ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Apr 2016

ക്യഷി പഠിപ്പിക്കാന്‍ 'ഫാം സ്കൂളുകള്‍'

                             
ആദ്യ പരിശീലന പരിപാടിയില്‍ നിന്ന്
                 'കര്‍ഷകര്‍ക്കും പഠിക്കാന്‍ സ്കൂളുകള്‍' ഇങ്ങനെ കേട്ടിട്ട് അവിടെ പോയി ഒന്നു പഠിക്കണം. എവിടെയാണീ സ്കൂള്‍ എന്നു ചോദിക്കുന്നവര്‍ക്ക്. 'ഫാം സ്കൂളുകള്‍' നിങ്ങളുടെയടുത്തുണ്ട്. 'ആത്മ' പദ്ധതിയിലുള്‍പ്പെടുത്തിയുളള 'ഫാം സ്കൂളുകള്‍' ഓരോ ക്യഷിഭവനിലും കര്‍ഷകര്‍ക്ക് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അറിവുകള്‍ പങ്കു വെയ്ക്കുന്നതിനുമുള്ള വേദിയായി മാറുന്നു. ഒരു ഹാളില്‍ ഇരുന്നു കൊണ്ടുള്ള പരിശീലനം തപാലില്‍ നീന്തല്‍ പഠിക്കുന്നതിന് സമാനമാണ് ഇവിടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 'ആത്മ' പദ്ധതിയിലുള്ള ഫാം സ്കൂളുകള്‍ കരയ്ക്കിരുന്നുള്ളതല്ല കളത്തിലിറങ്ങിയുള്ള പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്‍കി വരുന്നത്. ഒരു ക്യഷിയിടം തെരെഞ്ഞെടുത്ത് അവിടെ വിളകളെ പരിചയപ്പെട്ടുള്ള പരിശീലനം അതു കര്‍ഷകനെ കൂടുതല്‍ അറിവു നേടുന്നതിനും ഉല്‍സാഹിയാക്കി മാറ്റുന്നതിനും സഹായിക്കുന്നു.

കര്‍ഷകര്‍ കൂട്ടായ ചര്‍ച്ചയില്‍
                                     കൂടരഞ്ഞിയില്‍ കല്പിനിയിലുള്ള നോബിള്‍ മാവറ എന്ന കര്‍ഷകന്റെ ക്യഷിയിടമാണ് കൂടരഞ്ഞി ക്യഷിഭവന്‍ ഫാം സ്കൂളിനായി തെരെഞ്ഞെടുത്തത്. പൂര്‍ണ്ണമായും ജൈവ ക്യഷി പിന്തുടരുന്ന അഞ്ചേക്കര്‍ ക്യഷിയിടം കര്‍ഷകര്‍ക്ക് ക്യഷി പഠിപ്പിക്കാന്‍ അനുയോജ്യമായിരുന്നു. അതു കൊണ്ട് തന്നെ ഇവിടം കര്‍ഷകര്‍ക്ക് പുതിയ അനുഭവവുമായി. ഇരുപത്തിയഞ്ച് കര്‍ഷകര്‍ക്കാണ് ഇവിടെ ആറു ഘട്ടങ്ങളിലായി പരിശീലനം നല്‍കിയത്. പച്ചക്കറിക്ക്യഷി, കൂണ്‍ക്യഷി, ഇ എം ലായനി നിര്‍മ്മാണം, ഫിഷ് അമിനോ ആസിഡ് നിര്‍മ്മാണം, ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് മുതലായവയില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി.
