ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

8 Mar 2019

മട്ടുപ്പാവില്‍ കുരുമുളക് ക്യഷി, ഇത് വില്‍സന്റെ സ്റ്റൈല്‍

                 
                   മട്ടുപ്പാവില്‍ കുരുമുളക് ക്യഷിയോ? എന്ന് വിചാരിച്ച് അത്ഭുതപ്പെടേണ്ട. കൂടരഞ്ഞി കരിംകുറ്റി തയ്യില്‍ വില്‍സണ്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ ചെറിയ ടെറസ്സ് പൂര്‍ണ്ണമായും കുരുമുളക് ക്യഷിയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ്.  പച്ചക്കറിക്യഷി ചെയ്തിരുന്ന സ്ഥലമാണ് ഇന്ന് കുരുമുളക് കയ്യടക്കിയിരിക്കുന്നത്.
                      കോഴിക്കോട്   മെഡിക്കല്‍ കോളേജിന് സമീപം ചെറിയ കച്ചവടം നടത്തിയിരുന്ന വില്‍സണ് കൂടരഞ്ഞി ക്യഷിഭവനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കുറ്റിക്കുരുമുളക് തൈകള്‍ കിട്ടിയതോടെയാണ് കുരുമുളക് ക്യഷിയില്‍ കമ്പം കയറിയത്. വീടിനു സമീപം നട്ട കുറ്റിക്കുരുമുളക് നല്ല വിളവ് ലഭിച്ചത് കണ്ട് ടെറസ്സിലെ പച്ചക്കറിക്ക്യഷിയുടെ വ്യാപ്തി കുറച്ച് സിമന്റ് ചട്ടിയില്‍ കുരുമുളക് നട്ടു താങ്ങ്` നല്‍കാന്‍ പിവിസി പൈപ്പില്‍ ചകിരിക്കയര്‍ കൊണ്ട്  ചുറ്റിവരിഞ്ഞ് ചട്ടിക്കുള്ളില്‍ സ്ഥാപിച്ചു. ചട്ടി നല്ല ബലവത്തായാണ് നിര്‍മ്മിച്ചത്. മണ്ണ് ചകിരിച്ചോറ് ചാണകം എന്നിവ നന്നായി കൂട്ടിക്കലര്‍ത്തിയ മിശ്രിതമാണ് നടീല്‍ മാധ്യമമായത്. തൈകള്‍ വളര്‍ന്നു വരുമ്പോള്‍ ചെടികള്‍ മറിയാതിരിക്കാനും മറ്റും പിവിസി പൈപ്പുകളെ ബന്ധിപ്പിച്ച് കമ്പികള്‍ സ്ഥാപിച്ചിട്ടുണ്ട്.അന്‍പത് ചട്ടികള്‍ ഇപ്പോള്‍ ടെറസ്സിലുണ്ട്. ചുറ്റും മരങ്ങളും മറ്റും ഉള്ളതിനാല്‍ കനത്ത വെയില്‍ മട്ടുപ്പാവിലില്ല. സ്ഥലം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിനായി കുരുമുളകിനിടയ്ക്ക് പച്ചക്കറികള്‍ ഗ്രോബാഗില്‍ ക്യഷി ചെയ്യുന്നുമുണ്ട്. നനയ്ക്കുന്നതിനാല്‍ നല്ല വളര്‍ച്ചയാണ് കുരുമുളകിനുള്ളത്.
                                കഴിഞ്ഞ ജൂണില്‍ ടെറസ്സില്‍ കയറുന്നതിനിടെ കോണി മറിഞ്ഞ് പരിക്ക് പറ്റിയിരുന്നു. വരുമാനം കുറവാണെങ്കില്‍ കൂടിയും ക്യഷി സ്നേഹം കാരണം ടെറസ്സിലെക്ക് കയറാന്‍ കുറച്ച് പണം ചെലവാക്കി ഒരു കോണി നിര്‍മ്മിച്ചു . വീടിനോട് ചേര്‍ന്ന് മുട്ടക്കോഴികളെ വളര്‍ത്തി വില്‍ക്കുന്ന ഇദ്ദേഹം കുരുമുളക് ക്യഷിയ്ക്ക് വളര്‍ത്തുന്ന പശുവിന്റെ ചാണകവും ഗോമൂത്രവുമാണ് വളവും കീടനാശിനിയുമായി ഉപയോഗിക്കുന്നത്. തെങ്ങ് ജാതി വാഴ എന്നിവയും ക്യഷി ചെയ്യുന്ന ഇദ്ദേഹം തന്റെ പരിമിതികള്‍ക്കിടയിലും ക്യഷിയെ കൈവിടുന്നില്ല.

വില്‍സണ്‍ തയ്യില്‍ 9645343966

മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ് ക്യഷിഭവന്‍ കൂടരഞ്ഞി.