ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

15 May 2019

മണലാരിണ്യത്തില്‍ നിന്ന് ഹരിത കാന്തിയിലേക്ക് ...

                       
 'നമ്മുടെ സ്വന്തം നാടിന്റെ ഗ്രാമഭംഗി ഏത് പ്രവാസിയേയും തിരിച്ചു വരവിനായി പ്രലോഭിപ്പിക്കും. നമ്മുടെ കൊച്ചു നാടിന്റെ മനോഹാരിത വേറെവിടേയും ദര്‍ശിക്കാന്‍ കഴിയില്ല.  ഇവിടം വിട്ടു പോയി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാക്കാണ് മാറ്റാരേക്കാളും മനസ്സിലാകുന്നത്. കൂടരഞ്ഞി മാങ്കയം സ്വദേശി ഉഴുന്നാലില്‍ ജിമ്മി അലക്സ് ആ തിരിച്ചറിവില്‍ ഇരുപത്തിനാല് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കൊണ്ട് ഇന്ന്  സ്വന്തം നാടിനെ സ്നേഹിക്കുകയും അനുഭവിക്കുകയുമാണ്  ഒരു പൂര്‍ണ്ണസമയ ക്യഷിക്കാരനായി. 
                സൗദിയിലെ ഓഫീസ് സെക്രട്ടറിയില്‍ നിന്നും കര്‍ഷകനിലേക്കുള്ള മാറ്റം യാദ്യശ്ചികമല്ല. അദ്ദേഹത്തിന്റെ സ്വന്തം ജീനിലൊളിഞ്ഞു കിടക്കുന്ന ഒന്നാണ് ക്യഷി. കര്‍ഷകനായ പിതാവിന്റെ മകനായി ജനിച്ചതുകൊണ്ടു മാത്രമല്ല മണലാരിണ്യത്തിലെ ജോലിക്കിടയില്‍ നാട്ടിലേക്ക് തിരിച്ച് വരണമെന്നും കുടുംബ വിഹിതമായി ലഭിച്ച ഭൂമിയില്‍ ക്യഷിചെയ്യണമെന്നും ഉള്‍വിളി ഉണ്ടാവാറുണ്ടായിരുന്നതും അദ്ദേഹത്തെ കര്‍ഷകനാക്കി മാറ്റി. രണ്ട് വര്‍ഷം മുന്‍പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു വന്നു ക്യഷി ആരംഭിച്ചു.

                              നാട്ടിലെത്തിയതിനു ശേഷം ആദ്യമായി തുടങ്ങിയ ക്യഷി  വാഴക്ക്യഷി ആയിരുന്നു. ആയിരം വാഴയോളം ക്യഷി ചെയ്തു. നേന്ത്രനും പൂവനുമായിരുന്നു ഇനങ്ങള്‍. പെട്ടെന്ന് ക്യഷി ചെയ്ത് ആദായം നേടാന്‍ കഴിയുമെന്നതിലാണ് വാഴക്ക്യഷി ആരംഭിച്ചത്. കന്ന് പ്രാദേശികമായി ലഭിക്കുന്നിടത്ത് നിന്ന് പതിനഞ്ചു രൂപ ചെലവില്‍ വാങ്ങി. വീടിനു മുകളിലുള്ള കുന്നിന്‍ പ്രദേശം ക്യഷിയ്ക്കായി തെരഞ്ഞെടുത്ത് കന്നു നട്ടു. രാസവളവും ജൈവവളങ്ങളായ കോഴിവളവും ആട്ടിന്‍ കാഷ്ഠവും പ്രയോഗിച്ചു. നനയ്ക്കാന്‍ വീടിനു താഴെയുളള കുളത്തില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം മുകളിലെത്തിച്ച് സ്പ്രിംഗ്ലര്‍ സംവിധാനമൊരുക്കി. രണ്ടര ലക്ഷം രൂപ ചെലവിട്ടാണ് കുളം നിര്‍മ്മിച്ചത്. വിളവെടുത്തു തുടങ്ങിയപ്പോള്‍ നേന്ത്രന്‍ കിലോയ്ക്ക് മുപ്പത്തിയഞ്ച് രൂപ വെച്ച് ലഭിച്ചു. ഒരു പണിക്കാരന്‍ മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. വെള്ളക്കോളര്‍ ജോലിക്കാരനെന്ന കാര്യം മാറ്റിവെച്ച് പണിക്കാരനൊപ്പം ക്യഷിയിലേക്കിറങ്ങിയതുകൊണ്ട് വാഴക്ക്യഷിയില്‍ പണിക്കൂലി ഇനത്തില്‍ കുറഞ്ഞ പണമേ ചെലവഴിക്കേണ്ടി വന്നുള്ളൂ

                                  വ്യക്തമായ ധാരണയോടു കൂടിയാണ് ഇദ്ദേഹം ക്യഷിയിലേക്കിറങ്ങിയത് സൗദിയില്‍ നിന്ന് വരുന്നതിനു മുന്‍പേ തന്നെ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നും മറ്റും അന്വേഷണം നടത്തിയിരുന്നു വളരെ താല്പര്യമുണ്ടായിരുന്നു മത്സ്യക്ക്യഷി തുടങ്ങുന്നതിന്. മാര്‍ക്കറ്റില്‍ വിഷമയമായ മല്‍സ്യങ്ങളാണ് ലഭിക്കുന്നത് നമുക്ക് ധൈര്യമായി കഴിക്കാന്‍ സാധിക്കില്ല അഴ്ചയില്‍ എഴുന്നൂറ്റന്‍പത് രൂപയോളം ഇത്തരം മീനുകള്‍ വാങ്ങുന്നതിന് ചെലവും വരും. ഈക്കാര്യങ്ങളൊക്കെ പരിഗണിച്ച് വീട്ടാവശ്യത്തിനും വരുമാന മാര്‍ഗ്ഗമായും മല്‍സ്യക്ക്യഷി ആരംഭിച്ചു. ഇരുപത് മീറ്റര്‍ നീളമുള്ള ഒരു കുളം സില്പോളിന്‍ ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചു. ആദ്യം നിര്‍മ്മിച്ച കുളത്തില്‍ ധാരാളം ജലം ലഭ്യമായതിനാല്‍ അവിടെ നിന്നുള്ള വെള്ളം ഉപയോഗിച്ച് ഈ കുളം നിറച്ചു. അതില്‍ ആസാം വാള 300 എണ്ണവും ഗിഫ്റ്റ് തിലാപ്പിയ മല്‍സ്യ വിത്തുകള്‍ 2000 എണ്ണവും നിക്ഷേപിച്ചു. കല്‍ക്കത്തയില്‍ നിന്നാണ് മല്‍സ്യ വിത്തുകള്‍ വരുത്തിച്ചത്. ഫിഷ് ഫീഡ് മാത്രമാണ് തീറ്റയായി നല്‍കുന്നത് അതു കൊണ്ട് ഇട്ട് മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും നല്ല വളര്‍ച്ച കാണിക്കുന്നുണ്ട്. കിലോയ്ക്ക് 160 രൂപ വിലയുള്ള ഫിഷ് ഫീഡ് ദിവസവും ഒന്നരക്കിലോയോളം തീറ്റയായി നല്‍കുന്നു. മല്‍സ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായുളള വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമായതിനാല്‍ മല്‍സ്യത്തിന്റെ വിപണനം ഒരു പ്രശ്നമല്ലെന്നാണ് ജിമ്മി പറയുന്നത് വില്‍ക്കാനുളള മല്‍സ്യത്തിന്റെ ഫോട്ടൊയിട്ടാല്‍ ആവശ്യക്കാര്‍ ക്യഷിയിടത്തിലെത്തി വാങ്ങും. പുതിയതായി മൂന്നു ചെറിയ കുളങ്ങള്‍ കൂടി ഇപ്പൊഴുള്ള കുളത്തിനു സമീപത്ത് നിര്‍മ്മിച്ചിട്ടുണ്ട്.

                       ഒന്നോ രണ്ടോ ഇനങ്ങളില്‍ ഒതുക്കിയില്ല തന്റെ ക്യഷി. അത്  വിപുലീകരിക്കുകയാണ് അദ്ദേഹം ചെയ്തത് മുയല്‍ക്ക്യഷിയും ആട്, കോഴി, താറാവ് എന്നിവയൊക്കെയായി  തന്റെ ക്യഷിയിടം സമ്മിശ്രക്ക്യഷിത്തോട്ടമാക്കി മാറ്റി. മുപ്പത്തയ്യായിരം രൂപ ചെലവില്‍ മുയല്‍ക്കൂട് നിര്‍മ്മിച്ചു. സമീപ പ്രദേശങ്ങളായ ആനക്കാംപൊയില്‍, പുല്ലുരാംപാറ, കോടഞ്ചേരി എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്ന്  നിന്ന് മുയല്‍ക്കുഞ്ഞുങ്ങളെ വാങ്ങി.  അന്‍പത്തിയഞ്ച് എണ്ണം മുയലുകള്‍ കുഞ്ഞുങ്ങളടക്കം ഇപ്പോള്‍ ഇവിടെ ഉണ്ട്. ഇരുപതിനായിരം രൂപ മുടക്കി അഞ്ച് ആടുകളെ വാങ്ങി നാടന്‍ രീതിയില്‍ കവുങ്ങുപയോഗിച്ച് പ്രക്യതിയിടിണങ്ങുന്ന രീതിയില്‍ കൂടു പണിതു വിശാലമായ ക്യഷിയിടത്തില്‍ ഇവയ്ക്കുള്ള തീറ്റയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. വേനപ്പാറയില്‍ നിന്ന് വാങ്ങിയ വാത്തയും കോഴിയും താറാവും ഇവിടെ വളരുന്നുണ്ട്. എണ്ണത്തില്‍ മുപ്പതെണ്ണമേ ഉള്ളൂവെങ്കിലും  ഇവയുടെ എണ്ണം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഇദ്ദേഹത്തിന് വരുമാനവും വീട്ടാവശ്യത്തിനുമുളളത് ഈ ക്യഷിയിലൂടെ ലഭിക്കുന്നു.

                      നാലരയേക്കര്‍ ക്യഷിയിടത്തില്‍ വാഴ കൂടാതെ തെങ്ങ്, കവുങ്ങ്, ജാതി, റബ്ബര്‍ എന്നിവ ക്യഷി ചെയ്തു വരുന്നുണ്ട്. ഇവയൊക്കെ നേരത്തെ തന്നെ ക്യഷി ചെയ്തതായതിനാല്‍ ഇദ്ദേഹം പെട്ടെന്ന് വരുമാനം ലഭിക്കുന്ന ക്യഷിരീതികളാണ് പ്രയോഗിക്കാന്‍ താല്പര്യപ്പെടുന്നതും ഇപ്പോള്‍ പ്രയൊഗിച്ചു കൊണ്ടിരിക്കുന്നതും. ആടും കോഴിയും മുയലും മറ്റും ക്യഷിയിടത്തിലേക്കുളള ജൈവവള സ്രോതസ്സാണ്. അവയുടെ കാഷ്ടം കമ്പോസ്റ്റ് ചെയ്ത് ഉപയോഗിക്കുന്നു. വീടിനു സമീപം കോഴി വളം കമ്പോസ്റ്റാക്കി മാറ്റുന്നതിന് കൂന കൂട്ടിയിട്ടിരിക്കുന്നത് കാണാം. മല്‍സ്യക്കുളത്തിലെ വെള്ളം അറുപത് ദിവസം കൂടുന്തോറും മാറ്റുന്നുണ്ട്. കുളത്തില്‍ നിന്ന് മാറ്റുന്ന ജലം ക്യഷിഭവനില്‍ നിന്ന് ലഭിച്ച വാഴകള്‍ നനയ്ക്കുന്നതിന് ഉപയോഗിക്കുന്നു. കുളത്തിനു ചുറ്റുമായും അഞ്ഞൂറോളം ഞാലിപ്പൂവന്‍ വാഴകളാണ് ഇപ്പോള്‍ പുതുതായി നട്ടിരിക്കുന്നത്.

                       ക്യഷിയോട് മമത പുലര്‍ത്തുന്ന ക്യഷിക്കാരനാകാന്‍ ആഗ്രഹിച്ച ഈ പ്രവാസിയെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.  കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന 'ആത്മ'  സംയോജിത ക്യഷിത്തോട്ട പദ്ധതി അനുവദിച്ച് ക്യഷിയിടം ഒരുക്കുന്നതിന്  ആനുകൂല്യം ഈ സാമ്പത്തിക വര്‍ഷം നല്‍കിയിട്ടുണ്ട്. സഹായം ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ കൂടിയും കഠിനാധ്വാനിയായ ഈ പ്രവാസികര്‍ഷകന്  ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നു. കര്‍ഷക പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്ന ഈ കര്‍ഷകന്‍ ക്യഷിഭവനുമായി സജീവ ബന്ധം നിലനിര്‍ത്തി പരിശീലന പരിപാടികളില്‍ പങ്കെടുത്ത് പുതിയ അറിവുകള്‍ നേടാന്‍ ശ്രദ്ധിക്കുന്നു.
                   കുടുംബാംഗങ്ങളും പുതിയ മാറ്റത്തെ സ്വീകരിച്ചു. സൗദിയില്‍ നേഴ്സായിരുന്ന ഭാര്യ പരിയാപുരം വീട്ടുവേലിക്കുന്നേൽ കുടുംബാംഗമായ മേജൊയുടെ പൂർണപിന്തുണയും പ്രോത്സാഹനവും ജിമ്മിയ്ക്കൊപ്പമുണ്ട്. ഇവര്‍ക്ക് രണ്ടു മക്കള്‍ വിദ്യാര്‍ഥികളായ മനുവും മൃദുലും.


ജിമ്മി അലക്സ് ഉഴുന്നാലില്‍: 7560950478

തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ്, ക്യഷിഭവന്‍ കൂടരഞ്ഞി