ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

16 Aug 2016

കര്‍ഷകദിനം 2016 -ആദരിക്കപ്പെടുന്ന കര്‍ഷകര്‍

വല്‍സല മോഹനന്‍ വാഹാനിയില്‍
                   പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂവാറന്‍തോട്ടിലെ കര്‍ഷക കുടുംബത്തിലേക്ക് വിവാഹം കഴിച്ചു വരുമ്പോള്‍ ക്യഷിയെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ജീവിതം വല്‍സലയെ കൂടരഞ്ഞി പഞ്ചായത്തിലെ മികച്ച കര്‍ഷകയാക്കി മാറ്റിയിരിക്കുകയാണ്. പൂവാറന്‍തോട്ടിലെ കല്ലംപുല്ല് പ്രദേശത്ത് ഭര്‍ത്താവ് മോഹനന്റെയും ഇവരുടേയും പേരിലുള്ള നാലരയേക്കര്‍ ക്യഷിയിടത്തിലെ സജീവ സാന്നിധ്യമാണ് ഈ കര്‍ഷക. രാവിലെ എട്ടു മണിയോടെ വീട്ടു ജോലികള്‍ തീര്‍ത്ത് ക്യഷിയിടത്തിലേക്കിറങ്ങുന്ന ഈ കര്‍ഷകയുടെ ക്യഷിപ്പണികള്‍ സന്ധ്യയോടു കൂടിയാണ് അവസാനിക്കുന്നത്. ക്യഷിയിടത്തിലെ ഏതു ജോലികളാണെങ്കിലും അത് ചെയ്യുന്നതിന് യാതൊരു വൈമുഖ്യവും കാണിക്കാറില്ല എന്നത് ഈ കര്‍ഷകയെപ്പറ്റി എടുത്തു പറയേണ്ട കാര്യമാണ്. തൈ നടുന്നതു മുതല്‍ വിളവെടുപ്പും അവയുടെ സംസ്കരണ പ്രക്രിയയില്‍ വരെയും ഇവരുടെ കയ്യെത്തുന്നു. കാപ്പി, ജാതി കൊക്കോ, കുരുമുളക്, കുടമ്പുളി, വാഴ, ഫലവ്യക്ഷങ്ങള്‍ എന്നിവ ഇവരുടെ ക്യഷിയിടത്തില്‍ ക്യഷി ചെയ്തു വരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഭര്‍ത്താവിനൊപ്പം രണ്ടായിരത്തില്‍ കുറയാതെയുള്ള വാഴ ക്യഷി ചെയ്യുന്ന ഈ കര്‍ഷക ഇവിടുത്തുകാര്‍ക്ക് ഒരു മാത്യകയാണ്. ക്യഷി മുഖ്യ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ഇവരുടെ ക്യഷിയിടത്തില്‍ മറ്റെങ്ങുമില്ലാത്ത രീതിയില്‍ കുടമ്പുളിയുടെ 23 മരങ്ങള്‍  ക്യഷി ചെയ്തു വരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാപ്പി, കുരുമുളക്, ജാതി എന്നിവയുടെ പുതിയ തൈകള്‍ നട്ടു വളര്‍ത്തി ഈ ക്യഷികളുടെ പുനരുദ്ധാരണം നടത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ഇവര്‍ക്ക് ഒരു ദിവസത്തിലെ പകല്‍ സമയം ക്യഷിയിടത്തില്‍ പണികള്‍ തീര്‍ക്കുന്നതിന് തികയാറില്ല എന്നത് ഇവര്‍ ക്യഷിയെ അത്രയധികം സ്നേഹിക്കുന്നു എന്നതിന് തെളിവാണ്.


ഷൈജു മറിയംകുഴി

                         വാഴക്ക്യഷി മുഖ്യ ഉപജീവനമാര്‍ഗ്ഗമാണ് ഈ കര്‍ഷകന്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി പാട്ടത്തിനെടുത്ത സ്ഥലത്ത് ക്യഷി ചെയ്തു വരുന്നു. ആയിരത്തില്‍ കുറയാതെ വാഴകള്‍ ക്യഷി ചെയ്യുന്ന ഈ കര്‍ഷകന്‍ വളരെ ചെങ്കുത്തായ ക്യഷിയിടത്തിലാണ് തന്റെ ഉപജീവനം തേടുന്നത്. പൂവാറന്‍തോട് തമ്പുരാന്‍ കൊല്ലിക്കടുത്ത്  പ്രധാന പാതയില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലെ കൊടിക്കല്‍ മലയിലെ കൂപ്പു റോഡിനുമപ്പുറം ദുര്‍ഘടമായ ഉയര്‍ന്ന പ്രദേശത്ത് കഠിനാധ്വാനം ചെയ്ത് വാഴക്ക്യഷിയില്‍ വരുമാന മാര്‍ഗ്ഗം കണ്ടെത്തിയ കര്‍ഷകരിലൊരാളാണ് ഇദ്ദേഹം. വനത്തിനോടു ചേര്‍ന്ന മേഖലയിലെ വാഴക്ക്യഷിയില്‍ വന്യമ്യഗങ്ങളുടെ ശല്യം വലിയ വെല്ലു വിളിയാണ് എങ്കില്‍ത്തന്നെയും ഇവയിലൊന്നും പതറാതെ തന്റെ ക്യഷി വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് ഇദ്ദേഹത്തിന്റെ നേട്ടമാണ്. ഈ ക്യഷിലൂടെ സ്വന്തം പേരില്‍ വീടു വയ്ക്കാനുള്ള സ്ഥലം വാങ്ങാന്‍ കഴിഞ്ഞത് ഇദ്ദേഹം അഭിമാനമായി കാണുന്നു. വരുമാനം കൂടുതലുള്ള മറ്റു പണികള്‍ ലഭിക്കുമെങ്കിലും അവയ്ക്കൊന്നും പോകാതെ ക്യഷിയെ മാത്രം ആശ്രയിച്ചാണ് ഈ കര്‍ഷകന്‍ ജീവിക്കുന്നത് എന്നത് ഇദ്ദേഹത്തിന്റെ കാര്‍ഷിക വ്യത്തിയോടൂള്ള താല്പര്യമാണ് സൂചിപ്പിക്കുന്നത്.

 അബ്രാഹം നാരംവേലില്‍
                           കഠിനാധ്വാനവും നിശ്ചയ ദാര്‍ഡ്യവും കര്‍ഷകനെ വിജയത്തിലെത്തിക്കുമെന്ന് തെളിയിക്കുകയാണ് സ്രാമ്പിമലയിലെ രണ്ടേക്കര്‍ ക്യഷിയിടത്തില്‍ നിന്നും അബ്രാഹം നാരംവേലില്‍ എന്ന കര്‍ഷകന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് നശിച്ചു പോയ കൊടിക്ക്യഷിയെപ്പറ്റി ആവലാതിപ്പെടാതെ പുതിയ ഒരു കൊടിത്തോട്ടം സ്യഷ്ടിച്ചെടുക്കുന്നതില്‍ ഈ കര്‍ഷകന് സാധിച്ചു എന്നത് പ്രശംസനീയമായ കാര്യമാണ്. എണ്ണൂറോളം കുരുമുളക്  കൊടികളാണ് ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ ഇന്നുള്ളത് അതില്‍ ഏറിയ പങ്കും പുതിയ കൊടികള്‍. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെട്ട് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനിലെ കുരുമുളക് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ടു കൊണ്ട് കൊടിക്ക്യഷി നടത്തുകയും അന്ന് ഈ ക്യഷി വിജയിപ്പിച്ചെടുക്കുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്ത ഈ കര്‍ഷകന്‍, താമസ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ മലമുകളിലെ ക്യഷിയിടത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി നടത്തിയ നിരന്തരമായ ഇടപെടല്‍ മൂലം  ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ നല്ലൊരു കൊടിത്തോട്ടം സ്യഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ക്യഷിയിടത്തിലെ ഒരു സ്ഥലം പോലും തരിശിടാതെ ക്യഷി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ കൊടികള്‍ക്ക് മാത്രമല്ല  പ്രാധാന്യമുള്ളത്. തെങ്ങ്, ജാതി, കാപ്പി, വാഴ, കപ്പ മുതലായവ ക്യഷി ചെയ്യുന്ന ഇദ്ദേഹത്തിന് നാലു ലക്ഷത്തിനടുത്ത് ആദായമാണ് കഴിഞ്ഞ വര്‍ഷം ഈ ക്യഷിയിടത്തില്‍ നിന്നും ലഭിച്ചത്.

