ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

29 May 2015

അലങ്കാര മത്സ്യക്ക്യഷിയിലെ യുവ സാന്നിദ്ധ്യമായി ദീപേഷ്


ഹാഫ് മൂണ്‍
          ചില്ലുകൂടുകളില്‍ നീന്തിത്തുടിക്കുന്ന ബഹു വര്‍ണ്ണധാരികളായ അലങ്കാര മത്സ്യങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്?. സ്വീകരണ മുറിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്ന അലങ്കാര മത്സ്യങ്ങള്‍ കണ്ണിനിമ്പമേകുന്നു. വളഞ്ഞും പുളഞ്ഞും തെന്നി മാറിയും അതിഥികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിവിധ ഇനം മത്സ്യങ്ങള്‍ ഇവയോരോന്നും സ്വീകരണ മുറിയെ ആകര്‍ഷകമാക്കി മനസ്സിനു കുളിരേകുന്നു. കൂടരഞ്ഞിക്കാര്‍ക്കു അപരിചിതമാണ് അലങ്കാര മത്സ്യക്ക്യഷി. അവരുടെയിടയില്‍ പരിശ്രമം കൊണ്ടു വിജയസോപാനത്തിലെത്തിയ വീട്ടിപ്പാറയിലുള്ള ദീപേഷ് എന്ന യുവ കര്‍ഷകന്‍ അലങ്കാര മത്സ്യക്ക്യഷിയില്‍ കൂടരഞ്ഞിക്കാര്‍ക്കു മാത്യകയാവുകയാണ്.
വെയ്ല്‍ ടെയില്‍

ഇനങ്ങള്‍
         വിവിധ തരത്തിലുള്ള 'ഫൈറ്റര്‍' (ബീറ്റ), 'നിയോണ്‍ ടെട്ര'കള്‍, 'ബാര്‍ബു'കള്‍ 'മാലാഖ മത്സ്യങ്ങള്‍', 'കോണ്‍വിറ്റ് സിക്ലിഡ്സ്', 'ഗൌരാമികള്‍', 'ഗ്രീന്‍ ടെറര്‍' ഇവയെക്കൂടാതെ 'പ്ലാറ്റി' വിവിധ 'ഫാന്‍സിഗപ്പി'കള്‍ എന്നിവ  ഇവിടെ വളര്‍ത്തുന്നു. ഒരു ബ്രീഡിംഗില്‍ അഞ്ഞൂറു മുതല്‍ എണ്ണൂറു വരെ കുഞ്ഞുങ്ങള്‍ ലഭിക്കുന്ന 'ഫൈറ്റര്‍' ആണ് ഇവിടുത്തെ താരം.
ദീപേഷ്
പരിപാലനം
             ഇവിടെ വളരെ ചിലവു കുറച്ചും പ്രക്യതിക്ക് ഇണങ്ങുന്ന രീതിയിലും അലങ്കാര മത്സ്യങ്ങള്‍ ക്യഷി ചെയ്തു വരുന്നു. നിലവില്‍ വീടിനു ചുറ്റും ഉള്ള  12 വലിയ ടാങ്കുകള്‍,  22 ഒഴിഞ്ഞ ഫ്രിഡ്ജുകള്‍,  അക്വേറിയം വലുത് 20 എണ്ണം ചെറുത് 12 എണ്ണം,  ബൌളുകള്‍ 1500 എന്നിവ ഇവിടുത്തെ ക്യഷിയുടെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. ഒഴിഞ്ഞ കുടിവെള്ളത്തിന്റെ പ്ലാസ്റ്റിക് കുപ്പികള്‍ പകുതി മുറിച്ച ബൌളുകളില്‍ വളര്‍ത്തുന്നത് 'ഫൈറ്റര്‍' മത്സ്യങ്ങളെയാണ്. ആണ്‍ മത്സ്യങ്ങളെ ഓരോന്നിനെയും ഓരോ ബൌളുകളില്‍ വളര്‍ത്തുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ ഇവ പോരടിക്കുന്നതിനാല്‍ ഇവയെ ടാങ്കുകളില്‍ ഒന്നിച്ചിടാന്‍ കഴിയില്ല. ഇങ്ങനെയുള്ള ബൌളുകളില്‍ ഒരെണ്ണം വീതം ഇടുന്നു. ബ്രീഡിങ്ങിനായി പ്രത്യേക സംവിധാനം വീടിനുള്ളിലായി ഒരുക്കിയിട്ടുണ്ട്. പലഭാഗങ്ങളായി തിരിച്ച അക്വേറിയത്തില്‍ ബ്രീഡിങ്ങിനായി മത്സ്യങ്ങളെ ഇട്ട് ഒന്നര മാസം കഴിഞ്ഞ ശേഷം പുറത്തെ ടാങ്കുകളിലേക്ക് മാറ്റുന്നു. പുറത്തുനിന്നും വരുത്തുന്ന ഗുണനിലവാരമുള്ള  ഭക്ഷണമാണ് മത്സ്യങ്ങള്‍ക്ക് നല്‍കുന്നത്. മത്സ്യങ്ങള്‍ക്ക് നിറം, ആരോഗ്യം, വലിപ്പം എന്നിവ ലഭിക്കുന്നതിന് ഗുണ നിലവാരമുള്ള ഭക്ഷണം ആവശ്യമായതിനാലാണ് പുറത്തു നിന്നും വരുത്തുന്ന ഭക്ഷണം ഉപയോഗിക്കുന്നത്. ഇങ്ങനെ പരിരക്ഷിക്കുന്ന മത്സ്യങ്ങള്‍ക്ക് വിപണന സാധ്യത ഉറപ്പു വരുത്താന്‍ കഴിയും.നല്ല പരിപാലനമാണ് അലങ്കാര മത്സ്യത്തിന്റെ ആയുസ്സ് നിര്‍ണ്ണയിക്കുന്നത്. ഗുണനിലാവാരമുള്ള ഭക്ഷണമാണെങ്കിലും  അധികം നല്‍കിയാല്‍ ഇവ കൂട്ടത്തോടെ ചത്തു പോകുമെന്നുള്ളത്, പരിപാലനത്തില്‍ നല്ല ശ്രദ്ധ വേണമെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു.

ചെലവു കുറഞ്ഞ മത്സ്യക്ക്യഷി
            പഴയ ഫ്രിഡ്ജുകള്‍ എല്ലാവീടുകളിലും ഒരു ബാധ്യത തന്നെയാണ് ആക്രികച്ചവടക്കാരന്‍ വരുമ്പോള്‍ എങ്ങിനേയും സ്ഥലം ലാഭിക്കാന്‍ കൊടുത്തൊഴിവാക്കാനാണ് എല്ലാവരും പരിശ്രമിക്കുക. ഇങ്ങനെയുള്ള ഉപയോഗ ശൂന്യമായ വസ്തുക്കള്‍  ഉപകാരയോഗ്യമാക്കിയെടുത്തു എന്നതിലാണ് ദീപേഷിന്റെ വിജയം. ഫ്രിഡ്ജുകള്‍ നിസ്സാര വിലക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്നും വാങ്ങി.  കൂടുതല്‍ ഫ്രിഡ്ജുകള്‍ ലഭിക്കുമ്പോള്‍ മാത്രമേ കൊണ്ടു വരുന്നതിനുള്ള ചിലവൊക്കൂവെന്നതിനാല്‍ നിശ്ചിത എണ്ണം ഫ്രിഡ്ജുകള്‍ ലഭിക്കുമ്പോള്‍ പറഞ്ഞുറപ്പിച്ച കടക്കാരന്‍ അറിയിക്കുന്നതിനനുസരിച്ച് വാങ്ങിക്കൊണ്ടു വന്നു. നൂറു രൂപയ്ക്കൊക്കെ ഇതു ലഭിച്ചു എന്നത് പഴയ ഫ്രിഡ്ജുകള്‍ വീടുകള്‍ക്ക് എത്രത്തോളം ശല്യമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഫ്രിഡ്ജുകള്‍ തെരെഞ്ഞെടുക്കുമ്പോള്‍ ദ്വാരമില്ലാത്തതു തന്നെ തെരെഞ്ഞെടുത്തില്ലെങ്കില്‍ അതൊരു ബാധ്യതയാകുമെന്ന് ദീപേഷ് പറഞ്ഞു. നിലവില്‍ ഇരുപത്തി രണ്ടോളം ഫ്രിഡ്ജുകളില്‍ മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്.
ബ്രീഡിംഗിനായുള്ള അക്വേറിയം
അര്‍പ്പണ മനോഭാവം + താല്‍പ്പര്യം = വിജയം
        അലങ്കാര മത്സ്യക്ക്യഷിയില്‍ താല്‍പ്പര്യമില്ലാത്തവര്‍ ഈ ക്യഷിക്കിറങ്ങിയാല്‍ വിജയിക്കില്ല.  അര്‍പ്പണ മനോഭാവത്തോടെ ക്യഷിയിലേക്കിറങ്ങണം. അതോടൊപ്പം വിപണിയോ ലാഭമോ പ്രതീക്ഷിക്കാന്‍ പാടില്ല. അര്‍പ്പണ മനോഭാവവും താല്‍പര്യവുമുണ്ടെങ്കില്‍ ലാഭം പിന്നാലെ വരും, ദീപേഷ് പറഞ്ഞു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് സുഹ്യത്തുക്കള്‍ അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്താന്‍ തുടങ്ങിയത് സന്തോഷം പകരുന്ന കാര്യമായി ദീപേഷ് കരുതുന്നു.
ഡബിള്‍ ടെയില്‍
തുടക്കം
            ചെറുപ്പകാലത്തേയുള്ള താല്‍പ്പര്യമാണ് ഈ ക്യഷിയിലേക്ക് ദീപേഷിനെ എത്തിച്ചത്. വിപണി പ്രതീക്ഷിക്കാതെയുള്ള തുടക്കം. മുറ്റത്തുള്ള ചെറിയ ടാങ്കുകളില്‍ തുടങ്ങി. അന്ന്  ഇതൊരു ഹോബിയായിരുന്നു ഇപ്പോള്‍ അഞ്ചു വര്‍ഷമായി വലിയ ടാങ്കുകളില്‍ മത്സ്യം വളര്‍ത്താന്‍ തുടങ്ങിയിട്ട്. അലങ്കാര മത്സ്യക്ക്യഷിയില്‍ പ്രത്യേക പരിശീലനമൊന്നും നേടാത്ത ദീപേഷ്.  ഇന്റര്‍നെറ്റില്‍ നിന്നുമാണ് വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്. ഏതൊരു പുതിയ ഇനത്തേയും ബ്രീഡിങ്ങിനായി വരുത്തുമ്പോള്‍ ഇന്റര്‍നെറ്റില്‍ പരതി അവയുടെ ചരിത്രമടക്കം മുഴുവന്‍ കാര്യങ്ങളും പഠിക്കും. അതിനു ശേഷം മാത്രമേ അവയെ വരുത്തൂ.  നിലവില്‍ കൊല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍  നിന്നുമാണ് മത്സ്യക്കുഞ്ഞുങ്ങളെ ബ്രീഡിങ്ങിനായി വാങ്ങുന്നത്. ട്രയോ (ഒരു ആണ്‍ മത്സ്യം രണ്ട് പെണ്‍ മത്സ്യം) ആയും പെയര്‍ ആയും മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നു. ഇങ്ങനെ വാങ്ങിയതില്‍ മികച്ച ലാഭം ലഭിച്ചത് നാലായിരം രൂപ ചെലവിട്ട് 'ഫുള്‍അല്‍ബിനൊ റെഡ്' എന്ന ഇനത്തിന്റെ ട്രയോ വാങ്ങിയപ്പോള്‍ ആണ്.
വീടിനു പുറത്തെ ഷെഡ്ഡിനുള്ളില്‍ ഒരുക്കിയ സംവിധാനം
വിപണനം
         പൂര്‍ണമായും ഇന്റര്‍നെറ്റിനെ ആശ്രയിച്ച് വിപണനം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും യുട്യൂബിലെ വീഡിയോകള്‍ കണ്ട് ഇവിടെയെത്തുന്നു. എറണാകുളത്തു നിന്നുമാണ് കൂടുതല്‍ ആവശ്യക്കാര്‍ വരുന്നത്.
വിപണനത്തിന് തയ്യാറായ മത്സ്യക്കുഞ്ഞുങ്ങള്‍ കൂടുകളില്‍
കുടുംബം
       ഹൈസ്കൂള്‍ അധ്യാപകന്‍ കൂടിയായ ദീപേഷിനെ പിതാവ് നാരായണന്‍  മാതാവ് സരസമ്മ ഏക സഹോദരി ദീപ എന്നിവര്‍ അടങ്ങുന്ന കുടുംബം പ്രോത്സാഹനം  നല്‍കി എല്ലാക്കാര്യത്തിലും ഒപ്പമുണ്ട്.
വിലാസം
ദീപേഷ് കെ എന്‍
കുരുവിത്തോട്ടത്തില്‍
വീട്ടിപ്പാറ
കൂടരഞ്ഞി (പി ഒ)
മൊബൈല്‍ നം 9645448385


മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്