ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

30 May 2019

ഒത്തൊരുമയുടെ നേന്ത്രവാഴക്കുലകളുമായി ഒരു കൂട്ടായ്മ

         

                     കര്‍ഷകര്‍ ഒന്ന് ചേര്‍ന്നാല്‍ ക്യഷി വിജയിക്കില്ലെന്നും കര്‍ഷകര്‍ക്ക് ഒത്തൊരുമയില്ലെന്നും കര്‍ഷകര്‍ തന്നെ സ്വയം വിമര്‍ശനം നടത്താറുണ്ട്.  ഈ ധാരണയെ മാറ്റി മറിച്ചുകൊണ്ട് കോഴിക്കോട്  കക്കാടംപൊയിലില്‍ ഏഴു കര്‍ഷകര്‍  ഒത്തൊരുമയോടെ വിളയിച്ചെടുക്കുകയാണ്   'നേന്ത്രവാഴക്കുലകള്‍'.  നാലായിരത്തോളം നേന്ത്രവാഴകള്‍ കക്കാടംപൊയില്‍ അങ്ങാടിക്ക് സമീപം പാട്ടത്തിനെടുത്ത സ്ഥലത്ത് ഇവര്‍ ക്യഷി ചെയ്യുന്നു.
             താമരശ്ശേരി രൂപതയുടെ സി ഒ ഡിയുടെ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഫാ. ജോസഫ് പെണ്ണാപറമ്പില്‍ കക്കാടം പൊയിലില്‍ പൂക്ക്യഷി നടത്താന്‍ താല്പര്യമുള്ളവര്‍ പള്ളിയുമായി ബന്ധപ്പെടാന്‍ അറിയിപ്പ് നല്‍കി. കാര്‍ഷിക വിളകള്‍ക്ക് വന്ന നാശം കക്കാടംപൊയിലിലെ കാര്‍ഷികമേഖലയെ പിടിച്ചുലച്ചിരുന്നു. ഭൂരിഭാഗവും കര്‍ഷകരായ ഈ മേഖലയില്‍ ഒരു മാറ്റം സ്യഷ്ടിക്കാം എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അച്ചന്‍ ഇങ്ങനെ ഒരു അറിയിപ്പ് നല്‍കിയത്. ഇരുപത് പേരോളം ഇതിന് തയ്യാറായി വന്നു. എങ്ങനെയാണിത് എന്ന് വിശദീകരിച്ചതിനു ശേഷം താല്പര്യമുള്ളവര്‍ പതിനേഴ് പേരായി ചുരുങ്ങി. അവരുടെ നേത്യത്വത്തില്‍ ഒരു ഗാര്‍ഡന്‍ നഴസറി ആരംഭിച്ചു അംഗങ്ങള്‍ ഓരോരുത്തരും നല്‍കിയ വിഹിതമായിരുന്നു ഇത് തുടങ്ങുന്നതിനുളള മുതല്‍ മുടക്ക്. പളളിക്ക് താഴെയായി ഒരു മഴമറ നിര്‍മ്മിച്ച് ചെടികളും പൂന്തോട്ടം നിര്‍മ്മിക്കാനാവശ്യമായ സാധങ്ങളും വില്പ്പന ആരംഭിച്ചു. കക്കാടംപൊയിലിലെ ടൂറിസം മേഖലയില്‍ പുത്തനുണര്‍വ്വുണ്ടായിരുന്ന സമയം നഴ്സറി ലാഭകരമായി. പെട്ടെന്നുണ്ടായ മാന്ദ്യം ഈ സംരംഭത്തെ പിന്നോട്ടടിച്ചു പലരും ഷെയര്‍ വാങ്ങി പിന്‍വലിഞ്ഞു അവസാനം ഏഴു പേരുടെ ചുമതലയിലായി ഈ സംരംഭം.  തോമസ് നീണ്ടുക്കുന്നേല്‍, ആന്റണി തൊട്ടിക്കല്‍, പ്രകാശന്‍ കുന്നുംവാഴപ്പുറത്ത്, ബിജു കണ്ടത്തില്‍, അനീഷ് കാരിക്കാട്ടില്‍, ബാബു പാറക്കല്‍, ജോസഫ് പന്തപ്പിളളില്‍ എന്നിവര്‍ ആയിരുന്ന അവസാനം ഈ കൂട്ടായ്മയിലുണ്ടായിരുന്നത്.
