'മലബാറിലെ ഊട്ടി' എന്ന് വിളിപ്പേരുള്ള കക്കാടംപൊയിലിലെ 'കോഴിപ്പാറ' വെള്ളച്ചാട്ടം കാണാന്‍ വരുന്ന സന്ദര്‍ശകര്‍ ഇവിടുത്തെ മനം മയക്കുന്ന കാഴ്ചകള്‍ കണ്ട് ഇഷ്ടപ്പെട്ട് ഒരു സെന്റ് സ്ഥലമെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കാറുണ്ട് . അങ്ങനെ സ്ഥലം വാങ്ങിയവരാണ് മലപ്പുറംകാരായ പൂവഞ്ചേരില്‍ അബ്ദുള്‍ ഹമീദ് ഹാജിയും സഹോദരന്‍ അബ്ദുള്‍ സലീമും. ഇവര്‍ പഴങ്ങളെ വളരെയധികം സ്നേഹിക്കുന്നവരാണ്. ജീവിതത്തില്‍ നാം കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ നിരവധി പഴങ്ങള്‍ അവയുടെ തൈകള്‍ അതെവിടെയാണെങ്കിലും തേടിപ്പിടിച്ച് ഇവിടെ ക്യഷിയിടത്തില്‍ നട്ടു വളര്‍ത്തുന്നു. ഇവരുടെ പരിശ്രമത്തില്‍ കക്കാടംപൊയിലിന്റെ വശ്യ മനോഹാരിതയില്‍ ഒരുങ്ങുകയാണ് വിവിധ തരം പഴങ്ങളുടെ ഒരു തോട്ടം.
![]() |
ജറബറ പഴം |
ഈ ക്യഷിയിടത്തില്‍ വെറുമൊരു പഴത്തോട്ടം എന്നൊരു കാഴ്ചപ്പാടല്ല
ഇവര്‍ സ്വീകരിച്ചത് സംയോജിത ക്യഷി സമ്പ്രാദായത്തിലൂടെ വരുമാന വര്‍ദ്ധനവ്
ലക്ഷ്യമിട്ടുള്ള കാര്യങ്ങളും കൂടിയാണ്. താഴെകക്കാട് ഭാഗത്ത് സ്ഥലം വാങ്ങി ചെയ്ത ആദ്യ കാര്യം ക്യഷിയിടം മനോഹരമായി ഒരുക്കുകയാണ്. മുകളില്‍ നിന്നുള്ള നീരുറവ എത്തിച്ചേരുന്ന ക്യഷിയിടത്തിന്റെ താഴ്ഭാഗത്ത് മണ്ണ് മാറ്റി കുളം കുഴിച്ച് കരിങ്കല്ലു കൊണ്ട് കെട്ടി അതിലേക്ക് ഉറവയില്‍ നിന്നുള്ള ജലം നിറച്ച്`വിവിധ തരം മത്സ്യങ്ങള്‍ വളര്‍ത്തുകയും ഒപ്പം കുളത്തിലെ വെള്ളം ക്യഷിയിടത്തിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
![]() |
ചുവന്നയിനം റമ്പൂട്ടാനരികില്‍ |
വൈവിധ്യമാര്‍ന്ന പഴങ്ങളുടെ ഉദ്യാനം
