ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

9 Sept 2015

ക്യഷി കുടുംബകാര്യമായി മണിമലത്തറപ്പില്‍ കുടുംബം

                   
രാജേഷ് നാരായക്കൊടിയുമായി
                            കൂടരഞ്ഞി കുളിരാമുട്ടിയില്‍ മണിമലത്തറപ്പില്‍ സിറിയക്കിന്റെ വീട്ടില്‍ ക്യഷി കുടുംബകാര്യമാണ്. ഇവിടെ സംസാര വിഷയം എല്ലാം  ക്യഷികാര്യങ്ങളാണ്. ക്യഷിയെ അത്രയധികം ആശ്ളേഷിക്കുന്ന കുടുംബം. പരമ്പരാഗതമായി കൈവന്ന ക്യഷിപാരമ്പര്യം ഇന്നും തുടര്‍ന്നു കൊണ്ടു പോകുന്നതില്‍ ഈ കുടുംബത്തിന് യാതൊരു മടിയുമില്ല. കര്‍ഷകനായ പിതാവ് കുര്യാച്ചന്‍ മണിമലത്തറപ്പില്‍  കാണിച്ചു തന്ന വഴിയെ സിറിയക് നടന്നു അതേ പോലെ ഇവിടെ ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ മൂന്നുമക്കളും  ഇദ്ദേഹത്തേപ്പോലെ ക്യഷിയില്‍ സജീവമാണ്.
                            കോട്ടയം മരങ്ങാട്ടുപള്ളിയില്‍ നിന്ന് 1950ല്‍ കുടിയേറിയതാണ് സിറിയക്കിന്റെ പിതാവ്. കാടു മൂടി ചെരിഞ്ഞു കിടന്ന കുളിരാമുട്ടിയിലെ ക്യഷിയിടം വെട്ടി വ്യത്തിയാക്കി കയ്യാലകള്‍ വെച്ച് ക്യഷി യോഗ്യമാക്കി. താഴെക്കൂടരഞ്ഞിയിലുണ്ടായിരുന്ന സ്ഥലത്ത് നെല്‍ക്ക്യഷിയും തുടങ്ങി. ആദ്യകാലങ്ങളില്‍ ദൂരയാത്ര ചെയ്തു വരുന്നവര്‍ക്ക് നല്‍കാന്‍ കഞ്ഞിയും കിഴങ്ങുകളും ഇഷ്ടം പോലെയുണ്ടായിരുന്നു. ഇവിടെ ഓരോ കാലങ്ങളിലും ഓരോ ക്യഷികളാണ് ചെയ്തിരുന്നത്. ആദ്യം നെല്ല്, പിന്നെ കപ്പ തുടര്‍ന്ന് തെരുവ, കുരുമുളക്, കമുക് അവസാനം തെങ്ങ് എന്ന രീതിയില്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ക്യഷി.
