ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

29 Dec 2019

ജൈവക്യഷിയുമായി കാരാട്ടുപാറ പച്ചക്കറിക്ക്യഷികൂട്ടായ്മ

                   
   രാസകീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ മാറാരോഗങ്ങള്‍ വരുത്തിവെയ്ക്കും എന്ന തിരിച്ചറിവിലാണ് നാം. വിഷമടിച്ചു വരുന്ന പച്ചക്കറികള്‍ക്ക് പകരം നമ്മുടെ ക്യഷിയിടങ്ങളില്‍ രാസ കീടനാശിനികള്‍ ഉപയോഗിക്കാതെ പച്ചക്കറികള്‍ ക്യഷി ചെയ്യണം എന്ന തിരിച്ചറിവും നമുക്കുണ്ട്. എങ്കിലും പച്ചക്കറികള്‍ നമ്മുടെ തൊടികളില്‍ പച്ചക്കറികള്‍ ക്യഷി ചെയ്യുന്നതിന് നാം മടി കാണിക്കാറുണ്ട്. കൂട്ടായ്മയിലൂടെ പച്ചക്കറികള്‍ ക്യഷി ചെയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് കൂടരഞ്ഞി കാരാട്ടുപാറ പച്ചക്കറിക്ക്യഷിക്കൂട്ടായ്മ. നൂറ്റിഇരുപത്തിയഞ്ച് ഗ്രോബാഗുകളിലും തടമെടുത്ത് മണ്ണിലുമായി ജൈവപച്ചക്കറികള്‍ വിളയിക്കുകയാണ് ഈ കൂട്ടായ്മ. 
                   കൂടരഞ്ഞി ക്യഷിഭവന്‍ ആത്മ പദ്ധതിയിലുള്‍പ്പെടുത്തി ഹരിതസമ്യദ്ധിയുടെ ഭാഗമായി രൂപീകരിച്ച പതിനൊന്ന് പേരടങ്ങിയ ഈ കൂട്ടായ്മയില്‍ ജോര്‍ജ്  അക്കരത്തകിടിയില്‍ പ്രസിഡന്റും ബാബു പേണ്ടാനത്ത് സെക്രട്ടറിയുമാണ്. ഇവരുടെ മേല്‍നോട്ടത്തിലാണ് പച്ചക്കറിക്ക്യഷി. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് ക്യഷി. പച്ചചാണകവും കടലപ്പിണ്ണാക്കുമുപയോഗിച്ചുള്ള സ്ലറിയാണ് ഇവിടുത്തെ പ്രധാന വളം. ഫിഷ് അമിനോ ആസിഡ് , പഞ്ചഗവ്യം തുടങ്ങിയ ജൈവവളര്‍ച്ചാത്വരകങ്ങളും ഈ ക്യഷിയില്‍ ഉപയോഗിക്കുന്നു. വേപ്പ് അധിഷ്ടിത ജൈവ കീടനാശിനികളും പുകയിലക്കഷായവും പ്രധാന കീടനാശിനികള്‍ ജൈവക്യഷിയില്‍ ഉപയോഗിക്കുന്ന സ്യൂഡോമൊണാസ് മിത്രബാക്ടീരിയ അടങ്ങിയ ഉല്പ്പന്നങ്ങളും ഇവിടെ ക്യഷിയില്‍ ഉപയോഗിക്കുന്നു.

                  പയര്‍, പാവല്‍, പടവലം, കോവല്‍, വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, കാബെജ്, കോളിഫ്ലവര്‍, ചീര തുടങ്ങി പച്ചക്കറികള്‍ ഇവരൊരുക്കിയ ക്യഷിയിടത്തില്‍ മികച്ച വിളവ് നല്‍കി വരുന്നു. രാവിലെയും വൈകുന്നേരവും കൂട്ടയ്മയില്‍ ഉള്‍പ്പെട്ടവര്‍ ഒന്നിച്ച് ജലസേചനവും വളപ്രയോഗവും നല്‍കുക വഴി സൗഹ്യദത്തിന്റേയും മാനസികമായ ഉന്മേഷത്തിന്റേയും പുത്തന്‍ അനുഭവമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഈ കൂട്ടായ്മയുടെ പച്ചക്കറിയുടെ ആദ്യ വിളവെടുപ്പ് വാര്‍ഡ് മെമ്പര്‍ ദീപ സന്തോഷിനെക്കൊണ്ട് നിര്വ്വഹിപ്പിച്ച് വിളവെടുപ്പിന്റെ സന്തോഷം അംഗങ്ങള്‍ പങ്കു വെച്ചു.