ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

3 Feb 2019

അഷ്റഫിന്റെ 'ഹരിതഭവനം'

           
 കൈവശസ്ഥലം എത്രയുമാകട്ടെ അത് ഒട്ടും പാഴാക്കാതെ ഉപയോഗപ്പെടുത്തുകയാണ് ഒരു മികച്ച കര്‍ഷകന്‍ ചെയ്യുന്നത് അങ്ങനെ ഒരാളെ നമുക്ക് കോഴിക്കോട് കൂടരഞ്ഞിയില്‍ കണ്ടെത്താം.  കേബിള്‍ ടി വി ഓപ്പറേറ്ററാണ് കപ്പോടത്ത് അഷ്റഫ് പതിനാറ് വര്‍ഷമായി ഇദ്ദേഹം ഈ രംഗത്തുണ്ട്. പത്തു സെന്റിലൊതുങ്ങുന്നു അദ്ദേഹത്തിന്റെ വീടും പുരയിടവും. ക്യഷിയെ സ്നേഹിക്കുന്ന ക്യഷിയുടെ പുതുരീതികള്‍ പരീക്ഷിക്കുന്ന യുവകര്‍ഷകനാണ് ഇദ്ദേഹം. അറിവുകള്‍ തേടി അത് കണ്ടെത്തി പ്രയോഗിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഈ യുവാവ്. അക്വാപോണിക്സ്, മഴമറക്ക്യഷി, തിരിനനക്ക്യഷി, തുള്ളിനനക്ക്യഷി എന്നിവയിലൂടെ തന്റെ ചുറ്റുവട്ടം ഹരിതാഭമാക്കുകയാണ്. അതോടൊപ്പം അടുക്കളമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കിമാറ്റാനുള്ള ഇരട്ടടാങ്കോട് കൂടിയ ബയോഗ്യാസ് സംവിധാനവും  കോഴിമുട്ട വിരിയിക്കുന്നതിനുള്ള ഇന്‍കുബേറ്റര്‍ സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു.



മട്ടുപ്പാവിലെ ക്യഷി
                             അയല്‍ പക്കത്തെ പച്ചക്കറിക്ക്യഷി കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ആശയമായിരുന്നു മട്ടുപ്പാവില്‍ ക്യഷിചെയ്യണമെന്നത്.  അങ്ങനെ ആരംഭിച്ച  പച്ചക്കറിക്ക്യഷി ഇപ്പോള്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. ഇവിടെ പയര്‍, പാവല്‍, വെണ്ട, വഴുതന, തക്കാളി, ചീര, മുളക്, ചുരക്ക, കാബേജ്, കോളിഫ്ലവര്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ നൂറ്റന്‍പത് ഗ്രോബാഗുകളില്‍ ക്യഷി ചെയ്യുന്നു. അന്‍പതോളം തേനീച്ചപ്പെട്ടികള്‍ വീടിനു ചുറ്റും അടുത്ത പറമ്പിലുമായി സ്താപിച്ചിരിക്കുന്നത് പച്ചക്കറികളില്‍ പരാഗണം നല്ല രീതിയില്‍ നടക്കുന്നതിനും നല്ല വിളവ് ലഭിക്കുന്നതിനും കാരണമാകുന്നുണ്ട്. ദിവസവും രാവിലെയുള്ള സമയം പച്ചക്കറിക്ക്യഷി പരിപാലനത്തിനായി സമയം കണ്ടെത്തുന്ന ഈ യുവാവ് ജൈവവളങ്ങളാണ് ക്യഷിയ്ക്ക് ഉപയോഗിക്കുന്നത്. ഒരിക്കല്‍ വയലില്‍ നിന്നുള്ള ചെളി കൊണ്ടുവന്ന് മട്ടുപ്പാവില്‍ നെല്‍ക്ക്യഷി ചെയ്ത് വിസ്മയിപ്പിച്ചിട്ടുണ്ട് അഷറഫ്.


തിരിനന വിജയം
             ക്യഷിയുടെ ആരംഭത്തില്‍ ഗ്രോബാഗിലുള്ള പച്ചക്കറികള്‍ നേരിട്ട് നനയ്ക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. പിന്നീട് തുള്ളിനന സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കി അത് പ്രയോഗിച്ചു. ഇപ്പോള്‍ ഏറ്റവും പുതിയ നനരീതിയായ തിരിനന കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ ചെയ്യുന്നു.തിരിനന ഏറ്റവും വിജയകരമായ രീതിയാണെന്നാണ് ഇദ്ദേഹം അനുഭവത്തിലൂടെ കണ്ടെത്തിയത്. ഗ്രോബാഗില്‍ തുള്ളി നന ചെയ്യുമ്പോള്‍ ജലനഷ്ടം ഉണ്ടാവാറുണ്ടെന്നും തിരിനനയില്‍ യാതൊരുതരത്തിലുള്ള നഷ്ടങ്ങളൊന്നുമില്ലെന്നും അഷ്റഫ് പറയുന്നു.

അക്വാപോണിക്സിലേക്ക്
           ക്യഷി വകുപ്പിന്റെ പരിശീലന പരിപാടികളില്‍ നിന്നാണ് അക്വാപോണിക്സ് എന്ന ആശയം ഈ യുവാവിന്റെ മനസ്സില്‍ കയറിപ്പറ്റിയത്. കൊടുവള്ളി ബ്ലോക്ക് 'ആത്മ' പദ്ധതിയുടെ മുഖാമുഖം പരിപാടിയില്‍ ജലം എങ്ങനെ ലാഭിക്കാം എന്ന ക്ലാസ്സിനോടനുബന്ധിച്ച് ലഭിച്ച പുതിയ അറിവായിരുന്നു അക്വാപോണിക്സ്. കഴിഞ്ഞ വര്‍ഷം ചെറിയ രൂപത്തില്‍ ചെയ്ത അക്വാപോണിക്സ് ഈ വര്‍ഷം കൂടരഞ്ഞി ക്യഷിഭവന്റെ സഹായത്തോടെ വിപുലീകരിച്ചു. ആത്മ പദ്ധതിയില്‍ പ്രദര്‍ശനത്തോട്ടമായി അക്വാപോണിക്സ് സംവിധാനമൊരുക്കി. ഒപ്പം പന്ത്രണ്ട് മാസവും പച്ചക്കറികള്‍ വിളവെടുക്കുന്നതിനായി അറുപത് സ്ക്വയര്‍ മീറ്ററില്‍ മഴമറയും പച്ചക്കറി വികസന പദ്ധതിയില്‍ ക്യഷിഭവന്റെ സഹായത്തോടെ നിര്‍മ്മിച്ചു. അക്വാപോണിക്സില്‍ പതിനയ്യായിരം ലിറ്റര്‍ ശേഷിയുള്ള കുളം ചണച്ചാക്ക് സിമറ്റില്‍ മുക്കി വീടിനു പുറക് വശത്ത് നിര്‍മ്മിച്ച് അതില്‍ കട് ല ഇനത്തില്‍ പെട്ട മീനുകളെ വളര്‍ത്തുന്നു.
                 അക്വാപോണിക്സ് സം വിധാനം മറ്റാരുടേയും സഹായമില്ലാതെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചില കര്‍ഷകരുടെ അക്വാപോണിക്സ് ക്യഷിയിടം സന്ദര്‍ശിച്ചും ഇന്റര്‍നെറ്റില്‍ പരതിയും വിവരങ്ങള്‍ ശേഖരിച്ച് അത് പ്രാവര്‍ത്തികമാക്കി. കോണ്‍ക്രീറ്റ് ഉപയോഗിച്ച് പച്ചക്കറികള്‍ വളര്‍ത്താനുളള ബെഡ്ഡുകള്‍ നിര്‍മ്മിച്ച് അതിലേക്ക് മെറ്റലിട്ടാണ് ഗ്രോബെഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ വാങ്ങിയ മുപ്പത്തിയെട്ട് വാട്സിന്റെ സോളാര്‍ ബാറ്ററിയില്‍ ഉപയോഗിക്കുന്ന പമ്പ് സെറ്റ് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നു.  പകല്‍ സോളാറിലും രാത്രി ബാറ്ററിയിലും. കുളത്തില്‍ നിന്നും വരുന്ന വെള്ളം ഫില്‍ടര്‍ ചെയ്യുന്നതിന് മൂന്ന് ഇരുന്നൂറ് ലിറ്ററിന്റെ ബാരലുകളിലാണ്  സംവിധാനമൊരുക്കിയത്. പഴയ മീന്‍ വലയുപയോഗിച്ചുള്ള ഫില്‍ട്ടറാണ് ഒരു ബാരലില്‍ രണ്ടാമത്തെ ബാരലില്‍ സ്ക്രബ്ബറും മൂന്നാമത്തെ ബാരലില്‍ ബയോബോളും എന്നിങ്ങനെ ഫില്‍ടര്‍ സ്വന്തം ആശയത്തില്‍ ഉണ്ടാക്കിയിരിക്കുന്നു. നിലവില്‍ അഞ്ച് ഗ്രോ ബെഡ്ഡുകളീല്‍ തക്കാളി പയര്‍, ചുരയ്ക്ക ,പാവല്‍ കാബേജ് കോളിഫ്ലവര്‍ എന്നിവ വളരുന്നു.

ഇന്‍കുബേറ്റര്‍ സംവിധാനം


കോഴിമുട്ട ഇന്‍കുബേറ്റര്‍ സംവിധാനത്തിലൂടെ ഇവിടെ വിരിയിച്ചെടുക്കുന്നു. അതിനായി പഴയ ഫ്രിഡ്ജ് വാങ്ങി അതില്‍ മുട്ട വിരിയിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നു. ഈ ഓട്ടോമാറ്റിക് ഇന്‍കുബേറ്ററിലൂടെ ഒരു സമയം ഇരുന്നൂറ് മുട്ടകള്‍ വരെ വിരിയിക്കുന്നുണ്ട്. ഈ സംവിധാനത്തില്‍ വിരിച്ചെടുത്ത കോഴികളെ  ഇവിടെ വളര്‍ത്തുന്നു.


അടുക്കള മാലിന്യം ഇവിടെ ജൈവവളവും പാചകവാതകവും

                 അടുക്കള മാലിന്യം ബയോഗ്യാസ് സംവിധാനമൊരുക്കി അതില്‍ നിന്നും ലഭിക്കുന്ന സ്ലറി വളമായി ഉപയോഗിക്കുന്നു. ഇതിനായി ഇരട്ട ടാങ്കോടു കൂടിയ ബയോഗ്യാസ് പ്ലാന്റ് പോര്‍ട്ടബിള്‍ പ്ലാന്റിന്റെ ആക്യതിയില്‍ സിമന്റ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നു. ഒരുദിവസത്തെ വീട്ടാവശ്യത്തിനുള്ള ഗ്യാസ് ഇതില്‍ ലഭിക്കും. ആദ്യടാങ്കില്‍ നിന്ന് സ്ലറിയായി പുറത്തേയ്ക്ക് വരുന്നതില്‍ ദ്രവിക്കാത്ത മാലിന്യം രണ്ടാമത്തെ ടാങ്കില്‍ ദ്രവിപ്പിച്ച് സ്ലറിയാക്കുന്ന പുതിയ രീതിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

                                   ആധുനിക സാങ്കേതിക വിദ്യകള്‍ കര്‍ഷകന് ഇന്ന് കയ്യെത്തും ദൂരത്തിലാണ് എന്ന് അഷ്റഫിന്റെ ക്യഷിയിടം തെളിയിക്കുന്നു. യുടൂബ് പോലെയുള്ള സോഷ്യല്‍ മീഡിയ സംവിധാനത്തില്‍ പുതുക്യഷി രീതികള്‍ വീഡിയോ സഹിതം ലഭ്യമാണ് അത് എല്ലാവര്‍ക്കും ലഭിക്കാന്‍ പാകത്തിലുമാണ് അത് ഉപയോഗപ്പെടുത്തുന്നതില്‍ ഇദ്ദേഹം വിജയിച്ചിട്ടുമുണ്ട്.  ഈ വീട് ഹരിതഭവനമാക്കുന്നതില്‍ കുടുംബാംഗങ്ങളുടെ പങ്ക് ചെറുതല്ല ഭാര്യ മാമ്പി, മക്കള്‍ അഫിന്‍, അഫ് ല, അഫ് സിന്‍ മാതാപിതാക്കളായ മൊയ്തീന്‍ കുട്ടി കദീജ എന്നിവര്‍ നല്‍കുന്ന അകമഴിയാത്ത പിന്തുണ അഷ്റഫിനുണ്ട്.

വിലാസം അഷ്റഫ് കപ്പോടത്ത് കൂടരഞ്ഞി 9744020506
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ് ക്യഷിഭവന്‍ കൂടരഞ്ഞി