ജോണ്‍ കയ്യാലയ്ക്കകത്ത്
                        മഞ്ഞക്കടവ് പൂതംകുഴിയിലെ ഗ്രാമ്പുമരങ്ങള്‍ നിറഞ്ഞ ആര്‍ക്കും അസൂയ തോന്നിപ്പോകുന്ന  മനോഹരമായ ക്യഷിയിടം. ഗ്രാമ്പുവിന്റെ ഇലകള്‍ ക്യഷിയിടത്തിനു ശോഭ കൂട്ടുന്നു. വരുമാന മാര്‍ഗ്ഗം മാത്രമല്ല മനസ്സിന് സന്തോഷം പകരുന്ന ക്യഷിക്ക് സൗന്ദര്യമുണ്ടെന്ന് ഈ ക്യഷിയിടത്തില്‍ നിന്ന് മനസ്സിലാക്കാം എന്നതാണ് ഈ ക്യഷിയിടത്തില്‍ ദര്‍ശിക്കാവുന്നത്. വശ്യമനോഹരിയായ മേടപ്പാറയ്ക്കും ഉടുമ്പുപാറയിലെ പുല്‍മേടിനുമിടയിലെ ഈ കര്‍ഷകന്റെ ഒന്നര ഏക്കറോളം വരുന്ന ക്യഷിയിടത്തില്‍ ഗ്രാമ്പു മരങ്ങള്‍ കൂടാതെ ജാതി, കൊക്കോ, കാപ്പി, കുടമ്പുളി മുതലായവ ക്യഷി ചെയ്തു വരുന്നു.1962 ല്‍ മഞ്ഞക്കടവിലെത്തുകയും അവിടെ നിന്ന് വയനാട്ടിലേക്കും പോയി വീണ്ടും 1988ല്‍ ഇവിടേക്ക് തിരിച്ചെത്തുകയും ചെയ്ത ഇദ്ദേഹം യാത്രാ സൗകര്യമില്ലാത്ത ക്യഷിയിടം കാര്യമായി പരിപാലിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ്. പ്രായത്തിന്റെ പ്രശ്നങ്ങളുണ്ടെങ്കിലും ഇന്നും ക്യഷിയിടത്തില്‍ സജീവമാണ് ഇദ്ദേഹം.

കെ എന്‍ ജോസ് കിഴക്കരക്കാട്ട്

                         ദ്രുതവാട്ടം മൂലം കുരുമുളക് ക്യഷി നശിച്ച തോട്ടങ്ങള്‍ ധാരാളമുണ്ട് കൂടരഞ്ഞിയില്‍. അവയില്‍ നിന്ന് വ്യത്യസ്തനാവുകയാണ് കൂമ്പാറയിലെ ജോസ് കിഴക്കരക്കാട്ട് എന്ന കര്‍ഷകന്‍. ദ്രുതവാട്ടം ബാധിക്കാതെ രോഗങ്ങളില്‍ നിന്നും കീടാക്രമണങ്ങളില്‍ നിന്നും കൊടിയെ സം രക്ഷിച്ച് ഒരു മാത്യക ക്യഷിക്കാരനാവുകയാണ് ഇദ്ദേഹം. പതിനഞ്ചു വര്‍ഷത്തോളം പ്രായമുള്ള കൊടികളാണ് ഈ ക്യഷിയിടത്തിലുള്ളത്. തൈകളടക്കം അഞ്ഞൂറോളം കൊടികള്‍ ഈ മൂന്നേക്കര്‍ ക്യഷിയിടത്തില്‍ ക്യഷി ചെയ്തു വരുന്നു. ഓരോ വര്‍ഷവും ശരാശരി നാല്പതോളം കൊടിത്തൈകള്‍ നടുന്ന ഇദ്ദേഹം ഈ വിജയത്തിനു കാരണമായി പറയുന്നത് കൊടിയുടെ ചുവടിളക്കാത്തതാണെന്നാണ്. കൂടാതെ തുരിശിന്റെ പ്രയോഗവും രോഗ ബാധയില്‍ നിന്ന് കൊടിയെ രക്ഷിക്കുന്നു. രാസവളം ഉപയോഗിക്കാത്ത ഈ ക്യഷിയിടത്തില്‍ ചാണകത്തിനായി പശുവിനെ വളര്‍ത്തുന്നുണ്ട്. കൊടികള്‍ ഭൂരിപക്ഷവും തെങ്ങിലാണ് കയറ്റിവിട്ടിരിക്കുന്നത് എന്ന് ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ തെങ്ങ്, കമുക്, ജാതി, തിപ്പലി, കപ്പ, ചേന, മഞ്ഞള്‍, ഇഞ്ചി എന്നിവയും ഇവിടെ ക്യഷി ചെയ്തു വരുന്നു.

മുകേഷ് കോവിലങ്ങല്‍ 

                        പത്തു സെന്റ് സ്ഥലം മാത്രം കൈമുതലായുള്ള ഇദ്ദേഹം എട്ടു പശുക്കളെ വളര്‍ത്തിക്കൊണ്ടാണ് മികച്ച ക്ഷീര കര്‍ഷകന്‍ എന്ന പദവിയിലെത്തിരിക്കുന്നത്. രാവിലെ നാലു മണിക്കെഴുന്നേറ്റ് പശുവിനെക്കറന്ന് ദിവസത്തിന്റെ ഏറിയ പങ്കും അധ്വാനിക്കുന്ന  മുകേഷ് ക്ഷീരകര്‍ഷകന്‍ മാത്രമല്ല. പനക്കച്ചാല്‍ കുന്നില്‍ പ്രധാന പാതയില്‍ നിന്നും അരക്കിലോമീറ്ററകലെ കുന്നിനു മുകളില്‍ പാണ്ടംപടത്തില്‍ കുര്യാച്ചന്‍ പാട്ടമില്ലാതെ നല്‍കിയ രണ്ടരയേക്കറില്‍ ക്യഷി ചെയ്യുന്ന മികച്ച കര്‍ഷകനാണ് ഇദ്ദേഹം. ഒരേക്കറില്‍ കരനെല്ലും ബാക്കി സ്ഥലത്ത്  വാഴക്ക്യഷിയും അതിനിടയില്‍ പച്ചക്കറി, ചേന, ചേമ്പ്, കാച്ചില്‍, മഞ്ഞള്‍, ഇഞ്ചി എന്നിവയും
ക്യഷി ചെയ്യുന്നു. വാണിജ്യാടിസ്ഥാനത്തില്‍ പച്ചറിക്ക്യഷി ഇല്ലാത്ത കൂടരഞ്ഞിയില്‍ കഴിഞ്ഞ വിഷുവിന് അന്‍പതിനായിരത്തോളം രൂപയുടെ പച്ചക്കറികള്‍ ഉല്പ്പാദിപ്പിച്ച് മാത്യക കാട്ടിയത് ഇദ്ദേഹത്തെപ്പറ്റി എടുത്തു പറയേണ്ട കാര്യമാണ്