മഴക്കാലത്ത് ചെറു നീരുറവകള്‍ ഒഴുകി വരുന്ന ഏറിയ സമയവും കോടമഞ്ഞു മൂടുന്ന മേടപ്പാറയുടെ കാഴ്ച മനം നിറയ്ക്കുന്നതാണ്. ഈ മലയടിവാരത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് രണ്ടായിരത്തി ഒരുന്നൂറ് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഞ്ചേക്കര്‍ വരുന്ന കൃഷിയിടം സുഗന്ധവ്യഞ്ജന വിളകളാലും ഫലവൃക്ഷങ്ങളാലും സമൃദ്ധമാണ്. ഇവിടെ തോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള വെണ്ണപ്പഴങ്ങള്‍ അവയുടെ വൈവിധ്യത ശ്രദ്ധയാകര്‍ഷിക്കുകയാണ് അതോടൊപ്പം സാധാരണ ജാതിക്കായ്കളില്‍ നിന്ന് വ്യത്യസ്തമായി മൂന്നിരട്ടി വലിപ്പമുള്ള കായ്കള്‍ ലഭിക്കുന്ന ജാതി മരങ്ങളും ഈ തോട്ടത്തിന്റെ പ്രത്യേകതയാണ്.
1964 ല്‍ മൂവാറ്റുപുഴ താലൂക്കിലെ കല്ലൂര്‍ക്കാട് നിന്നും പിതാവിനൊപ്പം കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി എന്ന കിഴക്കന്‍ മലയോരഗ്രാമ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ പൂവാറന്‍തോട് എന്ന നാട്ടിലേക്ക് കുടിയേറിയ മാത്യുവിന്, ഏതൊരു കുടിയേറ്റ കര്‍ഷകനെപ്പോലെ ഒരു കൃഷിക്കാരനാവാനായിരുന്നു നിയോഗം. പിതാവ് ഇദ്ദേഹത്തിനായി 1974 ല്‍ നല്‍കിയ അഞ്ചേക്കര്‍ കൃഷിയിടം ഇന്ന് വിളവൈവിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ്.
നരച്ച തലമുടിയും താടിയും വാര്‍ദ്ധക്യത്തിന്റെ വെറുമൊരു ലക്ഷണമാണ് എന്ന് തോന്നിപ്പിക്കുമാറ് തന്റെ കൃഷിയിടത്തില്‍ രാവിലെ മുതല്‍ പകലന്തിയോളം അധ്വാനിക്കുന്ന കര്‍ഷകനെയാണ് മേടപ്പാറയില്‍ കാണാനാവുക. വളരെയധികം കഠിനാധ്വാനം ചെയ്താണ് ഇന്ന് കാണുന്ന കൃഷിയിടം ഈ നിലയില്‍ എത്തിച്ചത്. ആദ്യകാലത്ത് അന്നത്തെ ഭൂവുടമകളായ മുക്കം മുതലാളിമാരുടെ തടിയിറക്കുന്ന കൂപ്പ് റോഡുകളിലൂടെ കിലോമീറ്ററോളം കാല്‍ നടയായി സഞ്ചരിച്ചാണ് വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചിരുന്നത്. കാലങ്ങള്‍ കഴിഞ്ഞു ഇന്ന് മേടപ്പാറയുടെ അടുത്ത് വരെ പി ഡബ്ലു ഡി റോഡുണ്ട്. അത് കഴിഞ്ഞ് ഒരു കിലോമീറ്ററോളം മണ്‍പാതയില്‍ ചെറിയ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചാല്‍ കോടമഞ്ഞ് മൂടുന്ന മനോഹരമായ കൃഷിയിടത്തില്‍ എത്താം.
കല്ലും പാറക്കെട്ടുകളും നിറഞ്ഞ പറമ്പ് ഒരു കൃഷിയിടമാക്കി മാറ്റുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. മണ്ണില്‍ തറഞ്ഞ് കിടന്നിരുന്ന കല്ലുകള്‍ കൊത്തിയെടുത്ത് കയ്യാലകള്‍ ഉണ്ടാക്കി. കൃഷിയിടത്തെ പല തട്ടുകളാക്കി തിരിച്ചു. മേല്‍മണ്ണ് മഴയില്‍ ഒലിച്ചു പോകാതിരിക്കാന്‍ കുറച്ച് ഉയര്‍ത്തിയായിരുന്നു കയ്യാലകള്‍ നിര്‍മ്മിച്ചത്. ഇവിടെ ആദ്യ കൃഷിയായി കുരുമുളക് കൃഷി ആരംഭിച്ചു.
കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ഇവിടെ പത്തിലേറെ കൃഷികള്‍ മാറി മാറി ചെയ്തു, കൃഷി പരാജയപ്പെട്ടു എന്ന് തോന്നിയപ്പോള്‍ ഗള്‍ഫിലേക്ക് യാത്രയായി. ആദ്യം 1982ല്‍ ഒരു വര്‍ഷം അവിടെ നിന്നു. പിന്നീട് പത്ത് വര്‍ഷത്തിനു ശേഷം 1992ല്‍ ഗള്‍ഫിലേക്ക് പോയി. രണ്ട് വര്‍ഷം അവിടെ ഡ്രൈവര്‍ ആയി ജോലി നോക്കി. വീണ്ടും തിരിച്ചു വന്ന് തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കൃഷിയിലേക്ക് എത്തി. ഇപ്പോള്‍ ഇവിടെ കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ലഭിക്കുന്ന ജാതി മുഖ്യ വിളയായി കണ്ട് കുരുമുളക്, കാപ്പി, കൊക്കോ, കുടമ്പുളി എന്നിവ ഇടവിളകളായും കൃഷി ചെയ്ത് വരുന്നു.
കൗതുകമായി മഞ്ഞ നിറത്തിലും ചുവപ്പിലുമുള്ള വെണ്ണപ്പഴങ്ങള്‍
മുഖ്യവിളയായ ജാതി മരങ്ങള്‍ കഴിഞ്ഞാല്‍ ഈ കൃഷിയിടത്തെ ഫലഭൂയിഷ്ഠമാക്കുന്നത് വിവിധയിനം ഫലവൃക്ഷങ്ങളാണ്. അവയില്‍ നിറം കൊണ്ടും വലിപ്പം കൊണ്ടും കൗതുകമുണര്‍ത്തുന്നത് അവക്കാഡോ എന്ന പേരില്‍ അറിയപ്പെടുന്ന വെണ്ണപ്പഴങ്ങളാണ്. വിദേശ രാജ്യങ്ങളില്‍ ആരോഗ്യം നില നിര്‍ത്തുന്നതിനുള്ള സൂപ്പര്‍ ഫുഡ് എന്ന നിലയ്ക്ക് അറിയപ്പെടുന്ന അവക്കാഡോ ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമായ പഴമാണ്. അതോടൊപ്പം ജീവകങ്ങളുടെ കലവറയും.
പച്ച നിറത്തിലുള്ള വെണ്ണപ്പഴങ്ങളില്‍ നിന്നും വ്യത്യസ്തമായി പഴുത്തു കഴിയുമ്പോള്‍ പുറം ഭാഗം ആപ്പിളിന്റെ നിറമാകുന്ന മഞ്ഞ നിറത്തിലുള്ള പഴങ്ങളും, ചുവപ്പു നിറത്തില്‍ തന്നെ കായ്ക്കുന്ന പഴങ്ങളും ഒരു കിലോ വരെ തൂക്കം ലഭിക്കുന്ന പൂര്‍ണ്ണമായും ഗോളാകൃതിയില്‍ ഉള്ള പഴങ്ങളും ഈ തോട്ടത്തിന്റെ പ്രത്യേകതയാണ്. ഇപ്പോള്‍ പതിനഞ്ചോളം വിവിധ ഇനത്തിലുള്ള അവക്കാഡോ മരങ്ങളുണ്ട്. ഇതോടൊപ്പം നട്ട ചില ഇനങ്ങള്‍ക്ക് കേട് ബാധിച്ച് കായ്ഫലം തന്ന് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ കുറെയധികം നശിച്ചു പോയിട്ടുണ്ട്.
