ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

2 Dec 2015

ചെരിഞ്ഞ മട്ടുപ്പാവിലും പച്ചക്കറിക്ക്യഷിയുമായി ബാബു

                                 
                              വീടിനു മുകളിലെ  വിശാലമായ സ്ഥലം വെറുതെ കിടക്കുന്നത് പതിവാണ്. അടുത്ത കാലത്തായി നഗരങ്ങളിലുള്ളവര്‍ പച്ചക്കറികളും വാഴപോലെയുള്ള വിളകളും എന്തിന് മരങ്ങള്‍ പോലും ടെറസ്സിനു മുകളില്‍ വളര്‍ത്തുകയും ക്യഷി ചെയ്യുകയും ചെയ്ത് തുടങ്ങി. കൂടരഞ്ഞി കാരാട്ട്പാറയില്‍ പേണ്ടാനത്ത് ബാബുവിന്റെ മട്ടുപ്പാവ്  വെറുതെ കിടക്കുന്നില്ല. അവിടം നിറയെ പച്ചക്കറികളും ഒപ്പം ഇഞ്ചിയും ക്യഷി ചെയ്ത്  മറുനാടന്‍ വിഷപ്പച്ചക്കറികളെ അകറ്റി വീട്ടിലേക്കാവശ്യമായ ആരോഗ്യദായകമായ  പച്ചക്കറികള്‍ സ്വന്തം ഉല്‍പ്പാദിപ്പിച്ച് മട്ടുപ്പാവ് ക്യഷിത്തോട്ടമാക്കിയിരിക്കുകയാണ്. അതോടൊപ്പം ഇവിടെ ചെരിഞ്ഞ ടെറസ്സും പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് ഉപയുക്തമാക്കാമെന്ന് തെളിയിക്കുക കൂടി ചെയ്യുന്നുണ്ട്. നാട്ടിന്‍പുറങ്ങളിലുള്ളവര്‍ക്ക് മട്ടുപ്പാവ് ക്യഷി അത്ര പരിചിതമല്ല. ആവശ്യമായ ക്യഷിസ്ഥലം വീടിനു ചുറ്റും ലഭ്യമാണെന്നതു തന്നെ കാരണം. എന്നാല്‍ വീടിനു ചുറ്റും വെയില്‍ കിട്ടുന്ന സ്ഥലം കുറവായതാണ് മട്ടുപ്പാവ് ക്യഷിക്ക് ഈ നാട്ടിന്‍പുറത്ത്കാരനെ പ്രേരിപ്പിച്ചത്. മട്ടുപ്പാവില്‍ ക്യഷി ചെയ്യുമ്പോള്‍ ചില ഗുണങ്ങളൊക്കെയുണ്ട്. കീട ശല്യം കുറയുമെന്നതു തന്നെ പ്രധാന ഗുണമാണ് ഒപ്പം ഇടതടവില്ലാതെ വെയില്‍ ലഭിക്കുന്നതിലൂടെ മികച്ച വിളവും. 

ബാബുവും ക്യഷി അസ്സിസ്റ്റന്റ് ഹരികുമാറും മട്ടുപ്പാവില്‍
                           പയര്‍, പാവല്‍, തക്കാളി, വെണ്ട, വഴുതന, മുളക്, ചീര തുടങ്ങിയ പച്ചക്കറികള്‍ ഇവിടെ ക്യഷി ചെയ്യുന്നു. പ്ലാസ്റ്റിക് ചാക്കുകളും ഗ്രോബാഗുകളുമാണ് ചെടികള്‍ വളര്‍ത്തുന്നതിനുപയോഗിക്കുന്നത്. വിഷമില്ലാത്ത പച്ചക്കറിയാണ് ആരോഗ്യത്തിന് നന്നെന്ന തിരിച്ചറിവില്‍ ജൈവ ക്യഷി രീതിയാണ് അവലംബിക്കുന്നത്. ക്യഷി ഭവനില്‍ നിന്നും വിതരണം ചെയ്ത വിത്തുകളും തൈകളും ഉപയോഗപ്പെടുത്തിയാണ് ക്യഷി. ഇവ ഉപയോഗിച്ച് ക്യഷി ചെയ്തപ്പോള്‍ മികച്ച വിളവ് തന്നെയാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ചുടുകട്ട വെച്ചാണ് ചെരിഞ്ഞു കിടക്കുന്ന ടെറസ്സിന്റെ ഭാഗത്ത് ചാക്ക്  വയ്ക്കുന്നത് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മൂന്നു ഗുണങ്ങളാണ്. ചാക്ക് ലെവലു ചെയ്ത് വെയ്ക്കാമെന്നതും ടെറസ്സിന്റെ ചൂട് ചാക്കില്‍ നേരിട്ട് ബാധിക്കാതിരിക്കുമെന്നതും അതോടൊപ്പം നനയ്ക്കുമ്പോള്‍ ചാക്കിനു പുറത്തേക്കു വരുന്ന ജലം ടെറസ്സില്‍ വീഴാതെ വലിച്ചെടുക്കമെന്നതും. കഴിഞ്ഞകൊല്ലം മുതല്‍ മട്ടുപ്പാവില്‍ ക്യഷി ചെയ്യുന്ന ബാബുവിന് വീട്ടിലേക്കാവശ്യമുള്ളതില്‍ക്കൂടുതല്‍ പച്ചക്കറികള്‍ ലഭിക്കാറുണ്ട്. അധികം ലഭിക്കുന്നത് ബന്ധു വീടുകളിലും മറ്റും പോകുമ്പോഴും അയല്‍ക്കാര്‍ക്കുമൊക്കെ നല്‍കി വിളവിന്റെ സന്തോഷം പങ്കു വെക്കുന്നു.
                       വീടിനു ചുറ്റുമുള്ള ഭാഗത്ത് കോഴിഫാമാണ് കാര്‍ഷിക വിളകളുടെ വിലകളുടെ ഏറ്റകുറച്ചിലില്‍ നിന്നും രക്ഷപെടാന്‍ കര്‍ഷകര്‍ കണ്ടെത്തിയ പുതിയ മാര്‍ഗ്ഗങ്ങളിലൊന്ന്.  അയ്യായിരത്തിനടുത്ത് കോഴികളെ ഒരു തവണയായി വളര്‍ത്തുന്ന ഇവിടെ ലഭിക്കുന്ന ചകിരിച്ചോര്‍ കോഴിവളമാണ് പ്രധാന വളമായി ഉപയോഗപ്പെടുത്തുന്നത് ഒപ്പം ചാണകവും ഉപയോഗപ്പെടുത്തുന്നു. 
                                     ബാബുവിന്റെ മട്ടുപ്പാവ് ക്യഷിയെക്കുറിച്ചു പറയുമ്പോള്‍ മറ്റു കാര്‍ഷിക പ്രവര്‍ത്തങ്ങള്‍ക്കൂടി പറയുന്നത് നന്നായിരിക്കും. ക്യഷിവകുപ്പിന്റെ കോഴിക്കോട് വേങ്ങേരിയിലുള്ള ക്യഷി മൊത്തവിപണന കേന്ദ്രവുമായി സഹകരിച്ച് കാര്‍ഷിക വിളകള്‍ കൂടരഞ്ഞിയില്‍ നിന്ന് ശേഖരിച്ച് വിപണന കേന്ദ്രത്തില്‍ എത്തിച്ച് ക്യഷി വകുപ്പിന്റെ പദ്ധതികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്ത ബാബു ഇടക്കാലത്ത് ഗള്‍ഫിലും മറ്റ് ബിസിനസ്സുകളിലും ശ്രദ്ധ തിരിച്ചെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണ ക്യഷിക്കാരനായി കൂടരഞ്ഞിയിലെ കാരാട്ടുപാറയിലെ തന്റെ ക്യഷിയിടത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്.

മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്