ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

26 Jul 2019

നേന്ത്രവാഴക്ക്യഷിയില്‍ മാത്യകയായി കര്‍ഷക ദമ്പതികള്‍

                     
                പശ്ചിമഘട്ട മലനിരയിലെ കൊടും വനത്തില്‍ നിന്നൊഴുകിയെത്തുന്ന കല്ലംപുല്ല് തോടിനു ഇരു കരയിലുമായി ചെങ്കുത്തായി കിടക്കുന്ന  ക്യഷിഭൂമിയില്‍ രണ്ട് പതിറ്റാണ്ടായി പൊന്നു വിളയിച്ച്   കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് വാഹാനിയില്‍ മോഹനന്‍, വല്‍സല ദമ്പതികള്‍ മാത്യകയാവുകയാണ്. മുഖ്യ ക്യഷി വാഴക്ക്യഷി തന്നെ. മൂന്നരയേക്കര്‍ ക്യഷിയിടത്തില്‍ എല്ലാം വിളയുന്നു. ആ നാടിന്റെ തനത് വിളയിനമായ ജാതിയും കൊക്കോയും കുരുമുളകും കാപ്പിയും കുടമ്പുളിയും ക്യഷിടത്തെ വിളസമ്യദ്ധിയിലാക്കുന്നു.
                   സ്ത്രീ വീട്ടുകാര്യം നോക്കിക്കഴിയേണ്ടുന്ന അല്ലെങ്കില്‍ അങ്ങനെയാവണമെന്ന് വിചാരിക്കുന്ന സമൂഹത്തില്‍ ഭര്‍ത്താവിനൊപ്പം ക്യഷിയിടത്തില്‍ സജീവ സാന്നിദ്ധ്യമായ കര്‍ഷകയായി  മാറി പ്രചോദനമാകുന്നു എന്ന പ്രത്യേകതയാണ് ഈ കര്‍ഷക ദമ്പതികളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.




സംഘക്ക്യഷിയില്‍ നിന്ന് പ്രചോദനം


                കുടുംബശ്രീ മുഖേന സംഘക്ക്യഷിയിലേക്കിറങ്ങി വാഴക്ക്യഷി പഠിച്ച കഥയാണ് വല്‍സല എന്ന ഈ വീട്ടമ്മയ്ക്ക് പറയാനുള്ളത്. പതിമൂന്ന് വര്‍ഷം മുന്‍പ് കുടുംബശ്രീ അയല്‍ക്കൂട്ടത്തിലുള്ള അഞ്ച് പേര്‍ ചേര്‍ന്ന് നേന്ത്രവാഴക്ക്യഷി ആരംഭിച്ചു. ഭര്‍ത്താക്കന്മാരും സഹായത്തിനുണ്ടായിരുന്നു. കുടുംബശ്രീയില്‍ നിന്ന് ധനസഹായവും ഒപ്പം ക്യഷിയില്‍ നിന്ന് നല്ല ലാഭവും കിട്ടി. മൂന്ന് വര്‍ഷം ഈ സംഘക്ക്യഷി തുടര്‍ന്നു.  ഈ ക്യഷിയിലൂടെ വാഴക്ക്യഷി എങ്ങനെയാണെന്ന് പഠിച്ചു. പിന്നീട്  സ്വന്തമായി ക്യഷി തുടങ്ങി.
             വര്‍ഷം നാലായിരത്തോളം നേന്ത്രവാഴകളാണ് ക്യഷി ചെയ്യുന്നത്. ഓരോ വര്‍ഷവും പുതുതായി രണ്ടായിരം കന്നുകള്‍ വെയ്ക്കും. രണ്ടാം വര്‍ഷം വാഴകള്‍ രണ്ടായിരവും. സ്വന്തമായുള്ള ക്യഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് ക്യഷി. എല്ലാ വര്‍ഷവും ഏപ്രില്‍ മെയ് മാസം ക്യഷി ആരംഭിക്കും. ഒന്നാം വര്‍ഷം വെച്ച വാഴക്ക്യഷിയില്‍ രണ്ട് കന്നുകളാണ് രണ്ടാം വര്‍ഷത്തേക്ക് നിര്‍ത്തുക അതില്‍ ഒരു കന്ന് പിരിച്ചെടുത്ത് പുതിയ വാഴക്ക്യഷിയ്ക്ക് ഉപയോഗിക്കും. ആയിരം കന്നുകള്‍ ഇങ്ങനെ ലഭിക്കും ബാക്കി ത്യശ്ശിനാപ്പള്ളിയില്‍ നിന്നുള്ള കന്നുകള്‍ വാങ്ങി നടും. കാട് വെട്ടി നല്ല കുഴിയെടുത്ത് ചവറിട്ട് അത് തീയിട്ടാണ് ക്യഷിയുടെ ആരംഭം. തുടര്‍ന്ന് കുഴിയില്‍ കക്കയിട്ട് നടും. രാസവള പ്രയോഗം അഞ്ചാം മാസം വരെ ചെയ്യും ആറാം മാസം മുതല്‍ ചാണകം ജൈവവളമായുള്ള പ്രയോഗവും. ആദ്യ കാലത്ത് കുമ്മായ പ്രയോഗത്തെക്കുറിച്ച് വല്യ അറിവുണ്ടായിരുന്നില്ല കൂടരഞ്ഞി ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ ക്യഷിയിടം സന്ദര്‍ശിക്കാറുണ്ടായിരുന്നു. അസ്സിസ്റ്റന്റ് ക്യഷി ഓഫീസര്‍ ഹരികുമാറിന്റെ നിര്‍ദ്ദേശ പ്രകാരം കുമ്മായ പ്രയോഗം തുടങ്ങിയതിനു ശേഷം വാഴക്ക്യഷിയില്‍ മികച്ച വിളവ് ലഭിച്ചു. സാധാരണ ഗതിയില്‍ ഏഴാം മാസം നേന്ത്ര വാഴ കുലയ്ക്കുമെങ്കിലും ഉയര്‍ന്ന പ്രദേശവും തണുപ്പും കൂടുതലായതിനാലും പത്ത് മാസം വരെ കുല വരുന്നതിന് താമസം കാണാറുണ്ട്. അത് കൊണ്ട് ഇവിടുത്തെ ക്യഷിയില്‍ ദൈര്‍ഘ്യവും ഉണ്ട് അങ്ങനെയാണെങ്കില്‍ കൂടി കുലയ്ക്ക് തൂക്കം ശരാശരി. ഇരുപത് കിലോ ലഭിക്കാറുള്ളത് കൊണ്ട് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാറില്ല.

സമ്മിശ്രക്ക്യഷി

                     മൂന്നരയേക്കര്‍ ക്യഷിയിടത്തില്‍ നാടന്‍ കാപ്പി ഇരുന്നൂറെണ്ണവും അര്‍ക്കളം, കരിമുണ്ട, പന്നിയൂര്‍ ഇനത്തില്പ്പെട്ട കുരുമുളക് നാനൂറെണ്ണവും കൊക്കോ നൂറെണ്ണവും വലിയ ജാതി മരങ്ങള്‍ എണപതെണ്ണവും കുടമ്പുളി മരങ്ങള്‍ പതിനെട്ടെണ്ണവും ക്യഷി ചെയ്ത് വരുന്നു. ഇതില്‍ പ്രത്യേകതയായി എടുത്ത് പറയേണ്ടത് കുടമ്പുളി ക്യഷിയാണ്. ഒരു മരത്തില്‍ നിന്നും ഒന്നര ക്വിന്‍റ്റല്‍ ഉണക്കിയ കുടമ്പുളി ലഭിക്കും. കിലോയ്ക്ക് 210 രൂപ വരെ കുടമ്പുളിക്ക് ലഭിച്ചിട്ടുള്ളതിനാല്‍ എല്ലാക്കാലത്തും ഇത് നല്ല വരുമാനമാണ്. മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച അട്ടിയില്‍ കമുകിന്റെ അലക് വിരിച്ച് അതിലാണ് ഉണക്ക്. ആദ്യ ദിവസം തീ കുറച്ച് മൂന്നാം ദിവസം തീ കൂട്ടി അങ്ങനെ മൂന്ന് ദിവസം കൊണ്ട് ഉണക്കിയെടുക്കും. കഴിഞ്ഞ വര്‍ഷം വരെ രണ്ട് പശുക്കള്‍ ഉണ്ടായിരുന്നു. പന്നിക്ക്യഷി ആരംഭിച്ചതോടെ അത് നിര്‍ത്തി മുപ്പത് പന്നികളേയും വളര്‍ത്തുന്നു. ഏക മകന്‍ അമല്‍ ക്യഷിയിടത്തില്‍ സഹായത്തിനുണ്ട് അവന്‍ പറയാറുണ്ട് 'കര്‍ഷകന്റെ മകന്‍ ക്യഷിപ്പണി പഠിക്കണം' എന്ന് പ്ലസ്ടു കഴിഞ്ഞു നില്‍ക്കുന്ന അമല്‍ നൂറ് വാഴ സ്വന്തമായി ക്യഷി ചെയ്യാനും തുടങ്ങി. കുടുംബമൊന്നിച്ചാണ് ക്യഷിയിടത്തില്‍ രാവിലെ അടുക്കളപ്പണിയൊക്കെക്കഴിഞ്ഞ് എട്ടുമണിയോടെ ക്യഷിയിടത്തില്‍ സന്ധ്യയാവുന്നതോടെയാണ് ക്യഷിയിടത്തില്‍ നിന്ന് കയറി വരിക. 2016 ല്‍ കര്‍ഷക ദിനത്തില്‍  വല്‍സലയെ മികച്ച വനിതാകര്‍ഷകയായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ക്യഷിഭവന്‍ ആദരിച്ചിട്ടുണ്ട്. നേട്ടങ്ങള്‍ക്കിപ്പുറം ഇവര്‍ ഒരു മികച്ച മാത്യകയാണ്. ക്യഷി നഷ്ടമാണെന്ന് പറയുന്ന കാലത്ത് ക്യഷി ചെയ്ത് കൊണ്ട് ജീവിച്ചു കാണിക്കുന്നു.