ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Jan 2016

മുണ്ടമലയിലെ പച്ചക്കറിത്തോട്ടം

                            
                               അഗസ്റ്റിന്‍ തോട്ടത്തിന്‍മ്യാലില്‍ കൂടരഞ്ഞിയില്‍ കുടിയേറിയിട്ട് ഒരു പതിന്റാണ്ടു പിന്നിടുകയാണ് ഒപ്പം മുണ്ടമലയിലെ ക്യഷിയിടത്തിലെ പച്ചക്കറിക്ക്യഷിയും. തെങ്ങും കമുകും റബറും വാഴയും കൊക്കോയും ജാതിയുമൊക്കെ നിറഞ്ഞ ക്യഷിയിടമുണ്ടെങ്കില്‍ കൂടി ഈ കര്‍ഷകന്‍ തന്റെ ക്യഷിയിടത്തില്‍ മറ്റു വിളകള്‍ക്കൊപ്പം പച്ചക്കറിയും വാണിജ്യാടിസ്ഥാനത്തില്‍ ക്യഷി ചെയ്യുന്നു. മറ്റു കര്‍ഷകരില്‍ നിന്നും അദ്ദേഹം വ്യത്യസ്ഥനാകുന്നതും ഈ ഒറ്റ കാരണം കൊണ്ടാണ്.

                                  കൂടരഞ്ഞിയിലെ ക്യഷി വകുപ്പ് തൈ ഉല്പ്പാദന കേന്ദ്രത്തില്‍ നിന്നുമുള്ള തൈകളാണ് ക്യഷിക്കായി ഉപയോഗപ്പെടുത്തിയത് പ്രീതി, മൊണാലിസ ഇനത്തില്‍പ്പെട്ട പാവലും ലോല, സൂപ്പര്‍ ലൈറ്റ് ഇനത്തില്‍ പ്പെട്ട പയറുമാണ് മഴ കഴിഞ്ഞ ഉടന്‍ ഇവിടെ ക്യഷിയിടത്തില്‍ നട്ടത്. നൂറോളം പാവല്‍ തൈകള്‍ വില കൊടുത്ത് വാങ്ങി നട്ടെങ്കിലും നവമ്പര്‍ മാസത്തിലുണ്ടായ മഴ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് പെയ്തത് പാവല്‍ തൈകളൊക്കെ വളരുന്നതിനു മുന്‍പേ മഴയില്‍ ഒലിച്ചു പോയി. ഒരു ഭാഗത്തെ തൈകളൊക്കെത്തന്നെയും മഴയില്‍ ഒലിച്ചു പോയെങ്കിലും പിന്‍ മാറാന്‍ ഈ കര്‍ഷകന്‍ ഒരുക്കമായിരുന്നില്ല. ഈപ്രാവശ്യം തൈകള്‍ക്ക് പകരം കടയില്‍ നിന്ന് വിത്ത് വാങ്ങി മുളപ്പിച്ച് നട്ടു. ഇപ്പോള്‍ ഇരുന്നൂറ് ചുവട് പയറും നൂറ് ചുവട് പാവലുമാണ് ക്യഷി ചെയ്യുന്നത്.
                           ഇരുപത്തഞ്ച്  കിലോ ചാണകവും അഞ്ചു കിലോ കടലപ്പിണ്ണാക്കും പുളിപ്പിച്ച് അത് നേര്‍പ്പിച്ച് വളമായി ഉപയോഗിക്കുന്നു അടി വളമായി കോഴി വളവും നല്‍കിയിട്ടുണ്ട്. രാസവളം ഉപയോഗിക്കാതെയാണ് ക്യഷി. കീടനാശിനിയായി കാന്താരിമുളക്-വെളുത്തുള്ളി മിശ്രിതം ഉപയോഗപ്പെടുത്തുന്നു. പാവലിന് മാര്‍ക്കറ്റില്‍ നിന്നും വിലകൊടുത്ത് വാങ്ങിയ വലയാണ് ഉപയോഗിക്കുന്നത്. പയറിന് താങ്ങായി കപ്പത്തണ്ടും പഴയ വലയും ഉപയോഗിക്കുന്നു. ജലസേചനത്തിനായി സ് പ്രിംഗ്ലര്‍ സംവിധാനമാണ് ഇവിടെയുള്ളത്. രാവിലെയും വൈകുന്നേരവും നനയ്ക്കുന്നു. താഴെ കുളത്തില്‍ നിന്നുള്ള വെള്ളം ക്യഷിയിടത്തിനടുത്തെ പാറക്കെട്ടിലുള്ള കുഴിയില്‍ ശേഖരിച്ച് മോട്ടോര്‍ ഉപയോഗിച്ച് സ് പ്രിംഗ്ലര്‍ സംവിധാനത്തില്‍ നനയ്ക്കുന്നു.
                                       ക്യഷി ചെയ്യുമ്പോള്‍ സാധാരണ ഒരു വിളവെടുപ്പില്‍ നൂറു കിലോ വരെ പയര്‍ ലഭിക്കാറുണ്ട്. കാട്ടു പന്നിയുടെ ശല്യം ഇവിടെ ധാരാളമുള്ളതിനാല്‍ കിഴങ്ങു വിളകള്‍ ക്യഷി ചെയ്യാന്‍ ബുദ്ധിമുട്ടാണ് എങ്കില്‍ കൂടിയും ഇക്കൊല്ലം കപ്പ നട്ടു അത് പന്നി കളഞ്ഞു ആ സ്ഥലത്താണ് പച്ചക്കറി ക്യഷി ചെയ്തത്. കാട്ടു പന്നിയുടെ ശല്യത്തിനെതിരെ രാത്രിയില്‍ ലൈറ്റ് ഇടും ഇല്ലെങ്കില്‍ ക്യഷിയെല്ലാം നിരപ്പാക്കിക്കളയും. ഇവിടെ കപ്പയും പച്ചക്കറിയും ചെയ്ത ഈ സ്ഥലം പാറയായിരുന്നു. പുതിയ വീടിനു മണ്ണെടുത്തപ്പോള്‍ പാറയ്ക്കു മുകളില്‍ മണ്ണിട്ടു ഇപ്പോള്‍ ക്യഷിയ്ക്കായി ഉപയോഗയോഗ്യമായി.  താമരശ്ശേരിരൂപത കാര്‍ഷികവിളകള്‍ക്ക് ഒരു മത്സരം നടത്തിയപ്പോള്‍ ഇവര്‍ക്കാണ് ഒന്നാം സഥാനം ലഭിച്ചത്. മികച്ച കപ്പക്ക്യഷി നടത്തിയവര്‍ക്കുള്ള ബഹുമതി ലഭിച്ചത് ക്യഷിയിലുള്ള സമര്‍പ്പണത്തിന് ലഭിച്ച അംഗീകാരമാണ്. പയറും പാവലിനും പുറമേ വീട്ടാവശ്യത്തിന് വെണ്ട വഴുതന, തക്കാളി, ചീര തുടങ്ങിയവ വീടിനു ചുറ്റുമായി ക്യഷി ചെയ്യുന്നുണ്ട്.
                        വിളവെടുപ്പ് ഒന്നരാടന്‍ ദിവസമാണ്. അന്‍പത് കിലോ ഓരോ തവണയും വിളവെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിളവെടുപ്പ് ആരംഭിച്ചതേയുള്ളൂ ആദ്യ വിളവെടുപ്പില്‍ തുടക്കമായതിനാല്‍ നാലു കിലോയോളമാണ് ലഭിച്ചത്. പയറും പാവക്കയും അങ്ങാടിയിലെ കടകളിലും കൂടാതെ കൂടരഞ്ഞി പള്ളിയുടെ 'ഉണര്‍വ്' എന്ന വില്പ്പന സംവിധാനത്തിലും നല്‍കും.
                        പച്ചക്കറിക്ക്യഷിയില്‍ ഭാര്യ ചിന്നമ്മയും സഹായി സുധയും സഹായത്തിനെത്തുന്നതിനാല്‍ ഈ ക്യഷിയില്‍ ഒരു കൂട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നത്. അത് ഈ ക്യഷിയില്‍ പ്രതിഫലിക്കുന്നുണ്ടുതാനും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യഷി വകുപ്പിന്റെ പ്രോത്സാഹനമായി കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന സമഗ്ര പച്ചക്കറി വികസന പദ്ധതിയിലെ സ്റ്റാഗ്ഗേര്‍ഡ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

തയാറാക്കിയത് : മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ്