ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

22 Feb 2016

കൂവക്ക്യഷിക്കാര്‍ക്ക് വരുമാന മാര്‍ഗ്ഗമൊരുക്കി ജെയ്സണ്‍

ജെയ്സണ്‍ ക്യഷി അസ്സിസ്റ്റന്റ് ഹരികുമാറിനൊപ്പം
                               കൂവ ഒരു ചെടിയാണ് അതോടൊപ്പം ഒരു ഔഷധവും ഇവയുടെ കിഴങ്ങാണ് ഉപയോഗപ്പെടുത്തുന്നത്. നമ്മുടെ ക്യഷിയിടങ്ങളിലൊക്കെ സമ്യദ്ധമായി വളരും. രോഗ ബാധ ഒട്ടുമില്ല. എങ്കിലും ഇവയുടെ സംസ്കരണം ബുദ്ധിമുട്ടേറിയ പ്രക്രിയ തന്നെയാണ്. അതു കൊണ്ടുതന്നെ ചിലപ്പോഴൊക്കെ ഇവയുടെ കിഴങ്ങ് പൊടിയാക്കാന്‍ കഴിയാതെ  നശിച്ചു പോകുന്നു. മണ്ണിലെ ഈ പൊന്ന് കരിക്കട്ടയായി മാറുന്ന ദുരനുഭവം. ഇവിടെ കാര്‍ഷിക ഗ്രാമമായ കൂടരഞ്ഞിയില്‍ കൂവ സംസ്കരണത്തില്‍ ഒരു സാധ്യത കണ്ടെത്തിയ കര്‍ഷകനുണ്ട്. അദ്ദേഹത്തെ പരിചയപ്പെടാം. 

കൂവക്കിഴങ്ങ്
                           കക്കാടംപൊയിലില്‍ കരോട്ട്കിഴക്കേല്‍ ജെയ്സന്റെ വഴിയരികിലുള്ള വീടും പരിസരവും അതിലൂടെ കടന്നു പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കും. പുല്‍ത്തകിടിയും പൂക്കളും അലങ്കാര ചെടികളുമൊക്കെയായി മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്ന മുറ്റവും അതിന്റെ പരിസരവും. ഈ കലാബോധം തന്നെയാണ് കൂവയുടെ സംസ്കരണത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചത് എന്ന് നിസ്സംശയം  പറയാം. ഇവിടെ വീടിനോട് ചേര്‍ന്ന പ്ലാന്റില്‍ ധാരാളം കിഴങ്ങുകള്‍ കൂട്ടിയിട്ടത് കാണാം സ്വന്തം ക്യഷിയിടത്തിലെയും മറ്റുള്ളവരില്‍ നിന്നും വിലയ്ക്കു വാങ്ങിയതും. ഇവ സംസ്കരിക്കാന്‍ പണിക്കാരുണ്ടിവിടെ. കിഴങ്ങ് അരച്ച് പൊടിയാക്കി മൊത്തവിലയ്ക്ക് നല്‍കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്.
കിഴങ്ങ് അരച്ചെടുത്തു ലഭിക്കുന്ന പള്‍പ്പ്

                      അഞ്ചേക്കര്‍ പുരയിടത്തില്‍ കവുങ്ങും കുരുമുളകും കൊക്കോയും മറ്റു ക്യഷികളുമൊക്കെ ചെയ്യുന്നതിന്റെ ഇടവിളയാണ് ഇവിടെ കൂവ ക്യഷി ചെയ്ത് തുടങ്ങിയത്. ഈ ചെടിക്ക് പ്രത്യേകം പരിചരണമൊന്നും ആവശ്യമില്ല ധാരാളമായി ഇവ പറമ്പില്‍ വളരും കീടരോഗ ശല്യമില്ല. മുന്നൂറ് കിലോയോളം കിഴങ്ങ് ഇവിടെ പറമ്പില്‍ നിന്നും ലഭിക്കുന്നുണ്ട്. കൂവപ്പൊടി നിര്‍മ്മാണ യൂണിറ്റിലേക്ക് ഇത് തികയാത്തതിനാല്‍ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി  തുടങ്ങിയ മലയോരമേഖലകളിലെ കര്‍ഷകരില്‍ നിന്നും മലഞ്ചരക്ക് വ്യാപാരികള്‍ മുഖേന 70 ടണ്ണോളം കിഴങ്ങുകള്‍ ശേഖരിക്കുന്നുണ്ട്. കിലോയ്ക്ക് പതിനഞ്ചു രൂപ നിരക്കിലാണ് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് വളരെ ഉപകാരപ്രദമായിത്തീരുന്നുണ്ട്.
പള്‍പ്പ് അരിച്ചെടുത്ത വെള്ളം വീപ്പകളില്‍ ശേഖരിച്ചിരിക്കുന്നു.
             ഇങ്ങനെ ശേഖരിക്കുന്ന കിഴങ്ങുകള്‍ പ്ലാന്റിലെത്തിച്ച് വ്യത്തിയാക്കുകയാണ് ആദ്യ പടി വേരിന്റെ ഭാഗങ്ങളു മണ്ണുമൊക്കെ നീക്കി സ്വയം രൂപ കല്പന ചെയ്ത് ഉണ്ടാക്കിയ യന്ത്രത്തില്‍ അരച്ചെടുക്കുന്നു. അടുത്ത ഘട്ടത്തില്‍ അരച്ചെടുത്ത പള്‍പ്പ് വെള്ളമുപയോഗിച്ച് തുണിയില്‍ അരിച്ചെടുക്കുന്നു. ഇതിലൂടെ ഉണാക്കുന്ന കൂവപ്പൊടിയില്‍ യാതൊരു മാലിന്യവും കലരുന്നില്ലെന്ന് ഉറപ്പു വരുത്താം.ഇങ്ങനെ അരിച്ചെടുക്കുന്ന വെള്ളം വീപ്പകളില്‍ ശേഖരിച്ച് തെളിയിക്കാന്‍ വെയ്ക്കും. ഇങ്ങനെ ഏഴുതവണ  കഴുകി വീപ്പയുടെ  അടിയിലടിഞ്ഞ കൂവ മൂന്നു ദിവസത്തെ വെയിലില്‍ ഉണക്കി പൊടിയാക്കിയെടുക്കുന്നു. പതിനാലു കിലോ കിഴങ്ങ് ഉപയോഗിച്ചാല്‍ ഏകദേശം ഒരു കിലോ പൊടിയാണ് ലഭിക്കുന്നത്.  സംഭരണത്തിനു ശേഷം ലഭിക്കുന്ന കിഴങ്ങിന്റെ ചണ്ടി ജൈവവളമായി ഉപയോഗപ്പെടുത്തുന്നു. ഏകദേശം നാലു ടണ്ണോളം പൊടിയാണ് ഇവിടെ വര്‍ഷവും ഉലപാദിപ്പിക്കുന്നത്. സംസ്കരണ പ്രക്രിയയ്ക്ക് ശേഷം ലഭിക്കുന്ന പൊടി മൊത്ത വില 550 രൂപയ്ക്ക്  മെഡിസിനല്‍ ആവശ്യത്തിനായി നല്‍കുകയാണ് ചെയ്യുന്നത് ചില്ലറവില്പനയില്‍ 700 രൂപ വരെ ലഭിക്കുന്നുണ്ട് .
                 നവംമ്പര്‍ മാസത്തോടെയാണ് ഇവിടെ യൂണിറ്റില്‍ സംസ്കരണം ആരംഭിക്കുന്നത് നാലുമാസത്തോളം മാത്രമേ അതുകൊണ്ട് ഒരു വര്‍ഷം ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുള്ളൂ. ദഹനപ്രക്രിയയ്ക്ക് വളരെയധികം സഹായിക്കുന്ന കൂവ തിളച്ച വെള്ളത്തില്‍ കലക്കി ദാഹശമനിയായി ഉപയോഗിക്കാം അതോടൊപ്പം മധുരവും മറ്റും ഉപയോഗിച്ച് വീടുകളില്‍ ഉപയോഗിക്കുന്ന സ്ക്വാഷായും ഉപയോഗിക്കാമെന്നത് ഇതിന്റെ പ്രത്യേകതയാണ്.
                ജെയ്സണെ പോലെയുള്ള കര്‍ഷകര്‍ തന്റെ ക്യഷിയിടത്തിലുള്ള വിഭവത്തെ സംസ്കരിക്കുന്നതിനും അതോടൊപ്പം അതിന്റെ മൂല്യവര്‍ദ്ധന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതും അത്യന്തം സ്വാഗതാര്‍ഹമാണ്, ഒപ്പം പ്രോത്സാഹിക്കപ്പെടേണ്ടതും. അതു കൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടരഞ്ഞി ക്യഷിഭവന്‍ പരിഗണ നല്‍കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ക്യഷിയിടവും യൂണിറ്റും സന്ദര്‍ശിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനൊപ്പം സാങ്കേതികമായ അറിവുകള്‍ നല്‍കുന്നതിനും ഈ കര്‍ഷകനെ ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നു.

വിലാസം
ജെയ്സണ്‍
കരോട്ട്കിഴക്കേല്‍
കക്കാടംപൊയില്‍ (പി ഒ)
കൂടരഞ്ഞി (വഴി)
കോഴിക്കോട്
 

മൊബൈല്‍ നമ്പര്‍ : 9497209252
                                   0495-2278024



തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്