിലെ ഓലിയിലേക്ക് പമ്പ് ചെയ്ത് വേനല്‍ക്കാലത്തെ ജലക്ഷാമം മറികടക്കുന്നു.
                            കയ്യാലകെട്ടുന്നതിനും മറ്റുമായി ചെറിയ കല്ലുകള്‍ ടീച്ചര്‍ ഒറ്റക്കു തന്നെയാണ് രണ്ടു ചെറിയ ബക്കറ്റുകളിലായി ശേഖരിക്കുന്നത്. ഈ പണികളൊക്കെ കണ്ടും അതിന് പണിക്കാരെ സഹായിച്ചും ഇപ്പോള്‍ തന്നെ കയ്യാലകെട്ടാന്‍ പഠിച്ചിട്ടുണ്ടെന്നാണ് ടീച്ചര്‍ പറയുന്നത്.
         പ്രകാശ സംശ്ളേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഒരോ വിളകളും ക്യഷിചെയ്തിരിക്കുന്നത്. എല്ലാപ്രായത്തിലുമുള്ള തെങ്ങുകളും കമുകുകളും ഇവിടെ കാണാം. എല്ലാവര്‍ഷവും ഈ ക്യഷിയിടത്തില്‍ തൈകള്‍ നടാറുണ്ട്.  ഒരോ വര്‍ഷവും തൈകള്‍ നടുന്നതിനാല്‍ പലപ്രായത്തിലുമുള്ള വിളകള്‍ ക്യ‌ഷിയിടത്തിലുണ്ടാവും അതുകൊണ്ടുള്ള ഗുണം സൂര്യപ്രകാശത്തെ മുഴുവനും ഉപയോഗപ്പെടുത്താമെന്നുളളതും കൂടുതല്‍ വിളകള്‍ ക്യഷിചെയ്യാമെന്നുള്ളതുമാണ്. കൂടാതെ ഇങ്ങനെ ചെയ്യുമ്പോള്‍ ചെറിയതെങ്ങുകള്‍ക്ക് വലിയതേങ്ങ  ലഭിക്കാറുണ്ടെന്ന് ടീച്ചര്‍ പറഞ്ഞു. .                      
           ടീച്ചറുടെ അഭിപ്രായത്തില്‍ ക്യഷി ലാഭകരമാണ്. ക്യഷിക്ക്  ആദ്യം കുറച്ച് പൈസ ചിലവാക്കണം വളം ഇടുക, കയ്യാലകെട്ട് തുടങ്ങിയവക്കാണ് ആദ്യം ചെലവ് വരുന്നത്. പിന്നെ കാര്യമായ ചെലവില്ല. ആദായം ലഭിച്ചു തുടങ്ങുമ്പോള്‍ പിന്നെയുള്ളതെല്ലാം ലാഭമാണ്.
                വീടിനോട് ചേര്‍ന്ന് ഒരു ഫാംഹൌസ് സ്ഥാപിച്ചിട്ടുണ്ട്.  അതിനടുത്ത് ഒരു ഡ്രയറും ഉണ്ട് കൊപ്ര ഉണക്കാന്‍ ഉണ്ടാക്കിയതാണെങ്കിലും അതില്‍ ഇപ്പോള്‍ ജാതിയും ഉണക്കുന്നുണ്ട്.
                                      ഈ ക്യഷിയിടത്തില്‍ തെങ്ങുകള്‍ 325, ജാതി 150, കമുക് 1000, കൊക്കോ 100 എന്നിങ്ങനെയാണ് വിളകളുടെ വിവരങ്ങള്‍. ഇവിടെയുള്ള മുഴുവന്‍ തെങ്ങുകളും താമരശ്ശേരിക്കടുത്ത് പൂനൂരുനിന്നും ശേഖരിച്ച വിത്തു തേങ്ങകള്‍ ഉപയോഗിച്ച്  ഉണ്ടാക്കിയ തൈകളില്‍ നിന്നും വളര്‍ത്തിയെടുത്തവയാണ്.'പൂനൂര്‍' വിത്തുതേങ്ങകള്‍ക്ക് പ്രശസ്തമാണ്. പശ്ചിമതീരനെടിയ (WCT) ഇനത്തില്‍പ്പെട്ട ഈ തെങ്ങുകളുടെ വിത്ത് തേങ്ങകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കൂടാതെ ഇവിടെ ക്യഷിചെയ്യുന്ന കവുങ്ങുകളില്‍ മുഴുവനും'കാസര്‍ഗോഡന്‍' ഇനത്തില്‍പ്പെട്ട‌താണ്.
                           വീടിനു താഴെയായിട്ടാണ് പശുവിന്റെ തൊഴുത്ത് അതിനു മുകള്‍ ഭാഗം കുറച്ച് ഉയര്‍ത്തിയാണ് പണിതിരിക്കുന്നത്. ഇതിന്റെ മുകള്‍ ഭാഗം തട്ട് തിരിച്ച് (തുലാവ്) അതില്‍ വിറക് വെയ്ക്കുന്നു. ഇങ്ങ‌നെ ചെയ്തതുകൊണ്ട് ഒരു ഗുണമുണ്ട്, മുറ്റ‌ത്തു നിന്നും വിറകെടുക്കാന്‍ കഴിയും.

 മകളെ വിഹാഹം കഴിപ്പിച്ചയച്ചതിനു ശേഷം ഇപ്പോള്‍ ഒറ്റക്കാണ് താമസമെങ്കിലും ക്യഷികാര്യ‌ങ്ങള്‍ നോക്കി നടത്തുന്നത് കൊണ്ട് ഒറ്റ‌ക്കാണെന്ന തോന്നലില്ല‌. മുമ്പ് ചെയ്ത‌ കുരുമുളക് വള്ളികളെല്ലാം നശിച്ചു പോയതിനാല്‍ ഇപ്പോള്‍ ഉള്ള കുരുമുളക് ക്യഷി മെച്ചപ്പെടുത്തണമെന്ന ആഗ്രഹമാണ് ഇനിയുള്ളത്.
മിഷേല്‍ ജോര്‍ജ് ക്യഷിഅസ്സിസ്റ്റ‌ന്റ്