നൂറു കണക്കിന് പഴങ്ങളുടെ തൈകള്‍ കാഫലം നല്‍കിയും അല്ലാതെയും ഇവിടെ വളര്‍ന്നു വരുന്നു. കേരളത്തിനകത്തും പുറത്തും പുതിയ തൈകള്‍ അന്വേഷിച്ച് ഇവര്‍ യാത്ര ചെയ്യുന്നു വൈവിധ്യമാര്‍ന്ന പഴങ്ങളുടെ ഉദ്യാനം നിര്‍മ്മിക്കാന്‍. മാങ്കോസ്റ്റീന്‍, റംബൂട്ടാന്‍, വിവിധ തരം മാവുകള്‍, പുലാസാന്‍ തുടങ്ങിയവ വ്യാവസായികാടിസ്ഥാനത്തില്‍ ക്യഷി ചെയ്യുന്നുണ്ടെങ്കിലും വളരെയധികം യാത്ര ചെയ്ത് കണ്ടെത്തുന്ന പുതിയ ഇനം പഴങ്ങള്‍ അവയുടെ തൈകള്‍ നട്ട് വളരെ കരുതലോടെ പരിപാലിച്ച് വ്യത്യസ്തമായൊരു ക്യഷിയിടം ഒരുക്കുന്നതിനുള്ള പരിശ്രമമാണ് ഇവിടെ ശ്രദ്ധേയമാകുന്നത് . വിവിധയിനം പേരകള്‍, ചാമ്പകള്‍, ചെസ്റ്റ് നട്ട്, മുസമ്പി, പീനട്ട്, അവക്കാഡോ, മില്‍ക് ഫ്രൂട്ട്, സീതപ്പഴം, കോകം, മുള്ളാത്ത, ബര്‍മീസ്സ് ഗ്രേപ്പ്, ബറാബ, മൂട്ടിപ്പഴം, ഇളന്തപ്പഴം, പൂച്ചപ്പഴം, ജമ്പോട്ടിക്ക, ആപ്പിള്‍, ഓറഞ്ച്, സബര്‍ജെല്ലി, ലങ്സാറ്റ്, എലഫന്റ് ആപ്പിള്‍, ലോഗണ്‍, കമ്പിളി, പൊപ്പലു, വിരല്‍ വാഴ തുടങ്ങി വിവിധയിനം വാഴകള്‍, മിറക്കിള്‍ ഫ്രൂട്ട്, ഞാവല്‍, സലാക്ക് ( സ്നേക്ക് ഫ്രൂട്ട്) ജമൈക്കന്‍ സ്റ്റാര്‍ ഫ്രൂട്ട് തുടങ്ങി നിരവധി പഴങ്ങളുടെ തൈകളാണ് കഴിഞ്ഞ നാലു വര്‍ഷങ്ങളായി ക്യഷി ചെയ്തു വരുന്നത്. ഇവയില്‍ ഏറ്റവും കൂടുതല്‍ വില കൊടുത്തു വാങ്ങിയ തൈ 'ബര്‍മീസ്സ് ഗ്രേപ്പിന്റേയാണ്' ഏകദേശം ആയിരത്തിയഞ്ഞൂറ് രൂപ.
![]() |
പാഷന്‍ ഫ്രൂട്ട് |
പാഷന്‍ ഫ്രൂട്ട് ക്യഷി
വള്ളികളായി പടര്‍ന്നു കയറുന്ന പാഷന്‍ ഫ്രൂട്ട് വളരെ സ്വാദിഷ്ടവും വളരെയധികം പോഷക സമ്പുഷ്ടവുമാണ്. ഇവയുടെ പോഷകഗുണം കണ്ടറിഞ്ഞ് ജ്യൂസ് കടകളില്‍ ഇവയുടെ ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ഒപ്പം സ്ക്വാഷും ജാമുമൊക്കെയായി മൂല്യ വര്‍ദ്ധിത ഉല്പ്പന്നങ്ങളും ഉണ്ടാക്കിത്തുടങ്ങി. ഇവിടെ ഈ ഫാമില്‍ ചുറ്റുമായുള്ള ഒരാള്‍ പൊക്കമുള്ള വേലികളില്‍ പാഷന്‍ ഫ്രൂട്ട് വള്ളികള്‍ കയറ്റി വിട്ട് വരുമാനത്തിന് ഒരു സാധ്യത കണ്ടെത്തുകയാണ് ഹമീദ് ഹാജി. കൂടാതെ ജി ഐ പൈപ്പുകള്‍ ഉപയോഗിച്ച് പന്തല്‍ നിര്‍മ്മിച്ച് അവയില്‍ പാഷന്‍ ഫ്രൂട്ട് വള്ളികള്‍ കയറ്റി വിട്ട് ക്യഷി വിപുലമാക്കുന്നുണ്ടിവിടെ.
![]() |
ഡ്രാഗണ്‍ ഫ്രൂട്ട് |
കള്ളിച്ചെടിയിലും പഴമുണ്ടാകുമെന്ന് ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഈയടുത്ത കാലത്തായി നമ്മുടെ പഴങ്ങളുടെ കൂട്ടത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന കള്ളിച്ചെടിയുടെ വിഭാഗത്തില്‍പ്പെട്ട 'ഡ്രാഗണ്‍ ഫ്രൂട്ട് ' ഇവിടെ ക്യഷി ചെയ്തു വരുന്നു. 'പിത്തായ' എന്ന പേരിലും അറിയപ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഒരേക്കര്‍ സ്ഥലത്താണ് സ്ഥലത്താണ് ക്യഷി ചെയ്യുന്നത്. കരിങ്കല്‍ തൂണിനു മുകളില്‍ സൈക്കിള്‍ ടയര്‍ ഉറപ്പിച്ച് അതിലേക്ക് കയറ്റി വിട്ടാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ക്യഷി. ജൂണ്‍ മാസത്തില്‍ പൂവിട്ട് ഫലം ലഭിക്കുന്ന ഇവയുടെ പൂക്കള്‍ വലുതും മനോഹരവുമാണ്. രാത്രിയിലാണ് ഇവയുടെ പൂക്കള്‍ വിടരുക. ഉള്‍ക്കാമ്പ് വെള്ള നിറത്തിലുള്ള ഇനമാണ് ഇവിടെ ക്യഷി ചെയ്ത് വരുന്നത്.
![]() |
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പൂവ് |
പപ്പായക്ക്യഷി
നമ്മുടെ തൊടിയില്‍ നട്ടു വളര്‍ത്തിയിരുന്ന പപ്പായ പഴമായും പച്ചക്കറിയുമായി ഉപയോഗപ്പെടുത്തുന്നു. അവയ്ക്ക് ഒരു വാണിജ്യ സ്വാഭാവം കൈവന്നത് അടുത്തിടെയാണ്. പഴയ കാലഘട്ടത്തില്‍ വളരെ വിലപ്പെട്ടതും എന്നാല്‍ വര്‍ത്താമാന കാലഘട്ടത്തില്‍ അവഗണിക്കപ്പെട്ടു കിടന്നതുമായ പപ്പായയ്ക്ക് മൂല്ല്യ വര്‍ദ്ധിത ഉല്പ്പന്നമായി ഒരു സ്ഥാനം ലഭിച്ചത് അവയുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചു. 'ഹണിഡ്യൂ' ഇനത്തില്‍പ്പെട്ട പപ്പായ ക്യഷി ചെയ്യുന്നുണ്ടിവിടെ അഞ്ഞൂറോളം തൈകളാണ് നട്ടത് അവയെല്ലം കാഫലം നല്‍കി വരുന്നു. അതോടൊപ്പം അവയുടെ മറ്റിനങ്ങളും ക്യഷി ചെയ്യുന്നുണ്ടിവിടെ.
![]() |
മത്സ്യക്ക്യഷിയ്ക്കായുളള കുളം |
തുള്ളി നനയും ഫെര്‍ട്ടിഗേഷനും
പത്തൊന്‍പത് ഏക്കര്‍ വരുന്ന ക്യഷിയിടം വളരെ മനോഹരമായാണ് പരിപാലിക്കപ്പെടുന്നത് താഴ്ഭാഗത്ത് പശുഫാം മത്സ്യക്ക്യഷി പാഷന്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട് ക്യഷി മുകള്‍ ഭാഗം കുന്നിന്‍ പ്രദേശമാണ് അവിടെ തെങ്ങിന്‍ തോപ്പിനിടയിലൂടെ നൂറുകണക്കിന് മാവ്, പ്ലാവ്, മാംഗോസ്റ്റീന്‍, റംബൂട്ടാന്‍, പുലാസാന്‍, ദുരിയാന്‍ തുടങ്ങിയ പഴങ്ങള്‍ ക്യഷി ചെയ്യുന്നു. ഇവയ്ക്ക് ആവശ്യമായ വെള്ളവും വളവും തുള്ളി നന രീതിയിലൂടെ ഓരോ ചെടിയുടേയും ചുവട്ടില്‍ എത്തിക്കുന്നു. പശു ഫാമില്‍ നിന്നുള്ള ചാണകവും മൂത്രവുമാണ് ഇവിടെയുള്ള ഓരോ വിളകളുടേയും ചുവട്ടിലെത്തുന്നത്. അതിനായി തൊഴുത്തില്‍ നിന്നുമുള്ള ചാണകവും മറ്റു വസ്തുക്കളും ശേഖരിക്കുന്നതിനായി കോണ്‍ക്രീറ്റു ഉപയോഗിച്ച് നിര്‍മ്മിച്ച വലിയൊരു കുളമുണ്ട് അതില്‍ മോട്ടോര്‍ വെച്ച് ക്യഷിയിടത്തിന് ഏറ്റവും മുകളിലുള്ള ടാങ്കിലേക്ക് കൊണ്ട് വന്ന് നേര്‍പ്പിച്ച് അവിടെ നിന്ന് ചെറിയ പൈപ്പുകള്‍ ഉപയോഗിച്ച് ചെടികള്‍ക്ക് അവയുടെ ചുവട്ടിലേക്ക് എത്തിക്കുന്നു.
![]() |
അബ്ദുള്‍ സലീം പശുഫാമില്‍ |
പഴങ്ങള്‍ മാത്രമല്ല ഇവിടെ
പഴങ്ങള്‍
മാത്രമല്ല ഈ ഫാമിലുള്ളത് കുറ്റിക്കുരുമുളക്, വിവിധയിനം തെങ്ങുകള്‍, ജാതി, മത്സ്യക്ക്യഷി കാസര്‍ഗോഡ്
കുള്ളന്‍ പശുക്കള്‍ എന്നിവ ഈ ഫാമിനെ വ്യത്യസ്തമാക്കുന്നു. ക്യഷിയിടത്തിന്റെ ഒരു ഭാഗത്ത് ചട്ടികളില്‍ വളര്‍ത്തുന്ന കുറ്റിക്കുരുമുളക് തോട്ടത്തിന് അഴകായി സ്ഥാപിച്ചിട്ടുണ്ട്. വിവിധ ഇനത്തില്‍പ്പെട്ട തെങ്ങുകള്‍ മലയന്‍ കുള്ളന്‍ പച്ച,മലയന്‍ കുള്ളന്‍ ഓറഞ്ച്, ഗംഗബോണ്ടം എന്നിവ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നും വാങ്ങി ഇവിടെ ക്യഷി ചെയ്യുന്നു.
വിപണനം
പാഷന്‍ ഫ്രൂട്ടും പപ്പായയും പോലെയുള്ള ഇനങ്ങള്‍ ജ്യൂസ് കടകളില്‍ നല്‍കുന്നു. പാഷന്‍ ഫ്രൂട്ടിന് കിലോയ്ക്ക് നൂറു രൂപയോളം ലഭിക്കാറുണ്ട്. മറ്റുള്ളവയ്ക്ക് ആവശ്യക്കാര്‍ ഈ തോട്ടത്തില്‍ നിന്ന് നേരിട്ട് വാങ്ങിക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ വളരെയധികം ആള്‍ക്കാര്‍ ഇവിടം സന്ദര്‍ശിച്ച് പഴങ്ങള്‍ വാങ്ങാറുണ്ട്. വളരെ മനോഹരമായി പൂക്കള്‍ കൊണ്ടും ബോണ്‍സായികള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്ന ഈ തോട്ടത്തില്‍ സഞ്ചാരികള്‍ എത്തിപ്പെടാതിരുന്നെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
![]() |
ബര്‍മീസ് ഗ്രേപ്പിനരികില്‍ |
കക്കാടംപൊയിലില്‍ ക്യഷിയ്ക്കായി സ്ഥലം വാങ്ങിയതു മുതല്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടുന്ന ഹമീദ് ഹാജിക്കും അബ്ദുള്‍ സലീമിനും ആവശ്യമായ സാങ്കേതിക സഹായങ്ങളും പ്രോത്സാഹനവും ക്യഷിഓഫീസര്‍ ജിഷ പി.ജിയുള്‍പ്പെടുന്ന ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ നല്‍കി വരുന്നുണ്ട്. കൂടാതെ 'ആത്മ' പദ്ധതിയിലുള്‍പ്പെടുത്തിയുള്ള സംയോജിത ക്യഷിത്തോട്ടമായി ഈ ക്യഷിയിടം തെരെഞ്ഞെടുത്ത് സഹായം നല്‍കിയിട്ടുണ്ട്.
ഫോണ്‍ നമ്പര്‍
അബ്ദുള്‍ ഹമീദ് ഹാജി : 9447774242
തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസിസ്റ്റന്റ്.