                                                 ഇവിടെ ക്യഷിയിടം ഒരുക്കിയിരിക്കുന്നത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഒരോ വിളകളുടേയും തൈകള്‍ അതിന്റെ അനുപാതത്തില്‍ നിര്‍ദ്ദേശിച്ച പ്രകാരം തന്നെയാണ്. വീടിനോടു ചേര്‍ന്ന ഈ ക്യഷിയിടത്തില്‍ തെങ്ങിനും കമുകിനും കുരുമുളകിനും കാപ്പിക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ക്യഷിരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ക്യഷിയിടത്തിന്റെ ഓരോ ഭാഗത്തും ഓരോ ക്യഷി ഇടയില്‍ ഹ്രസ്വകാല വിളകള്‍. ഇവിടെ ക്യഷിയിടത്തിന് ഒരു മനോഹാരിതയുണ്ട്. തെങ്ങുകള്‍, കവുങ്ങുകള്‍ ഇടയില്‍ കുരുമുളക്, കാപ്പി, വാഴ, കിഴങ്ങു വര്‍ഗ്ഗ വിളകള്‍ എപ്പോഴും വ്യത്തിയായി സൂക്ഷിക്കുന്ന ക്യഷിയിടം ഈ ക്യഷിയിടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. മലയോര മേഖലയിലുള്ളവര്‍ മുഴുവനും റബറിലേക്ക് തിരിഞ്ഞപ്പോള്‍ ഈ കുടുംബം ക്യഷിയിടത്തില്‍  റബര്‍ ഒഴിവാക്കി നാടനും പുതിയ ഇനത്തിലുള്ളതുമായ തെങ്ങിന്‍ തൈകള്‍ നട്ടു. ഇതു കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. തേങ്ങക്ക് വിലയില്ലാത്തപ്പോള്‍ ഇവര്‍ കാണിക്കുന്നത് വിഡ്ഡിത്തമാണെന്ന് പറഞ്ഞ് പരിഹസിച്ചു. എന്നാല്‍ ഇപ്പോള്‍ തേങ്ങയുടെ വില ഉയര്‍ന്നു നില്‍ക്കുന്നതും റബറിന്റെ വില നഷ്ടത്തിലായതും ഇവര്‍ ചെയ്തത് ശരിയാണെന്ന് കാലം തെളിയിച്ചു.
                                
തെങ്ങിന് സംരക്ഷണ പ്രവര്‍ത്തനം
                           കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് തെങ്ങിന്റെ കൂമ്പ് ചീയല്‍, ചെള്ളിന്റെ അക്രമണം മുതലായവ. ഇവിടെയുള്ള തെങ്ങുകളില്‍ ഈ രോഗ കീട ബാധയ്ക്കെതിരെ വര്‍ഷങ്ങളായി തുടരുന്ന പ്രതിരോധ പ്രവര്‍ത്തങ്ങളുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നുള്ളത് ഈ ക്യഷിയിടം സന്ദര്‍ശിക്കുന്ന ഏവര്‍ക്കും മനസ്സിലാക്കാം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം തെങ്ങിന്റെ ഓലക്കവിളില്‍ ഉപ്പും മണലും ചേര്‍ന്ന മിശ്രിതം ഇട്ട് തെങ്ങിന്റെ  നടത്തുന്ന സംരക്ഷണ പ്രവര്‍ത്തങ്ങള്‍ കേര സംരക്ഷണത്തിന് പ്രയോജനകരമാണ്. ഉപ്പിന്റെ മൂന്നിരട്ടി മണലും ചേര്‍ത്ത മിശ്രിതമാണ് ഈ രീതിയില്‍ ഉപയോഗിക്കുന്നത്.
                         മുകളില്‍ കൂമ്പിനു താഴെയുള്ള ഓലക്കവിളില്‍ തുടങ്ങി താഴെയുള്ള കവിള്‍ വരെ  മിശ്രിതം ഇടുന്നു ഇത് മഴ തുടങ്ങുമ്പോഴും മഴ അവസാനിക്കുമ്പോഴും ചെയ്യുന്നു. കാലവര്‍ഷത്തിന്റെ സമയത്ത് തെങ്ങിന്റെ കൂമ്പുകള്‍ ശക്തമായ കാറ്റില്‍ മറിഞ്ഞ് കുമിള്‍ രോഗമുണ്ടാവുന്നത് തടയുന്ന പ്രവര്‍ത്തനമാണ് ഉപ്പ് ഉപയോഗിക്കുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. തെങ്ങിന്റെ വിളവിനെ ബാധിക്കുന്ന നാമ്പോലയെ ആക്രമിക്കുന്ന കൊമ്പന്‍ ചെല്ലി മുതലായ ചെള്ളുകളെ തടയുന്നതിന് മണല്‍ ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ മണല്‍ ചെള്ളിന്റെ ദേഹത്ത് വീണ് ഇവക്ക് ഓലയില്‍ കുത്താന്‍ കഴിയാതെ ചത്തു പോകുന്നു.
പുതിയതായി നട്ടു പിടിപ്പിച്ച തെങ്ങിന്‍ തൈകള്‍
                             തെങ്ങിന്റെ വേര് അടിയിലായതിനാല്‍ തെങ്ങിന് തടം തുറന്നു തന്നെ വളമിട്ടാല്‍ മാത്രമേ അവയ്ക്ക് ആവശ്യമായ പോഷണം കിട്ടൂ എന്നു വിശ്വസിക്കുന്നു. തടം തുറക്കാത്തതാണ് എണ്‍പത് ശതമാനം മഞ്ഞളിപ്പിന് കാരണമെന്നും തടം വ്യത്തിയാക്കാതിരുന്നാല്‍ തടത്തില്‍ ചിതല്‍പ്പുറ്റുണ്ടാവുകയും മുകളില്‍ ഇടുന്ന വളം മണ്ണിലേക്കിറങ്ങാതെ വേരിന് വലിച്ചെടുക്കാന്‍ കഴിയാതെ വരുന്നു. ആദ്യം ചാണകപ്പൊടിയാണ് വളമായി നല്‍കുന്നത്. തുടര്‍ന്ന് രാസവളങ്ങളും നല്‍കുന്നു.
ഉപ്പും മണലും മിക്സ് ചെയ്യുന്നു
തെങ്ങ് ക്യഷി
                         തെങ്ങിന്‍ തൈകള്‍ തെരെഞ്ഞെടുക്കുന്നതിലും ഇവര്‍ക്ക് പ്രത്യേകതയുണ്ട്. കൂടരഞ്ഞി കാരാട്ടുപാറയിലുള്ള നല്ലതെങ്ങിന്‍ തോട്ടത്തില്‍ നിന്നുള്ള ഗുണമേന്മയേറിയ വിത്തുതേങ്ങകള്‍ ഉപയോഗിച്ചുള്ള തൈകളും ക്യഷിഭവനില്‍ നിന്നു ലഭിച്ചതും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചതുമായ ടി x ഡിയും കുറിയ ഇനം തെങ്ങുകളും പാലക്കാട് നിന്നും കൊണ്ടു വന്ന പ്രത്യേക ഇനത്തിലുള്ള തെങ്ങിന്‍ തൈകളും ഈ തോട്ടത്തില്‍ വൈവിധ്യം കൊണ്ടു വരുന്നു. നിലവില്‍ അഞ്ഞൂറോളം തെങ്ങുകളാണ് ഈ ക്യഷിയിടത്തിലുള്ളത്.
                        വര്‍ഷം നൂറു തെങ്ങിന്‍ തൈകളിവിടെ പാകി മുളപ്പിക്കുന്നു. കൂടരഞ്ഞിയില്‍ ത്തന്നെയുള്ള നല്ല തെങ്ങിന്‍ തോട്ടത്തില്‍ നിന്നുള്ള തേങ്ങകളാണ് തൈയാക്കുന്നതിന് ഉപയോഗിക്കുന്നത്. ഇരുപതെണ്ണത്തോളം ഇവിടെ നടുകയും ബാക്കി സൌജന്യമായി മറ്റുള്ളവര്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ ആയിരത്തോളം തെങ്ങിന്‍ തൈകള്‍ സൌജന്യമായി മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്.
