ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

12 Dec 2015

മട്ടുപ്പാവില്‍ തോട്ടമൊരുക്കി ഒരു കുടുംബം

                
               രണ്ടരയേക്കര്‍ ക്യഷിസ്ഥലമുണ്ട് കൂടരഞ്ഞി പഞ്ഞിപ്പാറയില്‍ സെബാസ്റ്റ്യന് . തെങ്ങും ജാതിയും കമുകും റബറും മറ്റ് ഫലവ്യക്ഷങ്ങളുമൊക്കെച്ചേര്‍ന്ന ക്യഷിയിടം. ഇദ്ദേഹത്തിന്റെ ക്യഷിയിടത്തിനുള്ളിലൂടെ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോള്‍ വഴിയുടെ രണ്ടു വശത്തുമുള്ള ക്യഷികള്‍ മാത്രമല്ല വിസ്മയിപ്പിക്കുന്നത് മട്ടുപ്പാവിലെ ക്യഷികള്‍ കൂടിയാണ്.

മട്ടുപ്പാവ് ക്യഷിയുടെ തുടക്കം
            എട്ടു വര്‍ഷമായി മട്ടുപ്പാവില്‍ ക്യഷി തുടങ്ങിയിട്ട് ഒരു കൊല്ലം പോലും മുടക്കം വന്നിട്ടില്ല ഈ ക്യഷിക്ക്. ഒരോ കൊല്ലവും വളരെ ആവേശത്തോടെയാണ് ഈ ക്യഷി തുടരുന്നത്. ചാക്കില്‍ 'കപ്പ' എന്നു വിളിക്കുന്ന മരച്ചീനി ക്യഷി ചെയ്തു കൊണ്ടായിരുന്നു തുടക്കം. നാല്പ്പത് ചാക്കുകളിലായാണ് ക്യഷി ചെയ്തത്. ചാക്കിനു വലിപ്പം കുറവായതിനാല്‍ ശരാശരി ആറു കിലോയോളമുള്ള കപ്പയാണ് വിളവെടുത്തത്. വിളവെടുത്തപ്പോള്‍ ലഭിച്ച നീളം കുറവായതും വണ്ണം കൂടിയതുമായ കിഴങ്ങുകള്‍ പച്ചക്കറിക്ക്യഷി ചെയ്യുന്നതിനു പ്രചോദനമായി മാറി.
എന്തിന് മട്ടുപ്പാവില്‍ ക്യഷി
        രണ്ടരയേക്കര്‍ സ്ഥലമുള്ളപ്പോള്‍ എന്തിന് വീടിനു മുകളില്‍ ക്യഷി ചെയ്യണമെന്ന ചോദ്യത്തിന് സെബാസ്റ്റ്യന് ഉത്തരമുണ്ട്. പച്ചക്കറികള്‍ പോലെയുള്ള ക്യഷികള്‍ക്ക് കൂടുതല്‍ പ്രകാശം ആവശ്യമുണ്ട്. വിളകള്‍ നിറഞ്ഞ ക്യഷിയിടത്തില്‍ തണല്‍ കൂടുതലായിരിക്കുമെന്നത് വീടിനു മുകളില്‍ ക്യഷി ചെയ്യുന്നതിന് ഒരു കാരണമായി. വേനല്‍ക്കാലത്തെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഷീറ്റ് വിരിച്ച് പണം കളയേണ്ടതില്ല ഇവിടെ ക്യഷി ചെയ്യുമ്പോള്‍ വാര്‍ക്കയുടെ ചൂടു കുറയും. കൂടാതെ കൂടുതല്‍ വെള്ളം വേണം പറമ്പില്‍ ക്യഷി ചെയ്യുമ്പോള്‍ ചാക്കില്‍ ചെയ്യുമ്പോള്‍ കുറച്ച് മതി.

ചാക്കുകള്‍ ഉപയോഗിച്ച് ക്യഷി
       പയറും പാവലും ചീരയും മുളകും വഴുതനയും തക്കാളിയുമൊക്കെ അടങ്ങുന്ന പച്ചക്കറികള്‍ കരുത്തോടെ വളരുന്ന കാഴ്ച ഇവിടെ ദര്‍ശിക്കാം. ഈ കാഴ്ചയ്ക്കു പിന്നില്‍ കഠിനാധ്വാനമുണ്ട് അധ്വാനത്തിന്റെ സുഖമുണ്ട്. ചാക്കിലും ഗ്രോബാഗിലുമാണ് ക്യഷി. രാസവളത്തിന്റെ ചാക്കുകള്‍ ഉപയോഗിച്ചാല്‍ സാധാരണ ചാക്കുകളേക്കാള്‍ ഈട് ലഭിക്കും ഇപ്പോള്‍ ഇവിടെയുള്ള ചാക്കുകളൊക്കെത്തന്നെയും അങ്ങനെയുള്ളവയാണ്. മൂന്നു വര്‍ഷത്തോളമായ ഈ പ്ലാസ്റ്റിക്  ചാക്കുകള്‍ കേടു കൂടാതെ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.  വളക്കടകളില്‍ നിന്ന് ലഭിക്കുന്ന ഇത്തരം ചാക്കുകള്‍ക്ക് വില കുറവാണ് അഞ്ചു രൂപയ്ക്കു ലഭിക്കുന്ന ഇവ പതിനഞ്ചും ഇരുപതും രൂപ വില കൊടുത്തു വാങ്ങുന്ന ചെറിയ ഗ്രോബാഗുകളേക്കാല്‍ വളരെ ഉപയോഗപ്രദമാണ്. ചുടുകട്ടയ്ക്കു മുകളിലാണ് ചാക്കുകള്‍ വയ്ക്കുന്നത് വാര്‍ക്കയുടെ ചൂടില്‍ നിന്നും ചാക്കുകള്‍ ചെടികളുടെവേരുകള്‍ എന്നിവ രക്ഷിക്കുന്നതിനും അധിക ജലം വീണ് ടെറസ്സ് നനയാതിരിക്കുന്നതിനും ഇത് സഹായിക്കുന്നു.

