ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

21 Jun 2016

ഉയരങ്ങളില്‍ പഴങ്ങളുടെ റാണിയോടൊപ്പം .....

\\
മാംഗോസ്റ്റീന്‍ മരത്തിനരുകില്‍ സെബാസ്റ്റ്യന്‍ തോട്ടത്തിമ്യാലില്‍.
     'അകമ്പുഴ' കൂടരഞ്ഞിയിലെ വളരെ ഉയര്‍ന്നതും സഹ്യപര്‍വ്വതമലനിരകളിലുള്‍പ്പെട്ടതുമായ ഭൂപ്രദേശം. കോഴിക്കോടു ജില്ലയുടെ ഭൂരിഭാഗവും മലപ്പുറം കണ്ണൂര്‍ ജില്ലകളുടെ ഭാഗങ്ങളും ഇവിടെ നിന്നു നോക്കുമ്പോള്‍ കാണാം എന്നത് ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. പ്രധാന പാതയില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരം കുത്തനെയുള്ളതും ദുര്‍ഘടവുമായ പാതയിലൂടെ സഞ്ചരിച്ചാല്‍ പടിഞ്ഞാറന്‍ കാറ്റ് വീശിയടിക്കുന്ന ഈ മലനിരകളിലെത്താം. വെയിലത്ത് വെട്ടിത്തിളങ്ങുന്ന കണ്ടിലപ്പാറ മലനിരകളും  എങ്ങും പച്ച തൂര്‍ന്ന ക്യഷിയിടങ്ങളും ആളൊഴിഞ്ഞ വീടുകളുമാണ് ഇവിടെയെത്തുന്നവരെ സ്വാഗതം ചെയ്യാനുള്ളത്.
യാത്രയ്ക്കിടയില്‍ ചപ്പാത്തിലൂടെ

 
           ദിവസവും രാവിലെ മലമുകളില്‍ തന്റെ ക്യഷിയിടത്തിലേക്ക് സഞ്ചരിച്ച് ക്യഷിപ്പണി ചെയ്ത് വൈകുന്നേരമാകുമ്പോള്‍ തിരികെ വീട്ടിലേക്ക് മലയിറങ്ങുന്ന ഒരു കര്‍ഷകനുണ്ട് തോട്ടത്തിമ്യാലില്‍ സെബാസ്റ്റ്യന്‍. വാഹന സൗകര്യമില്ലാത്തതിനാല്‍ മറ്റുള്ള കര്‍ഷകരെപ്പോലെ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അകമ്പുഴയിലെ ക്യഷിയിടത്തിലുള്ള താമസ സ്ഥലത്ത് നിന്ന് താഴെ കൂമ്പാറ ടൗണിനടുത്ത് വീട് വാങ്ങി താമസം തുടങ്ങി. അതില്‍പ്പിന്നെ  ക്യഷിയിടത്തിലേക്ക് ദിവസവുമുള്ള യാത്ര മുടക്കാറില്ല. ഒരു സ്കൂട്ടര്‍ ഉള്ളതിനാല്‍ റോഡ് ടാര്‍ ചെയ്ത ഭാഗം വരെ ഈ വാഹനത്തില്‍,  പിന്നെ കാല്‍ നടയായുള്ള യാത്ര. ഇപ്പോള്‍ ഒരുമണിക്കൂറിനു മുകളില്‍ വേണം നടന്ന് മുകളിലെത്താന്‍.
മാംഗോസ്റ്റീന്‍ കായ്കള്‍

             നാലേക്കര്‍ വരുന്ന ക്യഷിയിടത്തില്‍ മറ്റുനിരവധിക്യഷികളുണ്ടെങ്കിലും ഇന്നദ്ദേഹത്തിന് സന്തോഷം പകരുന്നത് അധികമില്ലെങ്കിലും അപ്രതീക്ഷിത വരുമാനം നേടിത്തരുന്ന 'പഴങ്ങളുടെ റാണി' എന്നറിയപ്പെടുന്ന മാംഗോസ്റ്റീനാണ്.  പതിനഞ്ചു വര്‍ഷം മുന്‍പ് ഒരു സുഹ്യത്ത് നല്‍കിയ കായ്കളില്‍ നിന്നുള്ള വിത്തുകള്‍ ഉപയോഗിച്ച് തൈകളുണ്ടാക്കി. മൂന്ന് തൈകള്‍ നട്ടു തുടങ്ങി. ഇന്ന് വലിയ മരങ്ങള്‍ പതിനാലോളവും പല ഭാഗങ്ങളിലായി ധാരാളം തൈകളും ഈ ക്യഷിയിടത്തില്‍ ഉണ്ട്. ആദ്യ കാലത്ത് മാംഗോസ്റ്റീന്‍ ക്യഷിയെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല. ഇപ്പോള്‍ ഏഴു വര്‍ഷമായി ഈ മരങ്ങളില്‍ നിന്ന് കായ്കള്‍ കിട്ടിത്തുടങ്ങിയിട്ട്.
മാംഗോസ്റ്റീന്‍ മരത്തില്‍

                          ജനുവരി മാസത്തില്‍ പൂവിട്ട് ജുണ്‍ മാസത്തോടെ കായ്കള്‍ വിളവെടുപ്പിന് പാകമാകും. നാലു ദിവസത്തെ ഇടവേളകളിലാണ് വിളവെടുപ്പ്. ജൂലൈ മാസത്തോടെ വിളവെടുപ്പ് പൂര്‍ത്തിയാകും. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ക്യഷിയിടത്തിലുള്ള മരങ്ങളെല്ലാം കാഫലം നലകിക്കൊണ്ടിരിക്കുന്നു. കിരീടത്തിന്റെ ആക്യതിയില്‍ കാണപ്പെടുന്ന  ഞെട്ടുകള്‍ മാംഗോസ്റ്റീനെ മനോഹരിയാക്കുന്നു.. പച്ച നിറത്തിലുള്ള കായ്കള്‍ ചുവപ്പ് കലര്‍ന്ന കറുപ്പ് നിറത്തില്‍ നല്ല തുടുത്ത് കാണപ്പെടും. ഞെക്കി നോക്കിയാല്‍ ചെറുതായി അമരുന്നതാണ് വിളവെടുക്കാന്‍ പാകം. വിളവെടുത്ത മാങ്കോസ്റ്റീന്‍ പഴങ്ങള്‍ ഒരു മാസം വരെ സാധാരണ കാലവസ്ഥയില്‍ കേടാകാതെ ഇരിക്കും.

                     ജാതി മരങ്ങള്‍ക്ക് നല്‍കേണ്ട അത്രയോ അതില്‍ കുറവോ സംരക്ഷണ പ്രവര്‍ത്തങ്ങളേ മാംഗോസ്റ്റീന്‍ മരങ്ങള്‍ക്ക് വേണ്ടി വരുന്നുള്ളൂ. ക്യഷി ചെയ്യാന്‍ വളരെ എളുപ്പം. ഇവിടെ പൂര്‍ണമായും ജൈവരീതിയിലാണ് ക്യഷി. തൈകള്‍ക്ക് ഒരു കിലോ വലിയ മരങ്ങള്‍ക്ക് അഞ്ചു കിലോ എന്ന തോതിലാണ് എല്ലു പൊടിയുടെ പ്രയോഗം. കൂടാതെ ചാണകപ്പൊടിയും ഇട്ടു കൊടുക്കുന്നുണ്ട്. മഴ തുടങ്ങുമ്പോഴാണ് ഈ വളപ്രയോഗം. പൂവായിക്കഴിയുമ്പോള്‍ നല്ല നന ആവശ്യമായതിനാല്‍ അത് ക്യത്യമായി നല്‍കുന്നുണ്ട്.  ഈക്കൊല്ലത്തെ വരള്‍ച്ച ഇവിടുത്തെ ജലവിതരണ സംവിധാനത്തെ തെല്ലൊന്നുമല്ല ബാധിച്ചത്. വെള്ളത്തിന്റെ ക്ഷാമം ഇക്കൊല്ലത്തെ വിളവിനെ സാരമായി ബാധിക്കുമെന്നതില്‍ ഇദ്ദേഹത്തിനു സംശയമില്ല. ആദ്യമുണ്ടായ പൂക്കള്‍ നന കുറവായതിനാല്‍ പൊഴിഞ്ഞു പോയി. ഇപ്പോള്‍ മരം നിറയെ കായ്കളാണ്. കൂടാതെ ബോര്‍ഡോ മിശ്രിതം തളിച്ച് കുമിള്‍ രോഗങ്ങളെ തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വള്ളിപ്പമ്പ് ഉപയോഗിച്ചാണ് സ്പ്രെയിംഗ്.
അകമ്പുഴയിലേക്കുള്ള യത്രക്കിടയിലെ ഒരു ദ്യശ്യം

                             വിളവ് സാധാരണ മൂന്നു ക്വിന്റലാണെങ്കിലും ഇക്കൊല്ലം രണ്ടു ക്വിന്റലാണ് പ്രതീക്ഷിക്കുന്നത്. വിളവെടുത്ത കായ്കള്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ വില്പനയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ അവിടെത്തന്നെ മൊത്തവിലയില്‍ എടുക്കുന്ന ആള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.
                       ജാതിയും കാപ്പിയും കശുമാവും കൊക്കോയുമൊക്കെ ക്യഷി ചെയ്യുന്ന ഇവിടെ ബട്ടര്‍മരം എന്നു പറയുന്ന 'അവക്കാഡോയും' വിവിധ തരം മാവുകള്‍, പ്ലാവ്, പേര തുടങ്ങിയവയും കൊതിപ്പിക്കുന്ന മാധുര്യമൂറുന്ന ഫലങ്ങള്‍ നല്‍കി കരുത്തോടെ വളരുന്നുണ്ട്.
                  കൂടരഞ്ഞി ക്യഷിഭവനുമായി സജീവ ബന്ധം പുലര്‍ത്തുന്ന ഈ കര്‍ഷകന്‍ ഈ ക്യഷിയില്‍ നേരിടുന്ന ഓരോ പ്രശ്നങ്ങള്‍ക്കും ക്യഷിഭവനുമായി ബന്ധപ്പെട്ട് സഹായം തേടാറുണ്ട് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതോടൊപ്പം മുന്‍ വര്‍ഷങ്ങളില്‍ കാട്ടുപന്നിയുടെ ശല്യമുണ്ടായിരുന്ന സ്ഥലമായിരുന്നിട്ടു കൂടി ചേമ്പ് ക്യഷി ചെയ്ത് അവ കൂടിയ വിലയ്ക്ക് കൂടരഞ്ഞി ക്യഷിഭവന്റെ സഹായത്തോടെ വേങ്ങേരി മൊത്ത വില ചന്തയില്‍ നല്‍കി സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നതില്‍ മാത്യക കാണിച്ച കൂടരഞ്ഞിയിലെ അപൂര്‍വ്വം ചില കര്‍ഷകരിലൊരാളാണ് സെബാസ്റ്റ്യന്‍.
വിലാസം
സെബാസ്റ്റ്യന്‍
തോട്ടത്തിമ്യാലില്‍
കൂമ്പാറ ബസാര്‍ (പി ഒ)
കൂടരഞ്ഞി വഴി)
കോഴിക്കോട് ജില്ല
മൊബൈല്‍ നം : 9745568321

തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്.