ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

30 Apr 2015

കര്‍ഷകര്‍ക്ക് ക്യഷിപാഠമായി ബെന്നി പാറമ്പുഴ

                                
                  ബെന്നി പാറമ്പുഴ കൂടരഞ്ഞിയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രഫറാണ്. അതോടൊപ്പം ക്യഷിയെ സ്നേഹിക്കുന്ന ഒരു കര്‍ഷകനും കൂടിയാണ്. കൂടരഞ്ഞി ടൌണിനടുത്ത്  പാല്‍ സൊസൈറ്റികുന്നിന്റെ നെറുകയിലാണ് വീടും അതിനോടനുബന്ധിച്ച ക്യഷിയിടവും. അവിടെ  കുറഞ്ഞ സ്ഥലമേയുള്ളൂ ബാക്കി സ്ഥലം കുറേയകലെ കൂടരഞ്ഞി പഞ്ചായത്തില്‍ത്തന്നെയുള്ള ആനയോടാണ്. താമസിക്കുന്ന മുപ്പത് സെന്റിനടുത്തുള്ള ക്യഷിയിടത്തില്‍ വിളയാത്തതായൊന്നുമില്ല. ഇവിടെ ക്യഷിചെയ്തിരിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റു വിളകളും നിറയെ വിളവു തരുന്നു. അദ്ധ്വാനത്തിന്റെ മഹത്വം കണ്ടു പഠിക്കണമെങ്കില്‍ ഇയാളെ കണ്ടു പഠിക്കണം എന്നു പറയുകയാണെങ്കില്‍ അത് ബെന്നി പാറമ്പുഴയായിരിക്കും എന്നതില്‍ സംശയമില്ല. ഇത്രയും കാലമുള്ള ബെന്നിയുടെ ജീവിതത്തില്‍ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. കര്‍ഷകനായി, ഫോട്ടോഗ്രാഫറായി, വ്യാപാരിയായി, ബസ് കണ്ടക്ടറായി, കിണറിന് സ്ഥാനം കാണുന്നയാളായി, ഗാനമേളയില്‍ തബലക്കാനും  ട്രിപ്പിള്‍ ഡ്രമ്മുകാരനുമായി  വേഷങ്ങള്‍ക്കു കുറവൊന്നുമില്ല.
ക്യഷികള്‍ ക്യഷിരീതികള്‍ 
                                 പച്ചക്കറി ക്യഷി ചെയ്യുന്നതിന്  പ്രത്യേക താല്‍പ്പര്യം കാട്ടുന്ന ബെന്നി . വീടിനു സമീപവും പാട്ടത്തിനെടുത്തും ക്യഷി ചെയ്യുന്നു. പാട്ടത്തിനു ക്യഷി ചെയ്യുമ്പോള്‍ പാവലും പയറുമാണ് സ്ഥിരമായി ചെയ്യാറ്. ഒരേക്കറിനു മേലെ പാവല്‍ ക്യഷി ചെയ്യുന്ന ബെന്നി ഡിസംബര്‍ കഴിഞ്ഞുള്ള സമയമാണ് പാവലു ക്യഷിക്ക് തെരെഞ്ഞെടുക്കാറ്. അതു കൂടാതെ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍  വഴുതന, നിത്യവഴുതന, ചുരക്ക, കോളിഫ്ലവര്‍, കാബേജ്, ചതുരപ്പയര്‍, നാടന്‍ വെണ്ട, വിവിധ ഇനം മുളകുകള്‍  എന്നിവ ഈ തൊടിയില്‍ ക്യഷി ചെയ്യുന്നു. ഈ ക്യഷികള്‍ക്കൊക്കെ ഒരു 'ബെന്നി ടച്ച് ' ഉണ്ടെന്നു പറയേണ്ടി വരും ആ രീതിയിലാണ് വിത്തു മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. വിത്ത് മുളപ്പിച്ചിട്ട് നടുന്ന രീതി പിന്തുടരുന്ന അദ്ദേഹം ചതുരപ്പയര്‍ ചെറു ചൂടു വെള്ളത്തില്‍ രണ്ട് മിനിറ്റ് ഇട്ട് മുളപ്പിക്കുന്ന രീതിയും സ്വീകരിക്കുന്നു. തുടര്‍ന്ന് മുളപ്പിച്ച വിത്തുകള്‍ മണലിലും പോട്രേകളിലും പാകുന്നു. ചകിരിച്ചോറും മണ്ണും ചേര്‍ന്ന മിശ്രിതമാണ് ട്രേകളില്‍ മാധ്യമമായി ഉപയോഗിക്കുന്നത്.

