ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Dec 2021

ശ്രദ്ധേയമായി വാഴകള്‍ക്കുള്ള കെഡാവർ പ്രയോഗം

  

കൂടരഞ്ഞി കൃഷിഭവന്‍ സഹായത്തോടെ കൂടരഞ്ഞി തൊണ്ടൂര്‍കണ്ടി ഭാഗത്ത് ചേന്നം പള്ളില്‍ മാത്യു അബ്രാഹം എന്ന കര്‍ഷകന്റെ വാഴത്തോട്ടത്തില്‍ ജൈവിക കീടനിയന്ത്രണവുമായി ബന്ധപ്പെട്ട്  കെടാവര്‍ പ്രയോഗം ശ്രദ്ധേയമാകുന്നു. കര്‍ഷകരെ കൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിന്റെ ആത്മ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രദര്‍ശനത്തോട്ടത്തില്‍  കെടാവര്‍ പ്രയോഗം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം കൃഷിയിടം സന്ദര്‍ശിച്ച് കെടാവര്‍ പ്രയോഗം സംബന്ധിച്ച് കര്‍ഷകന് ആവശ്യമായ നിര്‍ദ്ദേശം നല്‍കി. കൃഷി അസ്സിസ്റ്റന്റ്മാരായ അബ്ദുള്‍ സത്താര്‍ പി എം, മിഷേല്‍ ജോര്‍ജ് എന്നിവരും പദ്ധതിയുടെ ഭാഗമായി കൃഷിയിടത്തിലെത്തി. കാര്‍ഷിക വികസന സമിതി അംഗങ്ങളും കര്‍ഷകരുമായ പയസ് തീയ്യാട്ടുപറമ്പില്‍, രാജേഷ് സിറിയക് മണിമലത്തറപ്പില്‍ എന്നിവരും കെടാവര്‍ പ്രയോഗം സംബന്ധിച്ച് മനസ്സിലാക്കുന്നതിനായി കൃഷിയിടം സന്ദര്‍ശിച്ചു.



എന്താണ് കെടാവര്‍?

വിളകളെ ആക്രമിക്കുന്ന പുഴുക്കളുടെ ശരീരത്തിൽ പ്രവേശിച്ച് അവയെ നശിപ്പിക്കാൻ കഴിവുള്ളയിനം പരാദ നിമാവിരകളെ വാക്സ് മോത്തുകളുടെ പ്യൂപ്പയിൽ സന്നിവേശിപ്പിച്ചതാണ് കെഡാവർ. വാഴയിലെ പിണ്ടിപ്പുഴു തടപ്പുഴു എന്നിവയെ പരിസ്ഥിതിക്കോ മറ്റു ജീവികൾക്കോ കോട്ടമുണ്ടാക്കാതെ വളരെ ഫലപ്രദമായി ഇവ നശിപ്പിക്കുന്നു. ഒരു വാഴയ്ക്ക് 4 വീതം കെഡാവർ വാഴയുടെ പ്രായമനുസരിച്ച് ഇല കവിളുകളിലോ വാഴയോട് ചേർന്ന് തടത്തിലോ ഉപയോഗിക്കാവുന്നതാണ്. കെഡാവറിൽ നിന്നും പുറത്ത് വരുന്ന മിത്ര നിമാവിരകൾ പുഴുക്കളുടെ ശരീരത്തിൽ പ്രവേശിച്ച് അവയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. വാഴ കൂടാതെ വിവിധയിനം പുഴുക്കളെ കെഡാവർ ഉപയോഗിച്ച് നശിപ്പിക്കാവുന്നതാണ്. വിവിധ വിളകളുടെ വേരുപടലങ്ങൾ, മരം എന്നിവ തുരക്കുന്നകീടങ്ങള്‍ ഇവയെ കൈകാര്യം ചെയ്യുന്നതിൽ കഡാവർ ഫലപ്രദമാണ്.


കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കണ്ണാറയിലെ വാഴ ഗവേഷണ കേന്ദ്രവും (എഐസിആർപി ഓൺ ഫ്രൂട്ട്‌സ്), കൊല്ലത്തെ കൃഷി വിജ്ഞാന കേന്ദ്രവും ഇപിഎൻ ബാധിച്ച മെഴുക് പുഴു ലാർവ ശവശരീരങ്ങൾ ഉത്പാദിപ്പിക്കുകയും കർഷകർക്ക്  നൽകുകയും ചെയ്യുന്നു. ഒരു കെടാവറിന് 1.70 രൂപയാണ് ചിലവ് വരിക.


           കോഴിക്കോട് വേങ്ങേരിയിലെ കാര്‍ഷിക സര്‍വ്വകലാശാലയുടെ വില്പന കേന്ദ്രത്തില്‍ നിന്നും കെടാവര്‍ ലഭിക്കുന്നതാണ്. ഉല്പ്പാദിപ്പിച്ച് ഏഴു ദിവസത്തിനു ശേഷം മിത്ര നിമാ വിരകള്‍ പുറത്തേക്ക് വരുമെന്നതിനാല്‍ മുന്‍ കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമാണ് കെടാവര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.