                          തെങ്ങിന്‍ തൈ നടുമ്പോള്‍ ആഴമുള്ള കുഴിയെടുക്കാതെ തറ നിരപ്പില്‍ തൈനടുന്നു. വര്‍ഷകാലത്ത് കാറ്റടിച്ച് മറിഞ്ഞു പോവാതിരിക്കാന്‍ അടുത്തുള്ള മരത്തിലോ മറ്റു വസ്തുക്കളിലോ കെട്ടും. കുഴിയെടുക്കാതെ തൈ നടുന്നതിന് ഇവര്‍ക്ക്  കാരണങ്ങള്‍ ഉണ്ട്. കുഴികളില്‍ നടുമ്പോള്‍ തൈ ചീഞ്ഞു പോകുന്നതിനു സാധ്യത കൂടുതലും അതോടൊപ്പം വളര്‍ച്ചയ്ക്കു കുറവും സംഭവിക്കുന്നു
തെങ്ങിന്‍ തൈ കെട്ടി നിര്‍ത്തിയിരിക്കുന്നു
കുരുമുളക് ക്യഷി
                          മലയോരമേഖലയിലെ ജനങ്ങള്‍ നല്ല കുരുമുളക് ഇനമായി അംഗീകരിച്ച കരിമുണ്ടയാണ് ഇവിടെ കൂടുതലും ക്യഷി ചെയ്തിരിക്കുന്നത്.എങ്കിലും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നും പുതിയ ഇനം കുരുമുളകുകള്‍ വാങ്ങി ക്യഷി ചെയ്യാറുണ്ട്. മുരിങ്ങയാണ് ഇവിടെ താങ്ങുകാലുകളായി ഉപയോഗിച്ചിരിക്കുന്നത്. മുരിങ്ങ കമ്പ് നട്ട് അതിനടുത്ത കൊല്ലം കുരുമുളക് വള്ളി കയറ്റി വിടുന്നു. കുരുമുളക് വള്ളിയുടെ വളര്‍ച്ച നിയന്ത്രിച്ച് അധീകം ഉയരത്തിലല്ലാതെ കൈകൊണ്ടു വിളവെടുപ്പു നടത്താവുന്ന തരത്തിലാണ് ക്യഷി. മുരിങ്ങയുടെ ഉയരം ക്രമികരിക്കുന്നതിനും കൂടാതെ കൂടുതല്‍ താങ്ങു കാലുകള്‍ക്കുമായി വളര്‍ന്ന് നിശ്ചിത ഉയരത്തിലെത്തുമ്പോള്‍ മുകളിലെ ചെറിയ കമ്പുകള്‍ മുറിച്ചു മാറ്റുന്നു. അതിനായി കുംഭ മാസത്തില്‍ കമ്പ് മുറിച്ച് പതിനഞ്ചു ദിവസത്തേക്ക് തണലില്‍ ചാരി വെയ്ക്കുന്നു തുടര്‍ന്ന് നടുന്നു. മുരിങ്ങ മുറിക്കുന്നതു കൊണ്ടുള്ള ഗുണം തടിയുടെ വണ്ണം കൂടുമെന്നതാണ്. കൂടാതെ പറമ്പ് നിറച്ച് വെയ്ക്കാനുള്ള കാല്‍ കിട്ടുമെന്നതും.
മലബാര്‍ എക്സല്‍ കുരുമുളക് ചെടി
                                    നിലവിലുള്ള കൊടിയില്‍ നിന്ന് കുരുമുളക് വള്ളി നടുന്നതിന് തെരെഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഏറ്റവും പുതിയ വള്ളി നടും, തിരുവാതിര ഞാറ്റുവേലയുടെ സമയം തെരഞ്ഞെടുക്കും. അര മീറ്റര്‍ വലിപ്പത്തിലുള്ള വള്ളികള്‍  മൂന്നോ നാലോ മുട്ടുകളെങ്കിലുമുള്ളവ. അടിയിലെ ഇലകള്‍ മുറിച്ചു മാറ്റി ഒരുമുട്ട് മണ്ണിനടിയില്‍ വരത്തക്ക വിധം മണ്ണു മാറ്റി നടുന്നു.
പുതുതായി നട്ട കുരുമുളക് വള്ളികള്‍ മുരിങ്ങയില്‍ കയറ്റി വിട്ടിരിക്കുന്നു
                         'കല്ലിനിടിച്ചാലും റബര്‍ പാലു തരും' എന്നു ഊറ്റം കൊണ്ടിരുന്നപ്പോഴും എല്ലാ കാലങ്ങളിലും കുരുമുളകാണ് കര്‍ഷകനെ രക്ഷിച്ചതെന്നാണ് രാജേഷിന്റെ അഭിപ്രായം. അതു കൊണ്ടു തന്നെ കുരുമുളക് ക്യഷിയെ ഇവര്‍ കൈവിടുന്നില്ല. കുരുമുളക്യഷി കേട് തുടങ്ങിയതിനാല്‍ പത്തുകൊല്ലം മുന്‍പ് നിര്‍ത്തിയതാണ്. ഇനി സമയമായി വീണ്ടും തുടങ്ങാന്‍. അങ്ങിനെ പുതിയ വള്ളികള്‍ പിടിപ്പിച്ചു തുടങ്ങുകയാണിവിടെ. സൂക്ഷിച്ചു വെക്കാമെന്നുള്ളതും വില കൂടുന്നതിനനുസരിച്ച് വില്‍ക്കാന്‍ കഴിയുമെന്നതും കുരുമുളകിനെ പ്രിയങ്കരിയാക്കുന്നു.
ക്യഷി അസ്സിസ്റ്റന്റ് എന്‍ കെ ഹരികുമാറും സിറിയക് മണിമലതറപ്പിലും
സപ്പോട്ട
                     ക്യഷിയിടത്തില്‍  മാവും പ്ലാവുമൊക്കെയുണ്ടെങ്കിലും നല്ലപോലെ പരിപാലിക്കുന്ന ഒരു ഫലവ്യക്ഷമുണ്ടിവിടെ.  രണ്ടു നില വീടിന്റെയത്രയും ഉയരത്തില്‍ വീട്ടിലേക്ക് കയറി വരുന്ന വഴിയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് സപ്പോട്ട മരം. തുരിശടിച്ചും വളമായി ചാണകവും എല്ലുപൊടിയുമൊക്കെ നല്‍കിയും നല്ലപോലെ പരിപാലിക്കുന്നു. ചുവട്ടില്‍ നിന്ന് മുട്ടയെടുക്കുന്ന പോലെ പഴങ്ങള്‍ പെറുക്കിയെടുക്കാവുന്ന തരത്തില്‍ വീണു കിടക്കും. മുന്‍പ് കടകളില്‍ കൊടുക്കുമായിരുന്നെങ്കിലും ഇപ്പോള്‍ സ്വന്തം ആവശ്യത്തിനും പിന്നെ അയല്‍ക്കാര്‍ക്കും നല്‍ന്നു.
സപ്പോട്ട
ഇടവിളകള്‍ 
                               ക്യഷിയിടത്തില്‍ ഒരു ഭാഗം പോലും വെറുതെ കിടക്കാന്‍ അനുവദിക്കുന്നില്ല. കിഴങ്ങു വര്‍ഗ്ഗ വിളകളായ ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ മുതലായവ ഇടവിളയായി ചെയ്ത് ക്യഷിയിടം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നു. ക്യഷിഭവനില്‍ നിന്നും 'നിറവ്' പദ്ധതി പ്രകാരം ലഭിച്ച ചേന, ചേമ്പ്, കാച്ചില്‍ വിത്തുകളുപയോഗിച്ചും സ്വന്തമായുള്ളതും ഉപയോഗിച്ചാണ് ഇവിടെ ക്യഷി. കയ്യാലയുടെ വശങ്ങളില്‍ വാഴക്ക്യഷിയും ഉള്ളില്‍ ഇഞ്ചി മഞ്ഞള്‍ തുടങ്ങിയവയുടെ ക്യഷിയും എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
ഇടവിളക്ക്യഷി
കുറിയ ഇനം കവുങ്ങുകള്‍  
                             മംഗള കവുങ്ങുകള്‍ ക്യഷി ചെയ്തിരുന്ന കാലം. അന്ന് ഒരു പറമ്പില്‍ നിന്നുള്ള അടയ്ക്ക മലഞ്ചരക്ക് കടയില്‍ കൊടുത്തു കഴിഞ്ഞാല്‍ പിന്നെ വേറെയാര്‍ക്കും കൊടുക്കാന്‍ കഴിയാത്തത്ര വിളവ് ലഭിച്ചിരുന്നു. അന്ന് ഒരു കുലയുടെ വലിപ്പം തന്നെ വളരെ വലുത്. ഇന്ന് കമുകിന് മഞ്ഞളിപ്പു ബാധിച്ച് വിളവ്കുറഞ്ഞു. അതുകൊണ്ട് വേഗം കായ്ക്കുന്നതും ഉയരം കുറഞ്ഞതുമായ കമുക് ഇനങ്ങള്‍ തേടി കര്‍ഷകര്‍ നടന്നു. ഇവിടെ രാജേഷും അവരില്‍ നിന്ന് വ്യത്യസ്ഥനായില്ല മംഗലാപുരത്തുള്ള അടയക്കാത്തോട്ടത്തില്‍ നിന്നുള്ള അടയ്ക്ക വില കൊടുത്തു വാങ്ങി ഇവിടെ തൈകളാക്കി ഏകദേശം ഇരുന്നൂറെണ്ണം പരീക്ഷണാടിസ്ഥാനത്തില്‍ ക്യഷിയിടത്തില്‍ നട്ടിട്ടുണ്ട്.
നടാന്‍ തയ്യാറായി നില്‍ക്കുന്ന കുറിയ ഇനം കവുങ്ങിന്‍ തൈകള്‍

കാപ്പിക്ക്യഷി
                       പന്ത്രണ്ടു വര്‍ഷമായി കാപ്പിക്ക്യഷി തുടങ്ങിയിട്ട്. കേരളത്തിലെ പ്രധാന കാപ്പി ഇനമായ സി x ആര്‍ ആണ് ഇവിടെ ക്യഷി ചെയ്തിരിക്കുന്നത്. ഉയരം കുറവ് വലിപ്പമുള്ള കായ്കള്‍ എന്നി പ്രത്യേകതകള്‍ മൂലമാണ് ഈ ഇനം ഇവിടെ ക്യഷി ചെയ്യുന്നത്. മുന്നൂറോളം കാപ്പിയാണ് ക്യഷി ചെയ്തിരിക്കുന്നത് .വിളവെടുപ്പിനു ശേഷം വിളവെടുത്ത കമ്പുകള്‍ കാപ്പി പൂക്കുന്നതിനു മുന്‍പ് കവാത്തിന് വിധേയമാക്കി വിളവ് വര്‍ദ്ധനയ്ക്കുള്ള ഉപായം സ്വീകരിക്കുന്നുണ്ടിവിടെ.
സി X ആര്‍ ഇനത്തില്‍പ്പെട്ട കാപ്പി
ജലസേചനം             
         ക്യഷിയിടത്തിനു പുറകിലൂടെ തമ്പുരാന്‍കൊല്ലിയില്‍ നിന്നും ഉല്‍ഭവിക്കുന്ന പൊയിലങ്ങാപ്പുഴ ഒഴുകുമ്പോള്‍ ഈ ക്യഷിയിടത്തിന് വെള്ളത്തിന് യാതൊരു ക്ഷാമവുമില്ല ഒപ്പം എല്ലായിടത്തും നനയെത്താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്യഷിഭവന്റെ സഹായത്തോടെ സ്ഥാപിച്ച ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ സ് പ്രിംഗ്ളര്‍ സംവിധാനവും

അറിവുകള്‍
                        കാടു വെട്ട് യന്ത്രം ഉപയോഗിച്ച് ക്യഷിയിടത്തിലെ കാടു വെട്ടിയപ്പോള്‍ വര്‍ദ്ധിത വീര്യത്തോടെ കാട് പിന്നേയും വളര്‍ന്നു. കൂടെ ഉപകാര പ്രദമായ ചെറിയ സസ്യങ്ങളും മരങ്ങളുടെ തൈകളും നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോള്‍ കൈ കൊണ്ട് പറിക്കുന്ന പഴയ രീതിയിലേക്ക് തിരിച്ചു പോകുന്നു. അതിനാല്‍ കാട് കേറുന്നതിന് വളരെ താമസം. ഇത്രയും കാലത്തെ ക്യഷിയില്‍ നിന്ന് മനസ്സിലാക്കിയ മറ്റൊരു കാര്യം ക്യഷിയുടെ ചെലവുകള്‍ എഴുതി വെയ്ക്കുകയാണെങ്കില്‍ ക്യഷി നഷ്ട്മാണെന്നു പറയില്ല എന്നത്. ചെലവുകള്‍ വരുമാനത്തിന്റെ നാലിലൊന്നേ വരൂ.        