                പച്ചക്കറിക്ക്യഷി ആരംഭിക്കുന്നതിനു മുന്‍പേ മണ്ണ് കിളച്ച് കുമ്മായം തൂളിയിടും എട്ട് ദിവസം കഴിഞ്ഞ് തടം തുറക്കും. അതില്‍ കരിയില കൂട്ടിയിട്ട് കത്തിച്ച് രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് മുളപ്പിച്ച തൈകള്‍ നടും. തുടര്‍ന്ന് ഈ തൈകള്‍ക്ക് ചാണകപ്പൊടിയും കോഴിക്കാഷ്ടവും വളമായി നല്‍കും.
                         പാവലിന്റെയും പയറിന്റേയും തൈകള്‍ വളര്‍ന്നു വരുമ്പോള്‍ നിരവധി പ്രശ്നങ്ങള്‍ ക്യഷിയിടത്തില്‍ നേരിടേണ്ടി വരും ഇലവെട്ടിക്കളയുന്ന ഓന്തും മറ്റു ജീവികളും ക്യഷിയിടത്തില്‍ പ്രശനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇവയെ നേരിടാന്‍ ഇദ്ദേഹം തന്നെ കണ്ടെത്തിയ ഒരു രീതിയുണ്ട് മുളപ്പിച്ച തൈകള്‍ മണ്ണില്‍ നടുമ്പോള്‍ ഒപ്പം രണ്ടു കമ്പുകള്‍ ക്രോസ്സ് ആക്യതിയില്‍ അതിനടുത്ത് നാട്ടി വെയ്ക്കുക. ഇല വെട്ടാനായി വരുന്ന ജീവികള്‍ ഈ കമ്പില്‍ കൂടി കയറി  അറ്റത്തെത്തുമ്പോള്‍ കമ്പു ചെരിഞ്ഞുകിടക്കുന്നതിനാല്‍  അവയ്ക്ക് വെട്ടാനെത്താതെ വരും. വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടെത്തിയ ഈ രീതി  വിജയകരമായി ഇന്നും  അദ്ദേഹം പിന്തുടരുന്നു.
             വിഷമാലിന്യമില്ലാത്ത പച്ചക്കറി ഉണ്ടാക്കണമെന്ന തിരിച്ചറിവ് അദ്ദേഹത്തെ കീടനാശിനി പ്രയോഗത്തില്‍ നിന്നെല്ലാം അകറ്റി. കീട നിയന്ത്രണത്തിനായി ഇഞ്ചി, വെളുത്തുള്ളി, ചെറുകാന്താരി, വേപ്പെണ്ണ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവക്കൂട്ട് തികച്ചും ഫലപ്രദമായ ഒന്നാണെന്നും വിഷമടിക്കാതെ തന്നെ കീടങ്ങളെ നിയന്ത്രിക്കാമെന്നും തന്റെ ക്യഷിയിലൂടെ ബെന്നി തെളിയിക്കുന്നു. പാവല്‍ ക്യഷിയില്‍ വിഷമടിക്കാതെ കായീച്ചയെ അകറ്റാന്‍ പോളിത്തീന്‍ കവര്‍ ഉപയോഗിക്കുന്ന ബെന്നി ആ കവര്‍ തന്നെ തുടര്‍ന്നുള്ള വിളവിനും ഉപയോഗപ്പെടുത്തി ചിലവു കുറഞ്ഞ കീട നിയന്ത്രണം സാധ്യമാക്കുന്നു. ബെന്നിയുടെ പാവലിനും പയറിനും ആവശ്യക്കാരേറെയാണ് അയല്‍ക്കാരും തേടി വരുന്നവരും. വിളവെടുക്കുന്നവയില്‍ അധികമായി വരുന്നത് കൂടരഞ്ഞിയിലേയും മുക്കത്തേയും അങ്ങാടികളില്‍ വില്‍ക്കും.
ഗ്രാഫ്റ്റ് ചെയ്തതും ചെയ്യനുള്ളതുമായ തൈകള്‍
കുരുമുളക് ഗ്രാഫ്റ്റിംഗ്
                       കുരുമുളകില്‍ ഗ്രാഫ്റ്റിംഗ് നടത്തുന്നതില്‍ അഗ്രഗണ്യനാണ് ബെന്നി. കൊളുബ്രിനത്തില്‍ കരിമുണ്ടയുടേയും പന്നിയൂറിന്റെയും തേവത്തിന്റേയും കൊടിത്തലകള്‍ ഗ്രാഫ്റ്റ് ചെയ്തു വിജയിപ്പിച്ചെടുക്കുന്ന ബെന്നിയുടെ ഗ്രാഫ്റ്റ് ചെടികള്‍ വാങ്ങാന്‍ ആലപ്പുഴ എറണാകുളം ത്യശ്ശൂര്‍ മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്. കൂടാതെ സ്വകാര്യ നഴ്സറികള്‍ ക്ക് ഇദ്ദേഹം ഗ്രാഫ്റ്റ് കുരുമുളക് തൈകള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. മണ്ണും ചാണകപ്പൊടിയും  ചേര്‍ത്ത് തയ്യാറാക്കുന്ന കൂടുകളില്‍ കൊളുബ്രിനം വളര്‍ത്തിയെടുത്ത് അവയിലാണ് ഗ്രാഫ്റ്റിംഗ് നടത്തുന്നത്. കൊളുബ്രിനത്തിന്റെ ശാഖകളുടെ  മുട്ട് ഭാഗം മണ്ണില്‍ വളര്‍ത്തിയാല്‍ പെട്ടെന്ന് വേരു പിടിക്കും എന്ന് മനസ്സിലാക്കി ആ രീതിയിലാണ് കൊളുബ്രിനം കവറുകളില്‍ വളര്‍ത്തുന്നത്.  ഗ്രാഫ്റ്റിംഗ് നടത്തിയതിനു ശേഷം പോളിത്തീന്‍ കവറുകൊണ്ടു മൂടി വായു സഞ്ചാരം ഒഴിവാക്കി ഇരുപത്തിയഞ്ച് ദിവസം വെച്ചാല്‍ മുള പൊട്ടും. കവറുകൊണ്ട് മൂടുമ്പോള്‍ മണ്ണിലെ ജലം ബാഷ്പീകരിച്ച് അന്തരീക്ഷം അനുയോജ്യമായ അവസ്ഥയിലെത്തുന്നതു കൊണ്ടാണ് ഈ രീതി അവലംബിക്കുന്നത്. അതുകൊണ്ട് ഗ്രാഫ് റ്റിംഗ് ഏതു സമയത്തും ചെയ്യാമെന്ന് കവറുകൊണ്ടു മൂടിയ തൈകള്‍ കാണിച്ചുകൊണ്ടു ബെന്നി പറഞ്ഞു. ഇവിടെ ഗ്രാഫ്റ്റ് ചെടികളുടെ ഉയരം ആവശ്യത്തിനനുസരിച്ച് വ്യത്യസ്ഥമാണ് ചതുപ്പു സ്ഥലങ്ങളില്‍ നടാന്‍ ഉയരം കൂടുതലും അല്ലാത്ത സ്ഥലത്ത് നടാന്‍ ഉയരം കുറഞ്ഞതുമായ തൈകള്‍ ഇവിടെ നിന്നും ലഭിക്കും. കൂടാതെ വ്യത്യസ്ഥ വലിപ്പത്തിലുള്ള കവറുകളില്‍ തയ്യാറാക്കിയ തൈകളും ലഭിക്കും. ഗ്രാഫ്റ്റിംഗ് കൂടാതെ നാഗപതി സമ്പ്രദായത്തിലും ഇവിടെ പ്രവര്‍ദ്ധനം നടത്തി കൂടുതല്‍ കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നുണ്ട്.
വിദേശ ഇനം മരച്ചീനി
മറ്റു ക്യഷികള്‍
              ഇവിടെ കുരുമുളക് ഗ്രാഫ്റ്റിംഗ് മാത്രമല്ല അവയുടെ ഒരു ക്യഷിയിടവും ഒരുക്കിയിട്ടുണ്ട്. കരിമുണ്ട വലിയ കുലയും ചെറിയ കുലയുമുള്ള ഇനങ്ങള്‍ തേവം, പന്നിയൂര്‍, അര്‍ക്കളം സ്വന്തമായി മുള അരി പാകി വികസിപ്പിച്ചെടുത്ത പേരിടാത്ത ഇനം എന്നിവ ഈ ക്യഷിയിടത്തില്‍ കരുത്തോടെ വളരുന്നുണ്ട്. റംബൂട്ടാന്‍, മാംഗോസ്റ്റീന്‍, മാവ്, സപ്പോട്ട, പേര, ചാമ്പ, പാഷന്‍ ഫ്രൂട്ട് എന്നീ വ്യത്യസ്ഥ ഇനം പഴങ്ങളും വിവിധയിനം വാഴകള്‍, മരച്ചീനി, ഏലം, തിപ്പലി, രാമച്ചം, അസോള എന്നിവ വീട്ടാവശ്യത്തിനും മുട്ടക്കോഴിക്ക് വേണ്ടി സിഒ ത്രീ പുല്ലും ക്യഷി ചെയ്തിരിക്കുന്നു. കൂടാതെ വീട്ടാവശ്യത്തിനു തന്നെ ചെറുതേനീച്ച കോളനികളും ഇവിടെ വളര്‍ത്തുന്നു. സില്‍പോളിന്‍ ഉപയോഗിച്ച് ഒരു കുളം നിര്‍മ്മിച്ച് മത്സ്യ ഇനങ്ങളായ കട് ല, മ്യഗാല, രേവു എന്നിവയും  വളര്‍ത്തുണ്ട്. കൂടാതെ നാടന്‍ കോഴികളെ ഇവിടെ വലക്കുള്ളിലിട്ട് വളര്‍ത്തുന്നുമുണ്ട്.
 കൂടരഞ്ഞി ക്യഷിഭവനും ബെന്നിയും 
               ഇദ്ദേഹത്തിന്റെ ക്യഷി മേഖലയിലുള്ള പ്രവര്‍ത്തനങ്ങളെ മാനിക്കുന്ന കൂടരഞ്ഞി ക്യഷിഭവന്‍ 'ക്രോപ് ഹെല്‍ത്ത് മാനേജ് മെന്റ് പദ്ധതിയില്‍' കൂടരഞ്ഞിയിലെ പന്ത്രണ്ട് കര്‍ഷകരിലൊരാളായി അദ്ദേഹത്തെ  തെരെഞ്ഞെടുത്തിട്ടുണ്ട്  കൂടാതെ 'സമഗ്ര പച്ചക്കറി വികസന പദ്ധതി' 'സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍' പദ്ധതികള്‍ എന്നിവയിലൂടെയുള്ള സഹായങ്ങള്‍ നല്‍കി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യഷിഭവന്‍ പ്രോത്സാഹനം നല്‍കുന്നു. പരിശ്രമമുണ്ടെങ്കില്‍ എന്തും വിളയിച്ചെടുക്കാമെന്നും സാങ്കേതിക ഉപദേശം ക്യഷിയിടത്തില്‍  ലഭ്യമാണെങ്കില്‍ അതു സാധ്യമാണെന്നും നമ്മള്‍ ക്യഷി ചെയ്താല്‍ ക്യഷി ഉദ്യോഗസ് ഥര്‍ നമ്മെ തേടി വരും എന്നതില്‍ സംശയമില്ലെന്നും താന്‍ ക്യഷിഭവനിലേക്ക് പോയതു കൊണ്ടല്ല തനിക്ക് സഹായങ്ങള്‍ ലഭിച്ചത് മറിച്ച് തേടി വന്നതാണെന്നും സാക്ഷ്യപ്പെടുത്തുന്നു.
കുടുംബം, അംഗീകാരങ്ങള്‍ 
                 1998 ല്‍ അഖില കേരള ഫോട്ടോ ഗ്രാഫേഴ് സ് അസ്സോസിയേഷന്‍ 'പ്രക്യതിയുടെ വരദാനം' എന്ന വിഷയത്തില്‍  സംസ്ഥാന തലത്തില്‍ നടത്തിയ മല്‍സരത്തില്‍ അദ്ദേഹത്തിന് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.  മാത്യഭൂമി ന്യൂസ് 'ക്യഷിഭൂമിയില്‍'  ബെന്നിയുടെ 'കുരുമുളക് ഗ്രാഫ്റ്റിംഗിനെപ്പറ്റി' ഒരു വാര്‍ത്ത സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ഭാര്യ ഷേര്‍ളി, മകള്‍ ചിഞ്ചു, മകന്‍ ജിത്തു എന്നിവര്‍ അടങ്ങിയ കുടുംബം കാര്‍ഷിക മേഖലയിലുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.
ബെന്നി പാറമ്പുഴയുടെ മൊബൈല്‍ നം 9744115756 
മാത്യഭൂമി ന്യൂസ് 'ക്യഷിഭൂമി' ചിത്രീകരണത്തിനിടെ
നാഗപതി സമ്പ്രദായം

മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ്