ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

13 May 2015

ബാബു പുളിമൂട്ടിലിന്റെ അടുക്കളത്തോട്ടം

                             ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരനെ  കാണാന്‍ ഇന്ന് ബുദ്ധിമുട്ടാണ്. കൂമ്പാറ ആനയോട്ടിലെ ബാബു പുളിമൂട്ടിലിന്റെ ഭവനത്തിലേക്ക് കടന്നു ചെന്നാല്‍ കാര്‍ഷിക വ്യത്തിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കുന്ന ഒരു സാധാരണ കര്‍ഷക കുടുംബത്തെ ദര്‍ശിക്കാനാവും. ആനയോട്ടിലെ ദുര്‍ഘടമായ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ക്യഷിയിടം. മലഞ്ചെരുവിലെ ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ തെങ്ങ്, കമുക്, റബര്‍, കുരുമുളക്, വാഴ, കൊക്കോ, കാപ്പി, പച്ചക്കറികള്‍  തുടങ്ങിയ വിളകള്‍ വളരുന്നു.

                              അദ്ദേഹത്തിന്റെ പച്ചക്കറിക്ക്യഷി കാണുന്നതിനും മനസിലാക്കുന്നതിനുമായി ഫോണില്‍ വിളിച്ച് ക്ഷണിച്ചിരുന്നെങ്കിലും വരാമെന്നേറ്റ ദിവസം പോകാന്‍ കഴിഞ്ഞില്ല. ക്യഷിഭവനുകളിലെ മറ്റു തിരക്കുകള്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചത് . ക്ലെറിക്കല്‍ ജോലികള്‍ക്ക് പ്രത്യേകം ഉദ്യോഗസ്ഥന്‍മാര്‍ ക്യഷിഭവനുകളില്‍ ഇല്ലാത്തതിനാല്‍ അത്തരം ജോലികള്‍ക്കും ക്യഷിഭവനില്‍ കര്‍ഷകര്‍ എത്തുമ്പോല്‍ അവരെ പരിഗണിക്കേണ്ടതിനും മറ്റു കാര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടതിനും ഏറ്റവും കുറഞ്ഞത് ഒരാള്‍ വേണം. രണ്ടും മൂന്നും ക്യഷി അസ്സിസ്റ്റന്റുമാരുള്ള ക്യഷിഭവനുകളില്‍ അവിചാരിതമായ കാരണങ്ങളാല്‍ ക്യഷിയിട സന്ദര്‍ശനം വിചാരിച്ചതു പോലെ നടത്താന്‍ കഴിയാറില്ല എന്നത് സത്യമായ കാര്യമാണ്. കൂടാതെ വിശാലമായി കിടക്കുന്ന ഏകദേശം 98 ചതുരശ്രകിലോമീറ്റര്‍ വിസ്ത്യതിയുള്ള കൂടരഞ്ഞി പോലെയുള്ള സ്ഥലങ്ങളില്‍ ഭൂരി ഭാഗവും മലമ്പ്രദേശങ്ങളാണ്. അതു കൊണ്ടു തന്നെ അപേക്ഷകളുമായി ബന്ധപ്പെട്ട് പരിശോധനകള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ട് . തുടര്‍ന്നുള്ള ഒരു ദിവസം അദ്ദേഹത്തിന്റെ ക്യഷിയിടം സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ വീട്ടില്‍ ബാബുവുണ്ട്. എന്നേ കണ്ടപ്പോഴേ പറഞ്ഞു സാറു വരുമെന്നു വിചാരിച്ച് പാവലും പയറുമൊന്നും പറിക്കാതെ വെച്ചിരിക്കുവാണെന്ന് . അപ്പോഴാണ് അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചതിന്റെ കാര്യ ഗൌരവം എനിക്ക് പിടി കിട്ടിയത്. ആരേയും ഇങ്ങനെ നോക്കി നില്‍ക്കരുതെന്നും വിളകള്‍ പാകമാകുമ്പോല്‍ അതിന്റെ വിളവെടുപ്പു നടത്തുന്നതില്‍ യാതൊരു അമാന്തവും കാണിക്കേണതില്ലെന്ന കാര്യവും ഞാനവരോടു പറഞ്ഞു. ചില കര്‍ഷകര്‍ അങ്ങിനെയാണ് ക്യഷി ഉദ്യോഗസ്ഥരോട് വളരെയധികം പരിഗണന കാണിക്കുന്നവരാണ്.

                   ക്യഷിയിടത്തിന്റെ ഏറ്റവും താഴ് ന്ന ഭാഗത്താണ് പച്ചക്കറി ക്യഷി ചെയ്യുന്നത്. കാട്ടുപന്നിയുടെ ശല്യമുണ്ടെങ്കിലും തോറ്റുകൊടുക്കാന്‍ തയ്യാറല്ല   ഈ  കര്‍ഷകന്‍. കമ്പി വലിച്ചു കെട്ടിയ വേലിക്കിടയിലാണ് പച്ചക്കറിക്ക്യഷി. അതിനുള്ളില്‍ പയര്‍, പാവല്‍ , വഴുതന, തക്കാളി, മുളക് , മത്തന്‍ തുടങ്ങിയവ ക്യഷി ചെയ്തിരിക്കുന്നു. 25 സെന്റിനോടടുത്ത സ്ഥലത്താണ് ഈ അടുക്കളത്തോട്ടം ക്രമീകരിച്ചിരിക്കുന്നത് സ്വന്തം ആവശ്യത്തിനു വേണ്ടിയാണ് ഈ വിഷരഹിത പച്ചക്കറിക്ക്യഷി. പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ജൈവ പച്ചക്കറികളാണിവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും ലഭിച്ച പാവല്‍, വഴുതന, മത്തന്‍ എന്നിവയുടെ തൈകള്‍  ഇവിടെ ക്യഷിക്കുപയോഗിച്ചിട്ടുണ്ട്. പച്ചക്കറിക്ക്യഷിക്ക് ഭാര്യയും മക്കളും കൂട്ടായി ഒപ്പമുണ്ട്. ഈ ക്യഷിയിടത്തില്‍ ബാബുവിന് പ്രചോദനമായി അവര്‍ക്കാവും വിധത്തില്‍ സഹകരിക്കുന്നു.


         പച്ചക്കറിക്ക്യഷിയിടം സന്ദര്‍ശിക്കാനാണ് വിളിച്ചതെങ്കിലും വീടിനോട് ചേര്‍ന്ന് അവിടവിടെയായി നട്ടിരിക്കുന്ന ഔഷധ ചെടികളോരോന്നിന്റേയും സവിശേഷതകള്‍ വളരെ ഉല്‍സാഹത്തോടെ വിവരിക്കുന്നതിന് ബാബു താല്‍പര്യം കാട്ടി. ഇവിടെ അവയുടെ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് അന്യം നിന്നു പോകുന്ന ഔഷധച്ചെടികള്‍ ഒരോ വീടുകളിലും ഉണ്ടാവാന്‍ കാരണമാകുമെന്ന് അങ്ങനെയുള്ള കാര്യത്തിനു പരിശ്രമിക്കുന്നത് നല്ലതാണെന്നും അവിടെ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ ചൂണ്ടിക്കാട്ടി.

               

മിഷേല്‍ ജോര്‍ജ്,ക്യഷി അസ്സിസ്റ്റന്റ്