ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

21 Jul 2015

വില്‍സണ്‍ കുറുവത്താഴത്തിന്റെ ക്യഷിക്കാഴ്ചകള്‍

                         
                                      ദുര്‍ഘടമായ പാതകള്‍ നിറഞ്ഞ മലയുടെ മുകളിലേക്കുള്ള യാത്ര ദുഷ്കരമാണ്. ഒരു കല്ലില്‍ നിന്നു ചാടി മറ്റേ കല്ലിലേക്ക് എന്നിങ്ങനെ കുലുങ്ങി കുലുങ്ങി ജീപ്പിലുള്ള യാത്ര മടുപ്പിക്കും. ഇത്തരം പ്രതിസന്ധികളില്‍ തളരാതെ എല്ലാ ദിവസവും ഇങ്ങനെയുള്ള  പാതയിലൂടെ കിലോമിറ്ററുകള്‍ സഞ്ചരിച്ച് മലമുകളിലുള്ള തന്റെ ക്യഷിയിടത്തിലെത്തുകയാണ് വില്‍സണ്‍ കുറുവത്താഴത്ത് എന്ന യുവ കര്‍ഷകന്‍. മഞ്ഞക്കടവ് പൂതംകുഴിയിലുള്ള തന്റേയും കുടുംബ സ്വത്തായുള്ളതുമായ പത്തേക്കറിലാണ് ഇദ്ദേഹത്തിന്റെ ക്യഷി.

                       അന്‍പത്തി മൂന്നു വര്‍ഷം മുന്‍പ് തൊടുപുഴയില്‍ നിന്നും കുടിയേറിയതാണ് വില്‍സന്റെ പിതാവും മാതാവും. ഇന്നും അവര്‍ ഈ സ്ഥലത്ത് താമസിക്കുന്നുണ്ട് കാലമേറെയായി കാഴ്ച മങ്ങിയിട്ടും ചെവി കേള്‍ക്കാതെയായിട്ടും ഇവിടം വിട്ട് താഴെ മകന്റെ അടുത്തേക്ക് താമസം മാറാന്‍  ക്യഷിയെ സ്നേഹിക്കുന്ന പഴമയുടെ സുഗന്ധത്തെ സ്നേഹിക്കുന്ന വ്യദ്ധ ദമ്പതികള്‍ക്ക് കഴിയുന്നില്ല.
                                      കാലങ്ങള്‍ കഴിയുമ്പോള്‍ ഒരോ പ്രദേശവും വികസിക്കാറുണ്ട് എന്നാല്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കൊണ്ട് ഇവിടെയുള്ള ജനങ്ങളില്‍ ഭൂരിഭാഗവും മക്കളെ പഠിപ്പിക്കുന്നതിന്റെ ആവശ്യങ്ങള്‍ക്കായി താഴെ കൂടരഞ്ഞിയിലേക്കു ഇറങ്ങി. അവരുടെ ക്യഷി സ്ഥലങ്ങള്‍ ഇവിടെ ബാക്കിയായി. അതുകൊണ്ട് തന്നെ വികസനത്തിന് ഇവിടെ പ്രസക്തിയില്ലാതെയായി എങ്കിലും  ഈ അടുത്ത കാലത്ത് ഇവിടെ വൈദ്യുതി എത്തിയത് ഇവിടെയുള്ളവര്‍ക്ക് വളരെ സന്തോഷം പകരുന്ന കാര്യമായി. ഇവിടെ വീടിനടുത്ത് പഴയകാലത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ആള്‍ക്കാരെക്കൊണ്ട് സജീവമായിരുന്ന വായനശാലയുടെ അവശിഷ്ടങ്ങള്‍ കാണാം.                                        


ഗ്രാമ്പു ക്യഷി
                        ഈ ക്യഷിയിടത്തിലേക്ക് കടന്നു വരുമ്പോള്‍ കണ്ണിലുടക്കുന്നത് വലിയ ഗ്രാമ്പു മരങ്ങളാണ്. കൂടരഞ്ഞിയില്‍ത്തന്നെ ആദ്യമായി ഇവിടെയാണ് ഗ്രാമ്പു ക്യഷി ചെയ്തിരിക്കുന്നത്. ഇരുപത് വര്‍ഷം പഴക്കമുള്ള 25 മരങ്ങളാണ് ഇവിടെയുള്ളത് പുതിയത് ഇരുന്നൂറ്റിയമ്പത് ഗ്രാമ്പു വേറെ ക്യഷി ചെയ്തിട്ടുണ്ട്. വില്‍സന്റെ പിതാവ് സഹോദരിയുടെ സ്ഥലമായ ഈരാറ്റുപേട്ടയിലെ തലനാട്ടില്‍ പോയപ്പോള്‍ അവിടെ വിളഞ്ഞു നില്‍ക്കുന്ന ഗ്രാമ്പു മരങ്ങള്‍ കണ്ട് അവിടെ നിന്ന് ഇരുപത്തിയഞ്ചോളം തൈകള്‍ കൊണ്ടു വന്നതാണ് ഈക്യഷിയുടെ തുടക്കം. ഇവരുടെ ക്യഷി കണ്ട് പൂവാറന്‍തോടിലും മഞ്ഞക്കടവിലും കക്കാടംപൊയിലുമുള്ളവര്‍ ഈ ക്യഷി ആരംഭിച്ചു.
                         ഇവിടെ ചെയ്യുന്ന ക്യഷികളില്‍ ഏറ്റവും ലാഭകരമായത് ഗ്രാമ്പുവിന്റെ ക്യഷിതന്നെയാണെന്ന് വില്‍സണ്‍ പറഞ്ഞു. നാലു വര്‍ഷം കൊണ്ട് പൂവിടുന്ന ഗ്രാമ്പുവിന്റെ ഒരു ചെടിയില്‍ നിന്നും പത്തു കിലോയോളം വിളവ് ലഭിക്കും. ഇരുപതു വര്‍ഷം പ്രായമായ ഇരുപത്തിയഞ്ച് ചെടികളില്‍ നിന്നും അങ്ങനെ ആകെ രണ്ടര ക്വിന്റല്‍ ഗ്രാമ്പു ലഭിക്കുന്നു. നവമ്പറിലാണ് ഗ്രാമ്പുവിന്റെ പൂക്കള്‍ വിടരുന്നത് ഒരു മാസത്തിനുള്ളില്‍ വിളവെടുപ്പ് അല്ലെങ്കില്‍ വിരിഞ്ഞ് പോകും. ഗ്രാമ്പുവിന്റെ വിളവെടുപ്പ് ആയാസകരമായ ഒന്നാണ് അടുത്തുള്ള മരത്തിലേക്ക് കയര്‍ വലിച്ചു കെട്ടി ആ കയറിലേക്ക് ഏണി ചാരി വായുവില്‍ നിന്നെന്ന പോലെ വിളവെടുപ്പ്. ഇങ്ങനെ വിളവെടുക്കുമ്പോള്‍ ഞെട്ടോടെ (കുല) പൊട്ടിച്ച് പിന്നീട് പൂവ് മാത്രമായി വേര്‍തിരിക്കുന്നു. ഈ ക്യഷിയുടെ പ്രത്യേകത ഇതിന്റെ പൂവിടുന്ന ഘട്ടത്തില്‍ വിളവെടുപ്പ് നടത്തുന്നു എന്നതാണ്. വിളവെടുത്ത ഗ്രാമ്പു ഉണക്കുന്നതാണ് അടുത്ത ഘട്ടം നല്ല വെയിലില്‍ മൂന്നു ദിവസത്തെ ഉണക്ക്. മൂന്നാമത്തെ ദിവസം നല്ല വെയില്‍ ആവശ്യമില്ല ചെമ്പിന്റെ നിറമായിരിക്കണം ഉണക്കുമ്പോള്‍ ഗ്രാമ്പുവിനു കിട്ടേണ്ടത്. ഇവിടെ അതു കൊണ്ടു തന്നെ വിളവെടുപ്പ്, ഉണക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ച് അവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നുണ്ട്.

ജാതിക്യഷി 
                           കായ്ക്കുന്ന നാനൂറ്റിയമ്പത്  ജാതികള്‍ ഇവിടെയുണ്ട് ഏകദേശം പതിനഞ്ചു വര്‍ഷം പഴക്കമാണ് ഇവക്കുള്ളത്. പ്രസിദ്ധമായ കടുകന്‍ മാക്കന്‍ ജാതിയാണ് ഇവിടെ ക്യഷി ചെയ്തിരിക്കുന്ന ജാതികളിലധികവും. കുടുംബക്കാരനായ കല്ലാനോട് സണ്ണി കടുകന്‍മാക്കനില്‍ നിന്നും ലഭിച്ച കായ്കളും ബഡ്ഡു ചെയ്ത തൈകളുമുപയോഗിച്ചാണ് ഈ തോട്ടം ഉണ്ടാകിയത്. ഇവക്ക് ജൈവക്യഷിരീതിയിലധിഷ്ഠിതമായ വളപ്രയോഗമാണ് നല്‍കുന്നത്. ചാണകം, എല്ലുപൊടി, പച്ചില വളം എന്നിവ വളമായി നല്‍കുന്നു. മഴയെ ആശ്രയിച്ചാണ് ക്യഷിയെങ്കിലും ജാതിക്ക് വേനല്‍ ക്കാലത്ത് ഓസിട്ട് ജലസേചനം നടത്തുന്നുണ്ട്. നല്ല തൂക്കമുള്ള ജാതി പത്രിയാണ്  ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ജാതിക്കായ്കളില്‍ നിന്ന് ലഭിക്കുന്നത്. നല്ല പത്രിയുടെ ലക്ഷണം എന്നത് അവയുടെ കനവും കൂടുതല്‍ ഇതളുമാണ്. മുഴുവന്‍ പൊതിഞ്ഞു നില്‍ക്കുന്ന പത്രിയാണെങ്കില്‍ ഈ ഗുണങ്ങള്‍ ഒത്തുവരാറുണ്ട്. ജാതിപത്രി കായില്‍ നിന്ന് വേര്‍പെടുത്തുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം ചെയ്യാന്‍ പത്രി പൊട്ടിക്കാതെ തന്നെ മുകള്‍ ഭാഗം ചെറുതായി മുറിച്ച് വേര്‍പെടുത്തണം. പത്രി ഉണക്കുമ്പോള്‍ കൂടുതല്‍ ഉണക്കാന്‍ പാടില്ല. ഉണക്കുമ്പോള്‍ ജലാംശം പോയിക്കിട്ടിയാല്‍ മതി. പൊടിഞ്ഞു പോകുന്ന പരുവത്തില്‍ ഉണക്കിയാല്‍ വിലകുറയും. പഴയ വീടായതിനാല്‍ വീടിന്റെ അടുപ്പിനടിയില്‍ തട്ടുണ്ടാക്കി അതിലാണ് പത്രി ഉണക്കുന്നത്. വില്‍ക്കുമ്പോള്‍ വീട്ടില്‍ നിന്നു തന്നെ ഗ്രേഡ് തിരിച്ച് കൂടരഞ്ഞിയില്‍ തന്നെയുള്ള വ്യാപാരികളുടെ ഇടയില്‍ വില്‍ക്കുന്നു.

കുരുമുളക് ക്യഷി
                              കുരുമുളകും കവുങ്ങുമായിരുന്നു ഇവിടെ ആദ്യമായി ക്യഷി ചെയ്ത വിളകള്‍ ഇപ്പോഴുള്ള കുരുമുളക് ആദ്യം ചെയ്തതെല്ലാം നശിച്ചതിനു ശേഷം പിന്നീട് ഒരുക്കിയെടുത്തതാണ്. മുന്നൂറോളം കായ്കുന്ന കുരുമുളക് ഇപ്പോള്‍ ഇവിടെ ഉണ്ട്. കരിമുണ്ടയും വയനാടനുമാണ് ഇവിടുത്തെ കുരുമുളക് ഇനങ്ങള്‍. ഇവിടെ മുരിക്കിലാണ് കുരുമുളക് ക്യഷി ചെയ്തിരിക്കുന്നത്. നല്ല രീതിയില്‍ കുരുമുളക് ക്യഷി പരിപാലിക്കപ്പെടുന്നുണ്ടിവിടെ. സമയാ സമയങ്ങളില്‍ ബോര്‍ഡോ മിശ്രിതം സ്പ്രേ ചെയ്തും  വളം നല്‍കിയും ഈ ക്യഷി ഇവിടെ സംരക്ഷിക്കപ്പെടുന്നു. കുരുമുളകിന് ജൈവവളമാണ് നല്‍കുന്നത്. ചാണകവും പച്ചിലവളവും ജൂണ്‍ മാസത്തില്‍ത്തന്നെ ചെടികള്‍ക്ക് നല്‍കുന്നു.

തെങ്ങ് ക്യഷി 
               കൂടരഞ്ഞിയിലെ ഉയര്‍ന്ന മേഖലകളിലൊക്കെത്തന്നെ തെങ്ങുകള്‍ മഞ്ഞളിപ്പും കൂമ്പ് ചീയല്‍ രോഗം കൊണ്ട് നശിക്കുകയാണ്. ഇവിടെ സമുദ്ര നിരപ്പില്‍ നിന്ന് ആയിരത്തി അഞ്ഞൂറ് അടി ഉയരത്തില്‍ ആയിരുന്നിട്ടു കൂടി മറ്റുള്ള ക്യഷിയിടങ്ങളെ അപേക്ഷിച്ച് നല്ല പരിചരണം കൊണ്ട്  ഏകദേശം അറുപത് തെങ്ങുകള്‍ ഇപ്പോഴും നല്ല കായഫലം നല്‍കി ഈ ക്യഷിയിടത്തെ സമ്പുഷ്ടമാക്കുന്നു. പിതാവിന്റെ നാടായ തൊടുപുഴയില്‍ നിന്നും കൊണ്ടു വന്നതാണ്. ഇപ്പോഴുള്ള തെങ്ങുകളുടെ തൈകള്‍. ഇവിടുത്തെ തെങ്ങുകളിലെ പൊതിച്ച തേങ്ങ എണ്ണൂറ് ഗ്രാമിനു മേല്‍ തൂക്കം കിട്ടിക്കൊണ്ടിരുന്നവയായിരുന്നു.  രോഗം വന്നതിനു ശേഷം കായ്ഫലം കുറഞ്ഞു. എങ്കിലും ഇവിടെ കൂട്ടിയിട്ടിരിക്കുന്ന തേങ്ങകളുടെ വലിപ്പം കുറവാണെന്ന് പറയാന്‍ സാധിക്കില്ല. ആദ്യ കാലഘട്ടത്തില്‍ ഒരു കുലയില്‍ അന്‍പത് അറുപത് തേങ്ങകള്‍ വരെ ലഭിച്ചിരുന്നു. രണ്ട് ഇളനീര്‍ പൊട്ടിച്ചിട്ടാണ് അന്നൊക്കെ കയറിട്ട് കുല കെട്ടാന്‍ സാധിച്ചിരുന്നത് അത്ര വിളവാണ് അന്ന് ലഭിച്ചിരുന്നത്.

കാപ്പി ക്യഷി
                    കാപ്പി ആയിരത്തി മുന്നൂറ് എണ്ണം ക്യഷി ചെയ്യുന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി രണ്ടിലാണ് ഈ തോട്ടത്തില്‍ കാപ്പിക്ക്യഷി ആരംഭിച്ചത്. ഇപ്പോള്‍ ഇവിടെ ക്യഷി ചെയ്തിരിക്കുന്നത്  റോബസ്റ്റ ഇനത്തില്‍പ്പെട്ട കാപ്പിച്ചെടികളാണ്. ഗുണനിലവാരമുള്ളതും ഉല്‍പ്പാദനക്ഷമത കൂടിയതുമായ ഇനമായതിനാലാണ് റോബസ്റ്റ ഇവിടെ ക്യഷിക്കായി തെരെഞ്ഞെടുത്തിരിക്കുന്നത്. കുരുവെടുത്തു പാകി മുളപ്പിച്ച തൈകളാക്കിയാണ് കാപ്പി ക്യഷി ചെയ്തത്. കവാത്ത് ചെയ്ത് ഇവയ്ക്ക് നല്ല കായ് ഫലം ഉറപ്പു വരുത്തുന്നു. കവാത്ത് ചെയ്താല്‍ പുതിയ കമ്പുകള്‍ മുളച്ചുവരും ഇത് വിളവിന് ഗുണകരമാണ്. ജനുവരി മാസത്തില്‍ പാകമാകുന്ന കാപ്പിക്കുരു പറിച്ചെടുത്ത് അഞ്ചു ദിവസം കൊണ്ട് ഉണക്കും. ആദ്യം പരിപ്പായി കൊടുത്തിരുന്ന കാപ്പി ഇപ്പോള്‍ തൊണ്ടോടു കൂടിയാണ് മാര്‍ക്കറ്റില്‍ കൊടുക്കുന്നത്.
പിതാവ് ജോസഫ് മാതാവ് ത്രേസ്സ്യ
കൊക്കോ ക്യഷി
           കൊക്കോ നാനൂറ്റിയമ്പത് എണ്ണം ക്യഷി ചെയ്യുന്നു. പന്ത്രണ്ടു മാസവും വിളവു തരുന്ന വിളയാണ് കൊക്കോ. വേനല്‍ക്കാലത്ത് നല്ല വരുമാനം കൊക്കോ നേടിത്തരുന്നു. കൊക്കോ നനച്ചു കൊടുത്താല്‍ നല്ല വിളവ് കിട്ടും. കൊക്കോ ക്യഷിയില്‍ ശ്രദ്ധിക്കേണ്ടത് കുമിള്‍ രോഗത്തേയാണ്. അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കൊക്കോയ്ക്ക് ബോര്‍ഡോ മിശ്രിതം അടിക്കാറുണ്ട്. മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആണ് ആദ്യം സ്പ്രേ ചെയ്യുക. തുടര്‍ന്ന് മഴ അവസാനിക്കുമ്പോള്‍ ഓഗസ്റ്റിലും. കൊക്കോയുടെ വിപണനം വേനല്‍ക്കാലത്ത് വെയിലത്ത് ഉണക്കിയും, ബാക്കി സമയങ്ങളില്‍ ഉണക്കാതെയും കാഡ് ബറി കമ്പനിക്ക് നല്‍കുകയാണ് ചെയ്യുന്നത്.
 മറ്റ് ക്യഷികള്‍ 
              ഇഞ്ചി, മഞ്ഞള്‍, മരച്ചീനി, വാഴ, പച്ചക്കറികള്‍ വിവിധ ഫല വ്യക്ഷങ്ങള്‍ എന്നിവ ഇവിടെ ക്യഷി ചെയ്തു വരുന്നുണ്ട്. ഹിമാചല്‍ ഇനത്തില്‍പ്പെട്ട ഇഞ്ചിയാണ് ഇവിടെ ക്യഷി ചെയ്യുന്നത്. വിളവ് മികച്ചതായതിനാലും ചുക്കിന് പറ്റിയ ഗുണനിലവാരമുള്ളതിനാലുമാണ് ഈ ഇനം ഇവിടെ ക്യഷി ചെയ്യുന്നത്. ശൈത്യകാല വിളകള്‍ ക്ക് പറ്റിയ കാലവസ്ഥയായതിനാല്‍ കബേജും കോളിഫ്ലവറും കാരറ്റുമൊക്കെ ഇവിടുത്തെ ക്യഷിയിടത്തില്‍ വീട്ടാവശ്യത്തിനായി വിളയുന്നുണ്ട്.

പശു, ആട് വളര്‍ത്തല്‍  
           ഒരു ക്യഷിയിടം പൂര്‍ണ്ണമാകണമെങ്കില്‍ അവിടെ ഒരു പശു ഉണ്ടായിരിക്കണം കാരണം പശുവിനെക്കൊണ്ടുള്ള പ്രയോജനം പാല്‍ ലഭിക്കുന്നതില്‍ മാത്രമല്ല എന്നത് കൊണ്ട് തന്നെ. പശുവിന്റെ ചാണകവും മൂത്രവും ഇവിടെ ക്യഷിക്കുപയോഗപ്പെടുത്തുന്നു. രണ്ടു പശുക്കളാണ്, ക്യഷിയിടം ഫലഫൂയിഷ്ഠമാക്കാന്‍ ഇവിടെ വളര്‍ത്തുന്നത്. ആട് വളര്‍ത്തലിന് ഇവിടെ വളരെയധികം പ്രാധാന്യമാണുള്ളത്. മലബാറി ഇനത്തില്‍പ്പെട്ട പതിനഞ്ചോളം ആടുകളെയാണ് വളര്‍ത്തുന്നത്. ആടിനായി പ്രത്യേകം കൂട് തയാറാക്കിയിട്ടുണ്ട്. ധാരാളം ആടുകളുള്ളതിനാല്‍ ആട്ടിന്‍ കാഷ്ഠം ക്യഷിയിടത്തില്‍ ഉപയോഗപ്പെടുത്തുന്നു. പശുവിന്റെ പാല്‍ പുറത്തേക്ക് കൊടുക്കുന്നില്ല വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതേ പോലെതന്നെ ആടിന്റെ പാലും വില്‍ക്കുന്നില്ല പാല്‍ അതിന്റെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നു.

അനുഭവം അറിവുകള്‍  
                 അനുഭവ സമ്പത്ത് ഏതൊരു മനുഷ്യനേയും അറിവുള്ളവനാക്കി മാറ്റും. ഇവിടെ ആ അറിവുകള്‍ ക്യഷിയിടത്തില്‍ പ്രയോഗിച്ചിരിക്കുന്നു. ആ അറിവുകള്‍ പങ്കുവെക്കാനും ഒരുക്കമാണ് വില്‍സണ്‍.  ജാതി ക്യഷി ചെയ്യുമ്പോള്‍ വലിയ കുഴിഎടുക്കാതെ വേണം നടാന്‍. എല്ലാവരും വലിയ കുഴിയൊക്കെ കുഴിച്ച് തൈ നടും ഇങ്ങനെ ചെയ്യുമ്പോള്‍ ജാതിയുടെ വേരുകള്‍ ആ കുഴിക്കുള്ളിലെ ഇളക്കിയ മണ്ണിലേക്കു മാത്രം ചുരുങ്ങി പോകാന്‍ സാധ്യതയുണ്ട്. ഇത് വിളയുടെ ഉല്‍പ്പാദന ക്ഷമതയെ ബാധിക്കും. ജാതിത്തൈ വളര്‍ത്തിയ കൂടയുടെ അതേ വലിപ്പത്തിലുള്ള കുഴിയില്‍ നട്ടാല്‍ മതി വേരുകള്‍ പടര്‍ന്ന് പൊയ്ക്കൊള്ളും. ഇങ്ങനെ ചെയ്യുമ്പോള്‍ വളര്‍ച്ച കുറയുമെങ്കിലും ദീര്‍ഘകാലത്തില്‍ നേട്ടം തരും. കൂടാതെ എപ്പോഴും ഒന്നാം വര്‍ഷ തൈകള്‍ നടുന്നതിന് ശ്രദ്ധിക്കണം. രണ്ടാം വര്‍ഷ തൈകള്‍ കൂടക്കുള്ളിലിരുന്ന് വേരുകള്‍ ഞെരുങ്ങിയവയായിരിക്കും ഒന്നാം വര്‍ഷ തൈകള്‍ നടുമ്പോള്‍ ഇങ്ങനെ വേരുകള്‍ നഷ്ടപ്പെടില്ല. വേര് നഷ്ടപ്പെടാതെ ക്യത്യമായ വളര്‍ച്ച കിട്ടും. ഒന്നാം വര്‍ഷ തൈകള്‍ നടുമ്പോള്‍ വളരെയധികം ബുദ്ധിമുട്ടുണ്ട്. ജീവികളില്‍ നിന്നും സംരക്ഷിക്കാന്‍ സംരക്ഷണ കവചമൊരുക്കണം. ഈ ബുദ്ധിമുട്ടു കാരണമാണ് കര്‍ഷകര്‍ രണ്ടാം വര്‍ഷ തൈകള്‍ നടുന്നത്. ജാതി കൂടാതെ കുരുമുളക് ക്യഷിയിലും വില്‍സണ് തന്റേതായ ശൈലിയുണ്ട്. മണ്ണിളക്കി കുഴിയുണ്ടാക്കി നടുന്ന രീതിക്കു പകരം. പുല്ല് ചെത്തിമാറ്റി തണ്ടിലെ രണ്ട് മുട്ട് വരെയുള്ള ഭാഗം മണ്ണിലേക്ക് ചായ്ച്ച് വെച്ച് മണ്ണിട്ട് നടുന്നു. മണ്ണിളക്കി തണ്ട് നട്ടാല്‍ വെള്ളം കെട്ടികിടക്കുമെന്നതിനാലാണ് ഈ രീതി പിന്തുടരുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ തൊണ്ണൂറു ശതമാനവും പിടിച്ചു കിട്ടും. കൂടാതെ ഒരു കമ്പെടുത്തു തുളയുണ്ടാക്കി അതില്‍ തണ്ട് താഴ്ത്തി നടുന്നതും ഗുണകരമാണ്.


ക്യഷിയിലേക്കെത്തിച്ചേര്‍ന്നത്
                 കുടിയേറ്റം തന്നെ ക്യഷിക്കു വേണ്ടിയായിരുന്നു. ആ പാരമ്പര്യം തന്നെ തുടരുന്നതിനു തീരുമാനിച്ചു. ആദ്യ കാലഘട്ടത്തില്‍ ഫലഭൂയിഷ്ഠമായ മണ്ണ് നല്ല വിളവ് തന്നു അതിനാല്‍ തന്നെ ക്യഷിയോട് താല്‍പര്യം തോന്നി. ഇടക്കാലത്ത് ചില കച്ചവട സംരംഭങ്ങള്‍ തുടങ്ങിയെങ്കിലും ക്യഷിയോടുള്ള താല്‍പര്യം നിമിത്തം അവയെല്ലാം ഉപേക്ഷിച്ചു. ഇന്ന് കാണുന്ന എല്ലാ നേട്ടങ്ങള്‍ക്ക് കാരണവും ക്യഷിയാണ്.

കുടുംബം കൂടരഞ്ഞി ക്യഷിഭവന്‍  
                 എല്ലാ ക്യഷികളും അതിന്റെ സമയത്ത് ക്യത്യമായ രീതികളില്‍ ചെയ്യണം എന്നതില്‍ നിഷകര്‍ഷ പുലര്‍ത്തുന്ന വില്‍സണ് ഭാര്യ സിനിയും മക്കളായ ആന്‍ ട്രീസയും ജോയലും ക്യഷിയില്‍ പിന്തുണ നല്‍കുന്നു. കഴിഞ്ഞ വര്‍ഷം കര്‍ഷകദിനത്തില്‍  മികച്ച കര്‍ഷകനായി വില്‍സണെ ആദരിച്ച് അര്‍ഹമായ അംഗീകാരം നല്‍കുന്നതില്‍ കൂടരഞ്ഞി ക്യഷിഭവന്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കൂടാതെ അര്‍ഹമായ സഹായങ്ങളും ഉപദേശങ്ങളും നല്‍കി ഇദ്ദേഹവും ക്യഷിഭവനുമായി നല്ല ഒരു ബന്ധം കാത്തു സൂക്ഷിക്കുന്നു.
.

വിലാസം
വില്‍സണ്‍ കുറുവത്താഴത്ത്
കൂടരഞ്ഞി പി ഒ
തിരുവമ്പാടി (വഴി)
കോഴിക്കോട് ജില്ല 673604
മൊബൈല്‍ നം 9447335625
 

തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്