         നഴ്സറി ഒരുക്കുന്നതിന് ധാരാളം ചെലവ് വന്നിരുന്നു. കൂട്ടായ്മയുടെ അംഗസംഖ്യ കുറഞ്ഞപ്പോള്‍ സാമ്പത്തിക ബാധ്യത ഏറിവന്നു. പിരിഞ്ഞു പോയവര്‍ക്ക് അവര്‍ മുടക്കിയ തുക തിരിച്ചു നല്‍കിയത് കൊണ്ടാണ് ബാധ്യത വന്നത്. ബാധ്യത തീര്‍ക്കുന്നതിനു വേണ്ടി പണം ആവശ്യമുണ്ട്.  അവരുടെ ചിന്തയിലേക്ക് വന്ന പ്രതിവിധി വാഴക്ക്യഷി ആരംഭിക്കുക എന്നതായിരുന്നു. വേറെ മാര്‍ഗ്ഗങ്ങളൊന്നും ഇല്ല. മറ്റ് ജോലികളെക്കാളും സ്വാതന്ത്ര്യം ക്യഷിക്കുണ്ട്.  മറ്റ് വിളകള്‍ നിരാശ നല്‍കിയപ്പോള്‍ കക്കാടം പൊയിലിന്റെ കാലാവസ്ഥ്യ്ക്ക് അനുയോജ്യമായ ക്യഷി എന്ന നിലയില്‍  കര്‍ഷകനെ ആശ്വസിപ്പിച്ച വിളയാണ് നേന്ത്രവാഴ. പത്തിരുപത് വര്‍ഷമായി കക്കാടംപൊയിലിന്റെ കാര്‍ഷികമേഖലയുടെ നട്ടെല്ലാണ് വാഴക്ക്യഷി.   
                      ഇരുപത് വര്‍ഷമായി തരിശായി കിടന്ന സ്ഥലമാണ് വാഴക്ക്യഷിയ്ക്കായി തെരഞ്ഞെടുത്തത്. ത്രിശ്ശിനാപ്പള്ളിയില്‍ നിന്ന് തോട്ടത്തില്‍ പോയി കന്നുകള്‍ തെരഞ്ഞെടുത്ത് കൊണ്ടു വന്ന് ക്യഷി ആരംഭിച്ചു. കാട് പിടിച്ച് കിടന്ന സ്ഥലം വെട്ടിയൊതുക്കി തീ കത്തിച്ച് ക്യഷിയിടം ഒരുക്കി. നാലഞ്ച് പണിക്കാര്‍ ഒരു സമയം തോട്ടത്തിലുണ്ടായിരുന്നു സംഘാംഗങ്ങളായ തോമസ്, ആന്റണി ,പ്രകാശന്‍, ബിജു എന്നിവര്‍ പൂര്‍ണ്ണസമയവും ക്യഷിയിടത്തിലുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ സാമ്പത്തികമായി സഹായം നല്‍കി ക്യഷിയ്ക്ക് പിന്തുണ നല്‍കി. ഒരു ദിവസം പോലും വിശ്രമമില്ലാതെ ഈ ക്യഷിയിടത്തില്‍ പണിയെടുത്ത് കുലകള്‍ വെട്ടാനുള്ള പാകത്തില്‍ എത്തി. ഡിസംബര്‍ മാസത്തില്‍ കുലയ്ക്കാവുന്ന രീതിയിലായിരുന്നു ക്യഷി ചെയ്തത്. ആദ്യം വെട്ടുന്ന കുല പള്ളിക്ക് നല്‍കണമെന്ന് ഇവര്‍ തീരുമാനിച്ചു. തോട്ടത്തിനു സമീപം വരെ റോഡ് സൗകര്യം ഉള്ളതിനാല്‍ വാഴക്കുല വെട്ടി റോഡിനു സമീപത്ത് വെച്ചാല്‍ കുലകള്‍ വാങ്ങുന്ന ഏജന്‍സികള്‍ അവിടെയെത്തി കൊണ്ടു പോകും. കിലോയ്ക്ക് മുപ്പത്തിയഞ്ച്  രൂപയ്ക്കാണ് കുലകള്‍ വാങ്ങുക.
