16 Aug 2016

കര്‍ഷകദിനം 2016 -ആദരിക്കപ്പെടുന്ന കര്‍ഷകര്‍

വല്‍സല മോഹനന്‍ വാഹാനിയില്‍
                   പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂവാറന്‍തോട്ടിലെ കര്‍ഷക കുടുംബത്തിലേക്ക് വിവാഹം കഴിച്ചു വരുമ്പോള്‍ ക്യഷിയെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ജീവിതം വല്‍സലയെ കൂടരഞ്ഞി പഞ്ചായത്തിലെ മികച്ച കര്‍ഷകയാക്കി മാറ്റിയിരിക്കുകയാണ്. പൂവാറന്‍തോട്ടിലെ കല്ലംപുല്ല് പ്രദേശത്ത് ഭര്‍ത്താവ് മോഹനന്റെയും ഇവരുടേയും പേരിലുള്ള നാലരയേക്കര്‍ ക്യഷിയിടത്തിലെ സജീവ സാന്നിധ്യമാണ് ഈ കര്‍ഷക. രാവിലെ എട്ടു മണിയോടെ വീട്ടു ജോലികള്‍ തീര്‍ത്ത് ക്യഷിയിടത്തിലേക്കിറങ്ങുന്ന ഈ കര്‍ഷകയുടെ ക്യഷിപ്പണികള്‍ സന്ധ്യയോടു കൂടിയാണ് അവസാനിക്കുന്നത്. ക്യഷിയിടത്തിലെ ഏതു ജോലികളാണെങ്കിലും അത് ചെയ്യുന്നതിന് യാതൊരു വൈമുഖ്യവും കാണിക്കാറില്ല എന്നത് ഈ കര്‍ഷകയെപ്പറ്റി എടുത്തു പറയേണ്ട കാര്യമാണ്. തൈ നടുന്നതു മുതല്‍ വിളവെടുപ്പും അവയുടെ സംസ്കരണ പ്രക്രിയയില്‍ വരെയും ഇവരുടെ കയ്യെത്തുന്നു. കാപ്പി, ജാതി കൊക്കോ, കുരുമുളക്, കുടമ്പുളി, വാഴ, ഫലവ്യക്ഷങ്ങള്‍ എന്നിവ ഇവരുടെ ക്യഷിയിടത്തില്‍ ക്യഷി ചെയ്തു വരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഭര്‍ത്താവിനൊപ്പം രണ്ടായിരത്തില്‍ കുറയാതെയുള്ള വാഴ ക്യഷി ചെയ്യുന്ന ഈ കര്‍ഷക ഇവിടുത്തുകാര്‍ക്ക് ഒരു മാത്യകയാണ്. ക്യഷി മുഖ്യ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ഇവരുടെ ക്യഷിയിടത്തില്‍ മറ്റെങ്ങുമില്ലാത്ത രീതിയില്‍ കുടമ്പുളിയുടെ 23 മരങ്ങള്‍  ക്യഷി ചെയ്തു വരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാപ്പി, കുരുമുളക്, ജാതി എന്നിവയുടെ പുതിയ തൈകള്‍ നട്ടു വളര്‍ത്തി ഈ ക്യഷികളുടെ പുനരുദ്ധാരണം നടത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ഇവര്‍ക്ക് ഒരു ദിവസത്തിലെ പകല്‍ സമയം ക്യഷിയിടത്തില്‍ പണികള്‍ തീര്‍ക്കുന്നതിന് തികയാറില്ല എന്നത് ഇവര്‍ ക്യഷിയെ അത്രയധികം സ്നേഹിക്കുന്നു എന്നതിന് തെളിവാണ്.

1 Aug 2016

ഇവിടെ ഒരുങ്ങുന്നു പഴങ്ങളുടെ തോട്ടം..

         
                                         'മലബാറിലെ ഊട്ടി' എന്ന് വിളിപ്പേരുള്ള കക്കാടംപൊയിലിലെ 'കോഴിപ്പാറ' വെള്ളച്ചാട്ടം കാണാന്‍ വരുന്ന സന്ദര്‍ശകര്‍ ഇവിടുത്തെ മനം മയക്കുന്ന കാഴ്ചകള്‍ കണ്ട് ഇഷ്ടപ്പെട്ട് ഒരു സെന്റ് സ്ഥലമെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കാറുണ്ട് . അങ്ങനെ സ്ഥലം വാങ്ങിയവരാണ് മലപ്പുറംകാരായ പൂവഞ്ചേരില്‍ അബ്ദുള്‍ ഹമീദ് ഹാജിയും സഹോദരന്‍ അബ്ദുള്‍ സലീമും. ഇവര്‍ പഴങ്ങളെ വളരെയധികം സ്നേഹിക്കുന്നവരാണ്. ജീവിതത്തില്‍ നാം കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ നിരവധി പഴങ്ങള്‍ അവയുടെ തൈകള്‍ അതെവിടെയാണെങ്കിലും തേടിപ്പിടിച്ച് ഇവിടെ ക്യഷിയിടത്തില്‍ നട്ടു വളര്‍ത്തുന്നു. ഇവരുടെ പരിശ്രമത്തില്‍ കക്കാടംപൊയിലിന്റെ വശ്യ മനോഹാരിതയില്‍ ഒരുങ്ങുകയാണ് വിവിധ തരം പഴങ്ങളുടെ ഒരു തോട്ടം.

19 Jul 2016

ഏറുമാടത്തില്‍ ക്യഷിക്ക് കാവലായ് ഒരു കര്‍ഷകന്‍

                      
ഏറുമാടത്തിനരികില്‍ സെബാസ്റ്റ്യന്‍ പള്ളിക്കരയില്‍
                         പത്താം വയസ്സില്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്ന പ്രായത്തില്‍  പാട്ടത്തിലുള്ള സ്ഥലത്ത് തുടങ്ങിയുള്ള ക്യഷിയോടുള്ള സ്നേഹം സെബാസ്റ്റ്യന്‍ പള്ളിക്കര എന്ന കര്‍ഷകനെ തുടര്‍പഠനവും മറ്റു ജോലികളും പ്രലോഭിപ്പിച്ചില്ല. ക്യഷിയുടെ വഴിയേ നീങ്ങി. വലിയ സാമ്പത്തിക നേട്ടങ്ങളില്ലെങ്കില്‍ക്കൂടി ഇന്നും അദ്ദേഹം കര്‍ഷകനാണ് അന്നത്തെപ്പോലെ പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്യഷി.

21 Jun 2016

ഉയരങ്ങളില്‍ പഴങ്ങളുടെ റാണിയോടൊപ്പം .....

\\
മാംഗോസ്റ്റീന്‍ മരത്തിനരുകില്‍ സെബാസ്റ്റ്യന്‍ തോട്ടത്തിമ്യാലില്‍.
     'അകമ്പുഴ' കൂടരഞ്ഞിയിലെ വളരെ ഉയര്‍ന്നതും സഹ്യപര്‍വ്വതമലനിരകളിലുള്‍പ്പെട്ടതുമായ ഭൂപ്രദേശം. കോഴിക്കോടു ജില്ലയുടെ ഭൂരിഭാഗവും മലപ്പുറം കണ്ണൂര്‍ ജില്ലകളുടെ ഭാഗങ്ങളും ഇവിടെ നിന്നു നോക്കുമ്പോള്‍ കാണാം എന്നത് ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. പ്രധാന പാതയില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരം കുത്തനെയുള്ളതും ദുര്‍ഘടവുമായ പാതയിലൂടെ സഞ്ചരിച്ചാല്‍ പടിഞ്ഞാറന്‍ കാറ്റ് വീശിയടിക്കുന്ന ഈ മലനിരകളിലെത്താം. വെയിലത്ത് വെട്ടിത്തിളങ്ങുന്ന കണ്ടിലപ്പാറ മലനിരകളും  എങ്ങും പച്ച തൂര്‍ന്ന ക്യഷിയിടങ്ങളും ആളൊഴിഞ്ഞ വീടുകളുമാണ് ഇവിടെയെത്തുന്നവരെ സ്വാഗതം ചെയ്യാനുള്ളത്.

12 Jun 2016

ഇത് ചെറുതേനിന്റെ 'മധുരമൂറുന്ന ചെറിയ ലോകം'

                                         
                   പൂവാറന്‍തോടിന്റെ മടിത്തട്ടില്‍ തേനീച്ചയോട് സ്നേഹം കൂടുകയാണ് ചോക്കാട്ട് ഡെന്നിസ്. പെയിന്റിംഗ് തൊഴിലാളിയായ ഡെന്നിസിന് തേനീച്ചയോട് കമ്പം വന്നതില്‍ അതിശയമൊന്നുമില്ല. അന്‍പത് വര്‍ഷം മുന്‍പ് പൂവാറന്‍തോടില്‍ കുടിയേറിയ പിതാവ് ജോസഫിന് തേനീച്ചക്ക്യഷിയിലുള്ള കമ്പമാണ് ഡെന്നിസിന് പകര്‍ന്നു കിട്ടിയതെന്നു പറയാം. തന്റെ തൊഴിലിനിടയിലും പൂവാറന്‍തോട് ജി.എല്‍.പി സ്കൂളിന്റെ കാര്യങ്ങളിലടക്കം പൊതു കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതില്‍ മടി കാണിക്കാത്ത ആളാണ് ഡെന്നിസ്.