ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

1 Sept 2015

ടെറസ്സിലെ മഴമറക്ക്യഷി

                         കൂടരഞ്ഞി പനക്കച്ചാലില്‍ വാലുമണ്ണേല്‍ മനോജ് മഴമറയെക്കുറിച്ചറിഞ്ഞത് ക്യഷി വകുപ്പ് പദ്ധതികളില്‍ നിന്നുമാണ്. അങ്ങനെ തന്റെ വീടിനു മുകള്‍ ഭാഗത്ത്  ഒരു മഴമറ നിര്‍മ്മിച്ചാലോ എന്ന ആലോചനയിലായി. പിന്നീട് ക്യഷിഭവനുമായി ബന്ധപ്പെടുകയും ഇതു നിര്‍മ്മിക്കുന്ന സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് ത്യശ്ശൂര് നിന്ന് യു വി ഷീറ്റ് വരുത്തുകയും ആവശ്യത്തിനുള്ള ജി ഐ പൈപ്പുകള്‍ വാങ്ങി കൂടരഞ്ഞിയില്‍ത്തന്നെയുള്ള വെല്‍ഡറെ ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. മുന്നൊരുക്കമെന്ന നിലയില്‍ ടെറസ്സിന് വാട്ടര്‍ പ്രൂഫിംഗ് നടത്തി.  ടെറസ്സിന്റെ ഒരു ഭാഗം ചെരിഞ്ഞ പ്രതലമായിരുന്നിട്ടു കൂടി മെയ് മാസത്തില്‍ പണിതുടങ്ങി പെട്ടെന്ന് തന്നെ പൂര്‍ത്തീകരിച്ചു. കൂടെ ടെറസ്സിലേക്ക് കയറാന്‍ ജി ഐ പൈപ്പ് ഉപയോഗിച്ച് രണ്ടു കോണികളും.

                   ഇവിടെ ഗ്രോബാഗുകളാണ് ക്യഷിക്കായി ഉപയോഗപ്പെടുത്തിയത്. മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം എന്നിവ കൂട്ടാക്കി നിറച്ച എകദേശം നൂറ്റി നാല്‍പത് ഗ്രോ ബാഗുകള്‍ ഈ ടെറസ്സിലുണ്ട്. സൂപ്പര്‍ ലൈറ്റ് ഇനത്തില്‍പ്പെട്ട വള്ളിപ്പയര്‍ വഴുതന, വെണ്ട, തക്കാളി, മുളക്, കക്കിരി എന്നിവ ഈ ഗ്രോബാഗുകളില്‍ നട്ടു. കൂടെ മഴമറയ്ക്ക് അലങ്കാരമെന്ന രീതിയില്‍ വശങ്ങളില്‍ കൂടി കുറ്റിക്കുരുമുളകും ഇടുക്കി കാന്തല്ലൂരില്‍ നിന്നും കൊണ്ടു വന്ന സ്ട്രോബറിയും. ഇടക്ക് സ്യൂഡോമോണസ് പ്രയോഗവുമുണ്ട്. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് ഈ മഴമറക്ക്യഷി ചെയ്തിരിക്കുന്നത്. നന എളുപ്പമാക്കുന്നതിനായി ത്യശ്ശൂരില്‍ നിന്നു തന്നെ വരുത്തിച്ച ഡ്രിപ് ഇറ്റിഗേഷന്‍ സംവിധാനവും ഇവിടെയുണ്ട്.
                          മഴമറ തയ്യാറാക്കിയപ്പോള്‍ കാറ്റ് ബാധിക്കാതിരിക്കാന്‍ വളഞ്ഞ രീതിക്കു പകരം പ്ലെയിന്‍ ആയിത്തന്നെയാണ് ഷീറ്റ് വിരിച്ചത്. കൂടെ ഒരു ചെരിവും കാറ്റ് ഈ ചെരിവില്‍ ഒഴിഞ്ഞു പോകും അതോടൊപ്പം മഴയത്തെ വെള്ളവും സുഗമമായി ഒഴുകി പോവുകയും ചെയ്യും . വൈകിട്ട് ഒരു മണിക്കൂര്‍ മാത്രം നന അതു മതി ഈ മഴമറക്ക്യഷിക്ക്. പച്ചക്കറികളെല്ലം കരുത്തോടെ വളരുന്നു ഈ  ക്യഷിയില്‍. ഈ ക്യഷിയില്‍ വിളവെടുത്തപ്പോള്‍ ലഭിച്ച പയര്‍ അയല്‍പക്കത്തുള്ളവര്‍ക്കു കൂടി നല്‍കി അതിന്റെ വലിയ സന്തോഷം ഈ വീട്ടിലുള്ളവര്‍ പങ്കിട്ടു.
                           രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ ശോഭിക്കുന്ന മനോജ് ഇങ്ങനെ പുതിയ കാലത്തിന്റെ ഈ ക്യഷി രീതികള്‍ വളരെ നല്ലതാണെന്നും എല്ലാകാലങ്ങളിലും വിഷരഹിതമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഇങ്ങനെയുള്ള മഴമറകള്‍ക്കു കഴിയുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷത്തെ കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകനായി ആദരിക്കപ്പെട്ട പിതാവ് വി ജെ അബ്രാഹം അടങ്ങുന്ന കുടുംബം ഈ പുതിയ ക്യഷി രീതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയത് ഈ സംവിധാനം ​വിജയമാകാന്‍ സഹായിച്ചു എന്നത് ചെറുതായ കാര്യമല്ല മുടക്കു മുതല്‍ അന്‍പതിനായിരത്തിനടുത്തു വന്ന സാഹചര്യത്തില്‍.
        ക്യഷിയില്‍ ക്യഷിഭവന്റെ സഹായം തേടുന്നതിനു മടിച്ചു നിന്നില്ല മനോജ്. ക്യഷിഭവന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കൊണ്ടും ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ ക്യഷിയിടം സന്ദര്‍ശിച്ചു കൊണ്ടും ക്യഷിഭവന്റെ പിന്തുണ ലഭിച്ചു. എങ്കില്‍ത്തന്നെയും ഇദ്ദേഹത്തിന്റെ സ്ഥിരോല്‍സാഹവും തിരക്കിനിടയിലും ക്യഷിയെ കൈവിടാത്ത മനോഭാവവുമാണ് ഇവിടെ ഇങ്ങിനെ ഒരു മഴമറക്ക്യഷി ഒരുങ്ങിയതെന്ന് നിസ്സംശയം പറയാം.
                                          മാത്യഭൂമി ന്യൂസ് ചാനല്‍ 'ക്യഷിഭൂമി' പരിപാടിയില്‍ ടെറസ്സ് മഴമറ



മനോജ് വാലുമണ്ണേല്‍, കൂടരഞ്ഞി : ഫോണ്‍ നം 9495387705

തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്