ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

20 May 2015

സമ്മിശ്ര ക്യഷിയുമായി ജോബി

                ചെറുപ്പക്കാരായ കര്‍ഷകര്‍ കുറഞ്ഞു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം  കടന്നു പോകുന്നത്. അതിന്റെ പ്രതിഫലനമെന്നോണം ക്യഷിഭവനുകള്‍ ക്യഷി സംബന്ധമായ സെമിനാറുകള്‍ നടത്തുമ്പോള്‍  കൂടുതലും പ്രായം ചെന്ന കര്‍ഷകരാണ് എത്തുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ ചെറുപ്പക്കാരും വെള്ളക്കോളര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനാണ് താല്‍പര്യപ്പെടുന്നത്. ( ഇപ്പോള്‍ ഈ പറഞ്ഞ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു വരുന്നത് നിഷേധിക്കുന്നില്ല) എങ്കിലും കുറച്ച് ചെറുപ്പക്കാര്‍ വളരെ താല്‍പ്പര്യത്തോടെ സെമിനാറുകളിലും ക്ളാസ്സുകളിലും പങ്കെടുക്കാറുണ്ട്. അങ്ങനെയുള്ള ചുരുക്കം ചില യുവ കര്‍ഷകരിലൊരാളാണ് കൂടരഞ്ഞി കല്‍പ്പിനിയിലെ ജോബി പുളിമൂട്ടില്‍. ജോബിയെ പരിചയപ്പെടാനായത് കഴിഞ്ഞ വര്‍ഷം 'സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍' അദ്ദേഹം തന്റെ ക്യഷിയിടത്തില്‍ ഒരുക്കിയ പയറു ക്യഷിയുമായി ബന്ധപ്പെട്ടാണ്. തുടര്‍ന്ന് ക്യഷിഭവനുമായി തുടര്‍ന്ന ബന്ധം അദ്ദേഹത്തിന്റെ ക്യഷിയിടം സന്ദര്‍ശിക്കുന്നതിനും ക്യഷി രീതികള്‍ മനസ്സിലാക്കുന്നതിനും അദ്ദേഹത്തിന് സാങ്കേതിക സഹായങ്ങളും അറിവുകളും പകര്‍ന്നു നല്‍കുന്നതിനും ഉപകരിച്ചു.



ക്യഷികള്‍ ക്യഷിരീതികള്‍
            തെങ്ങ്, കമുക്, ജാതി, കൊക്കോ, കാപ്പി, വാഴ, മരച്ചീനി, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയാല്‍ നിറഞ്ഞ് നില്‍ക്കുന്ന നാലേക്കര്‍ ക്യഷിയിടമാണ് ജോബിയുടേത്. നേന്ത്രവാഴക്ക്യഷി ചെയ്യുന്ന ജോബി അഞ്ഞൂറോളം വാഴക്കന്നുകളാണ് ഇവിടെ ക്യഷി ചെയ്തിട്ടുള്ളത്. ടിഷ്യൂ കള്‍ച്ചര്‍ വാഴയും ഇവിടെ ക്യഷി ചെയ്യുന്നു. കൂടാതെ കദളി, റോബസ്റ്റ എന്നിവയും ഇവിടെ ക്യഷി ചെയ്യുന്നുണ്ട്. കുറിയ ഇനം തെങ്ങിന്റെ വിത്ത് തേങ്ങ പുല്ലൂരാംപാറ കേരമിത്ര ഫെഡെറേഷനില്‍ നിന്നും ലഭിച്ചത് പാകിയിട്ടുണ്ട്.  ഇക്കൊല്ലം ഏലം ക്യഷി ചെയ്യുന്നതിനായി താല്‍പര്യപ്പെടുന്ന ജോബി കുറിയ ഇനം മൂന്നാം വര്‍ഷം കായ്ക്കുന്ന കമുകിന്റെ അടക്കകള്‍ മംഗലാപുരത്തുനിന്നും കൊണ്ടു വന്നത് തൈകളാക്കാന്‍  പാകി നിര്‍ത്തിയിട്ടുണ്ട്. ക്യഷിയിടത്തില്‍ വിളകള്‍ക്ക് ഗോമൂത്രം പത്തിലൊന്ന് വെള്ളം ചേര്‍ത്ത്  തളിക്കുന്നു. ചാണകം, ഗോമൂത്രം, കൊന്നയില, ചെറുപയര്‍ പൊടി, ഒരു പിടി മണ്ണ് എന്നിവ സമാസമം ചേര്‍ത്ത് തയ്യാറാക്കുന്ന കൂട്ട് ക്യഷിയിടത്തില്‍ വളമായി ഉപയോഗിക്കുന്നു. ജലസേചനത്തിനായി വീടിനു താഴെ വയല്‍ പ്രദേശത്ത് ഒരു കുളമുണ്ട് മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് പറമ്പിലേക്ക് വെള്ളമെത്തിക്കുന്നു. കൂടാതെ ഈ കുളത്തില്‍ നാടന്‍ മത്സ്യങ്ങളെ വളര്‍ത്തുന്നുമുണ്ട്.

പശു വളര്‍ത്തല്‍
               നിലവില്‍ രണ്ടു പശുക്കളുള്ള ജോബി ഇവയുടെ പാല്‍ സൊസൈറ്റിയിലേക്ക് നല്‍കുന്നു. ക്യഷിഭവന്റെ സഹായത്തില്‍ ലഭിച്ച ബയോഗ്യാസ് പ്ലാന്റ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ നിന്നുമുണ്ടാകുന്ന സ്ലറി പറമ്പിലെ ക്യഷിക്കുപയോഗിക്കുന്നു. മഴകഴിഞ്ഞതിനു ശേഷം പൈപ്പിട്ട് തെങ്ങിന് ഈ സ്ലറി ഒഴിച്ചു കൊടുക്കുന്നു. മറ്റു വിളകള്‍ക്കും ഇവയുടെ സ്ലറി നേരിട്ടൊഴിച്ചു കൊടുക്കുന്നുണ്ട്.

കാട വളര്‍ത്തല്‍ 
               വീടിനോട് ചേര്‍ന്ന് ഇരുന്നൂറു കാടക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്. മുട്ടക്കുള്ളതും ഇറച്ചിക്കുള്ളതുമായ കാടകള്‍ ഇവിടെ വളരുന്നു. വളര്‍ത്തുന്നതിനു വേണ്ടി കാട കുഞ്ഞുങ്ങളെ അടുത്തുള്ള സ്ഥലങ്ങളില്‍ നിന്നാണ് വാങ്ങിയിരിക്കുന്നത്. മുക്കം, ആനയാംകുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ കാടക്കുഞ്ഞുങ്ങളെ ലഭിക്കും. നിലത്ത് ചകിരിച്ചോര്‍ വിരിച്ച കൂടുകളിലാണ് കാടകളെ വളര്‍ത്തുന്നത്. അതുകൊണ്ട് മരണനിരക്ക് കുറവാണ്. കാരണം ചൂടും തണുപ്പും മിതമായ രീതിയിലാണ് ചകിരിച്ചോറിടുമ്പോള്‍ ലഭിക്കുക. വളര്‍ത്തുന്നവയില്‍ തൊണ്ണൂറു ശതമാനവും മുട്ടയിടുന്നുണ്ട്. ഇവ  തമ്മില്‍ കൊത്തുകൂടാറില്ല. ഉച്ചകഴിഞ്ഞാണ്  കാടകള്‍ മുട്ടയിടുന്നത് വൈകുന്നേരം എട്ടുമണി വരെ മുട്ടയിട്ടുകൊണ്ടിരിക്കും കൈകൊണ്ടാണ് മുട്ടകള്‍ കൂട്ടില്‍ നിന്നും എടുക്കുന്നത്. ഇവക്ക് തീറ്റയായി ചോളം സോയാബീന്‍ ചുണ്ണാമ്പ് ചേര്‍ത്ത മിശ്രിതമാണ് നല്‍കുക. ഇതില്‍ ഇറച്ചിക്കാടകളെ നാല്‍പ്പതാം  ദിവസം മുതല്‍ ഇറച്ചിക്കായി ഉപയോഗിക്കും  കാടകളുടെ കാഷ്ഠം പതിനഞ്ചു ദിവസം കൂടുമ്പോള്‍ വാരണം. കോഴി വളത്തിന്റെ പത്തിരട്ടി ഗുണമാണ് കാടവളത്തിനുള്ളതെന്ന് ഉപയോഗിച്ചു നോക്കിയതിന്റെ അടിസ്ഥാനത്തില്‍  ജോബി പറയുന്നു. കാടവളം ഉപയോഗിക്കാന്‍ പരുവത്തിലാകുന്നത് കൂട്ടില്‍ നിന്നു വാരി നിരത്തിയതിനു ശേഷം 'ഇ എം സൊലൂഷന്‍' സ്പ്രെ ചെയ്ത് തൊണ്ണൂറു ദിവസം കഴിഞ്ഞതിനു ശേഷമാണ്. കഴിഞ്ഞ വര്‍ഷം 140 ചുവട് പയറു ക്യഷി ചെയ്ത ജോബി ഈക്കൊല്ലം ആരോഗ്യ പ്രശനങ്ങള്‍ കാരണം 30 ചുവടാണ് ക്യഷി ചെയ്തത് എന്നാല്‍ കാട വളം ഉപയോഗിച്ചപ്പോള്‍ മുപ്പതു ചുവടില്‍ നിന്ന് നൂറ്റി നാല്‍പ്പത് ചുവടിന്റെയത്രയും വിളവു ലഭിച്ചതായും  ഇതുവരെ ചെയ്തവയില്‍ ഏറ്റവും സന്തോഷം നല്‍കിയത് കാടവളര്‍ത്തലാണെന്നും  ജോബി പറയുന്നു.

പച്ചക്കറിക്ക്യഷി
പയര്‍ പതിനെട്ടു മണി ഇവിടെ ക്യഷി ചെയ്യുന്നു. മഴക്കാലത്ത് ക്യഷി ചെയ്യാന്‍ വേറൊരു ഇനവും ഇവിടെ ഉണ്ട്. യു വി ഷീറ്റ് ഉപയോഗിച്ച് വശങ്ങള്‍ നെറ്റ് കൊണ്ട് മറച്ച് മഴമറക്യഷി ചെയ്ത് ശ്രദ്ധേയനായ ജോബി ചീനി മുളക് ക്യഷി മികച്ചരീതിയില്‍ ഇവിടെ ചെയ്യുന്നു. ക്യഷിഭവനില്‍ നിന്നു ലഭിച്ച കൊമ്പന്‍ മുളകും പലതോട്ടങ്ങളില്‍ നിന്നും ശേഖരിച്ച മുളക് വിത്തുകളും ഉപയോഗിച്ചാണ് ക്യഷി. മുളക് ക്യഷിക്ക് കാട വളം ഉത്തമമാണെന്ന് ജോബി പറഞ്ഞു. കാടവളം ചാണകപ്പൊടി കുമ്മായം എല്ലുപൊടി എന്നിവ മിശ്രിതമാക്കി വളമായി ഇവിടെ ഉപയോഗിക്കുന്നു.കീടരോഗ നിയന്ത്രണത്തിന് പ്രധാനമായും മിത്രകീടത്തെ കൂട്ടു പിടിക്കുന്ന രീതി ഇവിടെ അവലംബിക്കുന്നു. പയറിലെ മുഞ്ഞ തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കുന്നതിന് നീറിനെ ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. നീറിനെ ക്യഷിയിടത്തിലേക്ക് കൊണ്ടു വരുന്നതിന് എല്ലിന്‍ കക്ഷണം ഉപയോഗപ്പെടുത്തുന്നു. എല്ലില്‍ ശര്‍ക്കരയും കൂടി തേച്ച് വയ്ക്കുക്കുമ്പോള്‍ നീറ് റെഡി. പയര്‍ പൂവിടുന്നതിന് മുന്‍പേ നീറിനെ കയറ്റുന്നു. മറ്റ് ഉറുമ്പുകള്‍ പൂവിന്റെ തേന്‍ കുടിക്കാന്‍ വന്നാല്‍ നീറിനെ കയറ്റാന്‍ സാധിക്കില്ലാത്തതിനാലാണ് നീറിനെ നേരത്തെ തന്നെ കയറ്റി വിടുന്നത്. കൂടാതെ ക്യഷിഭവനില്‍ നിന്നുള്ള സാങ്കേതിക സഹായവും മറ്റു സഹായങ്ങളും ഇവിടെയുള്ള പച്ചക്കറിക്ക്യഷിക്ക് ലഭിക്കുന്നുണ്ട്.
വിപണനം       
         മാര്‍ക്കറ്റുകള്‍ ഉപയോഗപ്പെടുത്തുന്നു. കൂടരഞ്ഞി കൂമ്പാറ,മുക്കം തുടങ്ങി സ്ഥലങ്ങളില്‍ വിപണി കണ്ടെത്തുന്നു.  ഇഞ്ചിക്ക് മുക്കമാണ് വിപണി. കാടക്കും മുക്കത്താണ് ആവശ്യക്കാര്‍ അവര്‍ കാടമുട്ടക്കായ് തേടി വരും.
ക്യഷിയോടുള്ള അഭിനിവേശം
            ഒരു കര്‍ഷകന്റെ ക്യഷിയോടുള്ള അഭിനിവേശം അവന്റെ സംസാരത്തിലും പ്രവ്യത്തിയിലും ദ്യശ്യമാണ്. അത് ജോബിയുടെ ക്യഷിയിടം സന്ദര്‍ശിച്ചതിലൂടെയും അദ്ദേഹത്തിന്റെ സംസാരത്തിലൂടെയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള താല്‍പര്യം ക്യഷി വകുപ്പ് നടത്തുന്ന ട്രെയിനിങ് ക്ലാസ്സുകളില്‍ പങ്കെടൂക്കുന്നതിന് ഉല്‍സാഹം കാണിക്കുന്നു.


കുടുംബം 
പന്ത്രണ്ടാം വയസ്സുമുതല്‍ ക്യഷിപ്പണി ചെയ്ത് ഇന്ന് തൊണ്ണൂറ്റി രണ്ടാം വയസ്സിലെത്തി നില്‍ക്കുന്ന പ്രായത്തിന്റെ ആവലാതികള്‍ ഉണ്ടെങ്കിലും മണ്ണില്‍ ഇന്നും ഒരു കൈ നോക്കാന്‍ അവേശം കാണിക്കുന്ന പിതാവാണ് ജോബിയുടെ മാത്യക. ഭാര്യ നിമ്മി മൂന്നു മക്കള്‍ എന്നിവരടങ്ങുന്ന കുടുംബം ജോബിയുടെ ക്യഷിയില്‍ താങ്ങും തണലുമാകുന്നു.

മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ്