ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

14 Jan 2016

ഒരു രണ്ടാം ക്ലാസ്സുകാരന്റെ പച്ചക്കറിക്ക്യഷിയിലൂടെ

                                      ക്യഷി വകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയിലൂടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണം കര്‍ഷകര്‍ വളരെ താല്പര്യത്തോടെയും ഗൗരവത്തോടെയുമാണ് സ്വീകരിച്ചത്. ഇതു വരെ പച്ചക്കറിക്ക്യഷിയിലേക്ക് ഇറങ്ങാതിരുന്നവരേക്കൂടി ക്യഷി ചെയ്യാന്‍ പ്രേരിപ്പിച്ച പദ്ധതിയാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളിലൂടെ നടപ്പിലാക്കിയത്.

                                 കഴിഞ്ഞ വര്‍ഷം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന താഴെക്കൂടരഞ്ഞി ദാറുല്‍ ഉലൂം എ എല്‍ പി സ്കൂളിലൂടെ വിതരണം ചെയ്ത പച്ചക്കറി വിത്ത് കിറ്റ് ലഭിച്ച മുഹമ്മദ് ഷമീം എന്ന  രണ്ടാം ക്ലാസ്സുകാരന്‍ അതുവരെ ക്യഷി ചെയ്യാതിരുന്ന മാതാപിതാക്കളെ പച്ചക്കറിക്ക്യഷിയിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുകയും എല്ലാവരുടേയും സഹകരണത്തോടെ മട്ടുപ്പാവില്‍ ക്യഷി ഒരുക്കുകയുമാണ് ചെയ്തത്. ക്യഷിയില്‍ മുന്‍പരിചയമില്ലാത്തതിന്റെ പ്രശ്നങ്ങള്‍ കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ പരിഹരിച്ചുകൊണ്ട് ക്യഷി വിജയകരമാക്കുകയുണ്ടായി. ആരോഗ്യകരമായ ഭക്ഷണം വേണമെന്നതിന്റെ തിരിച്ചറിവില്‍ ഈ വര്‍ഷം മട്ടുപ്പാവ് ക്യഷിക്കു പുറമേ കുറച്ചു സ്ഥലം പാട്ടത്തിനെടുത്ത് കിഴങ്ങു വിളകള്‍ ക്യഷി ചെയ്തു കൊണ്ട് ഒരു പടി കൂടി മുന്നോട്ട് പോവുകയാണ് ഷമീമിന്റെ കുടുംബം.

ക്യഷി രീതികള്‍
                     മട്ടുപ്പാവില്‍ ഗ്രോബാഗിലും ചാക്കിലുമാണ് പച്ചക്കറികള്‍ ക്യഷി ചെയ്യുന്നത്. വൈകുന്നേരം നാലുമണിക്ക് ബാഗ് നിറയ്ക്കുന്നതിനുള്ള മിശ്രിതം മണ്ണ്, മണല്‍ ജൈവവളം എന്നിവ മിക്സ് ചെയ്ത് തയ്യാറാക്കുന്നു. ആറുമണിയാകുമ്പോഴേക്കും തൈകള്‍ ബാഗിലേക്ക് പറിച്ചു നടുന്നു. വിത്ത് പാകി തൈകളാക്കിയതും തൈകളായി വാങ്ങിയതും ഉപയോഗപ്പെടുത്തി യാണ് ക്യഷി. പയര്‍, പാവല്‍, പടവലം,വെണ്ട, കക്കിരി, മുളക്, തക്കാളി, ചീര, വഴുതന, നിത്യ വഴുതന, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയവയൊക്കെത്തന്നെ ഇവിടെ വിത്തുകള്‍ മുളപ്പിച്ചും തൈകള്‍ വാങ്ങിയും നടുന്നു. വിത്തുകള്‍ക്കും തൈകള്‍ക്കുമായി കൂടുതലും ബന്ധപ്പെട്ടതും ലഭിച്ചതും ക്യഷിഭവനില്‍ നിന്നാണ്. അതോടൊപ്പം തന്നെ തിരുവമ്പാടി അഗ്രോ സര്‍വീസ് സെന്ററിന്റെ കൂടരഞ്ഞിയിലെ തൈ ഉല്പാദന കേന്ദ്രത്തില്‍ നിന്നുമുള്ള തൈകളും ഇവിടെ ഉപയോഗിച്ചു.
ജലസേചനം
                      ദിവസവും രണ്ടു നേരം ചെടികള്‍ നനയ്ക്കുന്നതില്‍ ഇവര്‍ ശ്രദ്ധ വെക്കുന്നു. രാവിലെ ഏഴുമണിക്കു തുടങ്ങി എട്ടു മണി കഴിയുമ്പോഴേക്കും ചെടികള്‍ക്കുള്ള നന പൂര്‍ത്തീകരിക്കുന്നു, വൈകുന്നേരം സ്കൂള്‍ വിട്ടു കഴിഞ്ഞുള്ള നന നല്ല രീതിയില്‍ത്തന്നെ ചെയ്യുന്നു.
 ജൈവവളക്കൂട്ട്
            പത്തുകിലോ പച്ചചാണകവും രണ്ടു കിലോ കടലപ്പിണ്ണാക്കും ബാരലില്‍ വെള്ളമൊഴിപ്പിച്ച് ഏഴു ദിവസം പുളിപ്പിക്കാന്‍ വെയ്ക്കുന്നു. ഈ ചാണകസ്ലറി വെള്ളത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ നേര്‍പ്പിച്ച് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നു.
കീടരോഗ നിയന്ത്രണം

                         മാര്‍ക്കറ്റില്‍ കിട്ടുന്ന കുടിവെള്ളത്തിന്റെ കുപ്പി അടിഭാഗം മുറിച്ചു മാറ്റി വായ് വട്ടത്തില്‍ക്കൂടി പാവലിന്റെ ചെറുകായ്കള്‍ കടത്തി കവചമൊരുക്കി കായീച്ചയില്‍ നിന്ന് സംരക്ഷിക്കുന്നു. പടവലത്തിന് മാര്‍ക്കറ്റില്‍ കിട്ടുന്ന പത്തുകിലോയുടെ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചുള്ള സംരക്ഷണമാണ് നടത്തുന്നത്. കവറിന്റെ അടിഭാഗം മുറിച്ചു മാറ്റി പടവലത്തെ പൊതിഞ്ഞു കൊണ്ട് കെട്ടുന്നു. പടവലത്തിന്റെ കായകള്‍ അടുത്തടുത്തായതിനാല്‍ ഒറ്റക്കവര്‍ ഉപയോഗിച്ച് രണ്ട് പടവലങ്ങള്‍ പൊതിയാന്‍ ഉപയോഗിക്കുന്നു. രാവിലെയും വൈകുന്നേരവും ചെടികള്‍ നിരീക്ഷണം നടത്തി പുഴുക്കളേയും മറ്റ് കീടങ്ങളേയും നശിപ്പിച്ചു കളയും. അതോടൊപ്പം പഴകിയ ഇലകള്‍ പറിച്ചു മാറ്റി രോഗസാധ്യതകള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ ദിവസവും സ്വീകരിക്കുന്നു. ഇവിടെ പുകയിലക്കഷായമാണ് ജൈവ കീടനാശിനിയായി ഉപയോഗപ്പെടുത്തുന്നത്. കൂടാതെ ഫിഷ് അമിനോആസിഡും സ്യൂഡോമോണാസും കീടരോഗനിയന്ത്രണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
വിളവെടുപ്പ്
                പയര്‍, വെണ്ട, ചീര, കക്കിരി മുതലായവയൊക്കെ ത്തന്നെ ഇളം പ്രായം വിട്ട് കഴിഞ്ഞ് അധികം മൂപ്പവുന്നതിനു മുന്‍പേ വിളവെടുക്കുന്നു. വൈകിട്ട് സ്കൂള്‍ വിട്ടു കഴിഞ്ഞതിനു ശേഷമാണ് വിളവെടുപ്പ്. ഇടവിട്ട ദിവസങ്ങളില്‍ വിളവെടുപ്പ് നടത്തുന്നതിന് കഴിയാറുണ്ട്. പയര്‍ വിളവെടുത്ത് രണ്ടു ദിവസം കഴിയുമ്പോള്‍ പാവല്‍ പിന്നെ ചീര പടവലം എന്നീ രീതിയില്‍ വിളവെടുക്കുന്നു. പലദിവസങ്ങളിലായി തൈകള്‍ നട്ടത്തിനാല്‍ പച്ചക്കറികള്‍ പല ദിവസങ്ങളിലായി വിളവെടുക്കാന്‍ കഴിയുന്നു. ആവശ്യത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ലഭിക്കുന്നതിനാല്‍ അയല്‍ പക്കക്കാര്‍ക്കും നല്‍കാന്‍ കഴിയുന്നതില്‍ ഷമീമിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാണ്. അതോടൊപ്പം തന്നെ അയല്‍ക്കാര്‍ക്ക് പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് പ്രചോദനമാകുന്നതും ആനന്ദം പകരുന്നു.
ക്യഷിപാഠമായി മട്ടുപ്പാവ്
                  ഇവിടുത്തെ ക്യഷി കാണാന്‍ അയല്‍ക്കാരു ബന്ധുക്കളും മാത്രമല്ല ഷമീമിന്റെ വിദ്യാലയത്തില്‍ നിന്നുളള അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ മട്ടുപ്പാവില്‍ പച്ചക്കറിക്ക്യഷി കാണുന്നതിനും പഠനത്തിനുമായി ക്ലാസ് അടിസ്ഥാനത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.  
തയാറാക്കിയത് : ഹരികുമാര്‍ എന്‍ കെ, മിഷേല്‍ ജോര്‍ജ് 
ക്യഷി അസ്സിസ്റ്റന്റുമാരാണ് ലേഖകര്‍