ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

15 Jul 2015

ക്യഷിയുടെ പാരമ്പര്യം തുടര്‍ന്ന് ടോമി മേക്കുന്നേല്‍

                        
                           കൂടരഞ്ഞി കുളിരാമുട്ടിയില്‍ രണ്ടരയേക്കര്‍ സ്ഥലത്ത് പിതാവ് കാണിച്ചു തന്ന ക്യഷിയുടെ പാരമ്പര്യം തുടരുകയാണ്  ടോമി മേക്കുന്നേല്‍. ഇവിടെ ക്യഷി ജീവിത മാര്‍ഗ്ഗമാണ്, കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗവും. കുളിരാമുട്ടിയില്‍ ആയിരത്തി തൊള്ളായിരത്തി അറുപത് കാലഘട്ടത്തില്‍ കുടിയേറിയതാണ് ടോമിയുടെ പിതാവ് ഫിലിപ്പ്. അദ്ദേഹം ഇവിടെ ക്യഷിയാരംഭിച്ചു മക്കള്‍ക്ക് മാത്യക നല്‍കി. അദ്ദേഹത്തിന്റെ മകനായ ടോമി ആ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ മുഴുവന്‍ സമയ കര്‍ഷകനാണ്.

                                 സമ്മിശ്ര ക്യഷിയിലൂന്നിയ ക്യഷിടം. അതാണ് ടോമിയുടെ ക്യഷിയിടത്തെക്കുറിച്ച് വിശേഷിപ്പിക്കാവുന്നത്. സാധാരണ കര്‍ഷകരെപ്പോലെ ആകെയുള്ള സ്ഥലത്ത് ഭൂരിപക്ഷവും റബര്‍ വച്ചുപിടിപ്പിച്ച് ബാക്കി തെങ്ങിന് എന്നുള്ള രീതി ഇവിടെ കാണാനില്ല. റബര്‍ ചെയ്യുന്നുണ്ടെങ്കില്‍ കൂടി തെങ്ങ്, കമുക്,വാഴ, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ , മരച്ചീനി, ചേന, പച്ചക്കറികള്‍ എന്നിവ ഇവിടെ ക്യഷി ചെയ്ത് വരുന്നു. പത്തിരുപത്തഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ ക്യഷിയിടത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ നല്ല അറിവുള്ള കര്‍ഷകനാക്കി മാറ്റിയിട്ടുണ്ടെന്ന് ഒരോ ക്യഷികളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നതില്‍ നിന്നും ഇപ്പോള്‍ തുടരുന്ന സമ്മിശ്ര ക്യഷിയില്‍ നിന്നും  മനസ്സിലാക്കാം.

തെങ്ങ് ക്യഷി
                        തിരുവതാംകൂറില്‍ നിന്നു വന്നപ്പോള്‍ കൊണ്ടു വന്ന നാടന്‍ തെങ്ങ് ഇവിടെ നട്ടു വളര്‍ത്തി. അവയില്‍ എഴുപത്തിയഞ്ച് തെങ്ങുകള്‍ നല്ല കാഫലം ഇപ്പോഴും നല്‍കുന്നുണ്ട്. ഒരു തെങ്ങില്‍ നിന്നും ശരാശരി എണ്‍പത് നൂറ് തേങ്ങകള്‍ ലഭിച്ചിരുന്നു. ഇന്ന് പലവിധ കാരണങ്ങള്‍ കൊണ്ട് എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. മെയ് അവസാനമോ ജൂണ്‍ ആദ്യമോ പുതു മഴകിട്ടി മണ്ണൂ കുതിര്‍ന്നതിനു ശേഷം തവള കരയുന്നത് മണ്ണു കുതിര്‍ന്നതിന്റെ ലക്ഷണമാണെന്ന് ടോമി കൂട്ടിച്ചേര്‍ത്തു. ആ സമയത്താണ് ചാണകപ്പൊടിയും എല്ലുപൊടിയും ചേര്‍ത്ത് തെങ്ങിന് ആദ്യ വള പ്രയോഗം. ആദ്യ വളമിട്ട് രണ്ടു മാസം കഴിയുമ്പോള്‍ കുമ്മായം നല്‍കും. തുടര്‍ന്ന് ഒക്ടോബര്‍ മാസത്തില്‍ തടം തുറന്ന് പൊട്ടാഷ് കലര്‍ന്ന രാസവള പ്രയോഗം. ഇടമഴ കുറയുമ്പോഴാണ് കാഫലം കുറയാറുള്ളതെന്ന് അനുഭവത്തില്‍ നിന്നു മനസ്സിലാക്കിയ കാര്യമാണെന്നും ഇട മഴ കിട്ടുമ്പോള്‍ ആ വര്‍ഷം ക്യഷി മികച്ചതാകാറുമുണ്ടെന്ന് 'കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം' എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിച്ച് അദ്ദേഹം പറഞ്ഞു.

കവുങ്ങ് ക്യഷി
                   മുന്നൂറിനടുത്തുള്ള കവുങ്ങുകളാണ് ഈ ക്യഷിയിടത്തിലുള്ളത് മലപ്പുറത്തു നിന്നുള്ള നാടന്‍ സങ്കരയിനം കമുകുകളുടെ വിത്ത് പാകിയുണ്ടാക്കിയ തോട്ടം. നല്ല കാഫലം ആദ്യ കാലത്ത് ലഭിച്ചു. ആ കാലഘട്ടത്തില്‍ പാക്കടക്ക മലപ്പുറത്തു നിന്ന് കൊണ്ടു വന്നതിന്റെ കഷ്ടപ്പാട് പിതാവ് പറഞ്ഞത് ടോമി ഓര്‍ത്തെടുത്തു. അന്ന് അടക്ക കൊണ്ടു വന്നത് കാറിലായിരുന്നു. ഇടക്ക് വെച്ച് കാറുകാരന്‍ പോലീസിനെക്കണ്ട് പേടിച്ച് ചരക്ക് അവിടെയിറക്കിപ്പിച്ചതും ഉന്തുവണ്ടിയിലും ബസിലും തലച്ചുമടായും ഇവിടെയെത്തിച്ചതുമായ കാര്യങ്ങള്‍ സംസാരത്തിനിടയില്‍ അയവിറക്കി. ചാണകവും ചവറുമാണ് വളമായി കവുങ്ങിന് നല്‍കുന്നത്. ചവറിട്ടാല്‍ വേര് നന്നായിട്ടിറങ്ങുമെന്നും മണ്ണില്‍ സൂക്ഷ്മ ജീവികള്‍ നന്നായി ഉണ്ടാവുകയും നല്ല കാഫലം ലഭിക്കുകയും ചെയ്യുമെന്ന് സംസാരത്തിനിടയില്‍ പറഞ്ഞു. സസ്യ സംരക്ഷണത്തിനായി മഴ പെയ്ത് ഇരുപത് ദിവസത്തിനു ശേഷം തുരിശടിക്കും. ഇരുപത് ദിവസത്തിനു ശേഷമാണ് മഹാളി കണ്ടു വരുന്നത് എന്നതിനാലാണ് ഈ സമയത്ത് മരുന്ന് സ്പ്രേ ചെയ്യുന്നത്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോതനുസരിച്ചാണ് മഹാളിക്കു കാരണമാകുന്ന കുമിളിന്റെ വ്യാപനം. മഴക്കിടക്ക് നല്ല വെയില്‍ ലഭിക്കുമ്പോള്‍ ഇത് നശിക്കാറുമുണ്ട്. ഒരേ സമയം ആറു കുല  വരെ നിറഞ്ഞ കവുങ്ങുകള്‍ ഇപ്പോള്‍ മഞ്ഞളിപ്പ്  ബാധിച്ച് അതിന്റെ അവസാന ഘട്ടത്തിലാണ്.


കുരുമുളക് ക്യഷി
                                 ഒരു കാലഘട്ടത്തില്‍ ഏറ്റവും വരുമാനം നേടിത്തന്ന ക്യഷി ഇടക്കാലത്ത് അതിന്റെ പ്രഭാവം നഷ്ടപ്പെട്ടു. ഇപ്പോള്‍ തിരിച്ചു വരവിന്റെ പാതയിലാണ് കുരുമുളക് ക്യഷി. ഇവിടെ എല്ലാവര്‍ക്കും മുന്‍പേ തന്നെ കുരുമുളക് പുനരുദ്ധാരണം തുടങ്ങി. മുന്നൂറ്റമ്പതിനടുത്ത് ചെറുതും വലുതുമായ കൊടികള്‍ ഭൂരിപക്ഷവും കരിമുണ്ട ഇനത്തില്‍ പ്പെട്ട കൊടികള്‍ . ആദ്യകാലഘട്ടത്തില്‍ പഴയ ഇനം കൊടികളായ 'ഇരുമണിയന്‍', 'കുതിരവാലി', 'ബാലന്‍കൊട്ട', 'നാരായക്കൊടി', 'അര്‍ക്കളം' 'കാണിയക്കാടന്‍' എന്നിവ ഈ പറമ്പില്‍ ക്യഷി ചെയ്തിരുന്നു. പഴയ കാലഘട്ടത്തില്‍ ബാലന്‍കൊട്ടയെക്കുറിച്ച് പറയുന്നത് അടുപ്പിന്‍ ചുവട്ടിലിട്ട് കത്തിച്ച് കളഞ്ഞാലും വീണ സ്ഥലത്ത് മുളച്ചു വരുമെന്നാണ്. അത്രയും പ്രതിരോധ ശേഷിയുണ്ടായിരുന്നു ഇത്തരം ഇനങ്ങള്‍ക്ക്. എങ്കിലും വിളവ് എന്നതിന് പ്രാധാന്യം നല്‍കി കരിമുണ്ടയിലേക്ക് മാത്രമായി തിരിഞ്ഞു. അതോടെ കരിമുണ്ടയുടെ തണ്ടിന് ആവശ്യക്കാര്‍  കൂടുകയും ചെയ്തു. അഴുകിപ്പൊടിഞ്ഞചാണകപ്പൊടി  ജൂണോടെ ഇട്ടു കൊടുക്കും കൂടെ നല്ല ചവറും ഇട്ടു കൊടുക്കും ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടാം വര്‍ഷം മുതല്‍ നല്ല വേരോട്ടം കിട്ടും. നാലു മുതല്‍ അഞ്ചു വരെ കണ്ണികള്‍ ഉണ്ടാവും. വേരോട്ടം കുറവാണെങ്കില്‍ ഇലക്കു നിറവും കട്ടിയും എണ്ണവും കുറയും. നല്ല വിളവാരംഭിക്കുന്ന നാലുമുതല്‍ ഏഴുകൊല്ലം വരെയുള്ള കൊടികള്‍ക്കാണ് രോഗം ബാധിക്കുന്നത് . ഇത് തരണം ചെയ്താല്‍ നല്ല വിളവ് നേടാം.വീര്യം കുറഞ്ഞ കുമ്മായം തണ്ടുകളില്‍ ഇട്ട് കുമിള്‍ ബാധയെ ചെറുക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. വെളുത്ത കക്ക നീറ്റിയുണ്ടാക്കുന്ന കുമ്മായത്തിന് വീര്യം കുറവാണെന്നതിനാല്‍ ചെടിക്ക് ദോഷം വരില്ലെന്ന പക്ഷക്കാരനാണ് ടോമി.  കമുക്, മുരിക്ക്, മുരിങ്ങ എന്നിവയാണ് താങ്ങു കാലുകളാക്കിയിരിക്കുന്നത്. മുരിങ്ങയിലാണ് കൂടുതലും കൊടിയിട്ടിരിക്കുന്നത്.

ഇഞ്ചിക്ക്യഷി
                 ഇപ്പോള്‍ ഇവിടെത്തന്നെയുള്ള വിത്തുപയോഗിച്ചുള്ള അന്‍പത് കണ്ടം ഇഞ്ചിക്ക്യഷി. ജൂണ്‍ മാസം ക്യഷി ചെയ്തു. ചാണകപ്പൊടിയും എല്ലുപൊടിയും അടിവളമായി നല്‍കി കിളച്ചു മറിച്ച് അതില്‍ ഇഞ്ചി വിത്തിട്ട് ശീമക്കൊന്നയുടെ ഇലയും ചൂട്ടും ഇട്ടു മൂടിയുള്ള ക്യഷി. കൂടെ ചെറുതായി രാസവളവും. നരപ്പ് വരുമ്പോള്‍ ബോര്‍ഡോമിശ്രിതത്തിന്റെ പ്രയോഗം.

വാഴക്ക്യഷി
                    നല്ല ഒരു വാഴക്കര്‍ഷകന്‍ കൂടിയാണ് ടോമി. സ്വന്തം പറമ്പിലും അനുയോജ്യമായ സ്ഥലം ലഭിക്കുകയാണെങ്കില്‍ പാട്ടത്തിനും ക്യഷി ചെയ്യും. ശരാശരി അഞ്ഞൂറു വാഴയാണ് ക്യഷി ചെയ്യുക. ത്യശ്ശിനാപ്പിള്ളി നേന്ത്രന്‍ ആണ് സാധാരണ ക്യഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ക്യഷിഭവനില്‍ നിന്നും ലഭിച്ച 'ഗ്രാന്‍ഡ് നയന്‍' ഇനത്തില്‍പ്പെട്ട ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ ക്യഷിചെയ്തിരുന്നു. നല്ലതൂക്കമുണ്ടായിരുന്നു കുലകള്‍ക്ക്.

മറ്റു ക്യഷികള്‍
              ജാതി മരം അഞ്ചെണ്ണമാണുള്ളത് നല്ല രിതിയില്‍ പരിപാലിക്കപ്പെടുന്നു. ഇവിടെ മരച്ചീനിയും ചേനയും കാച്ചിലും പച്ചക്കറികളുമൊക്കെ വീട്ടാവശ്യത്തിനായും വില്‍ക്കാനും ക്യഷി ചെയ്യുന്നു. ഇവിടുത്തെ ഭാഷയില്‍ മരച്ചീനിക്ക് കപ്പ എന്നാണ് പറയാറ്. വീടിനു താഴ്ഭാഗത്തായി വെള്ള ആമ്പക്കാടന്‍ ഈ പ്രവശ്യം ക്യഷി ചെയ്തിട്ടുണ്ട്. കൂടെ വീടിനു മുകള്‍ ഭാഗത്ത് ചേനയും ക്യഷി ചെയ്തു. മെയ് മാസത്തിലെ പുതുമഴയുടെ സമയത്ത് ഒരു കിലോയോളം വലുപ്പമുള്ള മുളയുള്ള വിത്തുകളാണ് ക്യഷിക്കുപയോഗിച്ചത്. മുളക്കനുസരിച്ച് കുഴിയെടുത്ത് ചാണകപ്പൊടിയും എല്ലുപൊടിയും തൂളി ഇളക്കി അതിന് നടുവില്‍ ചാലിട്ട്. നാലു വശത്തു നിന്നും മൂടുന്നു. പിന്നെ മുകളില്‍  തഴങ്ങ് ഇടുന്നു. ഇലവരുമ്പോള്‍ കാട് പറിച്ച് കുറച്ച് രാസവളം. പച്ചക്കറികളില്‍ പ്രധാന ക്യഷി വള്ളിപ്പയറാണ്. എല്ലാക്കൊല്ലവും പയറു ക്യഷി ചെയ്യുന്ന ടോമി, കൂടരഞ്ഞിയിലെ ചന്തയിലാണ് പയര്‍ വില്‍ക്കുന്നത്.
വിപണനം
                 തിരുവമ്പാടി മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കായിരുന്നു തേങ്ങ കൊടുത്തു കൊണ്ടിരുന്നത്. പൊതു വിപണിയില്‍ വിലകൂടിയപ്പോള്‍ കൂടരഞ്ഞി അങ്ങാടിയില്‍ കൊടുത്തു. കൂടാതെ ക്യഷിഭവന്റെ പച്ചത്തേങ്ങ സംഭരണവും ഉപയോഗപ്പെടുത്തി. വാഴക്കുല കൊടുവള്ളിയിലേയും താമരശ്ശേരിയിലേയും ചന്തകളില്‍ നല്‍കുന്നു. കുരുമുളകിന്റെ വിപണനം കൂടരഞ്ഞിയില്‍ ത്തന്നെയാണ്.

പശു വളര്‍ത്തല്‍
              രണ്ടു പശുക്കളുണ്ട് അവയുടെ പാല്‍ അടുത്തുള്ള വീടുകളില്‍ നല്‍കുന്നു. കൂടാതെ തൈരാക്കി വില്‍ക്കുകയും ചെയ്യുന്നു. തൈരാക്കി വില്‍ക്കുന്നത് കൂടുതല്‍ ലാഭകരമാണെന്നതിനാല്‍ കൂടുതലും ആ രീതിയില്‍ ചെയ്യുന്നു. തൈരിന്റെ പുളിപ്പ് ക്യത്യമായാല്‍ ആവശ്യക്കാര്‍ തേടി വരും കൂടരഞ്ഞിയിലെ പച്ചക്കറിക്കടകളിലാണ് തൈര് കൊടുക്കുന്നത്.


അനുഭവം അറിവുകള്‍
                           ഇതു വരെ ചെയ്ത ക്യഷികളില്‍ ഏറ്റവും ലാഭകരമായത് കുരുമുളകും അടക്കയുമായിരുന്നു ഒപ്പം ഇഞ്ചിക്ക്യഷിയും. മുന്‍പ് പ്രധാനമായും ഇഞ്ചി വന്‍തോതില്‍ ക്യഷി ചെയ്ത് ചുക്കായി വില്‍ക്കുമായിരുന്നു. ശീമക്കൊന്ന എല്ലാവരും ഇപ്പോള്‍ കൊടിക്ക് താങ്ങുകാലുകളായി വ്യാപകമായി ഉപയോഗിക്കുന്നു. എന്നാല്‍ ഇവക്കും ഇപ്പോള്‍ പുഴു ശല്യമുണ്ടെന്ന് കണ്ടെത്തി. പണ്ട് തെങ്ങിന് ഉല്‍പ്പാദനം കൂടുതലും ചെലവു കുറവും. ഇന്ന് അതിന് വലിയ വ്യത്യാസം വന്നു അതുകൊണ്ട് തെങ്ങ് ക്യഷി വലിയ ലാഭം തന്നില്ല.
കുടുംബവും കൂടരഞ്ഞി ക്യഷിഭവനും 
                 പിതാവ് ഫിലിപ്പും അമ്മ മേരിയും ഇദ്ദേഹത്തോടൊപ്പം താമസിക്കുന്നു. ഭാര്യ ഷൈനിയും മകള്‍ ജെനി മരിയ, മകന്‍ ജിതിന്‍ എന്നിവര്‍ ക്യഷിയില്‍ ഇദ്ദേഹത്തെ സഹായിച്ച് ഒപ്പമുണ്ട്. ക്യഷി ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ടോമിയെപ്പോലുള്ള കര്‍ഷകരെ അവരുടെ ക്യഷിയിടത്തിലേക്കിറങ്ങി പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സുഗന്ധവിള വികസന പദ്ധതി, സമഗ്ര പച്ചക്കറി വികസന പദ്ധതി എന്നിവയിലൂടെ ആവശ്യമായ സങ്കേതിക സഹായങ്ങളും ധനസഹായവും നല്‍ന്നതിനും കൂടരഞ്ഞി ക്യഷിഭവന്‍ മുന്‍കൈയ്യെടുക്കുന്നു.
ടോമി മേക്കുന്നേലിന്റെ ഫോണ്‍ നം : 9846601420
ക്യഷിയിടത്തിനടുത്തുള്ള മഞ്ഞക്കടവ് പുഴ


 
മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്