അബ്ദുള്‍ സത്താറിന്റെ കൂണ്‍ക്യഷി പരിശീലന ക്ലാസ്സില്‍ നിന്ന്
കൂണ്‍ ക്യഷി പരിശീലനം
                                       തിരുവമ്പാടിയിലെ അബ്ദുള്‍ സത്താറും ഭാര്യ ഷൈമയും കൂണ്‍ ക്യഷിയില്‍ ചെലവു കുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിച്ചു വരുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു വരുന്നവരാണ്. കൂടരഞ്ഞിയിലെ ഫാം സ്കൂളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ളതും വീട്ടാവശ്യത്തിനുമുള്ള കൂണ്‍ ഉല്പാദനത്തെക്കുറിച്ചുള്ള ക്ലാസ്സുകള്‍ ഭംഗിയായി അവതരിപ്പിക്കുകയും കര്‍ഷകര്‍ക്ക് പ്രചോദനമായിത്തീരുകയും ചെയ്തു, പോളിത്തീന്‍ കവറിലും  വെയ്സ്റ്റ് ബാസ്കറ്റിലും വൈക്കോല്‍ നിറച്ചിട്ടുള്ളതായ രീതികള്‍ കര്‍ഷകര്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.
ക്യഷി അസ്സിസ്റ്റന്റ് ഹരികുമാറും ജോണ്‍ കുരീകാട്ടിലും ഫിഷ് അമിനോ ആസിഡ് നിര്‍മ്മാണ ക്ലാസ്സില്‍ നിന്ന്
ഫിഷ് അമിനോ ആസിഡ് ഇ എം ലായനി നിര്‍മ്മാണം
                                       ജൈവ ക്യഷിയില്‍ ഏറ്റവും ആവശ്യമായ വിളവര്‍ദ്ധനവിന് സഹായിക്കുന്ന മത്തി മിശ്രിതവും ഇ എം ലായനിയും മലയോര കര്‍ഷകര്‍ക്ക് അത്ര സുപരിചിതമല്ല. അവയുടെ നിര്‍മ്മാണവും ഉപയോഗത്തെക്കുറിച്ചുമുള്ള ക്ലാസ് നയിച്ചത് തിരുവമ്പാടി അഗ്രോ സര്‍വ്വീസ് സെന്ററിന്റെ വിത്ത് തൈ ഉല്പ്പാദന കേന്ദ്രത്തിന്റെ ഉടമസ്ഥനായ ജോണ്‍ കുരീകാട്ടിലാണ്.  ഇവയുടെ നിര്‍മ്മാണത്തെക്കുറിച്ചുള്ള പുത്തന്‍ അറിവുകള്‍ കര്‍ഷകര്‍ക്ക് വളരെ ഉപകാര പ്രദമായിരുന്നു. അതോടൊപ്പം തന്നെ ഇവ  ഫാം സ്കൂളില്‍ തയ്യാറാക്കുകയും അവ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
ഇ എം ലായനി തയ്യാറാക്കല്‍ ക്ലാസ്സില്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി
പച്ചക്കറിക്ക്യഷി
                               കോടഞ്ചേരി കൊടകപ്പറമ്പില്‍ പൗലോസ് എന്ന തമ്പി കേരള സര്‍ക്കാരിന്റെ 2012 വര്‍ഷത്തിലെ 'ഹരിതമിത്ര' അവാര്‍ഡ് ജേതാവാണ്. ആദ്ദേഹം നയിച്ച പച്ചക്കറിക്ക്യഷിയുടെ ക്ലാസ്സ് കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് പുതിയ അറിവുകള്‍ നല്‍കി.  ഓരോ വിളകളുടെയും ക്യഷി രീതികളും ഉപയോഗിക്കുന്ന വിത്തുകള്‍ വളങ്ങള്‍ കാലക്രമം വിപണനം തുടങ്ങിയവയില്‍ ഉള്ള അനുഭവ സമ്പത്ത് കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കിയ പരിശീലനമാണ് തമ്പിയുടെ ക്ലാസ്സിലൂടെ നല്‍കിയത്. തന്റെ രീതികള്‍ കര്‍ഷകരുമായി പങ്കു വക്കുന്നതിന്‍ ഒരു മടിയും കാണിക്കാത്ത ഈ കര്‍ഷകന്‍ ആറ് ഏക്കറിനടുത്ത് പച്ചക്കറിക്ക്യഷി എല്ലാ വര്‍ഷവും ചെയ്തു വരുന്നു. വാണിജ്യ രീതിയിലുള്ള പച്ചക്കറിക്ക്യഷി പിന്തുടരുന്നതിന് വൈമുഖ്യം കാണിക്കുന്ന മലയോരം ഈ കര്‍ഷകന്റെ അനുഭവ സമ്പത്ത് വളരെ ശ്രദ്ധയോടെയാണ് കേട്ടു വരുന്നത്.
