ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ തോന്നിയ ഒരു ആശയം. മല്‍സ്യം വളര്‍ത്താന്‍ ഒരു കുളം നിര്‍മ്മിച്ചാലോ എന്നത്. ഭാര്യയും മക്കളുമൊക്കെ ഒന്നിച്ചിറങ്ങിയപ്പോള്‍ എണ്‍പതിനായിരം ലിറ്റര്‍ കൊള്ളുന്ന ഒരു മല്‍സ്യക്കുളം വീട്ടുമുറ്റത്ത് റെഡി . അതും ചെലവ് കുറഞ്ഞ രീതിയില്‍. കോഴിക്കോട് കൂമ്പാറ പുളിമൂട്ടില്‍ പി സി ജോര്‍ജ്`ജും കുടുംബവുമാണ് ഇങ്ങനെ ചെലവ് കുറഞ്ഞ രീതിയില്‍ മല്‍സ്യക്കുളമുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്നത്.
അടുത്ത കാലത്ത് ജനങ്ങളുടെയിടയില്‍ മത്സ്യക്കൃഷിക്ക് വളരെ വലിയ പ്രചാരം കിട്ടിയിട്ടുണ്ട്. പച്ചക്കറി പോലെ നമുക്ക് കിട്ടുന്ന മത്സ്യങ്ങളും രാസവസ്തുക്കള്‍ പ്രയോഗിച്ച് വരുന്നതാണെന്ന അവബോധം സാധാരണ ജനങ്ങളില്‍ ഉണ്ടായത് ശുദ്ധജല മത്സ്യക്കൃഷിക്ക് പ്രോല്‍സാഹനമായി. കോവിഡ് രോഗം പടര്‍ന്ന് പിടിക്കുമ്പോള്‍ ലോക്ക്ഡൗണില്‍ വെറുതെയിരുന്നവര്‍ കൃഷിയിലേക്ക് തിരിഞ്ഞപ്പോള്‍ പച്ചക്കറിവിത്തുകള്‍ക്കും നടീല്‍ വസ്തുക്കള്‍ക്കുമൊപ്പം കൂടുതല്‍ തിരഞ്ഞത് മത്സ്യക്കുഞ്ഞുങ്ങളെയാണ്.
വീടിനു മുന്‍ വശത്ത് മണ്ണെടുത്തുമാറ്റി ഒരു കുളം നിര്‍മ്മിക്കുന്നതിനു താല്പര്യമില്ലാതിരുന്ന ജോര്‍ജ്ജ്, ചാക്കില്‍ മണ്ണ് നിറച്ച് വശങ്ങളില്‍ നിരത്തി വെച്ച് കുളമുണ്ടാക്കാന്‍ തീരുമാനിച്ചു. കുറച്ച് ചാക്കുകള്‍ നിറച്ചപ്പോള്‍ തന്നെ അത് വളരെ ശ്രമകരമായ ജോലിയായി തോന്നി ഒരു മിറ്റര്‍ ഉയരത്തില്‍ കുളമുണ്ടാക്കുന്നതിന് ധാരാളം ചാക്കുകള്‍ നിറയ്ക്കേണ്ടി വരും .റോഡ് കോണ്‍ട്രാക്ടര്‍ കൂടിയായ ഇദ്ദേഹത്തിന് മറ്റൊരാശയം തോന്നിയത്. ചാക്കിനു പകരം വീട്ടു മുറ്റത്ത് കിടക്കുന്ന ടാര്‍ വീപ്പകളില്‍ മണ്ണ് നിറച്ചാലോ കുറെക്കൂടി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. പിന്നെ ഭാര്യയും മക്കളുമൊക്കെ ചേര്‍ന്ന് ടാര്‍ വീപ്പകളില്‍ മണ്ണ് നിറച്ച് തുടങ്ങി. ഇതിനായി മൂന്നു ലോഡ് മണ്ണ് പുറത്തു നിന്നും കൊണ്ടു വന്നു. വീപ്പകള്‍ പത്തു മീറ്റര്‍ നീളത്തിലും എട്ടു മീറ്റര്‍ നീളത്തിലുമായി ദീര്‍ഘ ചതുരാകൃതിയില്‍ ക്രമീകരിക്കുകയാണ് ആദ്യം ചെയ്തത്. അറുപത്തെട്ടു വീപ്പകള്‍ ഇതിനായി ഉപയോഗിച്ചു. വീപ്പകള്‍ മറിയാതിരിക്കാന്‍ കയറുപയോഗിച്ച് പരസ്പരം കെട്ടിയുറപ്പിച്ചു.
വലിയ വില കൊടുത്ത് സില്പോളിന്‍ ഷീറ്റ് വാങ്ങണ്ടെന്ന് തീരുമാനിച്ചു. കോഴിക്കോട് കാരന്തൂരില്‍ പഴയ ഫ്ലെക്സ് ഷീറ്റ് വില്‍ക്കുന്ന കടയില്‍ പോയി നാലായിരം രൂപ മുടക്കി വലിയ ഫ്ലെക്സ് ഷീറ്റ് വാങ്ങി . കുളം നിര്‍മ്മിക്കുന്നതിന് ആകെ വന്ന ചെലവ് ഇത് മാത്രമാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. ഷീറ്റ് ഇടുന്നതിനു മുന്‍പ് അടിവശത്ത് പഴയ സിമന്റ് ചാക്കുകള്‍ നല്ല കനത്തില്‍ വിരിച്ച് അടിഭാഗം നല്ല നിരപ്പിലാക്കി . ഇങ്ങനെ ചെയ്യുന്നത് മൂലം ഷീറ്റ് വിരിക്കുമ്പോള്‍ ഷീറ്റിന് കേട് പാട് സംഭവിക്കില്ല.
കുളത്തിലേക്ക് വെള്ളം മോട്ടോര്‍ വെച്ച് നിറച്ചു. കുളം തയ്യാറായപ്പോള്‍ ഒരു നീന്തല്‍കുളം എന്ന രീതിയില്‍ ഉപയോഗപ്പെടുത്താമെന്നും കണ്ടു. സമീപ പ്രദേശമായ തിരുവമ്പാടിയില്‍ നിന്നും അറുന്നൂറ്റന്‍പത് എണ്ണം ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെ പതിനഞ്ച് ദിവസമെങ്കുലും വളര്‍ത്തി വലുതാക്കിയത് പത്ത് രൂപ തോതില്‍ വാങ്ങി. അത് കുളത്തില്‍ നിക്ഷേപിച്ചു. മഴക്കാലമായതിനാല്‍ കുളത്തിന് സമീപമുളള തോടിലൂടെ വരുന്ന വെള്ളം കുളത്തിലേക്ക് കയറ്റി മറുഭഗത്തു കൂടി ഒഴുക്കി വിടുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് മൂലം മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നു നല്ല വളര്‍ച്ച കാണിക്കുന്നുമുണ്ട്.
ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ വെറുതെ കളഞ്ഞില്ലെന്നതില്‍ ഈ കുടുംബത്തിന് അഭിമാനമുണ്ട്. പത്ത് ദിവസം ഈ കുളം നിര്‍മ്മാണത്തിനായി ചെലവഴിച്ചു. ഭാര്യ ഷാന്റിയും മക്കളായ ആല്‍ബര്‍ട്ട്, ഐശ്വര്യ, ഡേവിസ്, അലക്സ് എന്നിവര്‍ വലിയ സന്തോഷത്തിലാണ്, വിഷമില്ലാത്ത മല്‍സ്യം യഥേഷ്ടം വീട്ടുമുറ്റത്ത് ലഭ്യമാകുമെന്നതിലും അതോടൊപ്പം ചെലവ് കുറഞ്ഞ രീതിയില്‍ മാതൃകയായി ഒരു കുളം നിര്‍മ്മിക്കാന്‍ കഴിഞ്ഞു എന്നതിലും. 'സുഭിക്ഷകേരളം' പദ്ധതിഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന മല്‍സ്യക്കുഞ്ഞുങ്ങള്‍ കൂടി നിക്ഷേപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ജോര്‍ജ്ജ്.
പി സി ജോര്‍ജ് പുളിമൂട്ടില്‍ : 9497867592
ലേഖകന്‍ : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍ കൃഷിഅസ്സിസ്റ്റന്റ്,
കൃഷിഭവന്‍ കൂടരഞ്ഞി.