ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

17 Apr 2015

പഴമയുടെ പ്രസരിപ്പില്‍ ഒരു കര്‍ഷകന്‍.

                  
                                  'ക്യഷി' എന്നത് ജീവിതവും ജീവിതമാര്‍ഗ്ഗവുമാണ് ചിലര്‍ക്ക് അതിലൊരാളാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 'മഞ്ഞക്കടവ് 'എന്ന മലയോര ഗ്രാമത്തിലെ മാത്യു കോട്ടൂര്‍ എന്ന കര്‍ഷകന്‍. പഴയകാല കര്‍ഷകരെ ഓര്‍മ്മിപ്പിക്കുന്ന തലേക്കെട്ടും കൊണ്ട് ക്യഷിയിടത്തിലേക്കിറങ്ങുന്ന മാത്യുച്ചേട്ടന്‍ കര്‍ക്കശക്കാരനായ ക്യഷിക്കാരനാണ്. ക്യഷിയിടത്തില്‍ അദ്ദേഹം തുടര്‍ന്നു വരുന്നത് ഒരു പഴയകാല കര്‍ഷകന്റെ ക്യഷിരീതികളാണ്. കാര്‍ഷികശീലങ്ങള്‍ മാറാന്‍ അദ്ദേഹം ഒരുക്കമല്ലാത്ത അദ്ദേഹം തന്റെ ക്യഷിയിടത്തില്‍ വിളയിക്കുന്നത് പൊന്നാണ്.  മഞ്ഞക്കടവ് എന്ന പ്രദേശം പൂര്‍ണ്ണമായും കുടിയേറ്റ മേഖലയാണ് കുത്തനെ കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും വനമാണ്.   പൂവാറന്‍തോടിന്റെയും അകമ്പുഴയുടേയും ഇടയിലായുള്ള ഈ പ്രദേശത്തുള്ളവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇവിടെ നിന്ന് താമസം മാറ്റുകയൊ വിറ്റു പോവുകയോ ചെയ്തിട്ടുണ്ട്. അങ്ങനെ ഈ ക്യഷിയിടം വിട്ടു പോകുന്നതിന് താല്‍പര്യമില്ലാതെ ഇവിടെത്തന്നെ താമസിച്ച് ക്യഷി തുടരുന്ന അപൂര്‍വ്വം ചില കര്‍ഷകരിലൊരാളാണ് മാത്യു കോട്ടൂര്‍. മഞ്ഞക്കടവില്‍ നിന്ന് 'ഉടുമ്പുപാറ'യിലേക്ക് പോകുന്ന 'പൂതംകുഴി' റോഡിനരുകിലാണ് ഇദ്ദേഹത്തിന്റെ ക്യഷിയിടം. ജാതിയും കാപ്പിയും കൊക്കോയും ഗ്രാമ്പുവും നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ പ്രധാന വരുമാന മാര്‍ഗ്ഗമായി വാഴയും ക്യഷി ചെയ്യുന്നു. നേന്ത്രവാഴ മുഖ്യ ഇനമായി ക്യഷി ചെയ്യുന്ന അദ്ദേഹം കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും ലഭിച്ച 'ഗ്രാന്‍ഡ് നയന്‍' ഇനത്തില്‍പ്പെട്ട ടിഷ്യൂ കള്‍ച്ചര്‍ വാഴയും ചെങ്കദളിയും ഇവിടെ ക്യഷി ചെയ്യുന്നുണ്ട്.

                മഞ്ഞക്കടവിലെ അദ്ദേഹത്തിന്റെ ക്യഷിയിടത്തിലേക്ക് കടന്നു ചെല്ലുമ്പോള്‍ അദ്ദേഹം പാള കൊണ്ട് സഞ്ചിയുണ്ടാക്കുന്ന പണിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇന്നത്തെപ്പോലെ പണ്ടുകാലങ്ങളില്‍ പ്ലാസ്റ്റിക് കൂടുകളോ ടിന്നുകളോ ഇല്ലായിരുന്നു, അതിനു പകരം പാള കൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം സഞ്ചികളിലാണ്  ഭക്ഷണസാധനങ്ങളും മറ്റും സൂക്ഷിച്ച് വച്ചിരുന്നത്. ഈ സഞ്ചി വെയിലത്തുണക്കുന്നതിനു വേണ്ടി പച്ചക്കറിക്ക്യഷിക്കു തയ്യാറാക്കിയ പന്തലിന്റെ ഓരോ നാട്ടയുടെയും മുകളില്‍ വെച്ച കാഴ്ച കണ്ണിനു കൌതുകമായി. ഇങ്ങനെ ഒരു കാഴ്ച കൂടരഞ്ഞിയില്‍ വേറെ ഒരുസ്ഥലത്തും കാണാന്‍ സാധ്യതയില്ലാത്തതിനാല്‍ എന്റെ കൂടെ വന്ന കേരഫെഡ് അക്കൌണ്ടന്റ് അരുണ്‍ അവയുടെ  ഫോട്ടോയെടുക്കുന്നതിന്റെ തിരക്കിലായിരുന്നു.

      വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം തന്നെ ഈ പുരയിടത്തില്‍ ക്യഷിചെയ്യുന്നുണ്ട് ശൈത്യകാല വിളകളായ കാബേജും കോളിഫ്ലവറും ഇവിടെ മികച്ച വിളവാണ് തരുന്നത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ ശൈത്യകാല വിളകള്‍ക്ക് ഇവിടെ താരതമ്യേന  നല്ല വിളവാണ് ലഭിക്കുന്നത്. പയര്‍  വള്ളികള്‍ പന്തലിലേക്ക് കയറി വരുന്നു തക്കാളി,  മുളക് എന്നിവ ഒരു വിളവ് കഴിഞ്ഞ് അടുത്ത വിളവിനായി പാകമാകുന്നു. ചുവന്നചീര, വഴുതന എന്നിവയും  ഇതോടൊപ്പം നല്ല വിളവു നല്‍കി തഴച്ചു വളരുന്നു. 

    രണ്ടു പശുക്കളെ വളര്‍ത്തുന്ന ഇദ്ദേഹം അവയുടെ ചാണകമാണ് ഒരു ഹെക്ടര്‍ വരുന്ന ഈ ക്യഷിയിടത്തില്‍ മുഖ്യവളമായി ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുന്നേ ഇവിടെ കുടിയേറിയ ഇദ്ദേഹത്തിന്റെ ക്യഷിയിടം വളരെ വ്യത്തിയായിത്തന്നെ ഇന്നും പരിപാലിക്കപ്പെടുന്നുണ്ട്.  മകന്‍ ജിതിനും ക്യഷിയില്‍ വളരെ താല്‍പ്പര്യമുള്ളയാളാണ്. ജിതിന്റെ മേല്‍ നോട്ടത്തിലാണ് ഇവിടെ വാഴക്ക്യഷി ചെയ്യുന്നത്. ഒരുടാക്സി സര്‍വ്വിസ് നടത്തുന്ന ഇയാള്‍ മത്സ്യക്ക്യഷി, കോഴി വളര്‍ത്തല്‍ എന്നിവയും ഇതോടൊപ്പം നടത്തി പിതാവിനെ സഹായിക്കുന്നു.
       കൂടരഞ്ഞിയിലെ മികച്ച കര്‍ഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍ കൈയ്യെടുക്കുന്ന   കൂടരഞ്ഞി ക്യഷിഭവന്‍ ക്യഷി വകുപ്പിന്റെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലും സമഗ്ര പച്ചക്കറി വികസന പദ്ധതിയിലും ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി  സാമ്പത്തിക സഹായം നല്‍കി  പ്രോത്സാഹിപ്പിക്കുന്നു


മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്