നേട്ടങ്ങള്‍
                  വിളകള്‍ നശിക്കുമ്പോള്‍ അതിനെക്കുറിച്ച് പരിതപിക്കാതെ വീണ്ടും വീണ്ടും ക്യഷി ചെയ്യുന്നു. കര്‍ഷകന്റെ കടമ ക്യഷിചെയ്യുകയാണെന്നും നഷ്ടപ്പെട്ടതിനെക്കുറിച്ച് വിഷമിക്കാതെ എല്ലാം നല്ലതിനാകുമെന്ന ശുഭാപ്തി വിശ്വാസം ദൈവ വിശ്വാസത്തിനൊപ്പം തന്നെ  ഈ കുടുംബം വച്ചു പുലര്‍ത്തുന്നു.  കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ എന്ന അവാര്‍ഡ് സിറിയക്കിനെത്തേടിയെത്തിയത് യാദ്യശ്ചികമല്ല. കനത്ത മഴയെപ്പോലും അവഗണിച്ച് ക്യഷിയിടത്തില്‍ പ്രവര്‍ത്തന നിരതനാവുന്ന കര്‍ഷകനാണ് ഇദ്ദേഹം. മകനായ രാജേഷിനും ഇതേ അവാര്‍ഡ് നേടാനായത് ഈ കുടുംബത്തിന് കിട്ടിയ അംഗീകാരമാണ്.
ക്യഷിഭവനുമായുള്ള ബന്ധം  
 ക്യഷിയിലെ മണിമലത്തറപ്പേല്‍ കുടുംബത്തിന്റെ ആത്മാര്‍ത്ഥതയും നേടിയ വിജയവും കാലാകാലങ്ങളിലില്‍ ക്യഷിഭവനില്‍ക്കൂടി കടന്നു പോയ ഓരോ ഉദ്യോഗസ്ഥരും മനസ്സിലാക്കിയിട്ടുണ്ട്. അതോടൊപ്പം ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സംശയ നിവാരണത്തിനും ക്യഷിഭവന്‍ സഹായിക്കുന്നു. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികള്‍, ക്യഷിവകുപ്പ് പദ്ധതികള്‍ തുടങ്ങിയവയിലൂടെ ഈ ക്യഷിയിടത്തിലെ ക്യഷികള്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കി വരുന്നു.
കുടുംബം
                   സിറിയക് ഭാര്യ എലിയാമ്മ മൂത്ത മകന്‍ രാജേഷ് ഭാര്യ മഞ്ജു മക്കള്‍ മെറിന്‍, മെര്‍ലിന്‍ രണ്ടാമത്തെ മകന്‍  റിജോ ഭാര്യ നിത, മൂന്നാമത്തെ മകന്‍ റോണി ഭാര്യ ഇമ എന്നിവര്‍ അടങ്ങുന്ന ഈ സന്തുഷ്ട കുടുംബം ക്യഷി കാര്യങ്ങളില്‍ ഒത്തൊരുമയോടെ പോകുന്നു

രാജേഷ് മണിമലത്തറപ്പില്‍ ഫോണ്‍ നം : 9744021044

തയാറാക്കിയത് : മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ്