ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

12 Jun 2016

ഇത് ചെറുതേനിന്റെ 'മധുരമൂറുന്ന ചെറിയ ലോകം'

                                         
                   പൂവാറന്‍തോടിന്റെ മടിത്തട്ടില്‍ തേനീച്ചയോട് സ്നേഹം കൂടുകയാണ് ചോക്കാട്ട് ഡെന്നിസ്. പെയിന്റിംഗ് തൊഴിലാളിയായ ഡെന്നിസിന് തേനീച്ചയോട് കമ്പം വന്നതില്‍ അതിശയമൊന്നുമില്ല. അന്‍പത് വര്‍ഷം മുന്‍പ് പൂവാറന്‍തോടില്‍ കുടിയേറിയ പിതാവ് ജോസഫിന് തേനീച്ചക്ക്യഷിയിലുള്ള കമ്പമാണ് ഡെന്നിസിന് പകര്‍ന്നു കിട്ടിയതെന്നു പറയാം. തന്റെ തൊഴിലിനിടയിലും പൂവാറന്‍തോട് ജി.എല്‍.പി സ്കൂളിന്റെ കാര്യങ്ങളിലടക്കം പൊതു കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതില്‍ മടി കാണിക്കാത്ത ആളാണ് ഡെന്നിസ്.

                              ഉടുമ്പുപാറയ്ക്കു കീഴിലുള്ള തന്റെ വീടിനു ചുറ്റിലും പറമ്പിലുമായി അന്‍പതിനടുത്ത് തേനീച്ചക്കോളനികളാണ് ക്യഷി ചെയ്തു വരുന്നത്. മുഴുവനും ചെറുതേനീച്ചകള്‍. മുളങ്കുറ്റിയിലാണ് ക്യഷി. വീടിനു ചുറ്റും മുളങ്കുറ്റിയില്‍ തേനീച്ചകള്‍ കൂടു കൂട്ടിയിരിക്കുന്നു.
                   പുതിയ രീതികള്‍ പരീക്ഷിക്കുന്നതില്‍ മടിയൊന്നുമില്ല ഡെന്നിസിന്. ചിരട്ടകള്‍ ചേര്‍ത്തു വെച്ചുള്ള  രീതി പരീക്ഷിച്ചിരുന്നു പരാജയമായിരുന്നു ഫലം. ഇവിടെ മുളങ്കുറ്റിക്കാണ് ഇപ്പോഴും പ്രിയം. എളുപ്പത്തില്‍ കിട്ടുമെന്നതും തീര്‍ത്തും പ്രക്യതിയോടിണങ്ങിയതുമാണെന്നത് മുളങ്കുറ്റിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. മുളങ്കുറ്റിയിലുള്ള തേനിനാണ് ആവശ്യക്കാര്‍ കൂടുതല്‍. തേനിന്റെ ഗുണം കൂടുമെന്നുമുള്ളതും ഇതിന്റെ മെച്ചമാണ്. മലയോര പ്രദേശമാണെന്നതിനാല്‍ മുള കിട്ടാന്‍ പ്രയാസമൊന്നുമില്ല.
                                    ചെറുപ്പകാലത്ത് തേനെടുക്കാന്‍ പോവുക എന്ന് പറഞ്ഞാല്‍ ആവേശമായിരുന്നു. അന്ന് ചേട്ടനും സഹോദരിയുമൊത്ത് മരത്തിന്റെ പൊത്തുകളില്‍ നിന്ന് തേന്‍ ശേഖരിക്കുന്നത് ഒരു ശീലമായിരുന്നു. ഇന്ന് അത്തരം കാര്യങ്ങളില്‍ സജീവമല്ലെങ്കില്‍ കൂടിയും പിതാവ് കൈമാറിയ ഈ ക്യഷി ഇന്നും പിന്തുടരുന്നതിന് യാതൊരു വൈമുഖ്യവും കാണിക്കുന്നില്ല.
                                               വര്‍ഷത്തില്‍ ഒരു പ്രാവശ്യമാണ് തേനെടുക്കുന്നത്. ഒരു തേനീച്ചക്കോളനിയില്‍ നിന്ന് ഒരു ലിറ്റര്‍ വരെ ശരാശരി തേന്‍ കിട്ടാറുണ്ട്. മെയ് മാസത്തോടു കൂടി തേനെടുത്തു തീരുന്നു. തേനെടുക്കുമ്പോള്‍ ഒരു കോളനിയില്‍ രണ്ടും മൂന്നും റാണികളെ കാണാം അവയെകണ്ടെത്തി ഈച്ചകള്‍ മുട്ടകള്‍ പൂമ്പൊടി എന്നിവയടക്കം വേറെ തയ്യാറാക്കി വച്ചിരിക്കുന്ന മുളങ്കുറ്റിയിലേക്ക് മാറ്റുന്നു. ഇങ്ങനെ ഈ ക്യഷിയില്‍ പുതിയ കോളനികളുണ്ടാക്കന്‍ കഴിയും . തേനെടുത്തു കഴിയുമ്പോള്‍ മുളങ്കുറ്റിയില്‍ ധാരാളം മെഴുകു ബാക്കി കാണാറുണ്ട് ഇത് എടുത്തു മാറ്റിയതിനു ശേഷം മാത്രമേ മുളങ്കുറ്റി വീണ്ടും ഉപയോഗിക്കാവൂ. ഇങ്ങനെ ചെയ്യുന്നത് മുളങ്കുറ്റിയിലെ തേന്‍ ശേഖരിക്കുന്നതിനുള്ള സ്ഥലം നഷ്ടപ്പെടാതിരിക്കുന്നതിനാണ്.
                          പുതിയ കോളനികള്‍ ഉണ്ടാക്കുന്നതിനായി മുളങ്കുറ്റി തെരെഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം മൂത്തതും വണ്ണമുള്ളതും മുട്ടുകള്‍ തമ്മില്‍ അകലമുള്ളതുമായ കുറ്റികള്‍ എടുക്കാം. മുട്ടിന് അകലം കുറഞ്ഞാലും ചെറിയ തുളകള്‍ മുട്ടുകള്‍ക്ക് നല്‍കിയാല്‍ ഈ പ്രശ്നം പരിഹരിക്കാം. തേനെടുത്തു കഴിയുമ്പോള്‍ പഴക്കം മൂലം ദ്രവിച്ചു പോകുന്ന മുളങ്കുറ്റികള്‍  മാറ്റി പുതിയവ വെയ്ക്കാറുണ്ട്. പഴയ കുറ്റിയിലുള്ള പൂമ്പൊടിയും മുട്ടയും മെഴുകും പുതിയ കുറ്റികളില്‍ വെച്ച് ആണ് ഇങ്ങനെയുള്ള കോളനികള്‍ സംരക്ഷിക്കുന്നത്. തേക്കിന്റെ പെട്ടികള്‍ ഉണ്ടെങ്കില്‍ കൂടിയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നല്ലത് മുളങ്കുറ്റികളാണെന്ന അഭിപ്രായമാണ് ഡെന്നിസിനുള്ളത്. മുളങ്കുറ്റികളിലുള്ളത് ഒഴിഞ്ഞു പോകാറില്ല തേന്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യുന്നു.
                                              മുറ്റത്ത് പരമാവധി ചെടികള്‍ ഉണ്ടായാല്‍ ക്യഷി കൂടുതല്‍ മെച്ചമാകും കൂടുതല്‍ ഗുണമേന്‍മയുള്ള തേന്‍ ലഭിക്കും. തേനീച്ച വളര്‍ത്തുന്ന സ്ഥലങ്ങളില്‍ കീടനാശിനി പ്രയോഗം നന്നല്ല. ഈച്ചകള്‍ ചത്തുപോകുന്നതിന് കാരണമാകും. തേനീച്ചകള്‍  ഉള്ളതു കൊണ്ട് വിളകളുടെ പരാഗണം നല്ല തോതില്‍ നടക്കുന്നതിനാല്‍ പറമ്പില്‍ ആദായത്തിന് ഒരു കുറവും സംഭവിക്കാറില്ല എന്നത് ഒരു മെച്ചം തന്നെയാണ് ഡെന്നിസ് പറയുന്നു.
                                      തേന്‍ ഉല്‍പ്പാദനം മുളങ്കുറ്റിയിലായതിനാല്‍ ആവശ്യക്കാര്‍ തേടി വരുമെന്ന പ്രത്യേകത ഇവിടെയുണ്ട്. തികച്ചും പ്രക്യതിദത്തമായ ഉല്‍പ്പന്നം ക്യത്രിമമില്ല മായമില്ല. അതു കൊണ്ടു തന്നെ തേനിന്റെ വിപണനം ഒരു പ്രശ്നമല്ല. ഗള്‍ഫിലുള്ളവര്‍ വന്നു പോകുമ്പോള്‍ ഇവിടെ വന്ന് തേന്‍ മേടിച്ചു കൊണ്ടു പോകാറുണ്ട്. മരുന്നാവശ്യത്തിനും ധാരാളം പേര്‍ തേന്‍ തേടി വരാറുണ്ട്. നിലവില്‍ ആയിരം - ആയിരത്തഞ്ഞൂറ് വില നിലവാരത്തിലാണ്  ഒരു കിലോ തേന്‍ ഇവിടെ വില്‍ക്കുന്നത്.
                                      പാരമ്പര്യമായി തുടര്‍ന്നു വന്ന ക്യഷിയാണെങ്കിലും പുതിയ കാര്യങ്ങള്‍ നേടുന്നതില്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെട്ട് തേനീച്ചവളര്‍ത്തല്‍ പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നതിന് ശ്രദ്ധ കാണിച്ചിട്ടുണ്ട്  എന്നത് ഡെന്നിസിനെപ്പറ്റി എടുത്തു പറയേണ്ട കാര്യമാണ്. ഭാര്യ സാലി മക്കള്‍ ഡെന്‍സന്‍, മരിയ അമ്മ അമ്മിണി എന്നിവരടങ്ങിയ കുടുംബം ചെറുതേനീച്ച വളര്‍ത്തലില്‍ പൂര്‍ണ്ണ പിന്തുണ നല്‍കി പ്രോത്സാഹിപ്പിക്കുന്നു എന്നത് ഡെന്നിസിന്  പിതാവിന്റെ പാത പിന്തുടരുന്നതിന് കരുത്താവുന്നു.
വിലാസം
ഡെന്നിസ്
ചോക്കാട്ട് ( വീട്)
പൂവാറന്‍ തോട് (പി ഒ)
കൂടരഞ്ഞി (വഴി)
കോഴിക്കോട് (ജില്ല)
മൊബൈല്‍ നം 9142198766 

തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്