ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

25 Apr 2015

പച്ചക്കറിക്ക്യഷിയില്‍ മാത്യകയായി ഒരു യുവ കര്‍ഷകന്‍

                                
                   വയലുകളൊന്നുമില്ലാത്തതിനാല്‍ കൂടരഞ്ഞിയില്‍ വിശാലമായുള്ള പച്ചക്കറിത്തോട്ടങ്ങളൊന്നും തന്നെ കാണാന്‍ സാധിക്കുകയില്ല. എങ്കിലും ഇവിടെയുള്ള ചില കര്‍ഷകര്‍ ഒരേക്കറും രണ്ടേക്കറുമൊക്കെ പച്ചക്കറികള്‍ ക്യഷി ചെയ്യാറുണ്ട്. അങ്ങനെ ക്യഷിചെയ്യുന്നവരില്‍ ശ്രദ്ധേയനാവുകയാണ് ഷാജി കടമ്പനാട്ട് എന്ന യുവ കര്‍ഷകന്‍. സ്വന്തമായുള്ള ഒരേക്കറിനടുത്ത ക്യഷിയിടത്തിലും പാട്ടത്തിനെടുത്ത രണ്ടേക്കറിനടുത്തുള്ള ക്യഷിയിടത്തിലും അദ്ദേഹം പച്ചക്കറിക്ക്യഷി ചെയ്തു വരുന്നു.  നവംബറില്‍ പാട്ടത്തിനെടുത്ത ക്യഷിയിടത്തില്‍ ആരംഭിച്ച പച്ചക്കറിക്ക്യഷി കൂടരഞ്ഞി അങ്ങാടിയോടടുത്ത ഒരേക്കറിനടുത്തു വരുന്ന ക്യഷിയിടത്തിലും ഇപ്പോള്‍ തുടരുന്നു.

                       കൂടരഞ്ഞി ക്യഷിഭവന്റെ സഹായത്തോടെ സംസ്ഥാന ക്യഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലെ മൈക്രോ ഇറിഗേഷന്‍ വിത്ത് ഫെര്‍ട്ടിഗേഷന്‍ സംവിധാനം ഇദ്ദേഹത്തിന്റെ സ്വന്തം ക്യഷിയിടത്തില്‍ നടപ്പിലാക്കി വരുകയാണ്. ഇതിലൂടെ  കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് ഹൈടെക്ക് ക്യഷി രീതികള്‍ പരിചിതമാക്കുന്നതിന് ഈ യുവ കര്‍ഷകന്‍ നിമിത്തമാവുകയാണ്. ക്യഷിക്കാവശ്യമായ വെള്ളവും വളവും  ദ്രാവക രൂപത്തില്‍ തുള്ളി നനയിലൂടെ ആവശ്യത്തിനനുസരിച്ച് നല്‍കുന്ന സംവിധാനമാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഇതിനായി മോട്ടോര്‍ പമ്പ് സെറ്റും മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

                ഇങ്ങനെയുള്ള ഹൈടെക്ക് സംവിധാനത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ ഈ പച്ചക്കറിത്തോട്ടത്തില്‍ പയര്‍, പടവലം, വഴുതന, വെണ്ട, വെള്ളരി, മത്തന്‍ എന്നീ വിളകള്‍ കരുത്തോടെയാണ് വളരുന്നത്. പൂര്‍ണ്ണമായും ജൈവരീതിയിലുള്ള ക്യഷിരീതികളാണ് ഇവിടെ പിന്തുടരുന്നത്. ചാണകത്തിന്റെ സ്ലറി പ്രധാന വളമായി ഉപയോഗിക്കുന്നു. ഇ എം സൊലൂഷന്‍, ഫിഷ് അമിനോ ആസിഡ് എന്നിവ ഈ ക്യഷിയിടത്തില്‍ വിളവിനായും കീടരോഗ നിയന്ത്രണത്തിനായും ഉപയോഗിക്കുന്നു. കൂടാതെ ചെറിയ സ് പ്രിംഗ്ളര്‍ സംവിധാനത്തില്‍ പരീക്ഷണാടിസ്ഥാന ത്തില്‍ കരനെല്‍ക്ക്യഷിയും ചെയ്തു വരുന്നു. ഇതിനായി 'ജയ' ഇനത്തിനുള്ള നെല്‍വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. കനത്ത മഴ ക്യഷിക്ക് തടസ്സമായി നില്‍ക്കുന്നുണ്ടെങ്കിലും നല്ല വിളവാണ് ഇപ്പോള്‍ ഈ തോട്ടത്തില്‍ നിന്നും ലഭിക്കുന്നത്. ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ ക്യഷിയുടെ ഒരോ ഘട്ടത്തിലും ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍  സന്ദര്‍ശനം നടത്തി ആവശ്യമായ ഉപദേശങ്ങളും സാങ്കേതിക സഹായങ്ങളും നല്‍കി ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നു.


ക്യഷിയിടത്തില്‍ ഹൈടെക്ക് സംവിധാനം ഒരുക്കിയപ്പോള്‍  ( പഴയ ചിത്രം )

മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്