പുതിയ തൈകള്‍ തന്റെ കൃഷിയിടത്തില്‍ നടുന്നത് ശീലമാക്കിയിരുന്ന മാത്യു, തൈകള്‍ ഉണ്ടാക്കുന്നതിനായി കൂടരഞ്ഞിയിലെ ഒരു ജ്യൂസ് കടയില്‍ നിന്നാണ് പഴങ്ങളുടെ വിത്തുകള്‍ ശേഖരിച്ചിരുന്നത്. അങ്ങനെ നട്ടവയില്‍ നിന്ന് വളര്‍ന്ന് വന്ന അവക്കാഡോ മരങ്ങളാണ് കായ്കളുടെ നിറം കൊണ്ട് കൗതുകമാകുന്നത് വീടിനു താഴ്ഭാഗത്തായി നില്‍ക്കുന്ന മരത്തില്‍ മഞ്ഞ അവക്കാടോ കായ്കള്‍ നിറഞ്ഞ് നില്‍ക്കുന്ന കാഴ്ച മനോഹരം തന്നെയാണ്. മഞ്ഞ നിറത്തില്‍ കായ്ക്കുന്ന ഗോളാകൃതിയില്‍ കാണപ്പെടുന്ന വെണ്ണപ്പഴങ്ങള്‍ പഴുക്കുമ്പോള്‍ അവയുടേ നിറം മാറി ആപ്പിളിന്റെ നിറമായിക്കഴിഞ്ഞാല്‍ പഴുത്തു എന്നതിന്റെ സൂചനയാണ്. മറ്റ് ഇനങ്ങളില്‍ പഴത്തിന്റെ വിത്തിന് പുറമേയുള്ള ഉള്‍ക്കാമ്പിന്റെ നിറം പച്ച നിറത്തോടു കൂടിയ മഞ്ഞയാണെങ്കില്‍ ഈ പഴത്തിന്റെത് പൂര്‍ണ്ണമായും മഞ്ഞ നിറത്തിലാണ് കാണപ്പെടുന്നത്. മറ്റുള്ള ഇനങ്ങള്‍ക്ക് രോഗബാധ കൂടുതലാണെങ്കിലും ഈ ഇനത്തിന് അങ്ങനെ കാര്യമായ രോഗബാധയോ കീടബാധയോ കാണാറില്ലെന്ന് മാത്യു പറയുന്നു. മറ്റ് പ്രദേശങ്ങളില്‍ ഇങ്ങനെ ഒരു പ്രീമിയം ഗുണനിലവാരത്തിലുള്ള ഉള്‍ക്കാമ്പ് ഉള്ള ഒരു ഇനം കാണാത്തതിനാലും തൈകള്‍ക്ക് ആവശ്യക്കാരുള്ളതിനാലും ഈ ഇനത്തിന്റെ ഗ്രാഫ്റ്റ് തൈകള്‍ ഉണ്ടാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ മാത്യു.
മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍, വിവിധയിനം നാരകങ്ങള്‍, ഓറഞ്ച്, മുസംബി, ഞാവല്‍, പേര, ചാമ്പ വിവിധയിനം പ്ലാവുകള്‍, മാവുകള്‍ എന്നിങ്ങനെ മുന്നൂറോളം ഫലവൃക്ഷങ്ങള്‍ ഈ തോട്ടത്തില്‍ ഉണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും തൈകള്‍ അന്വേഷിച്ച് അവ വാങ്ങി നട്ട് പരിപാലിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന മാത്യുവിന്റെ ഈ പ്രത്യേകത പൂവാറന്‍തോട്ടിലെ മികച്ച കൃഷിയിടങ്ങളിലൊന്നായി ഇവിടം മാറുന്നതിന് കാരണമാകുന്നു.
പൂവാറന്‍തോടിന്റെ ജാതിപ്പെരുമ ദൃശ്യമാകുന്ന ജാതിത്തോട്ടം
എണ്‍പത് ജാതി കായ്കള്‍ ഒരു കിലോ വരെ വരുന്ന ഇനങ്ങളുള്ള പൂവാറന്‍തോടിന്റെ തനത് ജാതി മരങ്ങള്‍ ഈ കൃഷിയിടത്തിന്റെ പ്രത്യേകതയാണ്. ഇവിടുത്തെ മണ്ണിന്റെ ഘടന ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ഇവയാണ് തന്റെ കൃഷിയിടത്തിലെ ജാതിക്കായ്കളുടെ വലുപ്പത്തിന് കാരണമെന്ന് മാത്യു പറയുന്നു. സാധാരണ കായ്കളില്‍ നിന്ന് വ്യത്യസ്തമായി മൂന്നിരട്ടി വലിപ്പമുള്ള കായ്കളും കട്ടി കൂടിയ പത്രികളും ഇവിടെ ലഭിക്കുന്നത് ഈ പ്രദേശം ജാതിക്കൃഷിക്ക് അനുയോജ്യമായതിനാലാണെന്ന് മറ്റുള്ള കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു.
നീര്‍വാര്‍ച്ചയുള്ള ഫലഭൂയിഷ്ഠമായ ആരോഗ്യമുള്ള മണ്ണും മലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഉയര്‍ന്ന പ്രദേശമെന്ന ആനുകൂല്യം നല്‍കുന്ന സവിശേഷമായ കാലാവസ്ഥയും ജാതി ഒരു പ്രധാന വിളയായി കൃഷി ചെയ്യുന്നതിന് മാത്യുവിനെപ്പോലെയുള്ള കര്‍ഷകരെ ഇന്നും പ്രചോദിപ്പിച്ചു വരുന്നു. 2018 ലെ പ്രളയത്തോടനുബന്ധിച്ച കനത്ത മഴയില്‍ ധാരാളം ജാതി മരങ്ങള്‍ കുമിള്‍ ബാധ മൂലം നശിച്ചു പോയെങ്കിലും അതിലേറെ തൈകള്‍ ഇപ്പോള്‍ ഈ കൃഷിയിടത്തില്‍ നട്ടു വരുന്നത് അതിന് തെളിവാണ്.
ഇരുപത് വര്‍ഷത്തിനു മേലെ പ്രായമുള്ള കായ്ക്കുന്ന ജാതിമരങ്ങള്‍ നൂറ്റന്‍പതിനു മുകളില്‍ ഉണ്ട്. കനത്ത മഴയില്‍ നശിച്ച നൂറോളം ജാതി മരങ്ങള്‍ക്ക് പകരമായി ശാസ്ത്രീയമായ രീതിയില്‍ 170 പുതിയ തൈകള്‍ നട്ട് പരിപാലിച്ച് വരുന്നു. കൃഷിയിടത്തിലെ നല്ലയിനം ജാതിമരങ്ങളില്‍ നിന്നുള്ള കായ് എടുത്ത് തവാരണയിലോ കവറുകളിലോ പാകിയാണ് തൈകള്‍ ഉണ്ടാക്കുന്നത്. പന്ത്രണ്ട് ഇഞ്ച് നീളം വരുന്ന കവറുകളാണ് തൈകള്‍ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നത്. മേല്‍മണ്ണും മണലും ചാണകപ്പൊടിയും തുല്യ അനുപാതത്തില്‍ ചേര്‍ത്ത നടീല്‍മിശ്രിതമാണ് കവറില്‍ നിറയ്ക്കുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന തൈകള്‍ ഇലകളുടെ തട്ട് രണ്ടെണ്ണം ആകുമ്പോഴാണ് കൃഷിയിടത്തില്‍ നടാന്‍ ഉപയോഗിക്കുന്നത് . തൈകള്‍ നടുന്നത് മുന്‍പ് ബഡ്ഡ് ചെയ്യുന്നത് വിജയമല്ലെന്ന് തോന്നിയതിനാല്‍ നട്ട് കഴിഞ്ഞ് മൂന്നോ നാലോ ഇലകളുടെ തട്ടുകള്‍ വന്ന് കഴിഞ്ഞതിനു ശേഷം ബഡ്ഡ് ചെയ്യും. സ്വന്തമായോ മറ്റുള്ളവരുടെ സഹായത്താലോ ആണ് ബഡ്ഡ് ചെയ്യാറ്. ഇങ്ങനെ തയ്യാറാക്കിയ തൈകള്‍ നടുന്നതിനായി കുഴികള്‍ സ്വന്തമായി തന്നെ ഉണ്ടാക്കും.വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുളള ഇളക്കമുള്ളതുമായ മണ്ണായതിനാല്‍ ഒന്നരയടി ആഴത്തിലാണ് നടാനുളള കുഴികള്‍ തയ്യാറാക്കുന്നത്. ചാണകപ്പൊടി ഇട്ട് നടുന്ന തൈകള്‍ പെട്ടെന്ന് വളര്‍ന്നു കിട്ടുന്നതിനായി ചെറിയ അളവില്‍ രാസവള മിശ്രിതം ഉപയോഗിക്കും പിന്നീട് എല്ലുപൊടി ചാണകപ്പൊടി എന്നിവ തൈകളുടെ വളര്‍ച്ച്യ്ക്കായി ഉപയോഗിക്കും.
മൂന്നു പശുക്കളെ വളര്‍ത്തിയിരുന്ന മാത്യു പ്രായമേറിയതിനാല്‍ പരിപാലനത്തിന് ബുദ്ധിമുട്ടായതിനാല്‍ അടുത്ത കാലത്ത് അവയെ ഒഴിവാക്കി. ഇത് കാരണം കൃഷിയിടത്തിലേക്ക് ഇപ്പോള്‍ ചാണകത്തിന്റെ ദൗര്‍ലഭ്യമുണ്ട്. ജൈവവള പ്രയോഗത്തിന് പ്രാധാന്യം നല്‍കുന്ന മാത്യു കോഴിവളവും എല്ലു പൊടിയും മരങ്ങളുടെ ചവറുകളുമാണ് ഇപ്പോള്‍ വളമായി പ്രയോഗിക്കുന്നത്. ജാതിമരങ്ങള്‍ക്ക് പൊട്ടാഷ് അവശ്യ മൂലകമായതിനാല്‍ അവ ജൈവവളങ്ങളോടൊപ്പം ഉപയോഗിക്കുന്നുണ്ട്.
പറമ്പിനു നടുവിലൂടെ ഒഴുകുന്ന ചെറിയ തോട് കൃഷിയിടത്തെ ജലസമൃദ്ധമാക്കുന്നു. നന ആവശ്യമുള്ള ജാതിമരങ്ങള്‍ക്ക് ജലമെത്തിക്കാന്‍ പൈപ്പുകള്‍ വാങ്ങി സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥയുടെ പ്രത്യേകത മൂലം വേനല്‍ക്കാലത്ത് ആഴചയില്‍ ഒന്നു വീതം ജാതിമരങ്ങള്‍ നനച്ചാല്‍ മതി.
വര്‍ഷത്തില്‍ എല്ലാ മാസവും ഇവിടെ ജാതി വിളവെടുക്കുന്നു. മാര്‍ച്ച് ഏപ്രില്‍ മാസത്തിലാണ് വിളവ് താരതമ്യേന കുറവുണ്ടാവുക. ഒന്നിടവിട്ട ദിവസങ്ങളില്‍ തോട്ടത്തിലെ ജാതിമരങ്ങളില്‍ തോട്ടി ഉപയോഗിച്ച് വിളവെടുക്കും. ഇങ്ങനെ വിളവെടുത്ത കായ്കളും പത്രികളും കൊട്ടയില്‍ ശേഖരിച്ച് വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കും. ഇങ്ങനെ കഴുകുമ്പോള്‍ കേടായ കായ്കള്‍ വെള്ളത്തില്‍ പൊങ്ങി കിടക്കും അവ എടുത്തു മാറ്റിയ ശേഷമാണ് കായ്കളില്‍ നിന്ന് പത്രി വേര്‍തിരിക്കുക. വര്‍ഷകാലത്ത് മാത്രമാണ് ഈ രീതിയില്‍ കായ്കളും പത്രിയും വൃത്തിയാക്കാറുള്ളൂ. മഴക്കാലത്ത് വിളവെടുക്കുന്ന ജാതിക്കായ്കളും പത്രികളും ഉണക്കാന്‍ ഇവിടെ രണ്ട് ഡ്രയറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗിച്ചുള്ളതും വിറക് ഉപയോഗിച്ചുള്ളതുമായ ഡ്രയറുകള്‍ അവയില്‍ വൈദ്യുതി ഉപയോഗിച്ചുള്ള ഡ്രയര്‍ ചെലവ് കൂടുതലായതിനാല്‍ പത്രി ഉണക്കാന്‍ മാത്രമാണ് ഉപയോഗിക്കുക കായ്കള്‍ വിറകുപയോഗിച്ചുള്ള ഡ്രയറില്‍ ഉണക്കും. നാലു മണിക്കൂറു കൊണ്ട് പത്രി ഉണക്കിയെടുക്കുന്നു. 14 ട്രേകള്‍ ഉള്ള ഈ ഡ്രയറില്‍ ചൂട് എല്ലാ ട്രേകളിലും ഒരേ പോലെ ലഭിക്കാത്തതിനാല്‍ ഓരൊ മണിക്കൂറിലും ട്രേകള്‍ റോട്ടേറ്റ് ചെയ്യും. കായ്കള്‍ ഉണക്കുന്ന ഡ്രയറില്‍ ഒരേ സമയം രണ്ട് ക്വിന്റല്‍ കായ്കള്‍ ഉണക്കാന്‍ കഴിയും.
വേനല്‍ ക്കാലത്ത് ജാതി പത്രിക്ക് ഒരു ദിവസവും കായ്കള്‍ക്ക് നാലു ദിവസവും ഉണക്ക് വേണം. ഈ സമയങ്ങളില്‍ ഡ്രയറുകള്‍ ഉപയോഗിക്കില്ല. വലിപ്പമുള്ള കായ്കളായതിനാല്‍ നേരിട്ട് വെയിലത്ത് ഉണക്കാനിട്ടാല്‍ കായ്കള്‍ പൊട്ടിക്കീറുന്ന ഒരു പ്രശനമുള്ളതിനാല്‍ തണലത്ത് നിരത്തി വെള്ളം വാര്‍ന്നതിനു ശേഷം ചെറു വെയിലത്ത് ഉണക്കുന്ന ഒരു രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്.
ഇങ്ങനെ ഉണക്കിയെടുക്കുന്ന കായ്കളും പത്രികളും കൂടുതല്‍ കാലം സൂക്ഷിച്ച് വെക്കാറില്ല. തൂക്കം കുറയല്‍, കീടങ്ങള്‍ കുത്തി നശിപ്പിക്കുന്ന അവസ്ഥ എന്നിവ ഒഴിവാക്കാന്‍ പരമാവധി ഒരു മാസം വരെ മാത്രമേ സൂക്ഷിക്കാറുള്ളൂ. പ്രദേശിക മലഞ്ചരക്ക് വ്യാപാരികളെക്കാളും കൂടുതല്‍ വിലയില്‍ ഇരാറ്റുപേട്ടയില്‍ നിന്നും വരുന്ന വ്യാപാരികള്‍ കായ്കളും പത്രികളും എടുക്കുന്നതിനാല്‍ വില്പന താരതമ്യേന ഈ പ്രദേശത്ത് എളുപ്പമാണെന്ന് മാത്യു പറയുന്നു.
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിലൂടെ ജൈവകൃഷിയുടെ പുതിയ പാഠങ്ങള്‍.
മൂത്ത മകളായ ബോബിയെ വിവാഹം കഴിച്ച പൂവാറന്‍തോടുകാരന്‍ തന്നെയായ മാര്‍ട്ടിന്‍ വടക്കേല്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ കൊടുവള്ളി ബ്ലോക്കിലെ എച്ച് സിസി പി ആണ്. ഇദ്ദേഹം ഇവിടെ കൃഷിയിടത്തില്‍ മാത്യുവുമായി ചേര്‍ന്ന് അരയേക്കറില്‍ നാടന്‍ കാന്താരി കൃഷി ഒരു പ്രദര്‍ശനത്തോട്ടമായി ഒരുക്കുന്നുണ്ട്. കൂടരഞ്ഞി കൃഷിഓഫീസര്‍ മൊഹമ്മദ് പി എം കൃഷിയിടം സന്ദര്‍ശിച്ച് പദ്ധതിയില്‍ ജൈവവളക്കൂട്ടുകള്‍ നിര്‍മ്മിക്കാനാവശ്യമായ പരിശീലനം നല്‍കി വരുന്നു.
ശാസ്ത്രീയമായ അറിവോ പിന്‍ ബലമോ ഇല്ലാതെ ആരംഭിച്ച കൃഷി. പാരമ്പര്യമായി കിട്ടിയ അറിവുകള്‍ മാത്രം കൈമുതലായി ഉണ്ടായിരുന്ന ഈ കര്‍ഷകനെ കാത്തിരുന്നത് മനോഹരമായ കൃഷിയുടെ ലോകമാണ്. ഈ കൃഷിയിടത്തില്‍ ശാസ്ത്രീയമായ കൃഷിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു അതിന് ഈ കര്‍ഷകനെ സഹായിച്ചത് കൃഷി വകുപ്പിന്റെ വിവിധ പരിശീലനങ്ങളും മറ്റു സംവിധാനങ്ങളുമാണ്. വര്‍ഷങ്ങളായി കൃഷി ചെയ്തുള്ള പരിചയം യുറ്റ്യൂബ് പൊലെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുളള അറിവ് ഈ കര്‍ഷകനെ പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിന് സഹായിച്ചുണ്ട്. തന്റെ കൃഷിയിടത്തിലെ തൈകളില്‍ ബഡ്ഡിംഗ്,ഗ്രാഫ്റ്റിങ്ങ് എന്നിവ സ്വന്തമായി ചെയ്യുന്നതിനുള്ള അറിവ് നേടിയെടുത്തത് ഇതു മൂലമാണ്. മറ്റുള്ള കൃഷികള്‍ പരാജയപ്പെട്ടപ്പോഴും ജാതിക്കൃഷിയാണ് നാല്പ്പത്തേഴ് വര്‍ഷത്തെ ജീവിതത്തില്‍ വിളയെന്ന നിലയില്‍ മികച്ച നേട്ടവും ആത്മസംതൃപ്തിയും നല്‍കുന്നതെന്ന് മാത്യു പറയുന്നു.
കൃഷിയിടത്തിന്റെ ഒരു ഭാഗത്തെ കയ്യാല നിര്‍മ്മാണത്തിന് നീര്‍മറി പദ്ധതിയുടെ ആനുകൂല്യം ഉണ്ടായിരുന്നതായി മാത്യു പറഞ്ഞു. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍, ഫ്രൂട്ട്സ് ഡെവലപ്മെന്റ് പദ്ധതികളിലൂടെ ജാതി, കുരുമുളക് , മാങ്കോസ്റ്റിന്‍ കൃഷിക്കും സഹായവും ആവശ്യമായ സാങ്കേതിക പിന്തുണയും നല്‍കി കൊണ്ട് കൂടരഞ്ഞി കൃഷിഭവന്‍ ഈ കര്‍ഷകന് പ്രോല്‍സാഹനം നല്‍കുന്നു. കല്ലും പാറക്കെട്ടുകളും നിറഞ്ഞ കൃഷിയിടത്തെ വിളകളുടെ പറുദീസയാക്കി മാറ്റിയ ഈ കര്‍ഷക കരവിരുതിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഇദ്ദേഹത്തെ 2018-19 വര്‍ഷത്തെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തിട്ടുണ്ട്.
നെല്‍ക്കൃഷി ചെയ്ത ഒഴിഞ്ഞ പറമ്പില്‍ ആദ്യമായി കുരുമുളക് കൃഷി ചെയ്ത സമയം വരുമാനമൊന്നും ഇല്ലാതെ വന്നതും അടച്ചുറപ്പില്ലാത്ത ഒരു വീട്ടില്‍ കഴിയേണ്ടി വന്ന കുടിയേറ്റ കര്‍ഷകന്റെ ബുദ്ധിമുട്ടുകളെല്ലാം നേരിട്ട അവസ്ഥയില്‍ മനസ്സ് കലുഷിതമാകാതെ ഭാര്യയെ ചേര്‍ത്തു നിര്‍ത്തി രാപകല്‍ അധ്വാനിച്ച് സ്വപനതുല്യമായ കൃഷിയിടമൊരുക്കാന്‍ കഴിഞ്ഞു എന്ന ആത്മസംതൃപ്തിയിലാണ് മാത്യു. രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചെങ്കിലും സാധാരണ മാതാപിതാക്കളെപ്പോലെ വിശ്രമിക്കാം ചിന്ത ഇദ്ദേഹത്തിനില്ല. കൃഷിയുടെ പാരമ്പര്യം കൈമുതലായുള്ള ഈ കര്‍ഷകന് പരമ്പരാഗതമായി കൈമാറിയ കര്‍ഷകന്‍ എന്ന മേല്‍ വിലാസം ഉപേക്ഷിക്കാന്‍ താല്പര്യമില്ല. രണ്ടാമത്തെ മകളായ ജോബിയെ വിവാഹം ചെയ്ത ബേബിമേക്കുന്നേല്‍ മാത്യുവിനോടൊപ്പം സജീവമായിത്തന്നെ കൃഷിയിടത്തിലുള്ളത് ഒരു താങ്ങായി കരുതുന്നു. ഒരു കര്‍ഷകനാണെന്നതില്‍ എന്നും താങ്ങും പിന്തുണയുമായുള്ള ഭാര്യ മേരിയോടൊപ്പം തികച്ചും അഭിമാനം കൊള്ളുന്നു എഴുപത്തിരണ്ട്കാരനായ മാത്യു.
മാത്യു പേപ്പതിയില്‍ : 9142359234
ലേഖകന്‍: മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍, കൃഷിഅസ്സിസ്റ്റന്റ്, കൃഷിഭവന്‍ കൂടരഞ്ഞി