ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

22 Mar 2019

ചക്കയില്‍ പ്രതീക്ഷയോടെ ജെയിംസ്..

                          നൂറിലധികം പ്ലാവുകള്‍ നിറഞ്ഞു നില്‍ക്കുന്ന ക്യഷിയിടം. പല പ്രായത്തിലുള്ളവയില്‍ നട്ടു വളര്‍ത്തിയതുണ്ട് കുരു വീണ് മുളച്ചതുണ്ട്. ആനയോട് മാവേലിമണ്ണില്‍ ജെയിംസ് എന്ന ചാക്കോ  മുപ്പത്തിയഞ്ചു വര്‍ഷത്തിലധികമായി ക്യഷി തുടങ്ങിയിട്ട്. അദ്ദേഹം ഒരിക്കല്‍ പോലും പ്ലാവ് ഒരു ക്യഷിയായി കണ്ടിരുന്നില്ല. ക്യഷിയിടത്തിലെ വിളകള്‍ അതിനിടയ്ക്ക് ഒരു ഫലവ്യക്ഷം എന്ന പരിഗണന മാത്രമേ  പ്ലാവിന്ന ല്‍കിയിരുന്നുള്ളൂ. ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത് മുതലാണ് ക്യഷിയിടത്തിലെ ഈ പ്ലാവ് മഹാത്മ്യം തിരിച്ചറിഞ്ഞ് തുടങ്ങിയത്. നിരവധി ആളുകള്‍ ഇപ്പോള്‍ ആവശ്യക്കാരായുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ചക്ക പഴുത്ത് വീണു പോകുന്ന അവസ്ഥയാണുണ്ടായിരുന്നത്. മഴക്കെടുതിക്ക് ശേഷം പ്ലാവില്‍ കഴിഞ്ഞ കൊല്ലത്തെ അത്രയും വിളവില്ല. ഉണ്ടായിരുന്നെങ്കില്‍ നല്ലൊരു വരുമാനം തന്നെ ഇക്കൊല്ലം ലഭിക്കുമായിരുന്നു എന്ന് ജെയിംസ് പറയുന്നു.
                     
               കൂമ്പാറ ആനയോട് പ്രദേശം പൂര്‍ണ്ണമായും ക്യഷി മുഖ്യഉപജീവന മാര്‍ഗ്ഗമായി കണക്കാക്കുന്ന മലയോര കര്‍ഷകരുടെ ക്യഷിയിടങ്ങളാണ്. ഇവിടെ തെങ്ങ്, കവുങ്ങ്, ജാതി കൊക്കോ, കുരുമുളക്, റബ്ബര്‍, വിവിധ ഫലവ്യക്ഷങ്ങള്‍ എന്നിവയാണ് പ്രധാനമായും ക്യഷി ചെയ്തു വരുന്നത്. ഇവയെല്ലാം തന്നെ ഇദ്ദേഹത്തിന്റെ അഞ്ചേക്കര്‍ ക്യഷിയിടത്തിലും ക്യഷി ചെയ്തു വരുന്നു. മൂന്നേക്കര്‍ ബഹുവിളത്തോട്ടവും രണ്ടേക്കറില്‍ റബ്ബറും എന്ന രീതിയിലാണ് ക്യഷി. റബ്ബറിനിടയില്‍ മുപ്പതോളം പ്ലാവുകളുണ്ട്. കടുത്ത വേനലിലും വറ്റാത്ത ഉറവയുള്ള ഒരു തോട് ക്യഷിയിടത്തിന് അതിരിലൂടെ ഒഴുകുന്നത് ക്യഷിയിടത്തെ ജലസമ്പുഷ്ടമാക്കുന്നു. വാഹന സൗകര്യവും മറ്റ് സൗകര്യങ്ങളും കണക്കിലെടുത്ത് താമസം പുഷഗിരി പള്ളിക്ക് സമീപത്തേക്ക് മാറ്റിയിരുന്നു എങ്കിലും ക്യഷി    മുഖ്യമായി കരുതുന്ന ചാക്കോ അതിരാവിലെ തന്നെ ക്യഷിയിടത്തിലെത്തുന്ന ജെയിംസ് തന്റെ വീടിനു സമീപമുള്ള പറമ്പില്‍ ചക്കയോടുള്ള സ്നേഹം വെളിവാക്കി ഇരുപത്തഞ്ചോളം പ്ലാവുകള്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്.
          തന്റെ ക്യഷിയിടത്തില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഈ ഫലവ്യക്ഷങ്ങള്‍ വളരെ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഇദ്ദേഹം പറയുന്നു. കീടനാശിനികളുടെ അംശം ഏല്‍ക്കാത്ത ശുദ്ധമായ ഭക്ഷണം എന്ന നിലയിലും ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ കൂടിയ അളവില്‍ ലഭ്യമാകുന്ന ഫലം എന്ന നിലയിലും ചക്ക വരും കാലത്ത് വലിയ അളവില്‍ ആവശ്യം വരുമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെയാണ് ഈ ക്യഷിയിടത്തില്‍ ഫലവ്യക്ഷമെന്ന നിലയില്‍ മാവിനേക്കാളും എണ്ണത്തേക്കാള്‍ കൂടുതല്‍ പ്ലാവായത്. ഭാര്യ ഡെയ്സിയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയില്‍ മുന്നേറുന്ന ക്യഷി ജീവിതം പ്ലാവിന്റെ തണലില്‍ കുതിച്ചു പായുമെന്ന് വിശ്വസിക്കുകയാണ് ജെയിംസ്.

ജെയിംസ് മാവേലിമണ്ണില്‍ 9447655227

എഴുതിയത് : മിഷേല്‍ ജോര്‍ജ് ക്യഷിഅസ്സിസ്റ്റന്റ്