ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

18 Jun 2015

'ക്യഷിഭൂമി പ്രഥമ മാധ്യമ അവാര്‍ഡ്' ' നവമാധ്യമ ഇടപെടല്‍ നടത്തുന്ന മികച്ച ക്യഷിഭവനായി കൂടരഞ്ഞി തെരെഞ്ഞെടുക്കപ്പെട്ടു

                           ഫേസ്ബുക്ക് കൂട്ടായമയായ 'ക്യഷിഭൂമിയുടെ' പ്രഥമ മാധ്യമ അവാര്‍ഡിലെ നവമാധ്യമ ഇടപെടല്‍ നടത്തുന്ന മികച്ച ക്യഷിഭവനായി കൂടരഞ്ഞി തെരെഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാര്‍ഡ് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്യഷിഅസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് ചങ്ങനാശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ബഹു: അഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയില്‍ നിന്നും ഏറ്റുവാങ്ങി.

   ചങ്ങനാശ്ശേരി മാടപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  ബഹുമാനപ്പെട്ട അഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ക്യഷിഭൂമി ദേശിയ കുടുംബസംഗമത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. ഈ ചടങ്ങില്‍ വീടിനു ചുറ്റും പച്ചക്കറിക്ക്യഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടത്തിയ സാമ്പാര്‍ ചലഞ്ചില്‍ വിജയികളായിട്ടുള്ളവര്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാര്‍ഷിക വാര്‍ത്തകളിലെ മികവിനുള്ള പുരസ്കാരം മാത്യുഭൂമി ലേഖകന്‍ വിവേക് ആര്‍ ചന്ദ്രന്‍. മികച്ച കാര്‍ഷിക പരിപാടിയായി തെരെഞ്ഞെടുക്കപ്പെട്ട ഏഷ്യാനെറ്റിലെ 'കിസ്സാന്‍ ക്യഷി ദീപം' പരിപാടിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറും ക്യഷി വകുപ്പ് ഡയറക്ടറുമായ ആര്‍ അജിത് കുമാറിനു വേണ്ടി അസി. ഡയറക്ടര്‍ മാഗി മരീനയും മികച്ച സുസ്ഥിര വികസന മാത്യകയായി തെരെഞ്ഞെടുക്കപ്പെട്ട ഏഷ്യാനെറ്റിലെ 'നല്ലമണ്ണ് 'പരിപാടിക്കു വേണ്ടി അവതാരകയും നിര്‍മ്മാതാവുമായ കുമാരി ദീപയും മികച്ച കാര്‍ഷികമാഗസിന്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട 'കര്‍ഷകശ്രീക്കു' വേണ്ടി എഡിറ്റര്‍ ശ്രീ വിശ്വനാഥന്‍ നായരും ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ സംശയ നിവാരണം നടത്തുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന ശ്രീ ഹരീഷ് കുമാറും മികച്ച റേഡിയോ പ്രോഗ്രാം ആയ റേഡിയോ മീഡിയ വില്ലജ് 90.8 ന്റെ ജീവനം പരിപാടിക്കു വേണ്ടി അതിന്റെ ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പുന്നശ്ശേരിയും പുരസ്കാരം ഏറ്റുവാങ്ങി. നാല്‍പ്പതിലേറെ നെല്‍ വിത്തുകളുടെ കാവലാളായ ചെറുവയല്‍ രാമനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
                   ചടങ്ങില്‍ ക്യഷിഭൂമിയുടെ അഡ്മിനിസ്ട്രേറ്റര്‍ കിരണ്‍ കെ ക്യഷ്ണ അധ്യക്ഷം വഹിച്ചു. മാടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം 'കില' ചെയര്‍മാന്‍ ഫിലിപ്പ് ജോസഫ്, സെക്രട്ടറി വി.സതീശന്‍ നായര്‍, അന്‍ഷാദ് ഇസ്മായില്‍, സരള പൊറ്റക്കാട്ട്, സബീന നസീര്‍ എന്നിവര്‍ ചടങ്ങിന് ആശംസയര്‍പ്പിച്ചു.