ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

16 Aug 2015

കൂടരഞ്ഞിയില്‍ കര്‍ഷകദിനത്തില്‍ ആദരിക്കപ്പെടുന്ന കര്‍ഷകര്‍

              ക്യഷിയെ ഉപജീവനമാക്കിയ കര്‍ഷകരാണ് ഈ കര്‍ഷകദിനത്തില്‍ കൂടരഞ്ഞിയില്‍ ആദരിക്കപ്പെടുന്നത്. ക്യഷിയെ സ്നേഹിക്കുന്ന ഇങ്ങനെയുള്ള കര്‍ഷകരെ ആദരിക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ ഈ ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ നിര്‍വ്വഹിക്കുന്നു. 
             കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കര്‍ഷകദിനത്തില്‍  ആദരിക്കുന്ന കര്‍ഷകര്‍
വി. ജെ. അബ്രഹാം
     വാലുമണ്ണേല്‍ 
     കൂടരഞ്ഞി 
   (മികച്ച കര്‍ഷകന്‍)
             രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ക്കിടയിലും ക്യഷിയെ സ്നേഹിച്ച് ക്യഷിക്കാരനായി. കൂടരഞ്ഞി പനക്കച്ചാല്‍കുന്നില്‍ തന്റെ ക്യഷിയിടത്തിലേക്കിറങ്ങി പൂര്‍ണ്ണസമയ കര്‍ഷകനായ ജോസേട്ടനെന്നു വിളിക്കുന്ന വി ജെ അബ്രാഹം. തെങ്ങും കമുകും ജാതിയും കുരുമുളകും കാപ്പിയും റബറും വിളഞ്ഞു നില്‍ക്കുന്ന ക്യഷിയിടം. ഇടവിളയായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, ചെറുകിഴങ്ങുകള്‍, പച്ചക്കറിക്ക്യഷി കൂടാതെ ടെറസ്സിനു മുകളില്‍ യു വി ഷീറ്റ് ഉപയോഗിച്ചുള്ള മഴമറക്ക്യഷി കൂടെ തുള്ളിനന രീതിയും. വളര്‍ത്തുമ്യഗ സമ്പത്തായി നാലു പശുക്കള്‍, നാല്‍പ്പത് വാത്തകള്‍, ടര്‍ക്കിക്കോഴികള്‍, മീന്‍ വളര്‍ത്തല്‍  ഇവയെല്ലാം ഇദ്ദേഹത്തിന്റെ ക്യഷിയിടത്തെ വ്യത്യസ്തമാക്കുന്നു.

   മാധവി
    കണയംകോട്ടുചാലില്‍ 
    പൂവാറന്‍തോട് 
  (മികച്ച കര്‍ഷക)
                 'കര്‍ഷകത്തൊഴിലാളിയായി തുടങ്ങിയ ജീവിതം കര്‍ഷകയാക്കി മാറ്റിയ പ്രാരാബ്ദ്ധം' ഈ കര്‍ഷകയെ ഇങ്ങനെ വിശേഷിപ്പിക്കാം. പൂവാറന്‍തോട് കല്ലംപുല്ല് താമസം അതിനടുത്ത് കഴിഞ്ഞ പതിനാറു വര്‍ഷമായി തൂടരുന്ന വാഴക്ക്യഷി. ഭര്‍ത്താവ് മണിയോടൊപ്പം രണ്ടായിരത്തിനടുത്തു വാഴകള്‍ എല്ലാക്കൊല്ലവും പാട്ടത്തിനെടുത്ത സ്ഥലത്ത് ക്യഷി ചെയ്യുന്നു. ഈ ക്യഷി ഇവരുടെ ഉപജീവന മാര്‍ഗ്ഗമാണ്. ഈ ക്യഷിയാണ് ഇന്ന് ഇവരുടെ ജീവിതം മുന്നോട്ടു നയിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നു. 
 മാത്യു പി. ജെ.
 പ്ലാക്കാട്ട്
  കൂടരഞ്ഞി 
(മികച്ച കര്‍ഷകന്‍)
              കൂടരഞ്ഞി കല്‍പ്പിനിയില്‍ താമസം. കുട്ടിച്ചേട്ടനെന്നു വിളിപ്പേര്. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനു ശേഷവും വിശ്രമമില്ലാതെ ക്യഷിയിടത്തില്‍. ഇദ്ദേഹത്തിന്റെ ക്യഷി അയല്‍ക്കാര്‍ക്കും സുഹ്യത്തുക്കള്‍ക്കും പ്രചോദനമായി മാറി. ജാതിക്ക്യഷിക്കു പ്രാധാന്യം നല്‍കിയ ക്യഷിയിടം. തെങ്ങ്, കമുക്, കാപ്പി, കൊക്കോ, കുരുമുളക് ഇടവിളയായി ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ എന്നിവയുടെ ക്യഷികളും. ഫലവ്യക്ഷങ്ങള്‍ നടുന്നതില്‍ പ്രത്യേക ശ്രദ്ധ. സില്‍പോളിന്‍ ടാങ്കില്‍ മത്സ്യക്ക്യഷി. പരിശിലന പരിപാടികള്‍ക്കൊന്നും പോകാതെ സ്വയം ആരംഭിച്ച തേനീച്ചക്ക്യഷി കൂടെ പശു വളര്‍ത്തലും ബയോഗ്യാസും. ജാതിക്ക്യഷിയില്‍ ക്യഷിയിടത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നതിനായി മഴക്കുഴികളില്‍ ചകിരിത്തൊണ്ടടുക്കി ജലശേഖരണം നടത്തുന്ന രീതി.
  മത്തായി പി ഒ
  പനച്ചിയില്‍
   മഞ്ഞക്കടവ് 
  (മികച്ച കര്‍ഷകന്‍)
          മഞ്ഞക്കടവിലെ മലമടക്കിനിടയിലെ മനോഹരമായ ക്യഷിയിടം. കൂടരഞ്ഞിയില്‍ നിന്ന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശമായിരുന്നിട്ടു കൂടി ഇവിടേക്ക് കുടിയേറി ക്യഷിയിടത്തില്‍ വിള വൈവിധ്യമൊരുക്കി. ക്യഷിയിടത്തിന്റെ അടുക്കും ചിട്ടയും  ശ്രദ്ധയാകര്‍ഷിക്കുന്നു. രണ്ടരയേക്കറില്‍ വിളയുന്നത് തെങ്ങ്, കമുക്, ജാതി, ഗ്രാമ്പു, കുരുമുളക് ഇടവിളകളായി കപ്പ, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, ചേന, ചേമ്പ്, പച്ചക്കറികള്‍, വെറ്റിലക്ക്യഷി എന്നിവ കൂടെ പശു വളര്‍ത്തലും ബയോഗ്യാസ് പ്ലാന്റും ഒരു സ്ഥലം പോലും വെറുതെയിടാതെ ക്യഷിയിടത്തിലെ ഇടപെടല്‍. വിളകളുടെ പരിപാലനത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. ജൈവ വളങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ചാണകവും ചവറുകളും കൂടെ കുറച്ച് പൊട്ടാഷും നല്‍കിയുള്ള ക്യഷി രീതി.
 
