ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

3 Jul 2015

ജാതിക്ക്യഷിയുടെ പെരുമയില്‍ സാന്റോ മംഗലത്തില്‍

                                   
  'പൂവാറന്‍തോട്' ജാതിക്ക്യഷിക്ക് പേരുകേട്ട കൂടരഞ്ഞിയിലെ മലയോരഗ്രാമം. 'പ്രക്യതിയുടെ സൌന്ദര്യം കനിഞ്ഞു കിട്ടിയ ഒരു പ്രദേശം', 'വനത്താല്‍ ചുറ്റപ്പെട്ട ഒരുഗ്രാമം', 'ചെറുതോടുകളാല്‍ സമ്പന്നമായ ഭൂപ്രദേശം' പൂവാറന്‍തോടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല‌. ഈ പ്രദേശത്ത് ഒരു 'ജാതി' പോലും ഇല്ലാത്ത ക്യഷിയിടങ്ങളില്ല, ജാതി ഇവിടുത്തെ മുഖ്യ വിളയാണ്. ജാതി മാത്രം വിളയുന്ന നാല്‍പ്പത് ഏക്കര്‍ വരെയുള്ള തോട്ടങ്ങള്‍ ഇവിടെയുണ്ട്. ഈ സുന്ദരഭൂമിയില്‍ കുടിയേറ്റ കാലഘട്ടത്തില്‍ കുടിയേറിയ നിരവധി കുടുംബങ്ങളുണ്ട്. ഇവിടുത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് മണ്ണാര്‍പ്പൊയില്‍. പൂവാറന്‍തോട് ക്യസ്ത്യന്‍ പള്ളിക്ക് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ഏറ്റവും നല്ല ജാതിത്തോട്ടങ്ങള്‍ കാണാന്‍ സാധിക്കും. ഈ പ്രദേശത്തെ ജാതിമരങ്ങള്‍ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് അവയുടെ കായുടെ തൂക്കത്തിലും ഗുണമേന്മയിലും ഏറെ മുന്നിലാണ്. ഇവിടെ പിതാവിനൊപ്പം കുടിയേറിയ സാന്റോ മംഗലത്തില്‍ എന്ന ചെറുപ്പക്കാരന്‍ മണ്ണാര്‍പ്പൊയിലിലെ ക്യഷിയിടത്തില്‍ ജാതിക്ക്യഷിയില്‍ പെരുമ തിര്‍ക്കുകയാണ്.

                                     മണ്ണാര്‍പ്പൊയിലിലെ ഏറ്റവും പ്രധാനപ്പെട്ടതും ക്യഷിക്ക് അനുയോജ്യവുമായ സ്ഥലത്താണ് സാന്റോയുടെ ക്യഷിയിടം സ്ഥിതിചെയ്യുന്നത്. പറമ്പിന്റെ ഒത്ത നടുക്കെന്ന പോലെ വീട് തലയുയര്‍ത്തി നില്‍ക്കുന്നു. അതിനടുത്ത് ഒരുതൊഴുത്തുണ്ട്. കൂടാതെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ നിറഞ്ഞു കായ്ക്കുന്ന ജാതി മരങ്ങള്‍, കമുക്, കുരുമുളക്, ഗ്രാമ്പു, കാപ്പി, സി ഒ ത്രീ പുല്ല്, വാഴ, മരച്ചീനി തുടങ്ങിയവ മനോഹര ദ്യശ്യം പ്രദാനം ചെയ്യുന്നു.
                                    അഞ്ചേക്കറിനടുത്തു വരുന്ന ഈ പുരയിടത്തില്‍ ഇരുന്നൂറ്റിയമ്പത് കായ്ക്കുന്ന ജാതി മരങ്ങള്‍ ഉണ്ട്. തൊടുപുഴയില്‍ നിന്നും കുടിയേറിയപ്പോള്‍ അമ്മ കൊണ്ടുവന്ന തൈയ്യില്‍ നിന്നു തുടങ്ങിയ വംശവര്‍ദ്ധനവാണ് ഇവിടുത്തെ ഇപ്പോഴുള്ള ജാതിമരങ്ങളുടെ ചരിത്രം. എണ്‍പത് കായ്കള്‍ ഒരു കിലോ ജാതിക്കായും നാനൂറ് കായ്കള്‍ ഒരു കിലോ പത്രി എന്ന കണക്കിലാണ് ഇവിടുത്തെ വിളവ്. ജാതിമരങ്ങള്‍ക്ക് പ്രധാനമായും ചാണകമാണ് വളമായി ഉപയോഗിക്കുന്നത്. കൂടാതെ കുമ്മായവും പൊട്ടാഷും നല്‍കുന്നുണ്ട്. കോഴിവളം ജാതിക്കിടുന്നത് നല്ലതല്ലെന്ന അഭിപ്രായക്കരനാണ് സാന്റോ. ജാതിയുടെ ക്യഷിപ്പണികളില്‍ ശ്രദ്ധേയമായ കാര്യം തൂമ്പകൊണ്ട് തടമെടുക്കില്ല എന്നതാണ്. വേരുകള്‍ക്ക് ക്ഷീണം തട്ടുമെന്നതിനാല്‍ കൈകൊണ്ട് തടത്തിലുള്ള കാട് പറിച്ച് വളമിട്ട് പുറമേ നിന്നുള്ള മണ്ണെടുത്തിടും. മെയ് അവസാനമാകുമ്പോഴേക്കും എല്ലാ വിളകള്‍ക്കും ബോര്‍ഡോമിശ്രിതം തളിയ്ക്കുകയും കൂടി ചെയ്യുന്നു. ജാതി പത്രി ഉണക്കാന്‍ സ്പൈസസ് ബോര്‍ഡിന്റെ സഹായത്താല്‍ സ്ഥാപിച്ചിരിക്കുന്ന വിറകില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡ്രയര്‍ ഉണ്ട്. ജാതിയുടെ വിപണി കൂടരഞ്ഞിയിലെ മലഞ്ചരക്ക് വ്യാപാരികളും ഈരാട്ടുപേട്ടയില്‍ നിന്നുമുള്ള കച്ചവടക്കാരുമാണ്.
                                    ഇവിടുത്തെ ജാതിയുടെ കായ്കള്‍  ജാതിത്തൈ ഉണ്ടാക്കുന്നതിന് ഉപയോഗപ്പെടുത്തുന്നുണ്ട്. മികച്ച ജാതിയാണ് ഇവിടെ എന്നുള്ളതിനാല്‍ കേട്ടറിഞ്ഞ് മറ്റുള്ള ക്യഷിക്കാര്‍ തൈ തേടി വരാറുണ്ട്. സാന്റോയുടെ അഭിപ്രായത്തില്‍ തൈ ഉണ്ടാക്കുന്നതിന് നല്ല ജാതിമരത്തിന്റെ കുരുവാണെങ്കിലും  മാത്യവ്യക്ഷത്തിന്റെ അതേ സ്വഭാവം തന്നെ കാണിക്കണമെന്നില്ല. നൂറും നൂറുസ്വഭാവമാണ് കാണിക്കുക.
               ഇവിടെ നടാന്‍ തൈകള്‍ തയ്യാറാക്കുന്നത് ഇവിടെ ത്തന്നെയുള്ള മികച്ച ജാതിമരങ്ങളുടെ കായ്കള്‍ ഉപയോഗിച്ചാണ്. ചാണകപ്പൊടി ചേര്‍ത്ത മണ്ണ് കുറഞ്ഞ മണലിട്ട കൂടുകളിലാണ് ജാതിക്കുരുക്കള്‍ പാകുന്നത്. ചിങ്ങമാസത്തിലാണ് തൈക്കുവേണ്ടി ജാതിക്കുരുക്കള്‍ ശേഖരിച്ച് വിത്തുകളാക്കുന്നത്. അന്‍പത് ദിവസം മുതല്‍ തൊണ്ണൂറ് ദിവസം വരെ വേണം വിത്തുകള്‍ മുളച്ച് തീരുന്നതിന്.
                             ജാതി കൂടാതെ കുരുമുളക് തൈകള്‍ പഴയതും പുതിയതുമായി അഞ്ഞൂറുതൈകളുണ്ട് അവയ്ക്ക് ചാണകവും എല്ലുപൊടിയും വളമായും സസ്യ സംരക്ഷണത്തിനായി ബോര്‍ഡോ മിശ്രിതവുമാണ് തളിക്കുന്നത്. പുതുമഴയുടെ സമയത്താണ് കൊടിക്ക് ചാണപ്പൊടിവളമായി ഇടുന്നത്. പന്നിയൂര്‍ ഒന്നും കരിമുണ്ടയുമാണ് പ്രധാനമായും ഇവിടെ ക്യഷി ചെയ്തിരിക്കുന്ന കുരുമുളക് ഇനങ്ങള്‍. വീടിനു പുറകിലായി നേരത്തെ നട്ട റബ്ബര്‍ മരങ്ങളിലാണ് പുതിയ കുരുമുളക് തൈകള്‍ കയറ്റിയി വിട്ടിരിക്കുന്നത്. ഇവിടെ റബ്ബര്‍ ക്യഷി ചെയ്യുന്നത് ലാഭകരമല്ല എന്ന തിരിച്ചറിവില്‍ നിന്നുമാണ് അദ്ദേഹം ഈ മരങ്ങള്‍ കുരുമുളക് ക്യഷിക്കുപയോഗപ്പെടുത്തുന്നത്.

                   ഒരു ക്യഷിയിടത്തിന് ആവശ്യം വേണ്ട ഒന്നാണ് ജലസേചന സൌകര്യം. ഇവിടെ ജലസേചനത്തിനായി ക്യഷിയിടത്തിന്റെ താഴ് ഭാഗത്ത് ഒരുകുളമുണ്ട് നല്ല കരിങ്കല്ലുകൊണ്ട് കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. ഈ കുളത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച് സ് പ്രിംഗ്ളര്‍ രീതിയിലും  സാധാരണ രീതിയിലും വിളകള്‍ നനക്കുന്നു.
                                    അടുത്ത കാലത്താണ് പൂവാറന്‍തോടില്‍ വൈദ്യുതി എത്തിയത്. ജലസമ്യദ്ധമായ ഈ പ്രദേശത്ത് നിരവധി ചെറു നീര്‍ച്ചാലുകളുണ്ട്. അതിനാല്‍ ആദ്യകാലത്ത് ഡൈനാമോ ഉപയോഗിച്ചാണ് വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് എന്നാല്‍ ഇപ്പോള്‍ വൈദ്യുതി ഇവിടെയെത്തിയതോടെ ഇത്തരം ഡൈനമോകള്‍ വീടുകളില്‍ നിന്ന് അപ്രത്യക്ഷമായി അങ്ങനെയാണെങ്കിലും സാന്റോയുടെ ക്യഷിയിടത്തില്‍ ഈ ഡൈനാമോ ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്.


                                        സാന്റോയുടെ ക്യഷിപ്പണിയില്‍  സഹധര്‍മ്മിണി ട്വിങ്കിള്‍ എപ്പോഴും സഹായത്തിനായുണ്ട്. മക്കളായ അജിറ്റോ എബിറ്റോ എന്നിവരും പിതാവിനെ ക്യഷിപ്പണിയില്‍ സഹായിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ ക്യഷിയോടുള്ള ആത്മാര്‍ത്ഥതക്ക് കൂടരഞ്ഞി ക്യഷിഭവന്‍ കര്‍ഷകദിനത്തില്‍  മികച്ച കര്‍ഷകനായി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടരഞ്ഞി ക്യഷിഭവന്‍ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികളിലൂടെയും സുഗന്ധവിള വികസന പദ്ധതികളിലൂടെയും ഇദ്ദേഹത്തിന്റെ ക്യഷികള്‍ക്ക് സഹായം നല്‍കി ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ക്യഷിയിലുള്ള സത്യസന്ധതയും ആത്മാര്‍ത്ഥയുമാണ് ഇദ്ദേഹത്തിനെ ഈ ക്യഷിയില്‍ തുടരുന്നതിനും ഇത് ജീവിതമാര്‍ഗ്ഗമാക്കുന്നതിനും പ്രചോദനമാകുന്നത്.

സാന്റോ മംഗലത്തിലിന്റെ ഫോണ്‍ നം  : 9188082819
                                 സാന്റോയുടെ ക്യഷിയിടത്തില്‍ 


                           മിഷേല്‍ ജോര്‍ജ്, ക്യഷിഅസ്സിസ്റ്റന്റ്