ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

2 Aug 2015

ജൈവക്യഷിയിലേക്കായി നോബിള്‍ മാവറ

        കൂടരഞ്ഞി കല്‍പ്പിനിയില്‍ മാവറ വീട്ടില്‍ നോബിള്‍ ഒരു മുഴുവന്‍ സമയ കര്‍ഷകനാണ്. ക്യഷിയിടത്തില്‍ എല്ലാ ജോലികളും സ്വയം ചെയ്തുകൊണ്ട് ഇവിടെ അദ്ദേഹം കര്‍മ്മനിരതനാണ്. കര്‍ഷകത്തൊഴിലാളികളുടെ സേവനമില്ലാതെ അഞ്ചേക്കര്‍ പുരയിടത്തിലെ മുഴുവന്‍ പണികളും ഇദ്ദേഹം സ്വന്തമായി ചെയ്യുന്നു എന്നതില്‍ നിന്നു തന്നെ ക്യഷിയോടൂള്ള അദ്ദേഹത്തിന്റെ സ്നേഹവും ആത്മാര്‍ഥതയും മനസ്സിലാക്കാം. കല്‍പ്പിനിയിലെ ഈ ക്യഷിയിടത്തില്‍ വിളയുന്നത് വിളകള്‍ മാത്രമല്ല ഈ കര്‍ഷകന്റെ നെറ്റിയിലെ വിയര്‍പ്പുകൂടിയാണ്.


ജൈവക്യഷി
          ജൈവക്യഷി എന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ക്യഷിരീതിയെക്കുറിച്ച് മനസ്സിലാക്കി ആരംഭിച്ചതല്ല ഇവിടുത്തെ ജൈവക്യഷി. രണ്ടു പശുക്കളുള്ളവയില്‍ നിന്ന് ലഭിക്കുന്ന ചാണകവും ബയോഗ്യാസില്‍ നിന്നുള്ള സ്ലറിയും വിളകള്‍ക്ക് ഉത്തമം തന്നെയെന്ന തിരിച്ചറിവില്‍ നിന്നുമാണ് ജൈവക്യഷിയിലേക്കെത്തിയത്.

മാംഗോസ്റ്റീന്‍ 
                     കഴിഞ്ഞ വര്‍ഷം പതിമൂവായിരം രൂപ നേടിത്തന്ന മാംഗോസ്റ്റീന്‍ മരമാണ് ഇവിടുത്തെ താരം. പതിനഞ്ചു വര്‍ഷം പ്രായമുള്ള ഈ മാംഗോസ്റ്റീന്‍ മരം ഈ കര്‍ഷകനെ കുറച്ചൊന്നുമല്ല ആവേശഭരിതനാക്കുന്നത്. ഒരു തവണ വിളവെടുക്കുമ്പോള്‍ 30 കിലോയ്ക്കു മേലെ ലഭിക്കുന്ന പഴങ്ങള്‍ കോഴിക്കോട് ചന്തയിലെ ഒരു കടയിലാണ് വില്‍ക്കുന്നത്. ഏറ്റവും ലാഭകരമായ ക്യഷിയാണ് മാംഗോസ്റ്റിന്റേത് കാര്യമായ സംരക്ഷണ ചെലവു വരുന്നില്ല എന്നതാണ് ഈ ക്യഷിയെ ലാഭകരമാക്കുന്നത്. പഴത്തിന് എപ്പോഴും ആവശ്യക്കാരുണ്ടെന്നതും ഈ ക്യഷിയെ ലാഭകരമാക്കുന്നു. നാലു വര്‍ഷത്തോളമായി ഈ പഴങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയിട്ട്. കിലോയ്ക്ക് നൂറ്റിയിരുപതില്‍ തുടങ്ങി നൂറ്റിയറുപതില്‍ നില്‍ക്കുന്നു ഈ പഴത്തിന് ലഭിക്കുന്ന വില. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള വിവരണങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഈ ഫലവ്യക്ഷം ഇവിടെ ഇങ്ങനെമികച്ച കാഫലം നേടിത്തരുന്നതിന് കാരണഭൂതനായത് ഇപ്പോഴത്തെ വികസന സ്റ്റാംന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും  അന്നത്തെ പഞ്ചായത്ത് മെമ്പറുമായിരുന്ന ശ്രീ. രാജു താമരക്കുന്നേലാണ്. അദ്ദേഹത്തിനു ലഭിച്ച അഞ്ചു മാംഗോസ്റ്റീന്‍ തൈകളിലൊന്ന് അയല്‍ക്കാരനായ നോബിളിനു നല്‍കുകയായിരുന്നു. മറ്റു തൈകള്‍ മറ്റു പലര്‍ക്കുമായി നല്‍കിയത് പലഘട്ടങ്ങളിലായി നശിച്ചു പോയെങ്കിലും ഇവിടെ നല്ല വിളവ് നല്‍കി ഈ ക്യഷിയിടത്തെ സമ്പുഷ്ടമാക്കുന്നു. ഈ ക്യഷിയിലെ ലാഭം കണ്ടൊന്നുമല്ലെങ്കിലും പുതിയതായി കുറച്ച് മാംഗോസ്റ്റീന്‍ തൈകള്‍ പറമ്പില്‍ നട്ടിട്ടുണ്ട്.

തെങ്ങ്
                   നൂറ്റി മുപ്പത് കായ്ക്കുന്നതും അന്‍പത് കായക്കാത്തതുമായ തെങ്ങുകളാണ് ഇവിടെയുള്ളത്. നാടനും TxD യും കുള്ളന്‍ ഇനത്തില്‍പ്പെട്ടവയും അടക്കം തെങ്ങുകള്‍ ഈ ക്യഷിയിടത്തെ ഫഭൂയിഷ്ഠമാക്കുന്നു. നാടന്‍ തെങ്ങ് താമരശ്ശേരിക്കടുത്ത പൂനൂരു നിന്നും അദ്ദേഹത്തിന്റെ പിതാവ് വിത്തുതേങ്ങ ശേഖരിച്ച് ഉണ്ടാക്കിയെടുത്തവയാണ്. TxD യും കുള്ളന്‍ ഇനത്തില്‍പ്പെട്ടവയും കൂടരഞ്ഞി ക്യഷിഭവനില്‍ നിന്ന് ലഭിച്ചവയാണ്. എണ്‍പതിനും നൂറിനുമിടയ്ക്ക് കാഫലം ഒരു വര്‍ഷം ലഭിക്കുന്ന ഈ തെങ്ങുകള്‍ക്ക് ചവറു വെട്ടിയിട്ടും ചാണകം ഇട്ടു കൊടുത്തും ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.മെയ് അവസാനം ചാണകം തെങ്ങിന് നല്‍കിത്തുടങ്ങും മൂന്നു മാസം കൊണ്ട് ആദ്യ തവണ ഇട്ടു തീരും. ജൈവവളത്തിലേക്ക് തിരിഞ്ഞപ്പോള്‍ കാഫലം കൂടിയതായി സാക്ഷ്യപ്പെടുത്തുന്നു.

കൊടിക്ക്യഷി
             ചെറുതും വലുതുമായി നാനൂറ് കൊടികള്‍ ഈ ക്യഷിയിടത്തിലുണ്ട്. ഇവിടെ ഒരു മരം പോലും വെറുതെ കിടക്കുന്നില്ല. ഇവിടെ തേക്ക് നട്ടു പിടിപ്പിച്ചതിലും കുരുമുളക് ക്യഷി ചെയ്യുന്നു. ശീമക്കൊന്നയാണ് കൊടിക്കു നല്ലതെന്നു കരുതുന്ന ഇദ്ദേഹം പ്ലാവിലും തെങ്ങിലും കുരുമുളക് കയറ്റി വിടുന്നു. ഒരോ വര്‍ഷവും പുതിയ വള്ളികളിട്ട് ക്യഷിയിടത്തിലെ കുരുമുളക് ക്യഷിയുടെ വിസ്ത്യതി. വ്യാപിപ്പിക്കുന്നു. പന്നിയൂര്‍ ഇനങ്ങള്‍ ക്ക് വലിയ മരങ്ങള്‍ വേണമെന്നതിനാല്‍ 'കരിമുണ്ട' മാത്രം ക്യഷി ചെയ്യുന്നു. എങ്കിലും പന്നിയൂര്‍ ഇനത്തില്‍പ്പെട്ട മൂന്ന്  കൊടികള്‍ ഇവിടെയുണ്ട്. കരിമുണ്ട ഈ ക്യഷിയിടത്തില്‍ തെരെഞ്ഞെടുക്കാന്‍ കാരണം എല്ലാ വര്‍ഷവും കായ്ക്കുമെന്നതും നല്ല തൂക്കം ലഭിക്കുമെന്നതാണ്. ഒരു തെങ്ങില്‍ കയറ്റി വിട്ട കൊടിയില്‍ നിന്നുമുള്ള കൊടിത്തലയ്ക്കെടുക്കുന്ന വള്ളി മുറിക്കാതെ തന്നെ അടുത്ത തെങ്ങിലേക്കും കയറ്റി വിടുന്നു. മെയ് അവസാനമോ ജൂണ്‍ ആദ്യമോ മരത്തിന്റെ എരമ്പിറക്കി ചെടിയുടെ ചുവട്ടിലിടുന്നു. ശീമക്കൊന്നയില നന്നായിട്ടിടുന്ന ഇദ്ദേഹം ബോര്‍ഡോ മിശ്രിതം പ്രയോഗിച്ച് കൂടുതല്‍ പരിപാലനയ്ക്ക് നില്‍ക്കാറില്ല . എങ്കിലും ഈ ക്യഷിയില്‍ നന്നായി ശ്രദ്ധിക്കാറുള്ള ഇദ്ദേഹം കുരുമുളക് ചെടികള്‍ വച്ചു കെട്ടിക്കൊടുത്തുള്ള സംരക്ഷണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നു. കൂടാതെ ചുവടിളക്കാതെ പുല്ല് ചെത്തിയെടുത്ത് ചുവട് വ്യത്തിയാക്കുന്നു.

ജാതിക്ക്യഷി
                   മുപ്പത്തിയഞ്ചിനു മേലെ ജാതി മരങ്ങള്‍ ഇവിടെയുണ്ട് വീടിനു താഴെ വയല്‍ പ്രദേശത്ത് വെച്ച ജാതി മരങ്ങള്‍ ഉണങ്ങിപ്പോയത് ഈ ക്യഷിയില്‍ നേരിട്ട വെല്ലുവിളിയാണ്. എങ്കിലും കരഭാഗത്ത് നട്ട ജാതിമരങ്ങള്‍ മികച്ച വിളവ് നല്‍കുന്നു. ബഡ്ഡ് ചെയ്ത ജാതികളേക്കാലും മികച്ചത് സാധാ പെണ്‍ ജാതികളാണെങ്കിലും നഴ്സറിയില്‍ നിന്ന് വാങ്ങിയ തൈകളുടെ ബഡ്ഡിംഗ് സ്വന്തമായാണ് ചെയ്തത്. റബ്ബര്‍ ബഡ്ഡ് ചെയ്ത അനുഭവം വെച്ച് ചെയ്തു തുടങ്ങി. ഇവിടെയുള്ള ജാതി മരങ്ങളില്‍ നിന്നു ലഭിക്കുന്ന ജാതിയുടെ പത്രിക്ക് നല്ല വലിപ്പമുള്ളത് കര്‍ഷകനെന്ന നിലയില്‍ സന്തോഷം പകരുന്നു. ജാതി മരങ്ങള്‍ ക്ക് ചാണകത്തിന്റെ സ്ലറിയും പാരമീലുമാണ് നല്‍കുന്നത്. കാ തീര്‍ന്നു കഴിയുമ്പോള്‍ മാത്രമാണ് സ്ലറി ജാതിക്ക് ഇട്ടു കൊടുക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിന് കാരണം കാ പെറുക്കുമ്പോള്‍ ചാണകം ബുദ്ധിമുട്ടാക്കുമെന്നതിനാലാണ്.
പൂക്ക്യഷി
                ഒരു വീടിനെ മനോഹരമാക്കുന്നത് വീട്ടു മുറ്റത്തെ മനോഹരമായ പൂക്കളാണെന്ന് പറയാറുണ്ട്. ഇവിടെ ഈ വീടിനെ മനോഹരമാക്കുന്നത് ഇവിടുത്തെ റോസാപ്പൂക്കളാണ്. ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടു വന്ന റോസാച്ചെടിയടക്കം വെള്ള ചുവപ്പ് നിറത്തിലായി വിവിധ ഇനങ്ങള്‍ ഇവിടെ വീട്ടു മുറ്റത്തുണ്ട്. ഒക്ടോബറില്‍ നിറയെ പൂക്കളുണ്ടാവുന്ന ഈ ചെടികള്‍ മനോഹരമായ ദ്യശ്യം തന്നെ പ്രദാനം ചെയ്യുന്നു. ഇവയ്ക്ക് ഡിസംബറില്‍ സ്ലറി നല്‍കി ആവശ്യമായ വളപ്രയോഗം നടത്തുന്നുണ്ട്. റോസപ്പൂക്കള്‍ കൂടാതെ ആന്തൂറിയവും ക്യഷി ചെയ്യുന്നു. അഞ്ഞൂറിനടുത്ത് ആന്തൂറിയം ക്യഷി ചെയ്തിരുന്നെങ്കിലും ഇടക്കാലത്ത് അത് കുറച്ചു ഇപ്പോള്‍ വീണ്ടും തുടരണമെന്ന ആഗ്രഹത്തിലാണ്.

പശു വളര്‍ത്തല്‍
            രണ്ടു പശുക്കളാണ് ഇവിടെയുള്ളത്. ഇവയുടെ പാല്‍ സൊസൈറ്റിയില്‍ കൊടുക്കുന്നു. ചാണകം ഇവിടുത്തെ പറമ്പിലേക്കെടുക്കുകയും ചെയ്യുന്നു. കൂടാതെ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്യഷിഭവന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ബയോഗ്യാസ് പ്ലാന്റുമുണ്ട്. പശുവിനെ വളര്‍ത്തുന്നതുകൊണ്ടുള്ള വേറൊരു ഗുണം. ഈ പറമ്പിലെ പുല്ല് മുഴുവന്‍ പശുക്കള്‍ക്ക് വെട്ടിക്കൊടുക്കുമെന്നതിനാല്‍ പറമ്പ് എപ്പോഴും വ്യത്തിയായിരിക്കും എന്നതാണ്. കൂടെ സി ഒ ഇനത്തില്‍പ്പെട്ട പുല്‍ക്ക്യഷി നടത്തി പശുക്കള്‍ക്ക് നല്‍കുന്നുണ്ട്.

മറ്റ് ക്യഷികള്‍
വീട്ടാവശ്യത്തിനും അല്ലാതെയുമായി നിരവധി ഇനത്തില്‍പ്പെട്ട വാഴകള്‍  ഇവിടെ ക്യഷി ചെയ്യുന്നുണ്ട്. ഞാലി, മൈസൂര്‍, പൂവന്‍, ചുണ്ടില്ലാക്കണ്ണന്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ടവ ഈ ക്യഷിയിടത്തിലുണ്ട്. ചേന, ചേമ്പ് ,കാച്ചില്‍, അടതാപ്പ്, ചെറുകിഴങ്ങ് എന്നി കിഴങ്ങു വര്‍ഗ്ഗ വിളകളും ക്യഷി ചെയ്യുന്നു. പച്ചക്കറികളും ഇവിടെ ക്യഷി ചെയ്യുന്നുണ്ട്. പയര്‍, പാവല്‍, കോവല്‍, വഴുതന, വെണ്ട, കാബേജ്, കോളിഫ്ലവര്‍  തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ ക്യഷി ചെയ്യുന്നത്. മഴ കഴിയുന്നതോടെ താഴെ വയല്‍ ഭാഗത്ത് പച്ചക്കറിക്ക്യഷി ആരംഭിക്കും വീട്ടാവശ്യത്തിനുള്ളതു മാത്രമാണ് ഇവിടെ ക്യഷി ചെയ്യുന്നത് കൂടുതലുള്ളത് അയല്‍ക്കാര്‍ക്ക് നല്കും. എങ്കിലും മുറ്റത്ത് നട്ട കാന്താരി മുളക് നല്ല വരുമാനം നേടിത്തന്നു. മൂന്നു ചുവടില്‍ നിന്നായി രണ്ടായിരത്തോളം രൂപയാണ് കിട്ടിയത്. മഴക്കാലം കഴിയുമ്പോഴേക്കും കൂര്‍ക്കക്ക്യഷി ആരംഭിക്കുന്നതിനായി വിത്തിന് കൂര്‍ക്ക കുറച്ച് ക്യഷി ചെയ്തിട്ടുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും നെഴ്സറികളില്‍ നിന്നും ലഭിക്കുന്ന വിവിധ ഇനങ്ങളില്‍പ്പെട്ട തൈകള്‍ നടുന്നതിന് ഇദ്ദേഹം ബദ്ധശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇങ്ങനെ നട്ടവയാണ് സപ്പോട്ട, മലേഷ്യന്‍ റംബൂട്ടാന്‍, പേര, പേര നാരകം, ചൈനീസ് ഓറഞ്ച്, വിവിധ ഇനം മാവുകള്‍, ഓറഞ്ച് ,ലക്ഷ്മി തരു, മുള്ളാത്ത തുടങ്ങിയവ കൂടെ വീടുകളില്‍ അടിച്ചു വാരുന്നതിന് ഉപയോഗിക്കുന്ന പുല്‍ച്ചൂലിന്റെ ചെടിയും കൌതുകത്തിന് നട്ടു വളര്‍ത്തുന്നു. ഈ ചെടി കൂടുതലായി വളര്‍ത്തി വീട്ടാവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്ന് കരുതുന്നുണ്ട്.

ജലസേചനം
                      വീടിനു താഴ് ഭാഗത്തുള്ള ജലസമ്യദ്ധമായ ഒരിക്കലും വറ്റാത്ത കുളം ഈ ക്യഷിയിടത്തിലേക്കാവശ്യമായ ജലം നല്‍കുന്നു. സ് പ്രിംക്ളര്‍  സംവിധാനത്തിലും പൈപ്പുപയോഗിച്ചും വിളകള്‍ക്ക് ജലസേചനം നല്‍കുന്നു.
കുടുംബം
                   ഭാര്യ ഡെയ്സി ക്യഷിയില്‍ മൊരു സഹായിയായി ഒപ്പമുണ്ട്. മക്കളില്‍ ഒരാള്‍ അനൂപ്  വൈദികനാണ് രണ്ടാമത്തെയാള്‍ അജിലീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് 'മാവറ ഹോളിഡെയ്സ്' എന്ന സ്ഥാപനം നടത്തുന്നു.

ക്യഷിയെക്കുറിച്ച് കൂടരഞ്ഞി ക്യഷിഭവനെക്കുറിച്ച്
                ഭാവിയില്‍ ഓര്‍ക്കിഡ് ചെടികളൂം ഫലവ്യക്ഷങ്ങളും കൂടുതലായി നട്ടു പിടിപ്പിക്കുന്നതിന് ആഗ്രഹിക്കുന്ന ഇദ്ദേഹം ഉപജീവന മാര്‍ഗ്ഗമായ ക്യഷി ഏറ്റവും നല്ല പ്രൊഫഷനാണെന്ന് വിശ്വസിക്കുന്നു. ക്യഷി ചെയ്യുന്നവര്‍ക്ക് ഡോക്ടറെ കാണേണ്ടീ വരില്ല. ക്യഷി മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ആരോഗ്യത്തിനും നല്ലതാണ് എന്ന് വിശ്വസിക്കുന്നു. ക്യഷിയിലുള്ള ഇദ്ദേഹത്തിന്റെ മികവു പരിഗണിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മികച്ച കര്‍ഷകനുള്ള പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. കൂടരഞ്ഞി ക്യഷിഭവന്റെ ഇടപെടലുകളില്‍ സന്തുഷ്ടനായ ഈ കര്‍ഷകന് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതികള്‍ മുഖേനയും ക്യഷിവകുപ്പിന്റെ പദ്ധതികള്‍ മുഖേനയും  ക്യഷിക്കുള്ള സാമ്പത്തിക സഹായം കൂടരഞ്ഞി ക്യഷിഭവന്‍ നല്‍കി വരുന്നു.

മേല്‍വിലാസം
നോബിള്‍
മാവറ (വീട്)
കല്‍പ്പിനി, കൂടരഞ്ഞി (പി ഒ)
കോഴിക്കോട് 673604
മൊബൈല്‍ നം : 9745030680
 
തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്