ഫലവ്യക്ഷങ്ങള്‍ മട്ടുപ്പാവില്‍ വളര്‍ത്താം
       ഈ മട്ടുപ്പാവില്‍ ദീര്‍ഘകാല വിളകള്‍ ക്യഷി ചെയ്തു വരുന്നുണ്ടെന്നത് കൗതുകകരമാണ്. വലിയ ചാക്കുകളില്‍ മലേഷ്യന്‍ ചാമ്പ, ചൈനീസ് പേര, വിവിധയിനം മാവുകള്‍, സീതപ്പഴം, മാംഗോസ്റ്റീന്‍, പ്ലാവ് എന്നിവയും ഔഷധ വിളകളും ക്യഷി ചെയ്യുന്നു.  ക്യഷിഭവന്‍ നഴസറികള്‍ തുടങ്ങിയവയില്‍ നിന്നും ലഭിച്ച ഫലവ്യക്ഷത്തൈകളാണ് ഒരാള്‍പ്പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്നത്.

പുതിയൊരു ക്യഷി കൂടി
        ഈക്കൊല്ലം ടെറസ്സിലെ ക്യഷിക്ക് ഒരു പുതിയ ഇനം കൂടിയുണ്ട്.  എള്ളാണ് ഈ വര്‍ഷം പുതിയതായി നടത്തുന്ന ക്യഷി. എള്ള് പൂത്തു നില്‍ക്കുന്ന കാഴ്ച മട്ടുപ്പാവിന് മനോഹാരിത നല്‍കുന്നു. ഇടവിള എന്ന രീതിയില്‍ പയറുക്യഷിയുടെ ഇടയിലും മറ്റുമായി വളര്‍ന്നു നില്‍ക്കുന്നു. കൗതുകത്തിനായി ചെയ്തതാണെങ്കിലും നല്ല വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.


ക്യഷി രീതികള്‍
                        വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പച്ചക്കറികള്‍ ക്യഷി ചെയ്യുന്നു. സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിച്ച് ഡിസംബറിലവസാനിക്കുന്ന ആദ്യക്യഷിക്ക് ശേഷം ജനുവരിയില്‍ അടുത്ത ക്യഷി ആരംഭിക്കും. ഈ വര്‍ഷം മഴ കൂടുതല്‍ പെയ്തതു കൊണ്ട് ക്യഷിയിറക്കാന്‍ താമസിച്ചതിനാല്‍ ഒറ്റക്ക്യഷി നടത്താനെ കഴിയൂ എന്നതു മാത്രമാണ് ഇപ്പോള്‍ ഇവരെ വിഷമിപ്പിക്കുന്ന കാര്യം.
                   രണ്ടു കൊട്ട മണ്ണും രണ്ടു കിലോ കാലിവളം ഒരു പിടി കുമ്മായം കുറച്ച് വേപ്പിന്‍ പിണ്ണാക്ക് എന്ന തോതിലെടുത്താണ് ചാക്കുകളില്‍ നടീല്‍ മിശ്രിതം നിറയ്ക്കുന്നത്. വിളകള്‍ വളരുന്നതിനനുസരിച്ച് ചാണകത്തിന്റെ സ്ലറി പുളിപ്പിച്ച് നല്‍കുന്നു. കീടരോഗാക്രമണങ്ങള്‍ ഇവിടെ കുറവാണ്. പുകയിലക്കഷായം പോലെയുള്ളവ മാത്രമാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്.

കുടുംബം
                       സഹധര്‍മ്മിണി ആന്‍സി. മക്കള്‍ അരുണ്‍ക്രിസ്റ്റി ബിരുദം ചെയ്യുന്നു. അലന്‍ ക്രിസ്റ്റി പത്താം ക്ലാസ് വിദ്യാര്‍ത്ഥി. വീടിനു മുകളിലെ ക്യഷിയുടെ പൂര്‍ണചുമതല സഹധര്‍മ്മിണി ആന്‍സിക്കാണ്. കൂടാതെ മുറ്റത്ത് ചെറിയ പൂന്തോട്ടം ഒരുക്കുന്നതില്‍ കലാവിരുതും കൂടി ആന്‍സിക്കുണ്ട്. സിമന്റില്‍ തീര്‍ത്ത ശില്പങ്ങളും വിവിധ ആക്യതിയിലുള്ള ചട്ടികളും വീട്ടുമുറ്റത്തെ മനോഹര കാഴചകളാണ്. പ്രത്യേക അച്ചുകളില്ലെങ്കിലും പ്ലാസ്റ്റിക് ബേസിനുകളും ബക്കറ്റുകളും അച്ചുകളാക്കി ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. കൂടരഞ്ഞി ക്യഷിഭവനുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന സെബാസ്റ്റ്യന്റെ ക്യഷിയിടം സന്ദര്‍ശിച്ച് കൂടരഞ്ഞി ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയും ക്യഷിവകുപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയും പ്രോത്സാഹനം നല്‍കുന്നു.

വിലാസം
സെബാസ്റ്റ്യന്‍
പഞ്ഞിപ്പാറയില്‍
കൂടരഞ്ഞി (പി ഒ)
കോഴിക്കോട്. 607604
ഫോണ്‍ : 9809305065
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്