ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

14 Apr 2019

അധിക വരുമാനത്തിന് വാഴയ്ക്ക് ഇടവിള പച്ചക്കറി

           
        ചുരുങ്ങിയ സമയത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പ് വരുത്തുന്നതില്‍ ഇന്ന് വാഴക്ക്യഷിയ്ക്കല്ലാതെ വേറൊരു ക്യഷിയ്ക്കും സാധ്യമല്ല. ഇന്ന് മലയോര മേഖലയിലെ നിരവധി കര്‍ഷകര്‍ ഈ വിളയ്ക്ക് പുറകേയാണ്. പത്ത് പന്ത്രണ്ട് മാസത്തിനുള്ളില്‍ വിളവെടുക്കാം, പ്രതികൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ മുടക്ക് മുതലിന്റെ മൂന്നിരട്ടി ലാഭവും ലഭിക്കും. അത് കൊണ്ട് തന്നെ കര്‍ഷകര്‍ക്ക് പ്രിയങ്കരമായ വിളയാണ് വാഴ. കൂടുതല്‍ കര്‍ഷകരും പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്യഷി ചെയ്യുന്നത്. ക്യഷിയെ സ്നേഹിക്കുന്നവര്‍ക്കും സ്വന്തമായി ക്യഷിസ്ഥലമില്ലാത്തവര്‍ക്കും ഹ്രസ്വ കാല വിളയെന്ന നിലയില്‍ അനുയോജ്യമായ ക്യഷിയാണ് വാഴ.

                                 
 പായമ്പുറത്ത് ബാലക്യഷ്ണന്‍ എന്ന കര്‍ഷകന്‍ മുപ്പത്തിയഞ്ച് വര്‍ഷമായി കാര്‍ഷിക രംഗത്തുണ്ട്. ഇപ്പോള്‍ രണ്ട് വര്‍ഷമായി തിരുവമ്പാടിയില്‍ വാടകയ്ക്ക് താമസം. കോഴിക്കോട് പെരുവയല്‍ സ്വദേശിയായ ബാലക്യഷ്ണന്‍ കൂടരഞ്ഞി തൊണ്ടൂര്‍കണ്ടിയില്‍ ഒരേക്കര്‍ സ്ഥലത്ത് വാഴക്ക്യഷി ചെയ്തു വരുന്നു. തിരുവമ്പാടി സ്വദേശിയായ ബിനോയ് പുലക്കുടിയുമായി ചേര്‍ന്നാണ് ക്യഷി. തന്റെ കാര്‍ഷിക രംഗത്തെ അനുഭവത്തില്‍ നിന്ന് നേടിയെടുത്ത അറിവാണ് വാഴക്ക്യഷിയുടെ ഒപ്പം പച്ചക്കറിക്ക്യഷി കൂടെ ചെയ്യാമെന്നത്. ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ നേന്ത്രവാഴയ്ക്കൊപ്പം പച്ചക്കറിയും മല്‍സരിച്ച് വളരുന്നു. നാലുമാസം വരെഇങ്ങനെ വാഴയോടൊപ്പം പച്ചക്കറിയും ക്യഷി ചെയ്യാം. പ്രത്യേകിച്ച് വളപ്രയോഗം വേണ്ടി വരുന്നില്ലാത്തതിനാല്‍ അധിക ചെലവുമില്ല. പാട്ടക്ക്യഷിക്കാര്‍ക്ക് പാട്ടച്ചെലവുകളും മറ്റ് ചെലവുകളും ഇതില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് ലഭിക്കും. 
                                     നേന്ത്രവാഴ നട്ട് ഉടന്‍ തന്നെ ഇടവിളയായി പച്ചക്കറിക്യഷി ആരംഭിക്കുന്നു. വാഴയോടൊപ്പം തന്നെ പച്ചക്കറികളും വളര്‍ന്ന് വരും. നിലവില്‍ ഈ ക്യഷിയിടത്തില്‍ പയര്‍, പടവലം, വെണ്ട, വഴുതന, വെള്ളരി , തണ്ണിമത്തന്‍ എന്നിവ ക്യഷി ചെയ്യുന്നു. വഴയ്ക്ക് രാസ വളവും ജൈവവളവും ഉള്‍പ്പെടുത്തി സം യോജിത വളപ്രയോഗമാണ് നടത്തുന്നത് ചാണകപ്പൊടിയും കോഴിവളവും ചാരവുമാണ് ജൈവവളമായി ഉപയോഗിക്കുന്നത്. കുമ്മായം വളപ്രയോഗത്തിനു മുന്‍പായി ചെയ്യുന്നു. ഇരുപത്തിയഞ്ച് ദിവസം കൂടുന്തോറും വളപ്രയോഗം നടത്തുന്നു. വയല്‍ പ്രദേശമായതിനാല്‍ തടമെടുത്ത് വാഴനട്ട് അതിനു ശേഷം ഇടകളില്‍ നിന്ന് മണ്ണ് കോരി വാരമെടുത്ത് വാഴയുടെ ചുവട്ടിലേക്ക്മണ്ണ് കേറ്റിക്കൊടുക്കുന്നു. വാഴയുടെ ഇടയിലാണ് പച്ചക്കറിക്കുള്ള സ്ഥാനം, വാഴ വളര്‍ന്നു വരുന്ന സമയം വരെ ഈ ഇടസ്ഥലം വെറുതെ കിടക്കുന്നില്ല അധികവരുമാനത്തിനായി ഉപയോഗിക്കാന്‍ കഴിയുന്നു. 
                                  പെട്ടെന്ന് വിളവെടുക്കാന്‍ സങ്കരയിനം പച്ചക്കറി വിത്തുകളാണ് ഉപയോഗിച്ചത്. വിളവെടുത്ത് തുടങ്ങി ഒന്നരാടന്‍ ദിവസങ്ങളില്‍ തോട്ടത്തില്‍ നിന്ന് ശരാശരി നൂറു കിലോയ്ക്കടുത്ത് പച്ചക്കറികള്‍ വിളവെടുക്കുന്നു. നമ്മുടെ നാട്ടില്‍ ക്യഷി ചെയ്യാത്ത ഒരിനമാണ് തണ്ണിമത്തന്‍ അതും ഇദ്ദേഹം ഈ ക്യഷിയിടത്തില്‍ വിളവെടുത്തു. പച്ചക്കറിയും വാഴയും സമ്മിശ്രമായുളള ക്യഷി നമ്മുടെ നാട്ടില്‍ പരിചിതമല്ല. ചെയ്യുന്ന ക്യഷി ഏതുമാകട്ടെ  അതിന്റെ എല്ലാ സാധ്യതകള്‍  ഉപയോഗപ്പെടുത്തിയും ഒരിഞ്ച് സ്ഥലം പോലും ഒഴിവാക്കാതെയും  ക്യഷി ചെയ്താല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും എന്നതാണ് ബാലക്യഷ്ണന്‍ എന്ന കര്‍ഷകന്‍ പഠിപ്പിക്കുന്നത്. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന വാഴക്ക്യഷിയ്ക്കും പച്ചക്കറിക്ക്യഷിയ്ക്കും ഇദ്ദേഹത്തിന് ആനുകൂല്യം നല്‍കിയിട്ടുണ്ട്.
 ബാലക്യഷ്ണന്‍  പായമ്പുറത്ത് 9072474136
എഴുതിയത് : മിഷേല്‍ ജോര്‍ജ് ക്യഷി അസിസ്റ്റന്റ്