  ജോസ്
  എടപ്പാട്ട്
  പൂവാറന്‍തോട് 
 (മികച്ച കര്‍ഷകന്‍)
                  പൂവാറന്‍തോട് മേടപ്പാറക്കു കീഴിലെ 'വളരെ മനോഹരവും വ്യത്തിയുള്ളതുമായ ക്യഷിയിടം' ജോസ് എടപ്പാട്ടിന്റെ ക്യഷിയിടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം ക്യഷിയിടത്തിന്റെ സൌന്ദര്യം ഈ ഒരേക്കറിലുണ്ട്. കര്‍ക്കിടക മാസത്തിലെ മഴയെ കവച്ചു വെയ്ക്കാതെ ക്യഷിയിടത്തിലുള്ള ഇടപെടലുകളും വിളകളുടെ പരിപാലനവും  ഈ കര്‍ഷകന്റെ ക്യഷിയിടത്തെ വ്യത്യസ്ഥവും മനോഹരവുമാക്കുന്നു. ജാതിയും ഗ്രാമ്പുവും കാപ്പിയും ഏലവും കുരുമുളകും നല്ല അടുക്കും ചിട്ടയിലും ക്രമീകരിച്ചു കൊണ്ടുള്ള ക്യഷിരീതി. വീടിനടുത്തേക്ക് കടന്നു വരുമ്പോഴും താഴെ ക്യഷിയിടത്തിലേക്കിറങ്ങുമ്പോഴും കാണുന്നത് ഒരേ സൌന്ദര്യവും വ്യത്തിയും.
     സണ്ണി
  കിഴക്കരക്കാട്ട്
    കൂമ്പാറബസാര്‍ 
(മികച്ച ക്ഷീരകര്‍ഷകന്‍)
                   ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു പശുക്കളില്‍ തുടങ്ങി ഇരുപത്തിയഞ്ചു പശുക്കളിലെത്തി നില്‍ക്കുന്ന കൂമ്പാറയിലെ ക്ഷീരകര്‍ഷകന്‍. മുന്‍ ക്ഷീരവികസന ഓഫീസര്‍ വര്‍ക്കി നല്‍കിയ പ്രേരണയും   കൂമ്പാറയിലെ സൊസൈറ്റിയില്‍ പാലില്ലാതെ വന്നപ്പോള്‍ കക്കാടംപൊയിലില്‍ നിന്ന് പാല്‍ വരുത്തിയത് പശു വളര്‍ത്തലിന് പ്രചോദനമായി. ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ രണ്ടു പശുക്കളെ വാങ്ങിയുള്ള തുടക്കം. പാല്‍ അളക്കാന്‍ തുടങ്ങിയപ്പോള്‍ കൂമ്പാറ ക്ഷീര സംഘത്തിന്റെ പ്രസിഡന്റായി ഈ വര്‍ഷം മുതല്‍ ദിവസവും ഇരുന്നൂറ് ലിറ്റര്‍ പാലിലെത്തി നില്‍ക്കുന്ന വളര്‍ച്ച. കഴിഞ്ഞ വര്‍ഷം കൂടരഞ്ഞി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകന്‍ എന്ന നിലയില്‍ മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്കാരം കൂടരഞ്ഞി പഞ്ചായത്ത് നല്‍കുന്നു. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലും പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും കഴിവു തെളിയിച്ച ഇദ്ദേഹം ഒരു മികച്ച ജൈവ കര്‍ഷകന്‍ കൂടിയാണ്. പശുഫാമില്‍ നിന്നുള്ള ചാണകവും മൂത്രവും കോഴി ഫാമില്‍ നിന്നുള്ള കോഴിവളവും ഉപയോഗിച്ചുള്ള ക്യഷി. തെങ്ങും ജാതിയും കമുകും കുരുമുളകും നിറഞ്ഞു നില്‍ക്കുന്ന ക്യഷിയിടം ഇടവിളയായി ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് എന്നിവയുടെ ക്യഷി കൂടെ കോഴി ഫാമും ഉള്‍പ്പെട്ട ക്യഷി ലോകമാണ് ഇദ്ദേഹത്തിന്റെ ക്യഷിയിടം. 
മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്