ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Jul 2016

ഏറുമാടത്തില്‍ ക്യഷിക്ക് കാവലായ് ഒരു കര്‍ഷകന്‍

                      
ഏറുമാടത്തിനരികില്‍ സെബാസ്റ്റ്യന്‍ പള്ളിക്കരയില്‍
                         പത്താം വയസ്സില്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്ന പ്രായത്തില്‍  പാട്ടത്തിലുള്ള സ്ഥലത്ത് തുടങ്ങിയുള്ള ക്യഷിയോടുള്ള സ്നേഹം സെബാസ്റ്റ്യന്‍ പള്ളിക്കര എന്ന കര്‍ഷകനെ തുടര്‍പഠനവും മറ്റു ജോലികളും പ്രലോഭിപ്പിച്ചില്ല. ക്യഷിയുടെ വഴിയേ നീങ്ങി. വലിയ സാമ്പത്തിക നേട്ടങ്ങളില്ലെങ്കില്‍ക്കൂടി ഇന്നും അദ്ദേഹം കര്‍ഷകനാണ് അന്നത്തെപ്പോലെ പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്യഷി.

ക്യഷിയിടത്തിന് മുകള്‍ ഭാഗത്തുള്ള ഏറുമാടം
                         ആദ്യകാലത്ത് കൂടുതല്‍ പഠനത്തിനൊന്നും പോകാതെ കമുക് കയറ്റത്തൊഴിലാളികളുടെ കൂടെ സഹായത്തിനു പോയി കമുക് കയറ്റം പഠിച്ചു ഒപ്പം തെങ്ങ് കയറാനും. ആ കാലഘട്ടത്തില്‍ പച്ചക്കറി പോലെയുള്ള ക്യഷികളില്‍ താല്പര്യമുണ്ടായിരുന്നു. അടയ്ക്ക പറിയ്ക്കാന്‍ പോകുന്ന പറമ്പുകളില്‍ അവരുടെ അനുവാദത്തോടെ ചേന, ചേമ്പ്, കപ്പ, ഇഞ്ചി, പച്ചക്കറികള്‍ മുതലായവ ക്യഷി ചെയ്തിരുന്നു. പിന്നീട് അവരുടെ തെങ്ങ്, കവുങ്ങ് തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് സംരക്ഷണ പ്രവര്‍ത്തനം നടത്തി വരുമാന മാര്‍ഗ്ഗം കണ്ടെത്തി. തുടര്‍ന്ന് കാര്യമായി ശ്രദ്ധിക്കാതെ കിടക്കുന്ന വലിയ പറമ്പുകള്‍ കണ്ടെത്തി കാട് വെട്ടി വിപുലമായ രീതിയില്‍ ക്യഷി തുടങ്ങി.
                    ഈ വര്‍ഷം കൂടരഞ്ഞി പനക്കച്ചാല്‍ ഭാഗത്ത് ഉപയോഗ ശൂന്യമായ ക്വാറിക്കടുത്ത് കാടുമൂടിക്കിടന്ന പാറക്കെട്ടു നിറഞ്ഞ  സ്ഥലം പാട്ടത്തിനെടുത്തു ക്യഷിയിറക്കുകയാണ് സെബാസ്റ്റ്യന്‍. കഴിഞ്ഞ ജനുവരിയില്‍ ഈ സ്ഥലത്തെ മുള്ളു നിറഞ്ഞ കാട് വളരെ പ്രയാസപ്പെട്ട് വെട്ടി മാറ്റി. ദിവസങ്ങള്‍ കൊണ്ട് പാറ നിറഞ്ഞ ക്യഷിയിടം കാട് വെട്ടിമാറ്റി  തുടര്‍ന്ന് ആ ഭാഗം തീയിട്ട് ക്യഷിക്ക് യോഗ്യമാക്കി. ഒരു ഭാഗം പാറ മാത്രമായതിനാല്‍ അവിടം ഒഴിവാക്കി ആ ഭാഗം കപ്പ ഉണങ്ങുന്നതിന് ഉപയോഗപ്പെടുത്താം എന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കപ്പ, ചേമ്പ്, കാച്ചില്‍ തുടങ്ങിയവ ക്യഷിയിറക്കി. കാട്ടു പന്നിയുടെ ശല്യമുള്ളതിനാല്‍ പഴയ ഫ്ലെക്സ് കോഴിക്കോട് ടൗണില്‍ നിന്ന് ഒരു സുഹ്യത്ത് സൗജന്യമായി നല്‍കിയത് ക്യഷിയിടത്തിനു ചുറ്റിലുമായി കെട്ടി വേലിയാക്കി മാറ്റി.
                ചുറ്റിലുമായി കെട്ടിയ ഫ്ലെക്സ് വേലി കാട്ടു പന്നി, മുള്ളന്‍ പന്നി മുതലായവയെ തടയുന്നതിന് പര്യാപ്തമായില്ല. അപ്പോള്‍ മനസ്സില്‍ വന്ന ആശയമാണ് കുടിയേറ്റ കര്‍ഷകരുടെ രീതിയില്‍ ക്യഷിയിടത്തിനു മുകള്‍ ഭാഗത്തായി ഒരു ഏറു മാടം കെട്ടുക എന്നത്. കാട്ടുമ്യഗങ്ങള്‍ അധികവും രാത്രി കാലങ്ങളിലാണ് ഇറങ്ങുക. സുരക്ഷിതമായി നിന്ന് ഈ മ്യഗങ്ങളെ ഓടിക്കുന്നതിന് ഏറുമാടത്തിന്റെ രീതിയില്‍ താമസ സ്ഥലം ക്യഷിയിടത്തിന്റെ മുകള്‍ ഭാഗത്ത് ഒരുക്കുകയായിരുന്നു.
           മരത്തിനോടു ചേര്‍ന്ന് തറനിരപ്പില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ മരക്കഷണങ്ങളും കവുങ്ങിന്‍ കഷണങ്ങളും കൂടെ പ്ലാസ്റ്റിക് ഷീറ്റുമുപയോഗിച്ച് വളരെ വേഗത്തില്‍ ഏറുമാടത്തിന്റെ രീതിയില്‍ താമസ സ്ഥലമൊരുക്കി. ചെരിഞ്ഞ ക്യഷിയിടത്തില്‍ താഴെ നിന്ന് നോക്കുമ്പോള്‍ വളരെ ഉയരത്തില്‍ ഉള്ള ഏറുമാടത്തിന്റെ ഒരു പ്രതീതിയാണുള്ളത്.
             ഉയരത്തിലല്ലെങ്കില്‍ക്കൂടിയും ഈ ഏറുമാടം രാത്രിയില്‍ ക്യഷി സംരക്ഷിക്കുന്നതിന്  സഹായകമായി. രാത്രികാലങ്ങളില്‍ ഏറുമാടത്തിലേക്ക് വന്ന് ലൈറ്റ് തെളിയിക്കുന്നതും പാട്ട കൊട്ടുന്നതും വന്യമ്യഗ ശല്യത്തിന് പരിഹാരമായി. കാട്ടു പന്നികള്‍ അക്രമാസക്തരാണ് രാത്രിയില്‍ ഇവയിറങ്ങുന്ന സമയങ്ങളില്‍ അവ കര്‍ഷകരെ അക്രമിച്ച സംഭവങ്ങള്‍ വരെ കൂടരഞ്ഞിയില്‍ ഉണ്ടായിട്ടുണ്ട്. ഇവിടെയാണ് ഈ കര്‍ഷകന്റെ സംരക്ഷിക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ ശ്രദ്ധേയമാകുന്നത്.
തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്