ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

5 Nov 2015

കൗതുകമായി പുല്‍ച്ചൂല്‍ നിര്‍മ്മാണവും പുല്‍ക്ക്യഷിയും

        
 
                      വീടുകളില്‍ കയറി വില്‍ക്കുന്ന നാടന്‍ വില്‍പ്പനക്കാരുടെ കൈകളിലും ഇപ്പോള്‍ കടകളിലും സുലഭമായി കാണുന്ന പുല്‍ച്ചൂല്‍ നമുക്കേവര്‍ക്കും സുപരിചിതമാണ്. വീടുകളിലെല്ലാം മാര്‍ബിളും ഗ്രാനൈറ്റും ടൈല്‍സും വിരിച്ചു തുടങ്ങിയപ്പോള്‍ അവിടങ്ങളിലെല്ലാം  ഇത്തരം ചൂലുകള്‍ ആവശ്യമായി വരികയും അവ വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ചിലപ്പോഴൊക്കെ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നു വീഴുന്ന അരികള്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട് അങ്ങനെയുള്ളപ്പോള്‍ ഇതു കുറച്ചു കൂടെ നന്നായി ഉണ്ടാക്കിക്കൂടെ എന്ന് ചിന്തിക്കാറുണ്ടെങ്കിലും ഇവയെങ്ങനെ നിര്‍മ്മിക്കുന്നു എന്ന കാര്യം ആരും ചിന്തിക്കുന്നുമില്ല അന്വേഷിക്കുന്നുമില്ല. പുല്‍ച്ചൂല്‍ നിര്‍മ്മാണത്തിനുള്ള പരിശീലനങ്ങളെക്കുറിച്ച് പത്രങ്ങളില്‍ വായിച്ചറിവുണ്ടെങ്കിലും കൂടരഞ്ഞി പോലെയുള്ള മലയോര മേഖലയില്‍ പരിചിതമല്ല ഇങ്ങനെയുള്ള ചൂലുകളുടെ നിര്‍മ്മാണവും പുല്‍ക്ക്യഷിയും (Thysanolaena maxima).  കൂടരഞ്ഞി ആലുങ്കല്‍ ജോയിഎന്ന കര്‍ഷകന്‍ തന്റെ ക്യഷിയിടത്തില്‍  വീടിനു ചുറ്റുമായി നട്ടു പിടിപ്പിച്ചുണ്ട് ചൂല്‍ നിര്‍മ്മാണത്തിനുള്ള ഇത്തരം പുല്ലുകള്‍. ചെറുപുഴയിലെ ബന്ധു വീട്ടില്‍ നിന്നും മൂന്നു വര്‍ഷം മുന്‍പ് കൗതുകത്തിന് കൊണ്ടുവന്നതാണ് ഈ പുല്ലിന്റെ കമ്പുകള്‍. ആകെ എട്ട്  കമ്പുകള്‍ നട്ടു പിടിപ്പിച്ചു.  അവ ഇന്ന് വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചു നില്‍ക്കുകയാണ് വീടിനു ചുറ്റും. ഈ പുല്ലുപയോഗിച്ച് നിര്‍മ്മിച്ച ചൂലുകളാണ് ഇപ്പോള്‍ വീട്ടില്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്.  ആവശ്യത്തില്‍ കൂടുതല്‍ കതിരുകള്‍ (പുല്‍ച്ചെണ്ട്‌) ലഭിക്കുന്നതിനാല്‍ കൂടുതല്‍ ചൂല്‍ നിര്‍മ്മിച്ച് അവ വീട്ടില്‍ വരുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കുന്നു.

                              കമ്പുകള്‍ പോളിത്തീന്‍ കവറില്‍ വളര്‍ത്തിയതിനു ശേഷമാണ്  മണ്ണിലേക്ക് മാറ്റി നട്ടത്. ഇല്ലിയുടെ കമ്പു പോലെ മുളച്ചു വരുന്ന ഇവയുടെ തൈകള്‍ നട്ട് കഴിഞ്ഞ് കാര്യമായ പരിപാലനം വേണ്ടി വന്നില്ല ആദ്യ വര്‍ഷം ചാണകത്തിന്റെ സ്ലറി ഒഴിച്ചു കൊടുത്തിരുന്നു എന്നതാണ് ആകെ ചെയ്ത വള പ്രയോഗം. മുട്ടുകളില്‍ നിന്ന് പുതിയ മുളകളൂണ്ടായാണ് ഇവയുടെ വംശവര്‍ദ്ധനവ്. അതോടൊപ്പം തന്നെ മണ്ണിനോട് ചേര്‍ന്നു നില്‍ക്കുന്ന ഭാഗത്തു നിന്നും ധാരാളം പുതിയ ശാഖകള്‍ ഉണ്ടായി വരുന്നു.  

                        മുപ്പത് മുതല്‍ തൊണ്ണൂറ് സെന്റി മീറ്റര്‍ വരെ  നീളത്തില്‍ കുറുക്കന്റെ വാലിനോട് സാദ്യശ്യമുള്ള കതിരുകളാണ് ഈ ചെടിയില്‍ രൂപപ്പെടുക. ഇവയാണ് ചൂലിന് ഉപയോഗപ്പെടുത്തുന്നത്. കതിരുകള്‍ രൂപപ്പെട്ട് നാലു മാസം കഴിയുമ്പോള്‍ കതിരുകള്‍ക്ക് ഒരു നിറം മാറ്റം ദ്യശ്യമാകും ഏകദേശം ചെമ്പന്‍ നിറത്തില്‍ അവ കാണപ്പെടും അത് വിളവെടുപ്പിന്  സമയമായി എന്ന സൂചനയാണ്. കതിരുകള്‍ വെട്ടിയെടുത്ത് നാല് ദിവസം വെയിലത്തിട്ടുണക്കും. ഉണങ്ങിക്കഴിയുമ്പോള്‍ നല്ല മഞ്ഞ വയ്ക്കോലിന്റെ  നിറത്തില്‍ കാണപ്പെടൂം. അതോടൊപ്പം തന്നെ ഇവയോടൊപ്പമുള്ള വിത്തിന്റെ അരികള്‍ കതിരില്‍ നിന്നു വിട്ടു പോവുകയും ചെയ്യും. ഒരു ചൂലിന് ഇരുപത് അല്ലെങ്കില്‍ ഇരുപത്തഞ്ച് കൂന്തലുകള്‍ ഉപയോഗിക്കും. ചൂല് ഉണ്ടാക്കുന്നതിന് കതിരുകള്‍ പിടിയുടെ നീളം കണക്കാക്കി വെട്ടിയെടുക്കുന്നു. തുടര്‍ന്ന് ഒന്നരയിഞ്ച് വലിപ്പത്തിലുള്ള പിവിസി പൈപ്പ് (പഴയ ചൂലിന്റെ പിടി ഇരിപ്പുണ്ടെങ്കിലും ഉപയോഗപ്പെടുത്താം) ആവശ്യമുളള നീളം കണക്കാക്കി മുറിച്ചെടുത്ത് അതിലേക്ക് പുല്ലിന്റെ കതിരുകള്‍ നിറയ്ക്കുന്നു കൂടെ ചൂലിന് ബലം ലഭിക്കാനായി പുല്ലിന്റെ ഇടയ്ക്ക് തെങ്ങിന്റെ ഓലയുടെ ഈര്‍ക്കില്‍ കമ്പുകള്‍ കയറ്റി വെയ്ക്കുകയും ചെയ്യുന്നു. പുല്ല് നിറച്ചതിനു ശേഷം ചൂലിന്റെ ഒന്നോ രണ്ടോ ഭാഗത്ത് നൂല്‍ക്കമ്പി കൊണ്ട് കെട്ടുന്നത് വളരെ നല്ലതാണ്. 

                                ബഹുവര്‍ഷിയായ ഈ പുല്ല് 'ഏഷ്യന്‍ ഗ്രാസ്സ്' എന്നും 'ടൈഗര്‍ ഗ്രാസ്സ്' എന്നും അറിയപ്പെടുന്നു. ബുദ്ധമതക്കാരുടെ ഇടയില്‍ 'കുസ താന' എന്ന പേരിലും ഇത് അറിയപ്പെടുന്നു .  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ പുല്ല് വര്‍ഗ്ഗ വിളകള്‍ ധാരാളം കാണപ്പെടുന്നു. മൂന്ന് മീറ്റര്‍ ഉയരത്തില്‍ മാത്രമാണ് ഇവ വളരുക. വിത്തുകളും കിഴങ്ങുകളും തൈകളുമാണ് സാധാരണയായി നടാന്‍ ഉപയോഗിക്കാറ്. താരതമ്യേന വളരെ എളുപ്പമാണ് ഇവയുടെ ക്യഷി അതോടൊപ്പം സാമ്പത്തികച്ചെലവും കുറവാണ്. മൂന്നാമത്തെ വര്‍ഷം മുതലാണ് ഈ ചെടിയില്‍ നല്ല വിളവ് ലഭിക്കുക. നടീല്‍ വസ്തുക്കളുടെ ഗുണ നിലവാരം തന്നെയാണ് ഇവയുടെ വിളവിലും പ്രതിഫലിക്കുക.
വിലാസം
ജോയ് ആലുങ്കല്‍
കല്പിനി, കൂടരഞ്ഞി (പി ഒ)
കോഴിക്കോട് 673604

ഫോണ്‍ 9495478730
 


തയാറാക്കിയത് : മിഷേല്‍ ജോര്‍ജ് , ക്യഷി അസ്സിസ്റ്റന്റ്