ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

25 Feb 2019

പയറുക്യഷിയില്‍ ഒരു വിദ്യാര്‍ഥിമാത്യക

               
                                   പുതു തലമുറ ക്യഷിയില്‍ താല്പര്യം കാണിക്കുന്നില്ല എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി കൂടരഞ്ഞി മാങ്കയത്ത് നിന്നും ഒരു കോളേജ് വിദ്യാര്‍ഥി. കൊടപ്പള്ളില്‍ റെജിയുടെയും ലെനിയുടേയും മകനും തിരുവമ്പാടി അല്‍ഫോന്‍സാ കോളേജ് വിദ്യാര്‍ഥിയുമായ അബിനാണ് അരയേക്കറിനടുത്ത് പയര്‍ക്യഷി ചെയ്തു കൊണ്ട് മാത്യകയാവുന്നത്.
                   നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്യഷിയില്‍ താല്പര്യം കാണിച്ചു തുടങ്ങിയിരുന്ന അബിന്‍ അന്ന് ഒരു വാഴ തനിയെ നട്ട് പരിപാലിച്ച് തന്റെ ക്യഷി താല്പര്യം വെളിവാക്കിയതാണ്. അന്നു മുതല്‍ ഒരു വാഴയെങ്കിലും ഓരോ വര്‍ഷവും ക്യഷി ചെയ്യുന്നതിന് പരിശ്രമിച്ചിട്ടുണ്ട്. നന്നായി പരിപാലിച്ച് പതിനെട്ടു കിലോ വരെ ഏത്ത വാഴക്ക്യഷിയില്‍ വിളവ്  ലഭിച്ചിട്ടുണ്ടെന്ന് ഈ വിദ്യാര്‍ഥി പറയുന്നു.


                    കക്കാടം പൊയിലില്‍ നിന്ന് മാങ്കയത്തേക്ക് വന്നിട്ട് ഏഴു വര്‍ഷമായി. ഇവിടെ എത്തിയതിനു ശേഷം വാഴക്ക്യഷി ചെയ്തിരുന്നെങ്കിലും പച്ചക്കറിക്ക്യഷിയിലേക്ക് തിരിഞ്ഞത് ഇപ്പോഴാണ്. പച്ചക്കറിക്ക്യഷിയില്‍ ഏറ്റവും ലാഭകരം പയറാണെന്ന് മനസ്സിലായതിനാല്‍ പയര്‍ ക്യഷിചെയ്യാന്‍ തീരുമാനിച്ചു. മാതാപിതാക്കളുടെ സഹായത്തോടെ പയര്‍ ക്യഷി ചെയ്യാന്‍ പാട്ടത്തിനു സ്ഥലമെടുത്തു. തൈകള്‍ നട്ടും വിത്ത് മുളപ്പിച്ചുമാണ് ക്യഷി തുടങ്ങിയത്. തൈകള്‍ ആയിരം എണ്ണം കൂടരഞ്ഞി പച്ചക്കറിത്തൈ ഉല്പ്പാദന കേന്ദ്രത്തില്‍ നിന്ന് വാങ്ങി. ബാക്കി ആവശ്യം വന്നതിന് വിത്തുകള്‍ ഒരു ദിവസം മുളപ്പിച്ച് നട്ടു. അഞ്ഞൂറ് തടങ്ങള്‍ ഉണ്ടാക്കിയായിരുന്നു ക്യഷി. തടങ്ങളില്‍ ചാണകപ്പൊടി ഇട്ടും മണ്ണിരക്കമ്പോസ്റ്റ് സ്ലറിയും ചാണകസ്ലറിയും തടങ്ങളില്‍ ഇടവേളകളില്‍ പ്രയോഗിച്ചും വളര്‍ത്തിയ പയര്‍ വിളവെടുത്തു തുടങ്ങിയപ്പോള്‍ രണ്ടാഴ്ചയോളം എല്ലാ ദിവസവും വിളവെടുത്തു. ഇത് വരെ ഒരു ക്വിന്റലോളം വിളവെടുത്തു കഴിഞ്ഞു. 
                             കോളേജ്    വിട്ടു വന്നാലുടന്‍ ക്യഷിയിടത്തിലെക്കിറങ്ങുന്ന അബിന്‍ വൈകുന്നേരങ്ങളിലാണ് കൂടുതല്‍ സമയം ക്യഷിയിടത്തില്‍ ചെലവഴിക്കുന്നത്. വിളവെടുത്ത പയര്‍ വഴിയരികില്‍ ത്തന്നെ വിറ്റു ക്യഷിയിടം കൂടരഞ്ഞി-  മരഞ്ചാട്ടി റോഡിനു സമീപമായതിനാല്‍ ധാരാളം ആള്‍ക്കാര്‍ പയറിനു ആവശ്യക്കാരായി. കൂടാതെ വാഹനത്തില്‍ പോകുന്നവരെ കൈകാട്ടി നിര്‍ത്തിച്ച് പയര്‍ വില്പന നടത്തുന്നു. 
                             വിലകൂടി നിന്ന അവസരത്തില്‍ അന്‍പത് രൂപയ്ക്കും ഇപ്പോള്‍ നാല്പത് രൂപയ്ക്കുമാണ് വില്പ്പന. സങ്കരയിനം വിത്തുകളാണ് ഈ ക്യഷിക്ക് ഉപയോഗിച്ചിട്ടുള്ളെന്നതിനാല്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന സബ് സീഡി അനുവദിച്ചിട്ടുണ്ട്. ഇനിയും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ക്യഷി തുടരണമെന്ന ആഗ്രഹമാണ്  ഈ വിദ്യാര്‍ത്ഥി കര്‍ഷകനുള്ളത്.
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ് കൂടരഞ്ഞി