ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

12 Mar 2019

ജോര്‍ജ്ജേട്ടന് ഇത് തേന്‍ കാലം

                                

              തേനീച്ചകള്‍ വട്ടമിട്ടു പറക്കുമ്പോഴും അവ കുത്തുമെന്ന പേടി ലവലേശമില്ല  ജോര്‍ജ്ജേട്ടന്.  ജോര്‍ജ്ജേട്ടനിത് തേനെടുപ്പിന്റെ കാലമാണ്. നൂറിലധികം വരുന്ന തേനീച്ചപ്പെട്ടികളില്‍ തേന്‍ കുമിഞ്ഞു കൂടുന്ന സമയം. കോഴിക്കോട് കൂടരഞ്ഞി അക്കരത്തകിടിയില്‍ ജോര്‍ജ്ജ് എന്ന കര്‍ഷകന്‍ വര്‍ഷങ്ങളായി കാരാട്ടുപാറയിലെ സ്വന്തം ക്യഷിയിടത്തിലും മറ്റ് പറമ്പുകളിലുമായി പെട്ടികള്‍ സ്ഥാപിച്ച് തേനീച്ചക്ക്യഷി ചെയ്തു വരുന്നു. മഴക്കെടുതിയില്‍  പെട്ടികളില്‍ നിന്ന് തേനീച്ചകള്‍ പോയെങ്കിലും ഇപ്പോള്‍ അത് തിരികെപ്പിടിച്ചിരിക്കയാണ് ഈ കര്‍ഷകന്‍. നൂറിലധികം പെട്ടികളാണ് ഇപ്പോള്‍ ഇദ്ദേഹം പരിപാലിച്ച് വരുന്നത്.


 
                       ഏറ്റവും ലാഭകരമായ ക്യഷിയാണിതെന്നാണ് ഇദ്ദേഹം പറയുന്നത്  തേനീച്ച ശരീരത്തില്‍ എവിടെ വേണേലും കുത്തും അത് കൊണ്ട് കുറച്ച് സഹനം ആവശ്യമുണ്ട്. അത് കഴിയുന്നവര്‍ക്ക് മികച്ച വരുമാനം നേടിത്തരുന്നു ഈ ക്യഷി. ഈ ക്യഷിയില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം മറ്റ് ക്യഷികള്‍ ഏതായാലും പണികള്‍ വേണമെങ്കില്‍ നാളേയ്ക്ക് മാറ്റി വെയ്ക്കാന്‍ കഴിയും ഈ ക്യഷില്‍ അന്നന്ന് ചെയ്യേണ്ടുന്ന പണി അന്ന് തന്നെ ചെയ്ത് തീര്‍ക്കണം.
                തേനീച്ചക്ക്യഷിയില്‍ ആറ് മാസം കാര്യമായ ജോലിയുമുണ്ട് പിന്നീടുള്ള ആറു മാസം കാര്യമായ ജോലിയുമില്ല. മഴക്കാലത്ത് തേനുല്പാദനം നടക്കാറില്ലാത്തതിനാല്‍ തേനീച്ചപ്പെട്ടികളില്‍ തേനെടുക്കുന്ന പണിയില്ല. തേനീച്ചകളെ സംരക്ഷിച്ച് നിര്‍ത്താന്‍ പതിനഞ്ചു ദിവസം കൂടുന്തോറും പെട്ടിയില്‍ പഞ്ചസാര വെള്ളം ചിരട്ടയില്‍ വെയ്ക്കുന്ന പണി മാത്രം ആറു മാസത്തോളം ചെയ്താല്‍ മതി. സീസണായാല്‍ പെട്ടികള്‍ കൂടുതലുള്ളവര്‍ക്ക് എല്ലാ ദിവസവും പണിയുണ്ട്. ഒരു ദിവസം ശരാശരി ഇരുപത് പെട്ടി മാത്രമേ നോക്കാന്‍ കഴിയൂ. റാണി തേനീച്ചകളെ ഉണ്ടാക്കുന്ന അറകള്‍ നശിപ്പിച്ചു കളയല്‍ തേന്‍ ശേഖരിക്കുന്ന സൂപ്പര്‍ അറകള്‍ സ്ഥാപിക്കല്‍ എന്നിങ്ങനെ ധാരാളം ജോലികള്‍ ചെയ്യേണ്ടതായുണ്ട്.  നിലവിലുള്ള കോളനികള്‍ പുതിയ റാണിത്തേനീച്ചയെ ഉണ്ടാക്കി പുറത്തുപോകാന്‍ നോക്കുന്നത് തടയണം ശ്രദ്ധിച്ചില്ലെങ്കില്‍ പിരിഞ്ഞ് പോകും.
                      നവംബര്‍ മുതല്‍ തേനീച്ചകളെ പിരിച്ച് മാറ്റി പുതിയ കോളനികള്‍ ഉണ്ടാക്കുന്നു. ഇത് ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ഈ ക്യഷിയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.

തേനീച്ചപ്പെട്ടി

            ബ്രൂഡ് എന്ന് വിളിക്കുന്ന തേനീച്ച അറകള്‍ ഉള്‍പ്പെടുന്ന തേനീച്ചപ്പെട്ടിയുടെ അടിഭാഗത്തെ പെട്ടിയിലാണ് റാണിയും വേലക്കാരി ഈച്ചകളും ആണ്‍ ഈച്ചകളും കഴിയുന്നത്. ഇവിടെയാണ് മുട്ടകള്‍ കാണപ്പെടുക. ഇവിടെ പെട്ടികളില്‍ ആറ് അറകള്‍ ഫ്രെയിമുകളിലായി ഉണ്ടാകും. കോളനി വിഭജിക്കുമ്പോള്‍ പുതിയ പെട്ടിയില്‍  തേനീച്ചകളുള്ള മൂന്ന് ഫ്രെയിമുകളും കൂടെ കാലിയായ മൂന്ന് ഫ്രെയിമുകള്‍ കൂടി വെയ്ക്കും. ആ മൂന്ന് ഫ്രെയിമുകള്‍ അറകളുണ്ടാക്കി നിറഞ്ഞതിനു ശേഷമാണ് തേനീച്ചകള്‍ തേന്‍ ഉല്പ്പാദനം ആരംഭിക്കുക.

'സൂപ്പര്‍' തട്ടുകള്‍
          തേനീച്ചകള്‍ അറകള്‍ നിറഞ്ഞ് തേനുല്പാദനം ആരംഭിക്കുമ്പോള്‍ പെട്ടിയുടെ മുകള്‍ ഭാഗത്ത് സ്ഥാപിക്കുന്ന ഫ്രെയിമോടു കൂടിയ തട്ടുകളാണ് സൂപ്പര്‍. തേനീച്ചകള്‍ തേന്‍ ഉണ്ടാക്കി സൂക്ഷിക്കുന്നത്  സൂപ്പര്‍  തട്ടുകളുടെ ഫ്രെയിമുകളിലാണ്. മഴക്കാലത്ത് ഒരുസൂപ്പര്‍ തട്ടു മാത്രമേ സ്ഥാപിക്കാറുള്ളൂ അതില്‍ തന്നെ അവയ്ക്കാവശ്യമായ പഞ്ചസാര വെള്ളം ചിരട്ടയില്‍ വെയ്ക്കുകയും ചെയ്യും. തേനുല്പ്പാദന സീസണില്‍ കോളനിയുടെ ശേഷി അനുസരിച്ച് സൂപ്പറിന്റെ എണ്ണം രണ്ടും മൂന്നുമായി ഉയരും. സൂപ്പറില്‍ അഞ്ച് ഫ്രെയിമുകളാണ് ഉണ്ടാവുക പുതിയതായി സ്ഥാപിക്കുന്ന സൂപ്പറാണെങ്കില്‍ ബ്രൂഡില്‍ നിന്ന് ഒരു അറ എടുത്ത് അത് അഞ്ചായി മുറിച്ച് ഓരോന്നും സൂപ്പറില്‍ സ്ഥാപിക്കേണ്ട ഫ്രെയിമില്‍ റബര്‍ ബാന്‍ഡുപയോഗിച്ച് അതിന്റെ അടിഭാഗത്ത് ഉറപ്പിക്കും. തേനീച്ചകള്‍ പതിഞ്ചു ദിവസം കൊണ്ട് അറകള്‍ മുഴുവനും ഉണ്ടാക്കി തേന്‍ ഉല്പാദനം നടത്തും.

തേനുല്പാദനം അതിവേഗം
                  ഒരു വര്‍ഷം ഒരു പെട്ടിയില്‍ നിന്ന്  ഏഴും എട്ടും പ്രാവശ്യം വരെ  തേന്‍  എടുക്കാന്‍ കഴിയുന്നു ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് തേന്‍ ഉല്പ്പാദനം കൂടുതലായി നടക്കുക. തേന്‍ എടുത്ത് കഴിഞ്ഞ് എട്ടാം പക്കം അറകളില്‍ നിറഞ്ഞിരിക്കും. തേനീച്ചകള്‍  സൂര്യനുദിക്കുന്നതു മുതല്‍ അസ്തമിക്കുന്നതു വരെ വിശ്രമില്ലാതെ പണിയെടുക്കുന്നതിനാല്‍  നല്ല ശക്തമായ കോളനികളില്‍ പെട്ടെന്ന് തേനുല്പാദനം നടക്കുന്നു. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന മെഷീന്‍ ഉപയോഗിച്ചാണ് അറകളില്‍ നിന്ന് തേന്‍ വേര്‍തിരിക്കുന്നത് ഒരു സമയം ഒരു സൂപ്പറില്‍ നിന്ന്  ഒന്നരക്കിലോ വരെ തേന്‍ ലഭിക്കുന്നു. മൂന്ന് സൂപ്പറുകളുള്ള പെട്ടിയില്‍ നാല് കിലോ വരെ ലഭിക്കും.

വില്പ്പന മൊത്തമായും ചില്ലറയായും

                      പൂക്കാലമായ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് തേനീച്ചകള്‍ കൂടുതല്‍ തേന്‍ ശേഖരിക്കുക. റബര്‍ തേന്‍ ലഭിക്കുന്ന കാലഘട്ടം കൂടിയായതിനാല്‍ ഉല്പ്പാദനം വലിയ രീതിയില്‍ നടക്കുന്നു. കന്നാസുകളില്‍ ശേഖരിക്കുന്ന തേന്‍ കിലോയ്ക്ക് നൂറ്റന്‍പത് തോതില്‍ ആര്യവൈദ്യ ശാലകളും തേന്‍ ഉല്പ്പാദന കമ്പനികളും മൊത്ത വില്പ്പനവിലയായി എടുക്കുന്നു. ചില്ലറ വില്പ്പനയായി കടകളില്‍ നല്‍കുമ്പോള്‍ ഇരുന്നൂറ് രൂപയും നേരിട്ട് വില്‍ക്കുമ്പോള്‍ ഇരുന്നൂറ്റന്‍പത് രൂപയും ലഭിക്കുന്നു. എങ്കില്‍തന്നെയും മൊത്ത്മായി വില്‍ക്കുന്നതിനാണ് താല്പര്യം കാരണം ചെറിയ കുപ്പികളില്‍ നിറയ്ക്കേണ്ടതില്ല കന്നാസുകളില്‍ ശേഖരിക്കുന്നതാണ് എളുപ്പം. കടകളില്‍ വില്‍ക്കുമ്പോല്‍ വില അപ്പോള്‍ ലഭിക്കില്ല. വിറ്റ് പോയതിനു ശേഷം മാത്രമേ പണം ലഭിക്കുകയുള്ളൂ. മൊത്തവില്പ്പനയില്‍ അപ്പോള്‍ തന്നെ വിലലഭിക്കും.

ഹണി പ്രൊഡ്യൂസര്‍ കമ്പനി

    കോഴിക്കോട് ഹണി പ്രൊഡൂസര്‍ കമ്പനി എന്ന പേരില്‍ കോഴിക്കോട് മണാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡംഗമാണ് ജോര്‍ജ്ജേട്ടന്‍. കര്‍ഷകരില്‍ നിന്ന് തേന്‍ വാങ്ങി പ്രൊസസ്സ് ചെയ്ത് മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ഈ കമ്പനിയില്‍ ഓഹരിയുള്ളവരില്‍ നിന്നാണ് തേന്‍ വാങ്ങുന്നത്. ഒരു ഓഹരിക്ക് ഇരുപത്തഞ്ച് കിലോ വരെ തേന്‍ നല്‍കാം. കൂടുതല്‍ ഓഹരികളുടെ ഉടമയായതിനാല്‍ കമ്പനിയിലേക്ക് തേന്‍ നല്‍കുന്നതിനുള്ള പരിധി ഇദ്ദേഹത്തിന് പ്രശ്നമാകുന്നില്ല.
ജോര്‍ജ്ജ് അക്കരത്തകിടിയില്‍ 9495642752
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് ക്യഷിഅസ്സിസ്റ്റന്റ് ക്യഷിഭവന്‍ കൂടരഞ്ഞി.