ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

25 Feb 2016

ആനയോട്ടിലെ പാവല്‍ മഹാത്മ്യം

                                   സുഹ്യത്തുക്കള്‍ ചേര്‍ന്ന് ക്യഷി തുടങ്ങിയപ്പോള്‍ ക്യഷി ചെയ്തവര്‍ മാത്രമല്ല സഹകരണം കാണിച്ചത് ക്യഷിയിടത്തിലെ പാവലും കൂടിയാണ്. 'നല്ല പോലെ കായ്ച്ചു നല്ല വിളവ്'. പറഞ്ഞു വരുന്നത് രണ്ടു സുഹ്യത്തുക്കളുടെ കൂട്ടു ക്യഷിയെപ്പറ്റിയാണ്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ഒരു ഉള്‍നാടന്‍ പ്രദേശമാണ് ആനയോട് ഇവിടെ മുഖ്യ ക്യഷികള്‍ തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, കൊക്കോ എന്നിവയാണ്. പച്ചക്കറിക്ക്യഷി വലിയ തോതില്‍ ഇവിടെയില്ല വീട്ടാവശ്യത്തിനുള്ളത് അവരവര്‍ ക്യഷി ചെയ്യുന്നു എന്നു മാത്രം. ഇവിടെ രണ്ടു സുഹ്യത്തുക്കള്‍ കീരമ്പനാല്‍ ജെയിംസും പ്ലാക്കിയില്‍ മൈക്കിളും ഒന്നു ചേര്‍ന്ന് പച്ചക്കറിക്ക്യഷി ആരംഭിച്ചു. നേരത്തെ വാഴക്ക്യഷിയില്‍ പങ്കാളികളാണിവര്‍. ജെയിംസ് പച്ചക്കറിക്ക്യഷി തുടങ്ങുന്ന കാര്യം മൈക്കിളിനോട് പറഞ്ഞപ്പോള്‍ മൈക്കിള്‍ ഒരെതിര്‍പ്പും ഇല്ലാതെ സമ്മതം മൂളി.
 

                            വെറ്റിലപ്പാറയിലെ ഒരു സുഹ്യത്ത് നിര്‍ദ്ദേശിച്ച പ്രകാരം റബ്ബര്‍ മുറിച്ച നല്ല വെയില്‍ കിട്ടുന്ന ഒരേക്കറില്‍ പാവല്‍ ക്യഷി ആരംഭിച്ചു. വിത്തും പന്തലു കെട്ടാനുള്ള വള്ളിയും വരെ പച്ചക്കറിക്ക്യഷിക്ക് പേരു കേട്ട മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറയില്‍ നിന്നും കൊണ്ടു വന്നു. വട്ടത്തില്‍ തടമെടുത്ത് അടിവളം നല്‍കി നാലു മണിക്കൂര്‍ വെള്ളത്തില്‍ കിളിര്‍പ്പിക്കാനായി ഇട്ട് പാവലിന്റെ വിത്ത് തടത്തില്‍ നട്ടു. തോട്ടത്തില്‍ രണ്ടു മീറ്റര്‍ അകലത്തില്‍ കമുകിന്റെ കുറ്റിക്കാല്‍ ഉറപ്പിച്ച് അതില്‍ കമ്പി വലിച്ചു കെട്ടിയതിനു ശേഷം അതിനു മുകളില്‍ പത്തിഞ്ച് അകലത്തില്‍ ചെറിയ പ്ലാസ്റ്റിക് വള്ളി വലിച്ചു കെട്ടി ആറു ദിവസം കൊണ്ട് പന്തല്‍ തയ്യാറാക്കി. പന്തലുണ്ടാക്കാന്‍ 30 കിലോഗ്രാം കമ്പിയും 20 റോള്‍ പ്ലാസ്റ്റിക് വള്ളിയും 50 കവുങ്ങുകള്‍ കുറ്റിക്കാലിനുമായി ഉപയോഗിച്ചു. ഈ ഇനത്തില്‍ തന്നെ പതിനായിരം രൂപയ്ക്കു മുകളില്‍ ചെലവ് വന്നു.

                എല്ലാ ദിവസവും അതിരാവിലെ തന്നെ ക്യഷിയിടത്തില്‍ എത്തുന്ന ഇവര്‍ കളകള്‍ നീക്കം ചെയ്യുക പുഴുക്കളുടെ ശല്യമുണ്ടോ എന്ന് നോക്കി ഉണ്ടെങ്കില്‍ നശിപ്പിച്ചു കളയുക പാവലിന്റെ വള്ളികള്‍ പന്തലിലേക്ക് കയറ്റി വിടുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാ ദിവസവും ക്യത്യമായിത്തന്നെ ചെയ്യുന്നു.  ചാണകത്തിന്റെ വളക്കൂട്ട്  ആറു ദിവസം കൂടുമ്പോള്‍ ഒഴിക്കുന്നുണ്ടിവിടെ. വളക്കൂട്ട് തയ്യാറക്കുന്നത് ചാണകം പത്തു കിലോ ഗോമൂത്രം അഞ്ചു ലിറ്റര്‍ ശര്‍ക്കര ഒരു കിലോഗ്രാം ചെറുപയര്‍ പൊടി ഒരു കിലോഗ്രാം ഒരു പിടി മണ്ണ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന  വളക്കൂട്ട്  ഒരാഴ്ച പുളിപ്പിക്കാന്‍ വെച്ചതിനു ശേഷം ഒരു കിലോയ്ക്ക് പതിനഞ്ചു ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിക്കുന്നു. കൂടാതെ  ചാരം, ചപ്പു ചവറുകള്‍ എന്നിവ തടത്തില്‍ ഇട്ട് ആവശ്യമായ വള ലഭ്യത ഉറപ്പു വരുത്തുന്നുണ്ട്. ദിവസവും രണ്ടു നേരം നന ഉറപ്പു വരുത്താറുണ്ട്.
ജെയിംസ് കീരമ്പനാല്‍ ക്യഷിയിടത്തില്‍
                              വെയില്‍ നന്നായി അടിക്കുന്ന സ്ഥലത്ത് കീട ശല്യം കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കീടശല്യം രൂക്ഷമാകുമ്പോള്‍ വെളുത്തുള്ളി ചതച്ച് വെള്ളത്തിലിട്ട് തയ്യാറാക്കുന്ന ജൈവ കീടനാശിനി തളിച്ച് നിയന്ത്രിക്കുന്നു. കായിച്ചയ്ക്കെതിരെ പഴം വെള്ളത്തിലിട്ട് അതില്‍ വിഷം കലര്‍ത്തി പന്തലിന്റെ വിധ ഭാഗങ്ങളില്‍ വെയ്ക്കുന്നു. ഇത് വളരെ ഫലപ്രദമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവര്‍ പറയുന്നു. നാലു ദിവസം കൂടുമ്പോഴാണ് വിളവെടുപ്പ് ശരാശരി അറുപത് കിലോയോളം പാവയ്ക്ക ലഭിക്കും.
മൈക്കിള്‍ പ്ലാക്കിയില്‍ ക്യഷിയിടത്തില്‍
                               കൂടരഞ്ഞി ക്യഷിഭവന്‍ ഇങ്ങനെയുള്ള മികച്ച കര്‍ഷകരെ അവര്‍ ക്യഷിഭവനില്‍ എത്തിയില്ലെങ്കില്‍ കൂടി അവരുടെ ക്യഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഈ ക്യഷിയെ ക്യഷി വകുപ്പ് സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം സ്റ്റാഗേര്‍ഡ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കുകയും ഇവരുടെ ക്യഷിയിടം സന്ദര്‍ശിച്ച് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.

തയാറാക്കിയത്: മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്