ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

21 Sept 2015

'കൂണ്‍' വിളവെടുപ്പിന്റെ സന്തോഷത്തില്‍ രണ്ടു വനിതകള്‍

                  'മാത്യകയാക്കാം ഇവരുടെ ക്യഷിയെ'. 'അഭിനന്ദിക്കാം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇവര്‍ കാട്ടുന്ന ആത്മാര്‍ഥതയെ'.  ഒരു പ്രായമായാല്‍ മക്കള്‍ക്കും മരുമക്കള്‍ക്കും  എല്ലാ കാര്യങ്ങളും വിട്ടു കൊടുത്ത് ചെറുമക്കളെ നോക്കലാണ് മിക്ക വീട്ടിലും മാതാപിതാക്കളുടെ ജോലി. അയല്‍ക്കാരായ  പെരുമ്പൂള കോട്ടൂര്‍ ചിന്നമ്മയും കളപ്പുരക്കല്‍ തെരേസും വെറുതെയിരുന്നില്ല കൂണ്‍ ക്യഷിയില്‍ ഒരു പരിശീലനം നടക്കുന്നുണ്ടന്നറിഞ്ഞപ്പോള്‍ അയല്‍ക്കാരായ മറ്റു മൂന്നു പേരോടൊപ്പം തിരുവമ്പാടിയില്‍ പരിശീലനത്തിനു പോയി.  വീട്ടിലേക്കാവശ്യമുള്ള കൂണുകള്‍ ക്യഷി ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇവര്‍ പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനം കഴിഞ്ഞ് മറ്റു മൂന്നു പേര്‍ക്ക് പഠിച്ചത് പ്രാവര്‍ത്തികമാക്കാന്‍ പല കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞില്ല. എന്നാല്‍ ചിന്നമ്മയും തെരേസും  രുചികരവും പോഷസമ്പുഷ്ടവുമായ കൂണുകള്‍ ക്യഷി ചെയ്യാന്‍  ആരംഭിച്ചു.
                       ചിപ്പിക്കൂണുകളാണ് ഇവിടെ ക്യഷി ചെയ്യുന്നത്. വേങ്ങേരിയില്‍ നിന്ന് കൂണ്‍ വിത്ത് വാങ്ങി. കൈകാര്യം ചെയ്യാനെളുപ്പം പ്ലാസ്റ്റിക് വേസ്റ്റ് ബാസ്കറ്റുകളായതിനാല്‍ അവ ഈ ക്യഷിയില്‍ ഉപയോഗിച്ചു. തെരേസിന്റെ വീട്ടില്‍ പശുവിന് തീറ്റയായി കൊണ്ടു വന്ന വൈക്കോല്‍, കൂണ്‍ വളര്‍ത്തുന്നതിനുള്ള മാധ്യമായി ഉപയോഗിച്ചു. മൂന്നു മുടികള്‍  (കെട്ട്) ആണ് ഒരു ബാസ്കറ്റിന് ഉപയോഗിക്കുന്നത് തലേ ദിവസം വെള്ളത്തിലിടുന്ന വൈക്കോല്‍ പിറ്റേദിവസം അര മണിക്കൂര്‍ വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കുന്നു. പുഴുങ്ങിയെടുത്ത വൈക്കോല്‍ വെള്ളം വാര്‍ന്ന് കളഞ്ഞത് പിഴിഞ്ഞാല്‍ വെള്ളം വരാത്ത രീതിയില്‍ നനവുള്ളതാക്കുന്നു. തുടര്‍ന്ന് വേസ്റ്റ് ബാസ്കറ്റ് ഡെറ്റോളൊഴിച്ച് വ്യത്തിയാക്കുന്നു. തുടര്‍ന്ന് ഒരു റൌണ്ട് വയ്ക്കോല്‍ ബാസ്കറ്റിലേക്ക് വെയ്ക്കുകയും അതിനു മുകളില്‍ വശങ്ങളില്‍ക്കൂടി കൂണ്‍ വിത്തുകള്‍ ഇടുകയും ചെയ്യുന്നു. അതിനു ശേഷം അതിനു മുകളില്‍ വയ്ക്കോല്‍ വയ്ക്കുന്നു തുടര്‍ന്ന് വിത്തിടുന്നു ഈരീതിയില്‍ ബാസ്കറ്റ് നിറയുന്നിടം വരെ ചെയ്യുന്നു. കൂണ്‍ ക്യഷിയില്‍ ഇരുട്ടുമുറി ആവശ്യമാണ്. ചെറിയ രീതിയിലുള്ള ക്യഷിക്ക് വളരെ ലളിതമായ രീതികള്‍ സ്വീകരിക്കാം ഇരിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റൂള്‍ എടുത്ത് കമഴ്ത്തി വെച്ച് അതിനിടയില്‍ ബാസ്കറ്റ് വെയ്ക്കുന്നു. തുടര്‍ന്ന് മുകളില്‍ക്കൂടി കറുത്ത തുണി വിരിക്കുന്നു. ഇങ്ങനെ ഇരുട്ടു മുറിയുടെ പ്രതീതി ജനിപ്പിക്കാം. പതിനഞ്ചു ദിവസം ഇരുട്ടു മുറിയില്‍ വെച്ചതിനു ശേഷം പുറത്തെടുക്കുന്നു നേരീട് വെയിലടിക്കാത്ത ഭാഗത്ത് വെയ്ക്കുന്നു പത്തൊന്‍ പതാമത്തെ ദിവസം മുളച്ചു വരുന്ന വിത്തുകള്‍ നനച്ചു കൊടുത്ത് മൂന്നു ദിവസത്തിനുള്ളില്‍ വിളവെടുക്കാം ഇങ്ങനെ രണ്ടു പ്രാവശ്യം കൂടി അഞ്ചു ദിവസത്തെ ഇട വേളകളില്‍ വിളവെടുക്കാം 
     ഇങ്ങനെയുണ്ടാക്കുന്ന കൂണുകള്‍ പറമ്പില്‍ നിന്നും ലഭിക്കുന്നതിനേക്കള്‍ രുചികരവും ഗുണകരവുമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഇവര്‍ ബാസ്കറ്റില്‍ അടിഭാഗത്ത് തുളകളിട്ട് കൂടുതല്‍ വിളവ് നേടുന്നതിനുള്ള പരിശ്രമവും നടത്തുന്നു. പാറ്റയും എലിയുമാണ് ഈക്യഷിയില്‍ നേരീടുന്ന വലിയ പ്രശ്നം അവയെ തടയാന്‍ വെളുത്തുള്ളി അരച്ച വെള്ളം തളിച്ച് പ്രതിരോധ മാര്‍ഗ്ഗം സ്വീകരിക്കുന്നു. കൂടാതെ വ്യത്തി പരമപ്രധാനമായ കാര്യമാണെന്നും നല്ല ഗുണമേന്മയുള്ള വിത്തുകള്‍ ഉപയോഗിച്ചാലേ ക്യഷി വിജയിക്കുകയുള്ളൂവെന്നും ഓര്‍മ്മിപ്പിക്കുന്നു. ഭാവിയില്‍ കൂടരഞ്ഞി ക്യഷിഭവനുമായി ചേര്‍ന്ന് ചെറിയ സംഘങ്ങളുണ്ടാക്കി അവര്‍ക്ക് പരിശീലനം നടത്തുന്നതിനുള്ള തയ്യറെടുപ്പിലാണിവര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ചിന്നമ്മ ജോസ്  കോട്ടൂര്‍ 9400793005
തെരേസ മാത്യു കളപ്പുരയ്ക്കല്‍ 9048827281

തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്