ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

9 May 2015

അകമ്പുഴയിലെ യഥാര്‍ത്ഥ കര്‍ഷകന്‍

                                       

        ചക്കാലപ്പറമ്പില്‍ ഷെരീഫ് എന്ന കര്‍ഷകനെ പരിചയപ്പെട്ടാല്‍ ഒരു യഥാര്‍ത്ഥ കര്‍ഷകന്റെ മനസ്സു വായിക്കാം. യാതൊരു നാട്യങ്ങളുമില്ലാത്ത സാധാരണ മനുഷ്യന്‍  ക്യഷിയെ സ്നേഹിക്കുന്ന ക്യഷിയെ നെഞ്ചോടു ചേര്‍ത്ത് ജീവിതമാക്കുന്ന ക്യഷിയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകന്‍. പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴക്ക്യഷി ചെയ്യുന്ന ഷെരീഫ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി വാഴക്ക്യഷിയില്‍ വ്യാപ്യതനാണ്. കക്കാടംപൊയിലിലെ അകമ്പുഴയിലുള്ള അദ്ദേഹത്തിന്റെ ക്യഷിയിടത്തിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്. ഉള്‍പ്രദേശമായതിനാല്‍ വാഹന സൌകര്യം നന്നേ കുറവാണ്. ബൈക്കിനു വന്നാല്‍ത്തന്നെ ടാറു ചെയ്യാത്ത ഭാഗമുണ്ട് നടന്നു തന്നെ പോകേണ്ടി വരും. കൂടരഞ്ഞി -കൂമ്പാറ-കക്കാടംപൊയില്‍ റൂട്ടില്‍  താഴെകക്കാട് നിന്നും ഇടത്തേക്കുള്ള വഴിയാണ് അകമ്പുഴക്കുള്ളത്. ഇവിടെ നിന്നും മൂന്നു കിലോമീറ്ററിനു മേലെ യാത്ര ചെയ്താലെ ഈക്യഷിയിടത്തില്‍ എത്താന്‍ കഴിയൂ. ദിവസവും എട്ടു കിലോമിറ്റര്‍ അകലെയുള്ള കൂമ്പാറയിലെ താമസ സ്ഥലത്ത്  നിന്നും  ഈ ക്യഷിയിടത്തിലെത്തി കാര്‍ഷിക വ്യത്തിയിലേര്‍പ്പെടുന്ന ഷെരീഫ് പ്രധാന വരുമാന മാര്‍ഗ്ഗമായി വാഴക്ക്യഷിയെ കാണുന്നു.

 വാഴക്ക്യഷിക്കാരന്‍
നിലവില്‍ നാല് ഏക്കറോളം സ്ഥലം ആണ് പാട്ടത്തിനെടുത്തിരിക്കുന്നത് ചെരിവുള്ള ക്യഷിയിടമായതിനാല്‍ ആയിരത്തഞ്ഞൂറിനുമേല്‍ വാഴയാണ് ഇവിടെ ക്യഷി ചെയ്തിരിക്കുന്നത്. ശരാശരി പതിനാലു കിലോയോളം വരുന്ന വാഴക്കുലകളാണ് ഈക്യഷിയിടത്തില്‍ നിന്നും സാധാരണ ലഭിക്കാറുള്ളത്. ഈക്കൊല്ലം പതിവിലും വ്യത്യസ്ഥമായി നേന്ത്രന്‍ ഇനത്തിലുള്ള ടിഷ്യൂ കള്‍ച്ചറിന്റെ അഞ്ഞൂറു വാഴത്തൈകള്‍ ഇവിടെ ക്യഷി ചെയ്യുന്നുണ്ട്.

പാട്ടത്തിനെടുത്ത സ്ഥലത്ത് സമ്മിശ്രക്ക്യഷി
                                     പാട്ടത്തിനെടുത്ത അകമ്പുഴയിലെ ഈ ക്യഷിയിടത്തില്‍ സാധാരണ വാഴക്കര്‍ഷകരെപ്പോലെ ഒരു വിള  മാത്രം ക്യഷി ചെയ്യുന്ന പതിവ് ഇവിടെ കാണാന്‍ സാധിക്കില്ല. ഇവിടെ വാഴക്ക് ഇടവിളയായി പയറും മുളകും ക്യഷി ചെയ്തു വരുന്നു. കൂടാതെ പാവല്‍, കോവല്‍, പടവലം, തക്കാളി, വെണ്ട, വഴുതന, ചുവന്ന ചീര, മത്തന്‍ എന്നിവയും ക്യഷിയിടത്തിന്റെ പല ഭാഗങ്ങളിലായി ചെയ്യുന്നു. കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും ലഭിച്ച പച്ചക്കറിത്തൈകളും വിത്തുകളും കൂടാതെ മാര്‍ക്കറ്റില്‍ നിന്നുമുള്ള പച്ചക്കറിവിത്തുകളുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ പച്ചക്കറികള്‍ക്കൊന്നും തന്നെ കാര്യമായ രോഗ കീടബാധയില്ല കൂടാതെ മികച്ച വിളവും ലഭിക്കുന്നുണ്ടെന്ന് നിറഞ്ഞു വളരുന്ന തക്കാളിച്ചെടികള്‍ കാണിച്ചുകൊണ്ട് ഷെരീഫ് പറഞ്ഞു. പച്ചക്കറിക്ക്യഷില്‍ നിന്നുമുള്ള നേട്ടം വാഴക്ക്യഷിക്കിടക്കു ലഭിക്കുന്ന അധികവരുമാനമായി ഷെരീഫ് കണക്കാക്കുന്നു. അങ്ങനെ വാഴക്ക്യഷിക്കിടക്കുള്ള സ്ഥലം പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിനും ഒരു തരി സ്ഥലം പോലും തരിശിടാതെ ക്യഷി ചെയ്യുന്നതിനും സാധിക്കുന്നു.

ക്യഷിരീതികള്‍ 
         രാവിലെ എട്ടു മണിക്ക് ഭാര്യയോടൊപ്പം ക്യഷിയിടത്തിലെത്തുന്ന ഷെരീഫ് അഞ്ചു മണിവരെ ഇവിടെ അദ്ധ്വാനിക്കുന്നു.  കന്നുനടാനുള്ള കുഴികളില്‍ ഉണങ്ങിയ കരിയിലകളിട്ട് കത്തിച്ചതിനു ശേഷമാണ് കന്നുകള്‍ നടുന്നത്. കോഴി വളവും രാസവളവുമുപയോഗിച്ചാണ് വാഴക്ക്യഷി. പച്ചക്കറിക്ക് കോഴി വളം മാത്രം. പച്ചക്കറിക്ക് കോഴിവളം ഉപയോഗിച്ചാല്‍ നല്ല വിളവാണ് ലഭിക്കുന്നതെന്ന് തഴച്ച് വളരുന്ന പച്ചക്കറികള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. ക്യഷിയിടത്തിന്റെ എല്ലായിടവും ഉപയോഗപ്പെടുത്തിയാണിവിടെ ക്യഷി ചെയ്തിരിക്കുന്നത്. മോട്ടോര്‍ ഉപയോഗിച്ചും തോട്ടില്‍ നിന്ന് ഹോസിലൂടെയും ക്യഷിയിടത്തിലേക്ക് ജലമെത്തിക്കുന്നു. കൂടെ സ് പ്രിംഗ്ളര്‍ സംവിധാനമുപയോഗിച്ചും വാഴക്കും പച്ചക്കറികള്‍ക്കും യഥേഷ്ടം ജലം നല്‍കുന്നു. ഒപ്പം സില്‍പോളിന്‍ ഷീറ്റുപയോഗിച്ചുള്ള ചെറിയ ജല സംഭരണിയും ഇവിടെ ജലസേചനത്തിനുപയോഗിക്കുന്നു.
ടിഷ്യൂ കള്‍ച്ചര്‍ നേന്ത്ര വാഴക്ക്യഷിക്കായി ഒരുക്കിയ ക്യഷിയിടം

വിപണനം 
                    വാഴക്കുലകള്‍ പൂര്‍ണമായും കൂമ്പാറയിലെ അങ്ങാടിയില്‍ തന്നെയുള്ള കച്ചവടക്കാര്‍ക്കാണ് വില്‍ക്കുന്നത്. പച്ചക്കറികള്‍ കൂടരഞ്ഞിയിലെ അങ്ങാടിയിലും കൂടി വിറ്റ് വരുമാനമുറപ്പിക്കുന്നു.

പാട്ടക്ക്യഷി
ഇരുപതു വര്‍ഷത്തോളമായി വാഴക്ക്യഷി തുടങ്ങിയിട്ട്. ആദ്യം കൂമ്പാറക്കടുത്ത് പുന്നക്കടവിലും പിന്നിട് പാമ്പിന്‍ കാവിലും വാഴക്ക്യഷി. അകമ്പുഴയില്‍ ക്യഷി തുടങ്ങിയിട്ട് ഇത് അഞ്ചാമത്തെ വര്‍ഷം. 
കുടുംബം 
                  ക്യഷിയില്‍ ഷെരീഫിന് ഭാര്യ റസിയ കൂട്ടായി ഒപ്പമുണ്ട്. രണ്ടു പേരും ഒന്നിച്ചാണ് താമസസ്ഥലത്തുനിന്നും ക്യഷിടത്തിലേക്ക് യാത്രയാവുന്നത്. ക്യഷിയിടത്തില്‍ ഭര്‍ത്താവുമൊന്നിച്ച് ക്യഷിപ്പണിയിലേര്‍പ്പെടുന്ന റസിയയക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കര്‍ഷകക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ളത് ഈ കുടുംബത്തിന് ലഭിച്ച അംഗീകാരമായി ഇവര്‍ കാണുന്നു. രണ്ടു പെണ്‍ മക്കള്‍ . രണ്ടു പേരേയും വിവാഹം കഴിപ്പിച്ചയച്ചു. വാഴക്ക്യഷിയില്‍ നിന്നുമുള്ള വരുമാനമുപയോഗിച്ചാണ് അവരുടെ വിവാഹം നടത്തിയത് എന്ന് അഭിമാനത്തോടെ പറയുന്ന ഷെരീഫ്,  ഇനികുറച്ചു കടം കൂടിയാണ് വീട്ടാനുള്ളതെന്നും ഇത്രയും കാലം തന്നെ ക്യഷി ചതിച്ചിട്ടില്ലെന്നും ഇതിലൂടെ ബാക്കി കടങ്ങള്‍ വീട്ടാന്‍ കഴിയുമെന്നും ഉറച്ച് വിശ്വസിക്കുന്നു.
കൂടരഞ്ഞി ക്യഷിഭവനും ഷെരീഫും 
               മികച്ച കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് എന്നും മുന്‍കൈയ്യെടുക്കുന്ന കൂടരഞ്ഞി ക്യഷിഭവന്‍ ഈ വര്‍ഷം' ആത്മ' പദ്ധതിയില്‍ ഇദ്ദേഹത്തിന്റെ ക്യഷിയിടം പ്രദര്‍ശനത്തോട്ടമായി തെരെഞ്ഞെടുത്തിട്ടുണ്ട് വാഴക്ക്യഷിയില്‍ ഇടവിളയായി സങ്കര ഇനം പയര്‍ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്യഷിയിടം പ്രദര്‍ശനത്തോട്ടത്തിനായി തെരെഞ്ഞെടുക്കപ്പെട്ടത്.
അതു കൂടാതെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികള്‍  സമഗ്ര പച്ചക്കറി വികസന പദ്ധതി എന്നിവയിലൂടെ ഇദ്ദേഹത്തിന്റെ ക്യഷിക്ക് മികച്ച പിന്തുണ കൂടരഞ്ഞി ക്യഷിഭവന്‍ നല്‍കി വരുന്നു.

അകമ്പുഴയിലെ ക്യഷിയിടത്തിലേക്കുള്ള യാത്രയില്‍ ലേഖകന്‍

മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്