ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

5 May 2015

കല്‍പ്പിനിയിലെ കുട്ടിച്ചേട്ടന്‍

        
            പ്രായമൊന്നും തളര്‍ത്തിയിട്ടില്ല കുട്ടിച്ചേട്ടനെ, ഇനിയും ക്യഷിയില്‍ പുതിയ കാര്യങ്ങള്‍ ചെയ്യണം എന്ന താല്‍പര്യത്തിലാണ് കൂടരഞ്ഞി കല്‍പ്പിനിയിലെ മാത്യു പ്ലാക്കാട്ടെന്ന കുട്ടിച്ചേട്ടന്‍. രണ്ടു പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനു ശേഷം വിശ്രമിക്കാമെന്നൊന്നും കരുതിയിട്ടില്ല ഇപ്പോഴും കൂടരഞ്ഞിയിലെ കല്‍പ്പിനിയിലെ തന്റെ ക്യഷിയിടത്തില്‍ വ്യാപ്യതനാണ്. പാലായില്‍ നിന്ന് 66 വര്‍ഷം മുന്‍പ് മാതാപിതാക്കാളോടൊപ്പം കൂടരഞ്ഞിയിലേക്ക് കുടിയേറി. പിന്നീട് വിവാഹം കഴിഞ്ഞ് ഭാര്യ റോസമ്മയോടൊപ്പം കൂടരഞ്ഞിയിലെ തന്നെ കല്‍പ്പൂരില്‍ താമസമാരംഭിച്ചു. അവിടെ ക്യഷി ചെയ്ത പത്തേക്കര്‍ സ്ഥലം മിച്ചഭൂമിയില്‍പ്പെട്ടു നഷ്ടപ്പെട്ടെങ്കിലും നിരാശനാകാതെ കല്‍പ്പിനിയില്‍ വന്ന് അഞ്ചേക്കര്‍ ഭൂമിയില്‍ ക്യഷി ആരംഭിച്ചു ജീവിതം കരുപ്പിടിപ്പിച്ചു. ഇന്നു കാണുന്നതെല്ലാം ഈ ക്യഷിയില്‍ നിന്നുമാണ് ഉണ്ടായത്. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചത് ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടു കൂടിയാണ്. 

ക്യഷികള്‍  ക്യഷിരീതികള്‍ 
                  മണ്ണിന്റെ മനസ്സറിഞ്ഞ് ക്യഷിചെയ്യുന്ന കുട്ടിച്ചേട്ടന്റെ ക്യഷിയിടത്തില്‍ വിളയാത്തതായൊന്നുമില്ല തെങ്ങ്, കമുക്, ജാതി, കാപ്പി, കൊക്കോ, കുരുമുളക്, റബര്‍ എന്നിവ ഈ പുരയിടത്തില്‍ ക്യഷി ചെയ്യുന്നു. ഇവിടെ പാകി മുളപ്പിച്ച ജാതി തൈകള്‍ നട്ട് പൂവിട്ടു കഴിഞ്ഞപ്പോള്‍ കൂടുതലും ആണ്‍ ജാതികളാണെന്ന് മനസ്സിലായതിനാല്‍ ബഡ്ഡിംഗ് നടത്തി അവയെ സംരക്ഷിച്ചു. അവയ്ക്ക് ചാണകത്തിന്റെ സ്ലറിയും എല്ലുപൊടിയുമാണ് വളമായി നല്‍കാറ്. റോബസ്റ്റയും  നാടനും ഈ രണ്ട് ഇനത്തിലുമുള്ള കാപ്പിയാണിവിടെ ക്യഷി ചെയ്യുന്നത്.


 പച്ചക്കറിക്ക്യഷി
                      വീട്ടില്‍ രണ്ടു പേരേയുള്ളൂവെങ്കിലും പച്ചക്കറിക്ക്യഷി രണ്ടു പേര്‍ക്കു മാത്രമല്ല അടുത്ത വീട്ടുകാര്‍ക്കു കൊടുക്കാനും മാത്രമുണ്ട്. പയര്‍, പാവല്‍, തക്കാളി, വെണ്ട , മരവെണ്ട, വഴുതന, മുളക് , കൂര്‍ക്ക തുടങ്ങിയ  ഈ വീട്ടിലെ അടുക്കളത്തോട്ടത്തില്‍ നിറയെ വിളവു തരുന്നു. പച്ചക്കറിക്ക് പ്രധാനമായും ചാണകപ്പൊടി,സ്ലറി, ചാരം എന്നിവയാണ് വളമായി ഉപയോഗപ്പെടുത്തുന്നത്. കൂടാതെ ചെറിയ തോതില്‍ രാസവളങ്ങളും ഇടാറുണ്ട്. കീട നിയന്ത്രണത്തിനായി പുകയിലക്കഷായമാണ് ഉപയോഗിക്കുന്നത്.


ജലസംഭരണിയും മത്സ്യക്ക്യഷിയും
                        അഞ്ചേക്കര്‍ പുരയിടത്തിന്റെ ഒത്തനടുക്ക് പറമ്പിലെ ഏറ്റവും ഉയരമുള്ള ഭാഗത്ത് ജെ സി ബി ഉപയോഗിച്ച് രണ്ടാള്‍ താഴ്ചയുള്ള  ഒരുകുഴിയുണ്ടാക്കി അതില്‍ കണ്ണൂരില്‍ നിന്നും വാങ്ങിയ സില്‍പോളിന്‍ ഷീറ്റ് വിരിച്ച് വെള്ളം നിറച്ചു. മലമുകളില്‍ നിന്നും പറമ്പിന്റെ ഒരു വശത്തുള്ള തോട്ടിലൂടെ ഒഴുകി വരുന്ന വെള്ളം ഓസിട്ട് ഈ കുളത്തിലേക്ക് കൊണ്ടുവന്നാണ് നിറച്ചത്.  വെള്ളം നിറക്കുന്നതിനു മുന്‍പേ അടിഭാഗത്ത് പ്ലാസ്റ്റിക് ചാക്കിടുകയും വശങ്ങളില്‍ ഫ്ലെക്സ് ഉറപ്പിക്കുകയും ചെയ്തു തുടര്‍ന്ന് ഷീറ്റ് വിരിക്കുകയും ചെയ്തു. പിന്നീട് വശങ്ങളില്‍ കല്ലുകൊണ്ടു കെട്ടി കുളം ഉറപ്പിക്കുകയും 'തിലാപ്പിയ' ഇനത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ നിക്ഷേപിക്കുകയും ചെയ്തു. നിലവില്‍ അഞ്ഞൂറിനു മേല്‍ മത്സ്യങ്ങള്‍ ഈ കുളത്തിലുണ്ട്.  ഈ കുളം മത്സ്യം വളര്‍ത്തുന്നതിനു വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത് ഈ ജലസംഭരണിയിലെ ജലം പറമ്പിലെ ക്യഷിക്കു കൂടി ഉപയോഗപ്പെടുത്തുന്നു.


തേനീച്ച വളര്‍ത്തല്‍ 
                     അഞ്ചു വര്‍ഷം മുന്‍പ് ആരംഭിച്ചതാണ് തേനീച്ച വളര്‍ത്തല്‍. തേനീച്ച വളര്‍ത്തല്‍ ഇപ്പോള്‍ അന്യ സംസ്ഥാനക്കാരുടെ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍  തേനീച്ചകളെ വളര്‍ത്തി മാത്യകയാവുകയാണ് കുട്ടിച്ചേട്ടന്‍. തേനീച്ചകളെ മരത്തിന്റെ പൊത്തുകളില്‍ നിന്നും മറ്റും എടുത്ത് പെട്ടികളില്‍ നിക്ഷേപിച്ച് ഇവിടെ വളര്‍ത്തുന്നു. നിലവില്‍ ആറ് പെട്ടികള്‍ ക്യഷിയിടത്തില്‍ സ്ഥപിച്ചിട്ടുണ്ട് . ഇതിനിയും വര്‍ദ്ധിപ്പിക്കണമെന്ന താല്‍പര്യത്തി ലാണ് കുട്ടിച്ചേട്ടന്‍.
പശു വളര്‍ത്തല്‍
                ഈ ക്യഷിയിടത്തിലെ ക്യഷികള്‍ക്ക് ഉപയോഗപ്പെ ടുത്തുന്നത് ഇവിടെ വളര്‍ത്തുന്ന പശുവിന്റെ ചാണകവും മൂത്രവുമാണ്. ക്യഷിയില്‍ പശുവിന്റെ മൂത്രം ഉപയോഗിക്കുന്നത് ഏറ്റവും നല്ലതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കുട്ടിച്ചേട്ടന്‍ ചാണകം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബയോഗ്യാസിന്റെ സ്ലറി വളമായി ക്യഷിയിടത്തില്‍ ഉപയോഗിക്കുന്നു. 
മഴവെള്ളക്കൊയ്ത്ത്
            സാധാരണ എല്ലാ പറമ്പിലും പെയ്യുന്ന മഴവെള്ളം ഒലിച്ചു പോകും എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്ഥമായി കുട്ടിച്ചേട്ടന്റെ പറമ്പിലെ മഴവെള്ളം ഒലിച്ചു പോകില്ല. പറമ്പില്‍ എല്ലായിടത്തും മഴക്കുഴിയുണ്ടാക്കി ഭൂമിയിലേക്ക് വെള്ളം ശേഖരിച്ച് മണ്ണിന് ജീവന്‍ നല്‍കുന്നു.
കൂടരഞ്ഞി ക്യഷിഭവനും കുട്ടിച്ചേട്ടനും
              ക്യഷിഭവനുമായി അത്ര ബന്ധമില്ലാതിരുന്ന കുട്ടിച്ചേട്ടനെ കര്‍ഷക അവാര്‍ഡ് പരിശോധനയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ക്യഷിയിടത്തിലേക്ക് ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ കടന്നു ചെന്നത് അദ്ദേഹത്തിന്റെ ക്യഷിരീതികള്‍ ക്യഷിഭവന്റെ ശ്രദ്ധയില്‍പ്പെടുന്നതിന് സഹായകമായി. ഇപ്പോള്‍  ഇദ്ദേഹത്തിന്റെ ക്യഷിക്ക് പ്രോത്സാഹനം നല്‍കി ക്യഷിഭവന്‍ ഒപ്പമുണ്ട്. ക്യഷി വകുപ്പിന്റെ 'സമഗ്ര പച്ചക്കറി വികസന പദ്ധതി' 'സംയോജിത മാത്യകാ ക്യഷിത്തോട്ട പദ്ധതി' എന്നീ പദ്ധകളില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിന് സഹായം നല്‍കുന്നു.
മാത്യു പ്ലാക്കാട്ടിന്റെ മൊബൈല്‍ നം  9048469379

മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ്