ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

16 Aug 2016

കര്‍ഷകദിനം 2016 -ആദരിക്കപ്പെടുന്ന കര്‍ഷകര്‍

വല്‍സല മോഹനന്‍ വാഹാനിയില്‍
                   പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂവാറന്‍തോട്ടിലെ കര്‍ഷക കുടുംബത്തിലേക്ക് വിവാഹം കഴിച്ചു വരുമ്പോള്‍ ക്യഷിയെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ജീവിതം വല്‍സലയെ കൂടരഞ്ഞി പഞ്ചായത്തിലെ മികച്ച കര്‍ഷകയാക്കി മാറ്റിയിരിക്കുകയാണ്. പൂവാറന്‍തോട്ടിലെ കല്ലംപുല്ല് പ്രദേശത്ത് ഭര്‍ത്താവ് മോഹനന്റെയും ഇവരുടേയും പേരിലുള്ള നാലരയേക്കര്‍ ക്യഷിയിടത്തിലെ സജീവ സാന്നിധ്യമാണ് ഈ കര്‍ഷക. രാവിലെ എട്ടു മണിയോടെ വീട്ടു ജോലികള്‍ തീര്‍ത്ത് ക്യഷിയിടത്തിലേക്കിറങ്ങുന്ന ഈ കര്‍ഷകയുടെ ക്യഷിപ്പണികള്‍ സന്ധ്യയോടു കൂടിയാണ് അവസാനിക്കുന്നത്. ക്യഷിയിടത്തിലെ ഏതു ജോലികളാണെങ്കിലും അത് ചെയ്യുന്നതിന് യാതൊരു വൈമുഖ്യവും കാണിക്കാറില്ല എന്നത് ഈ കര്‍ഷകയെപ്പറ്റി എടുത്തു പറയേണ്ട കാര്യമാണ്. തൈ നടുന്നതു മുതല്‍ വിളവെടുപ്പും അവയുടെ സംസ്കരണ പ്രക്രിയയില്‍ വരെയും ഇവരുടെ കയ്യെത്തുന്നു. കാപ്പി, ജാതി കൊക്കോ, കുരുമുളക്, കുടമ്പുളി, വാഴ, ഫലവ്യക്ഷങ്ങള്‍ എന്നിവ ഇവരുടെ ക്യഷിയിടത്തില്‍ ക്യഷി ചെയ്തു വരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഭര്‍ത്താവിനൊപ്പം രണ്ടായിരത്തില്‍ കുറയാതെയുള്ള വാഴ ക്യഷി ചെയ്യുന്ന ഈ കര്‍ഷക ഇവിടുത്തുകാര്‍ക്ക് ഒരു മാത്യകയാണ്. ക്യഷി മുഖ്യ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ഇവരുടെ ക്യഷിയിടത്തില്‍ മറ്റെങ്ങുമില്ലാത്ത രീതിയില്‍ കുടമ്പുളിയുടെ 23 മരങ്ങള്‍  ക്യഷി ചെയ്തു വരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാപ്പി, കുരുമുളക്, ജാതി എന്നിവയുടെ പുതിയ തൈകള്‍ നട്ടു വളര്‍ത്തി ഈ ക്യഷികളുടെ പുനരുദ്ധാരണം നടത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ഇവര്‍ക്ക് ഒരു ദിവസത്തിലെ പകല്‍ സമയം ക്യഷിയിടത്തില്‍ പണികള്‍ തീര്‍ക്കുന്നതിന് തികയാറില്ല എന്നത് ഇവര്‍ ക്യഷിയെ അത്രയധികം സ്നേഹിക്കുന്നു എന്നതിന് തെളിവാണ്.