അദ്ദേഹത്തിന്റെ ക്ലാസ്സ് കൂടരഞ്ഞിയിലെ ഫാം സ്കൂളിലെ കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടായി.
പച്ചക്കറിക്ക്യഷി
ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് പരിശീലനം
                                 പുന്നക്കല്‍ സ്വദേശി മോഹനന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് പരിശീലനത്തില്‍ പങ്കെടുത്തു അറിവു നേടിയ ആളാണ്. വളരെ വര്‍ഷത്തെ പരിചയ സമ്പത്തുമുണ്ട്. തിരുവമ്പാടി കൂടരഞ്ഞി മേഖലകളിലെ ജാതി കര്‍ഷകര്‍ക്ക് ബഡ്ഡിംഗ് ചെയ്തു കൊടുത്ത് മികച്ച ബഡ്ഡിംഗുകാരന്‍ എന്ന പേരെടുത്തയാളാണ് മോഹനന്‍. ഇദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഈ ഫാം സ്കൂളില്‍ ഉപയോഗപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രയോഗിക രീതിയിലുള്ള പരിശീലമായിരുന്നു ഇവിടെ നടന്നത്. ക്യഷിയിടത്തിലെ ജാതിത്തൈകളില്‍ ബഡ്ഡിംഗ് നടത്തിക്കൊണ്ടുള്ള പരിശീലന പരിപാടി കല്പിനിയിലുള്ള കര്‍ഷകര്‍ക്ക് പുതിയ കാര്യമായിരുന്നു. ബഡ്ഡിംഗ് അറിയുന്നവര്‍ക്ക് അറിവു പുതുക്കുന്നതിനുള്ള അവസരം കൂടിയായി.
ബഡ്ഡിംഗിന്റെ പ്രായോഗിക പരിശീലനത്തില്‍
കര്‍ഷകന്റെ അനുഭവ സമ്പത്ത് 
                               നോബിള്‍ മാവറ എന്ന കര്‍ഷകന്‍ പൂര്‍ണ്ണ സമയ കര്‍ഷകനാണ് ഇദ്ദേഹത്തിന് ക്യഷി ഉപജീവന മാര്‍ഗ്ഗമാണ്. തന്റെ ക്യഷിയിടത്തിലെ ക്യഷിപ്പണികളെല്ലാം അദ്ദേഹവും ഭാര്യയായ ഡെയ്സിയും തനിച്ചാണ് ചെയ്തു തീര്‍ക്കുന്നത്. ഇവരുടെ ഈ ക്യഷിയിലുള്ള അനുഭവ സമ്പത്ത് ഫാം സ്കൂളില്‍ പങ്കുവെയ്ക്കുകയുണ്ടായി. അതോടൊപ്പം ഫാം സ്കൂളിലെ ഉല്പ്പന്നങ്ങളായ ഇ എം ലായനിയും ഫിഷ് അമിനോആസിഡും ഈ ക്യഷിയിടത്തില്‍ ഉപയോഗിച്ച് അതിന്റെ റിസല്‍ട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു കൂടെ പ്രദര്‍ശത്തോട്ടമായി പച്ചക്കറിക്ക്യഷിയും ഒരുക്കിയിരുന്നു.
ചീരക്ക്യഷി

തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്