ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

11 Feb 2015

വര്‍ഗീസ് ചേട്ടന്‍ അടുക്കളത്തോട്ടത്തിലാണ്

                         
                   വര്‍ഗീസ് ചേട്ടന്റെ സ്നേഹത്തോടെയുള്ള വിളി രണ്ടു മൂന്നു പ്രാവശ്യം വന്നു എന്നാ വരുന്നത്? രണ്ടു ദിവസം ഞാനിവിടെ ഉണ്ടാവില്ല  ഇനി ബുധനാഴ്ചയേ ഉണ്ടാവൂ എന്നൊക്കെ. ഓഫീസിലെ തിരക്കു കാരണം എന്നാണ് അവിടേക്ക് പോകാന്‍ കഴിയുക എന്നെനിക്ക് ക്യത്യമായി പറയാന്‍ കഴിഞ്ഞുമില്ല. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല വര്‍ഗീസ് ചേട്ടന്‍ ക്ഷണിക്കുന്നത് അദ്ദേഹത്തിന്റെ അടുക്കളത്തോട്ടം സന്ദര്‍ശിക്കാനാണ്.
ഏതായാലും ഇന്നലെ കേരഫെഡ് അക്കൌണ്ടന്‍റ് അരുണിനേയും കൂട്ടി ഫീല്‍ഡ് സന്ദര്‍ശനത്തിനു പുറപ്പെട്ടപ്പോള്‍ മറന്നില്ല വര്‍ഗീസു ചേട്ടനെ. മഞ്ഞപ്പൊയിലിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറിയപ്പോള്‍ മുന്‍ കൂട്ടി വിളിച്ചു പറഞ്ഞില്ലല്ലോ എന്ന കാര്യം ഓര്‍ത്തു. സംശയിച്ചാണ് കയറിയത് ഭാഗ്യത്തിന് അദ്ദേഹം വീട്ടിലുണ്ട്. പനി പിടിച്ച് കിടപ്പിലായിരുന്ന അദ്ദേഹം ഞങ്ങളെ കണ്ടപ്പോള്‍  ഒരു യാത്ര പോയതിന്റെ ബാക്കിയാണിതെന്നു പറഞ്ഞ് എണീറ്റു വന്നു. പഴയകാല കര്‍ഷകനായ വര്‍ഗീസ് ചേട്ടന്‍ എല്ലാകൊല്ലവും വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ക്യഷി ചെയ്യാറുണ്ട്. ഈ പ്രാവശ്യം ക്യഷിഭവനില്‍ നിന്നുമുള്ള വിത്തുകളും തൈകളും മാത്രം ഉപയോഗിച്ചാണ് ക്യഷി, കൂടെ അദ്ദേഹം എന്നോട് പറഞ്ഞു എല്ലാ വിത്തുകളും മുളച്ചു നല്ല വിത്തായിരുന്നു എന്നൊക്കെ. ക്യഷി ഉദ്യോഗസ്ഥനെന്ന നിലയില്‍ വിത്തുകള്‍ മുളച്ചില്ല, മോശം വിത്തുകളാണ് കിട്ടിയത് എന്നൊക്കെ സ്ഥിരം കേള്‍ക്കാറുണ്ട് അതില്‍ നിന്നുമൊക്കെ വ്യത്യസ്തമായി തനിക്കു കിട്ടിയതെല്ലാം നല്ല വിത്തുകളാണെന്ന് ഒരു കര്‍ഷകന്‍ പറയുമ്പോള്‍ പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും സത്യസന്ധമായി പറയുകയാണെങ്കില്‍ ഉള്ളില്‍ ഒരു സന്തോഷം തോന്നി. തക്കാളിയൊക്കെ നല്ല തുടുത്ത് നില്‍ക്കുന്നു ഒരു നിരയില്‍ തക്കാളി മാത്രം അടുത്ത നിരയില്‍ കാബേജ് പിന്നെ മുളക്. മുറ്റത്തിന്റെ ഒരു വശത്ത് പടവലം മറു വശത്ത് പാവല്‍, പയര്‍, വഴുതന എന്നിങ്ങനെ വെയിലുകിട്ടുന്ന സ്ഥലത്തെല്ലാം ക്യഷിയുണ്ട്. അദ്ദേഹത്തോട് ക്യഷി കാര്യം സംസാരിച്ച് സമയം കുറെയായി. ഇനിയും വരാം എന്നു പറഞ്ഞും ശനിയാഴ്ച നടക്കുന്ന പരിശീലന പരിപാടിക്ക് ക്ഷണിച്ചു കൊണ്ടും ഞങ്ങള്‍ അവിടെ നിന്നും അടുത്ത ക്യഷിയിടത്തിലേക്ക് നീങ്ങി.


  
മിഷേല്‍ ജോര്‍ജ് 
ക്യഷി അസ്സിസ്റ്റന്റ് , ക്യഷിഭവന്‍ കൂടരഞ്ഞി