                ക്യഷിയില്‍ നേരിട്ട വെല്ലു വിളി വാഴകളുടെ കൂമ്പടയ്ക്കല്‍ ആയിരുന്നു. സാധാരണ ക്യഷിയില്‍ വൈറസ് ബാധ മൂലം വാഴകള്‍ നശിക്കാറുണ്ടെങ്കിലും. അസാധാരണമാം വിധമുള്ള കൂമ്പടയ്ക്കല്‍ ക്യഷിയെ ബാധിക്കുമെന്ന ഘട്ടത്തിലായി. ഉടന്‍ തന്നെ കൂടരഞ്ഞി ക്യഷിഭവനുമായി ഈ കൂട്ടായ്മ ബന്ധപ്പെടുകയും ഈ പ്രശ്നം അവിടെ പറയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്സിസ്റ്റന്റ് ക്യഷി ഓഫീസര്‍ ഹരികുമാര്‍  എന്‍ കെ, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് എന്നിവര്‍ ക്യഷിയിടം സന്ദര്‍ശിച്ചു. മണ്ണിലെ കാല്‍സ്യം, ബോറോണ്‍ മൂലകങ്ങളുടെ അഭാവമാണ്  കൂമ്പ് വിടരാതെ പോകുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കാല്‍സ്യം നൈട്രേറ്റ്, സോലുബോര്‍ എന്നിവ ഇലകളില്‍ സ്പ്രേ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് ഇലകളില്‍ അതിരാവിലെ ഇത് പ്രയോഗിക്കുകയും ചെയ്തു. ക്യഷിഭവന്‍ നിര്‍ദ്ദേശം കാര്യഗൗരവത്തോടെ എടുത്തതു കൊണ്ടാണ് ഇന്ന് വാഴകള്‍ നശിച്ചു പോകാതെ നില്‍ക്കുന്നതെന്ന് ക്യഷിയ്ക്ക് നേത്യത്വം നല്‍കുന്ന തോമസ് പറയുന്നു.
                   കുല വെട്ടിത്തുടങ്ങിയെങ്കിലും മാര്‍ച്ച് മാസമായതോടെ ജലസേചനം ബുദ്ധിമുട്ടിലായി. എങ്കിലും സംഘാംഗങ്ങളിലൊരാളുടെ  ഒന്നരകിലോമീറ്റര്‍ അകലെയുളള ക്യഷിയിടത്തില്‍ കുളം കുത്തി പൈപ്പിട്ട് ടാങ്കിലേക്കെത്തിച്ച് നേരിട്ട് നനയ്ക്കുന്നു. വെള്ളത്തിന് ബുദ്ധിമുട്ടുള്ള സമയമായതിനാല്‍ സ്പ്രിം ഗ്ലര്‍ രീതി ഒഴിവാക്കി. രാത്രി പന്ത്രണ്ട് മണി വരെ സംഘാം ഗങ്ങള്‍ ഓരോരുത്തരും ക്യഷിയിടത്തില്‍ നനയ്ക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്നു.
                                 ബാങ്കുകളില്‍ നിന്നും വ്യക്തിഗത ലോണുകള്‍ എടുത്തും മറ്റുമാണ് ക്യഷിയ്ക്കാവശ്യമായ പണം സ്വരൂപിച്ചത് എല്ലാവരും തുല്യമായ തുക ഈ ആവശ്യത്തിന് മുടക്കിയിട്ടുണ്ട്. ക്യഷിഭവന്‍ മുഖേന സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ക്യഷിയ്ക്കുള്ള ആനുകൂല്യം ലഭിച്ചതും പി എം കെ എസ് വൈ പദ്ധതിയില്‍ പമ്പ സെറ്റിന് ആനുകൂല്യം അനുവദിച്ചതും ഇവര്‍ക്ക് താങ്ങായി. ആകെ എട്ടര ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്തിരിക്കുന്ന കൂട്ടായ്മ കുല വെട്ടിത്തീരുന്നതിനു മുന്‍പേ നിലവില്‍ വാഴക്ക്യഷി ചെയ്യുന്ന തോട്ടത്തിനടുത്തു തന്നെയുള്ള പറമ്പില്‍ വാഴക്കന്നുകള്‍ വീണ്ടും നടുന്നതിനുള്ള ഒരുക്കത്തിലാണ്. അതോടൊപ്പം ക്യഷിഭവന്‍ പദ്ധതിയില്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് തരിശു നില പച്ചക്കറിക്ക്യഷി ആരംഭിച്ചിട്ടുമുണ്ട്.
തയാറാക്കിയത് : മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ്