ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

30 Jan 2019

മൂന്നിനം പയര്‍ കൊണ്ട് ഒരേക്കര്‍ ക്യഷി


 പച്ചക്കറിക്ക്യഷിയില്‍ മൂന്നിനം പയര്‍ ക്യഷി ചെയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് കൂടരഞ്ഞി കള്ളിപ്പാറ പത്തായപ്പുര കാസിം. ഒരേക്കര്‍ സ്ഥലത്താണ് മൂന്ന് തരം പയര്‍ ഇടകലര്‍ത്തിയുളള ക്യഷി. ആറു വര്‍ഷമായുളള ക്യഷിയില്‍ ഈ വര്‍ഷം ഒരേക്കര്‍ സ്ഥലത്ത് ഏതു സമയത്തും ഇവിടെ പയര്‍ ലഭ്യമാണ്. പയറുക്യഷിയില്‍ രണ്ട് സങ്കരയിനം പയറും ഒരു നാടന്‍ ഇനവുമാണ്ക്യഷി ചെയ്യുന്നത്. സൂപ്പര്‍ ലൈറ്റ് ഇനത്തില്‍ പ്പെട്ട വെള്ളനിറം ചേര്‍ന്ന പയറും  കടും പച്ച നിറത്തിലുളള 'ഹരിത' പയറും വയലറ്റ് നിറത്തിലുള്ള നാടന്‍ പയറും  കായ്ച്ചു നില്‍ക്കുന്ന മനോഹരമായ തോട്ടം ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നു.


       പാട്ടത്തിനെടുത്ത സ്ഥലത്താണ്  ക്യഷി ചെയ്യുന്നത്.  തുലാമാസം  ആരംഭിക്കുന്ന ക്യഷിയില്‍ പയര്‍ വിത്തുകള്‍ ഒരു ദിവസം രാത്രി വെളളത്തില്‍ കുതിര്‍ക്കാന്‍ ഇട്ടതിനു ശേഷമാണ് നടാന്‍ എടുക്കുക. പൊയില്‍ പ്രദേശമായതിനാല്‍ മണ്ണ് കൂനകൂട്ടിയാണ് തടമെടുക്കുക. തടത്തിലേക്ക് കോഴിവളം ചേര്‍ത്ത് ജൈവ സമ്പുഷ്ടമാക്കുന്നു. ഇതിലേക്ക് വിത്തിട്ട് ക്യഷി ആരംഭിക്കും. പൂര്‍ണ്ണമായും ജൈവക്യഷിരീതിയാണ് ഇവിടെ പിന്തുടരുന്നത്. കാടക്കഷ്ട്ഠവും  ഇവിടെ വളമായി ഉപയോഗിക്കുന്നു. കാടക്കഷ്ട്ഠമുണ്ടെങ്കില്‍ ഒരു രാസവളവും ആവശ്യമില്ല എന്നാണ് കാസിം അനുഭവത്തിലൂടെ മനസ്സിലാക്കിയിരിക്കുന്നത്. രാസകീടനാശിനികള്‍ കഴിക്കാനുള്ളവയില്‍ പ്രയോഗിക്കരുതെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. ഉയര്‍ന്ന പ്രദേശമായതിനാല്‍ കീടങ്ങള്‍ കുറവാണ് അഥവാ കീടങ്ങള്‍ വന്നാല്‍ തുരത്താന്‍ പയറില്‍ നിറുകളെ  കയറ്റി വിട്ടിട്ടുണ്ട്.
                 ഒരേ സമയം ആയിരത്തഞ്ഞൂറ്  ചുവട് പയര്‍ തടത്തില്‍ വളര്‍ത്തിയാണ് പയറു ക്യഷി. ഒരു ഭാഗത്തുളള പയര്‍ തീരുമ്പോഴേക്കും അടുത്ത ഭാഗത്തെ പയര്‍ വിളവെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ ക്രമീകരിച്ചാണ് ക്യഷി. ഒരുതവണത്തെ ക്യഷിയില്‍ പയര്‍ നാലു മാസം വരെ വിളവെടുക്കുന്നു. ഒന്നരാടന്‍ ദിവസങ്ങളില്‍ വിളവെടുക്കുന്ന പയര്‍ മുപ്പത്തിയഞ്ച് കിലോ ശരാശരി വിളവ് ലഭിക്കും. കൂടരഞ്ഞിയിലെ കടയിലാണ് വില്പ്പന. ഒരുകടയില്‍ തന്നെ കൊടുക്കാന്‍ കഴിയുന്നുണ്ടെന്നും അത്രയ്ക്ക് ആവശ്യക്കാരാണ് പയറിനുള്ളതെന്നും കാസിം പറയുന്നു. വയലറ്റ് നിറത്തിലുള്ള നാടന്‍ ഇനം പയറിനാണ് ഇവിടെ കൂടുതല്‍ ഡിമാന്‍ഡ് കടയില്‍ വില്പ്പനയ്ക്ക് എത്തിക്കും മുന്‍പെ അത് തീരാറുണ്ടെന്നും കാസിം.
             ആയിരം വാഴയും ഈവര്‍ഷം ക്യഷി ചെയ്യുന്ന ഈകര്‍ഷകനെ കൂടരഞ്ഞി ക്യഷിഭവന്‍ പച്ചക്കറി വികസന പദ്ധതിയിലൂടെയും സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലൂടെയും  ആനുകൂല്യം നല്‍കി സഹായിക്കുന്നുണ്ട്.
കാസിം  8112820155 
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ് ക്യഷിഭവന്‍ കൂടരഞ്ഞി