![]() |
ഷിനോദ് പാവല്‍ തോട്ടത്തില്‍ |
രാവിലെ ആറുമണിക്കെഴുന്നേറ്റ് പച്ചക്കറിത്തോട്ടത്തിലേക്ക് അതു കഴിഞ്ഞ് പതിനൊന്നു മണിയോടു കൂടി കാക്കി ധരിച്ച് ഓട്ടോക്കാരനായി അങ്ങാടിയിലേക്ക് ഇടയ്ക്ക് കാടുവെട്ടാന്‍ മറ്റുള്ള പറമ്പിലേക്ക് അതിനിടയില്‍ വാഴക്ക്യഷിയും, കപ്പക്ക്യഷിയും, വൈകുന്നേരം വീണ്ടും പച്ചക്കറിത്തോട്ടത്തിലേക്ക്. ഇത് കൂടരഞ്ഞി കുറിഞ്ഞിപ്പാറ ഷിനോദിന്റെ ദിനചര്യ. അധ്വാനത്തില്‍ ആന്ദം കണ്ടെത്തുന്ന ക്യഷിയില്‍ സംത്യപ്തി നേടുന്ന ചെറുപ്പക്കാരുടെ പ്രതികമാണ് ഷിനോദ്. ഒരു ദിവസത്തിന്റെ ഏറിയ പങ്കും അധ്വാനിക്കുന്ന ഈ ചെറുപ്പക്കാരന്‍ ഏവര്‍ക്കും മാത്യകയാക്കാന്‍ കഴിയുന്ന ഒരു ക്യഷിക്കാരനാണ്.
കൂടരഞ്ഞി അങ്ങാടിക്കു സമീപമുള്ള ഒരേക്കര്‍ സ്ഥലത്ത് പയറും പാവലും മറ്റു പച്ചക്കറികളും വിളയിക്കുകയാണ് ഷിനോദ്. ഈ കടുത്ത വേനലിലും നനയ്ക്കാന്‍ ജലസമ്യദ്ധമായ ക്യഷിയിടം ലഭിച്ചുവെന്നത് നേട്ടമായി. പാട്ടത്തിനെടുത്ത സ്ഥലത്താണ് പച്ചക്കറിക്ക്യഷി. ഇതിനകം തന്നെ മുടക്കുമുതല്‍ തിരിച്ചു കിട്ടിയെന്നത് അദ്ദേഹത്തിന് സന്തോഷം പകരുന്നു.
![]() |
ക്യഷി അസ്സിസ്റ്റന്റ് ഹരികുമാറിനൊപ്പം |
പച്ചക്കറിക്ക്യഷി ചെയ്യാന്‍ തുടങ്ങിയിട്ട് ഇത് രണ്ടാം വര്‍ഷമാണ്. ഈ വര്‍ഷം പച്ചക്കറിക്ക്യഷി ചെയ്യാന്‍ നല്ല ഗുണമേന്മയുള്ള വിത്തുകളന്വേഷിച്ച് പോയത് പച്ചക്കറിക്ക്യഷിക്ക് പേരു കേട്ട വെറ്റിലപ്പാറയിലാണ്. അവിടെ നിന്നു കിട്ടിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആനക്കയം ഫാമുമായി ബന്ധപ്പെട്ട് പാവല്‍ വിത്തുകള്‍ സംഘടിപ്പിച്ചു. വയല്‍ പ്രദേശമായിരുന്നു ക്യഷിക്കായി തെരെഞ്ഞെടുത്തത്. അവിടെ നേരിട്ട പ്രധാന വെല്ലുവിളി ഞണ്ടുകളുടെ ശല്യമായിരുന്നു നൂറുകണക്കിന് ഞണ്ടുകള്‍ തൈകള്‍ മുറിച്ചു കളയുന്നത് ആലോചിക്കാന്‍ പോലും കഴിയില്ല. ഈ പ്രശ്നത്തെ നേരിട്ടത് ഒരു ക്യഷിക്കാരന്റെ തനതായ മെയ് വഴക്കത്തോടു കൂടിയായിരുന്നു. ചകിരിയില്‍ മണ്ണും ചാണകവും നിറച്ച് വിത്തുകള്‍ അതില്‍ നട്ടു തുടര്‍ന്ന് ക്യഷിയിടത്തില്‍ കമുകിന്റെ അലകുപയോഗിച്ച് നിര്‍മ്മിച്ച തട്ടുകളില്‍ ചകിരി വച്ചു വളര്‍ത്തിയെടുത്തു. അതിനു മുകളിലേക്ക് ഞണ്ടിന്റെ ശല്യം വന്നില്ല. പതിനഞ്ചു ദിവസമായപ്പോള്‍ പാവലിന്റെ തണ്ടുകള്‍ മുറിക്കാന്‍ കഴിയാത്ത വണ്ണമായപ്പോള്‍ ചകിരിയടക്കം തൈകള്‍ മണ്ണിലേക്ക് നട്ടു.
കവുങ്ങിന്‍ തോട്ടമായിരുന്നതിനാല്‍ ധാരാളം രോഗം ബാധിച്ച് തലപോയ കവുങ്ങുകളുണ്ടായിരുന്നു. അവ മുറിച്ച് പന്തലിനുള്ള താങ്ങു കാലുകളാക്കി. മാര്‍ക്കറ്റില്‍ നിന്ന് വീതി കൂടിയ വല രണ്ടായിരം രൂപ മുതല്‍ മുടക്കി വാങ്ങ. മൂന്ന് സഹായികളെ പന്തലുണ്ടാക്കുന്നതിന് ഒപ്പം കൂട്ടി. കവുങ്ങിന്‍ കാലുകള്‍ കുഴിച്ചിട്ട് അതിനു മുകളില്‍ വല നിരത്തി പന്തലിട്ടു. സൂപ്പര്‍ ലൈറ്റ്, സൂപ്പര്‍ ഗ്രീന്‍ ഇനങ്ങളില്‍പ്പെട്ടവയുടെ വിത്തുകളാണ് പയര്‍ ക്യഷിക്കായി പയോഗിച്ചത്. മൂന്ന് പണിക്കാരുടെ സഹായത്തോടെ കമുകിന്റെ അലകുകള്‍ ഉപയോഗിച്ച് താങ്ങു കാലുകളുണ്ടാക്കി അതില്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ പ്ലാസ്റ്റിക് വള്ളികള്‍ പരസ്പരം ബന്ധിപ്പിച്ചു.
ക്യഷിയിടത്തിന് അടുത്ത് മറ്റൊരു പറമ്പില്‍ കുളമുണ്ടായിരുന്നത് ഉപയോഗപ്പെടുത്തി. അതിനായി ഒരു പോര്‍ട്ടബിള്‍ പമ്പ് സെറ്റ് പതിനായിരം രൂപ മുടക്കി വാങ്ങി ക്യഷിയിടത്തിലേക്ക് വെള്ളമെത്തിച്ചു. വൈകുന്നേരങ്ങളിലാണ് നന. നാലു മണി മുതല്‍ ആറു വരെ നനയ്ക്കും .
കനത്ത ചൂടിലും മികച്ച വിളവാണ് ലഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 60 കിലോ വീതം പറിച്ചു. പാവല്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം വീതം 75 കിലോ വെച്ച് ലഭിച്ചു. നേരിട്ട് വില്പനനടത്തിയതിനാല്‍ പയര്‍ നാല്പത് രൂപയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞു. പാവലിന് മാര്‍ക്കറ്റില്‍ 54 രൂപ വില വന്നപ്പോള്‍ 40 രൂപ മൊത്ത വില കിട്ടി. നല്ല തൂക്കം കിട്ടും എന്നതിനാല്‍ രാവിലെ തന്നെയാണ് വിളവെടുപ്പ്.
നാലഞ്ചു വര്‍ഷമായി ആയിരത്തിന്‍ മുകളില്‍ വാഴകളും കപ്പയും ക്യഷി ചെയ്യുന്ന ഇദ്ദേഹത്തിന് ക്യഷിയില്‍ സംഭവിച്ച ഒരു നഷ്ടം ഒന്‍പത് ക്വിന്റല്‍ കപ്പ ഏഴായിരം രൂപയോളം മുടക്കി വാട്ടിയത് മഴയത്ത് നശിച്ച് പോയതാണ്. എങ്കിലും അതിലൊന്നും പരിതപിക്കാതെ ക്യഷി തുടരുകയാണ് ഷിനോദ്.
ഭാര്യ സുജിത ക്യഷിയിടത്തില്‍ സഹായിയായി എപ്പോഴും ഒപ്പമുണ്ട്. ഇവര്‍ക്ക് രണ്ട് മക്കള്‍ ദീപേഷ്, ദീപക്. കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ സ്വീകരിക്കുന്നതിന് ഇദ്ദേഹം മടി കാണിക്കാറില്ല. അതോടൊപ്പം ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ ക്യഷിയിടത്തിലെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് ശ്രദ്ധിക്കാറുണ്ട്.
വിലാസം ഷിനോദ്
കുറിഞ്ഞിപ്പാറ
കൂടരഞ്ഞി (പി ഒ)
കോഴിക്കോട്
മൊബൈല്‍ നം 9388113852
തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്